അന്നൊരു പ്രത്യേക ദിവസമായിരുന്നു.. അങ്ങനെ കലണ്ടറിൽ രേഖപ്പെടുത്തിയ ആഘോഷ രാവോ, ഓർമ്മദിവസമോ ഒന്നുമല്ല. മൊത്തത്തിൽ ആ ദിവസത്തിന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്നെനിയ്ക്ക് തോന്നിയിരുന്നു . അന്ന് ഭാര്യവീട്ടിൽ നിന്നും ഞാൻ തിരക്ക് കൂട്ടി ഇറങ്ങുകയായിരുന്നു. ഈ രാത്രിയിൽ ഇനി പോണോ നേരം വെളുത്തിട്ട് പോയാൽ പോരേ എന്ന് അവളും, ഉമ്മച്ചിയുമൊക്കെ ചോദിക്കുന്നുണ്ട്, പക്ഷേ പോയേ പറ്റൂ, അവരവിടെ കാത്ത് നിൽക്കുന്നുണ്ട് എന്ന് ഞാൻ. എന്നാൽ ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരേ എന്ന് ചോദിച്ചപ്പോൾ , വേണ്ട അവരുടെ കൂടെ ഹോട്ടലിലേക്കാണ്, ചെറിയൊരു പാർട്ടി പോലെ എന്ന് പറഞ്ഞു ഞാനിറങ്ങി. സ്‌കൂട്ടിയിൽ എന്റെ അമിത വേഗതയെപ്പറ്റി അറിയുന്ന അവർക്ക് രാത്രി ഞാൻ തനിച്ചു വണ്ടിയോടിച്ചു പോകുന്നു എന്ന് കേൾക്കുമ്പോൾ പേടിയാണ് . സൂക്ഷിച്ചു പോണേ മോനേ, പതുക്കെ പോയാൽ മതി എന്ന് ഉമ്മച്ചി.. ശരി എന്ന് പറഞ്ഞു ഞാൻ പുറപ്പെട്ടു. എടക്കര ടൗണിൽ കൂട്ടുകാരായ ഉണ്ണിയും ഗിരീഷേട്ടനും കാത്തു നിൽപ്പുണ്ടായിരുന്നു. അങ്ങനെ അവരോടൊപ്പം ഒരു പ്രമുഖ റെസ്റ്റോറന്റിൽ കയറി ഒരു അടിപൊളി തീറ്റയങ്ങു പാസ്സാക്കി. എല്ലാം കഴിഞ്ഞു ഒരു പതിന്ന് മണിയോടെ ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു.
പതിവ് പോലെ വണ്ടി ഞാൻ പറപ്പിച്ചു, അവരും ഒട്ടും മോശമായിരുന്നില്ല. പറ്റുന്നവരെയൊക്കെ ഓവർടേക്ക് ചെയ്ത് ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു. ഏതാണ്ട് ഞെട്ടിക്കുളത്ത് എത്താനായപ്പോൾ ഉണ്ണി പെട്ടെന്ന് വണ്ടി എന്റെ മുന്നിലേക്ക് കയറ്റി , കൂടെയുള്ള ഗിരീഷേട്ടനെ വീട്ടിൽ വിടാൻ ഞെട്ടിക്കുളത്ത് നിന്നും അവൻ ഇടത്തോട്ട് തിരിഞ്ഞു പോവും എന്ന് പറയാനായിരുന്നു അത്, പക്ഷെ അവൻ എന്നെ ഓവർടേക്ക് ചെയ്യുകയാണെന്ന് കരുതി ഞാൻ വളവാണെന്ന് കൂടെ ഓർക്കാതെ ആക്സിലേറ്റർ നല്ലോണം അങ്ങ് കൂട്ടി. ഞാനങ്ങനെ കുതിച്ചു മുന്നോട്ടായുമ്പോൾ ഒരു പണിയുമില്ലാതിരുന്ന ഒരു പട്ടി എവിടെ നിന്നോ വണ്ടിക്കു മുൻപിലേക്ക് ഒറ്റച്ചാട്ടം. അടിതെറ്റിയ ഞാൻ റോഡിലേക്ക് മറിഞ്ഞുവീണു ഫിറ്റ്‌സ് ഇളകി ബോധരഹിതനായി മാറി.. തകർത്തുമുന്നേറിയ എന്റെ വണ്ടി മൂന്ന് വേലിക്കല്ലുകൾ തകർത്ത് വിജയശ്രീലാളിതനായി പുതിയൊരു രൂപം കൈവരിച്ചു. ബോധം വരുമ്പോൾ ആരൊക്കെയോ താങ്ങിപ്പിടിച്ച് എന്നെ വീട്ടിലേക്ക് കയറ്റുകയായിരുന്നു. അതിനിടയിൽ അവരെന്നെ ആശുപത്രിയിൽ കൊണ്ടുപോയി എന്നൊക്കെ പറയുന്നു, ഞാനതൊന്നും അറിഞ്ഞിട്ടില്ല. ബെഡിലേക്ക് വീണയുടൻ ഉറക്കത്തിലേക്ക് കൂപ്പുകുത്തിയ ഞാൻ പിറ്റേന്ന് വെളുപ്പിന് പതിനൊന്ന് മണിയോടെ ഉറക്കമുണർന്നു.. കട്ടിലിൽ നിന്നും എഴുന്നേൽക്കാനാഞ്ഞ എനിയ്ക്ക് എത്രയൊക്കെ ശ്രമിച്ചിട്ടും എഴുന്നേൽക്കാൻ സാധിച്ചില്ല .. അങ്ങനെ ഞങ്ങൾ വീണ്ടും ആശുപത്രിയിലേക്ക്, വിദഗ്ധ പരിശോധനയിൽ നട്ടെല്ലിന് പൊട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെ, സർജറി വേണ്ടിവരും ഉടനേ മറ്റെവിടെയെങ്കിലും കൊണ്ടുപോവാൻ നിർദേശം ലഭിച്ചു. അങ്ങനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മറ്റു റിപ്പോർട്ടുകളൊന്നും തിരിഞ്ഞുപോലും നോക്കാതെ അവർ അവരുടേതായ പരിശോധന ആരംഭിച്ചു. സ്കാനിങ് റിപ്പോർട്ട് വന്നപ്പോൾ സീനിയർ ഡോക്ടർ പറഞ്ഞു, സർജറിയൊന്നും വേണ്ട, മൈനർ ഫ്രാക്ചര്‍ ആണ്, ഇതൊരു മൂന്ന് മാസം ബെഡ്‌റെസ്റ്റ് എടുത്താൽ ശരിയാകാവുന്നതേയുള്ളൂ. അത് കേട്ടപ്പോൾ സമാധാനമായി.
അങ്ങനെ എന്റെ ബെഡ്‌റെസ്റ്റ് ദിനങ്ങൾ ആരംഭിച്ചു. വിരസമായ പകലുകൾ ഫോണിൽ കളിച്ചും , ഉറങ്ങിയും, സന്ദർശകരോട് സംവദിച്ചും മുന്നോട്ടു പോയി.
____________എം. ജാസിം അലി _________