നിസ്സാര കാര്യങ്ങൾക്ക് ഞാനെന്തിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നു എന്നാണ് എനിയ്ക്ക് അറിയേണ്ടത് … പ്രായം തികയാത്ത കൊച്ചു പിള്ളേർ കാണിയ്ക്കുന്ന പരാക്രമങ്ങളിൽ പെട്ടെന്ന് ക്ഷുഭിതനാകേണ്ട ആവശ്യകത എന്തായിരുന്നു .. നിയന്ത്രിയ്ക്കാനാവുന്നതിലുമപ്പുറം കോപം എന്ന വികാരത്തിന് ഞാൻ അടിമപ്പെട്ടിരിയ്ക്കുന്നു .. പലപ്പോഴും പല കോപവും എടുത്തുചാട്ടങ്ങൾ ആയിരുന്നില്ലേ എന്ന് തോന്നിത്തുടങ്ങിയിരിയ്ക്കുന്നു .. എന്തുകൊണ്ട് ഞാനപ്പോൾ അങ്ങനെ പെരുമാറി , എന്തുകൊണ്ട് എനിയ്ക്കപ്പോൾ രോഷത്തെ നിയന്ത്രിയ്ക്കാനായില്ല .. മതിയായ ഉത്തരം ഞാൻ തന്നെ കണ്ടെത്തിയേ തീരൂ .. ഉത്തരം കണ്ടെത്തുന്നതിനേക്കളാലുപരി സ്വയം എന്റെ കോപത്തെ നിയന്ത്രിയ്ക്കാൻ എനിയ്ക്ക് സാധിയ്ക്കണം , സാധിച്ചേ തീരൂ … ഇല്ലെങ്കിൽ എല്ലാം കൈവിട്ടുപോകുമെന്നുറപ്പാണ്
അന്നൊരു പ്രത്യേക ദിവസമായിരുന്നു.. അങ്ങനെ കലണ്ടറിൽ രേഖപ്പെടുത്തിയ ആഘോഷ രാവോ, ഓർമ്മദിവസമോ ഒന്നുമല്ല. മൊത്തത്തിൽ ആ ദിവസത്തിന് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്നെനിയ്ക്ക് തോന്നിയിരുന്നു . അന്ന് ഭാര്യവീട്ടിൽ നിന്നും ഞാൻ തിരക്ക് കൂട്ടി ഇറങ്ങുകയായിരുന്നു. ഈ രാത്രിയിൽ ഇനി പോണോ നേരം വെളുത്തിട്ട് പോയാൽ പോരേ എന്ന് അവളും, ഉമ്മച്ചിയുമൊക്കെ ചോദിക്കുന്നുണ്ട്, പക്ഷേ പോയേ പറ്റൂ, അവരവിടെ കാത്ത് നിൽക്കുന്നുണ്ട് എന്ന് ഞാൻ. എന്നാൽ ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരേ എന്ന് ചോദിച്ചപ്പോൾ , വേണ്ട അവരുടെ കൂടെ ഹോട്ടലിലേക്കാണ്, ചെറിയൊരു പാർട്ടി പോലെ എന്ന് പറഞ്ഞു ഞാനിറങ്ങി. സ്‌കൂട്ടിയിൽ എന്റെ അമിത വേഗതയെപ്പറ്റി അറിയുന്ന അവർക്ക് രാത്രി ഞാൻ തനിച്ചു വണ്ടിയോടിച്ചു പോകുന്നു എന്ന് കേൾക്കുമ്പോൾ പേടിയാണ് . സൂക്ഷിച്ചു പോണേ മോനേ, പതുക്കെ പോയാൽ മതി എന്ന് ഉമ്മച്ചി.. ശരി എന്ന് പറഞ്ഞു ഞാൻ പുറപ്പെട്ടു. എടക്കര ടൗണിൽ കൂട്ടുകാരായ ഉണ്ണിയും ഗിരീഷേട്ടനും കാത്തു നിൽപ്പുണ്ടായിരുന്നു. അങ്ങനെ അവരോടൊപ്പം ഒരു പ്രമുഖ റെസ്റ്റോറന്റിൽ കയറി ഒരു അടിപൊളി തീറ്റയങ്ങു പാസ്സാക്കി. എല്ലാം കഴിഞ്ഞു ഒരു പതിന്ന് മണിയോടെ ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു.
പതിവ് പോലെ വണ്ടി ഞാൻ പറപ്പിച്ചു, അവരും ഒട്ടും മോശമായിരുന്നില്ല. പറ്റുന്നവരെയൊക്കെ ഓവർടേക്ക് ചെയ്ത് ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു. ഏതാണ്ട് ഞെട്ടിക്കുളത്ത് എത്താനായപ്പോൾ ഉണ്ണി പെട്ടെന്ന് വണ്ടി എന്റെ മുന്നിലേക്ക് കയറ്റി , കൂടെയുള്ള ഗിരീഷേട്ടനെ വീട്ടിൽ വിടാൻ ഞെട്ടിക്കുളത്ത് നിന്നും അവൻ ഇടത്തോട്ട് തിരിഞ്ഞു പോവും എന്ന് പറയാനായിരുന്നു അത്, പക്ഷെ അവൻ എന്നെ ഓവർടേക്ക് ചെയ്യുകയാണെന്ന് കരുതി ഞാൻ വളവാണെന്ന് കൂടെ ഓർക്കാതെ ആക്സിലേറ്റർ നല്ലോണം അങ്ങ് കൂട്ടി. ഞാനങ്ങനെ കുതിച്ചു മുന്നോട്ടായുമ്പോൾ ഒരു പണിയുമില്ലാതിരുന്ന ഒരു പട്ടി എവിടെ നിന്നോ വണ്ടിക്കു മുൻപിലേക്ക് ഒറ്റച്ചാട്ടം. അടിതെറ്റിയ ഞാൻ റോഡിലേക്ക് മറിഞ്ഞുവീണു ഫിറ്റ്‌സ് ഇളകി ബോധരഹിതനായി മാറി.. തകർത്തുമുന്നേറിയ എന്റെ വണ്ടി മൂന്ന് വേലിക്കല്ലുകൾ തകർത്ത് വിജയശ്രീലാളിതനായി പുതിയൊരു രൂപം കൈവരിച്ചു. ബോധം വരുമ്പോൾ ആരൊക്കെയോ താങ്ങിപ്പിടിച്ച് എന്നെ വീട്ടിലേക്ക് കയറ്റുകയായിരുന്നു. അതിനിടയിൽ അവരെന്നെ ആശുപത്രിയിൽ കൊണ്ടുപോയി എന്നൊക്കെ പറയുന്നു, ഞാനതൊന്നും അറിഞ്ഞിട്ടില്ല. ബെഡിലേക്ക് വീണയുടൻ ഉറക്കത്തിലേക്ക് കൂപ്പുകുത്തിയ ഞാൻ പിറ്റേന്ന് വെളുപ്പിന് പതിനൊന്ന് മണിയോടെ ഉറക്കമുണർന്നു.. കട്ടിലിൽ നിന്നും എഴുന്നേൽക്കാനാഞ്ഞ എനിയ്ക്ക് എത്രയൊക്കെ ശ്രമിച്ചിട്ടും എഴുന്നേൽക്കാൻ സാധിച്ചില്ല .. അങ്ങനെ ഞങ്ങൾ വീണ്ടും ആശുപത്രിയിലേക്ക്, വിദഗ്ധ പരിശോധനയിൽ നട്ടെല്ലിന് പൊട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെ, സർജറി വേണ്ടിവരും ഉടനേ മറ്റെവിടെയെങ്കിലും കൊണ്ടുപോവാൻ നിർദേശം ലഭിച്ചു. അങ്ങനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മറ്റു റിപ്പോർട്ടുകളൊന്നും തിരിഞ്ഞുപോലും നോക്കാതെ അവർ അവരുടേതായ പരിശോധന ആരംഭിച്ചു. സ്കാനിങ് റിപ്പോർട്ട് വന്നപ്പോൾ സീനിയർ ഡോക്ടർ പറഞ്ഞു, സർജറിയൊന്നും വേണ്ട, മൈനർ ഫ്രാക്ചര്‍ ആണ്, ഇതൊരു മൂന്ന് മാസം ബെഡ്‌റെസ്റ്റ് എടുത്താൽ ശരിയാകാവുന്നതേയുള്ളൂ. അത് കേട്ടപ്പോൾ സമാധാനമായി.
അങ്ങനെ എന്റെ ബെഡ്‌റെസ്റ്റ് ദിനങ്ങൾ ആരംഭിച്ചു. വിരസമായ പകലുകൾ ഫോണിൽ കളിച്ചും , ഉറങ്ങിയും, സന്ദർശകരോട് സംവദിച്ചും മുന്നോട്ടു പോയി.
സോഷ്യൽ മീഡിയ ഇന്ന് വളരെ ഭീകരമായൊരു തലത്തിലൂടെയാണ് സഞ്ചരിക്കുന്നത് … ഈ നോമ്പ് കാലത്തെപ്പോലും ഭീകരതയ്ക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നു … മതവെറി മൂത്ത ചില കിരാത ശക്തികൾ ഉള്ളിലെ വിഷം തുപ്പുവാനും അതുവഴി അനേകായിരങ്ങളുടെ ഞരമ്പുകളിലേക്ക് വർഗീയ വിഷത്തെ കുത്തിവെക്കാനുമുള്ള തീവ്രമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് … പരസ്പരം ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നവർ ചിലർ … ഓരോ മതത്തിന്റെയും വക്താക്കളായി ചമയുന്ന ചിലർ ഉള്ളിലെ വിദ്വേശത്തിന്റെ മൂർത്തമായ ജല്പനങ്ങളിലൂടെ തമ്മിൽ തമ്മിൽ ചൊറിയുകയും മാന്തുകയും ചെയ്യുമ്പോൾ വർഗ്ഗീയ ചിന്തകൾ ഒന്നുമറിയാത്ത നിഷ്കളങ്കരുടെ ഉള്ളിലേക്ക് കൂടെ കടക്കുന്നു … പരസ്പരം ബഹുമാനത്തോടെ കഴിയുന്ന സജ്ജനങ്ങൾ കൂടെ ഒരു നിമിഷമൊന്ന് മാറി ചിന്തിക്കുവാൻ ഇത് കാരണമാവുന്നുണ്ട് …. അടുത്ത കാലത്തായി കണ്ടുവരുന്ന പോസ്റ്റുകളും കമന്റുകളും നമുക്ക് വ്യക്തമാക്കി തരുന്നത് അധഃപതനത്തിന്റെ അടിത്തട്ടിലേക്കാണ് ഈ ജനത സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് … ഇതിനിടയ്ക്ക് മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയ ഹിജഡകൾ ഈ തീയിലേക്ക് എണ്ണ പകരുന്നു … ഓരോ നാളത്തേയും ആളിക്കത്തിക്കാൻ ഇവർ ശ്രമിക്കുന്നു … ഒറ്റപ്പെട്ട ഓരോ സംഭവങ്ങളും ലോകമാകെ വ്യാപിക്കുന്നതിനും അതില് നിന്ന് വെറുപ്പിന്റെ പുതിയ വിത്തുകൾ മുളപ്പിക്കുന്നതിനും സോഷ്യൽ മീഡിയ വളരെയധികം കാരണമാവുന്നുണ്ട് .. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന മാധ്യമം എന്ന നിലയിൽ ഭീകരതയ്ക്ക് വളമേകുന്ന ശക്തമായൊരു മേഖലയായി സോഷ്യൽ മീഡിയ ഇന്ന് മാറുന്നുണ്ട് … ഈ ഭാരതമണ്ണിനെ ചിന്നഭിന്നമാക്കാൻ ശേഷിയുള്ള സംവാദങ്ങളാണ് ഈ മാധ്യമത്തിലൂടെ അനുദിനം അരങ്ങേറുന്നത് … ഈ മണ്ണിനെയും സംസ്കാരത്തെയും സ്നേഹിയ്ക്കുന്ന നല്ലവരായ ജനതയോട് എനിയ്ക്ക് പറയാനുള്ളത് ഇതാണ് , സഹോദരങ്ങളേ തലച്ചോറ് പണയംവെച്ച മതവെറിയന്മാരുടെ ജല്പനങ്ങളിൽ നിങ്ങൾ വീണുപോവരുത് .. വർഗ്ഗവെറി മൂത്ത പിശാചുക്കളുടെ അജണ്ടകൾ നാം തിരിച്ചറിയണം .. അതിനെ വളരാൻ അനുവദിച്ചുകൂടാ … നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കാൻ ഒരു ശക്തിയെയും നാം അനുവദിച്ചുകൂടാ … ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്പിക്കണം … ഈ മണ്ണിന്റെ മോചനത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ സ്വപ്‌നങ്ങൾ തകർക്കരുത് … ഈ നാടിന്റെ സുരക്ഷയ്ക്ക് വേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷികൾക്ക് വേണ്ടി , മഞ്ഞിലും മഴയിലും വെയിലിലും തളരാതെ നമുക്ക് കാവൽ നിൽക്കുന്ന ധീര ജവാന്മാർക്ക് വേണ്ടി , ഇന്ത്യയെന്ന വികാരത്തെ നെഞ്ചിലേറ്റുന്ന , ഈ മണ്ണിനെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന നാം ഓരോരുത്തർക്കും വേണ്ടി ഒറ്റക്കെട്ടായി കൈകോർത്തു പിടിച്ചു പോരാടണം … തകർത്തെറിയണം മതവെറിയെന്ന അന്ധകാരത്തെ …….
നിനവുകൾ ….. ഇന്നലെയുടെ കടുത്ത ചിത്രങ്ങൾ.. അവയെന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങിയിരിയ്ക്കുന്നു … അറിയാതെയും അറിഞ്ഞും ഞാൻ ചെയ്ത പാപങ്ങൾ എന്നെ നോക്കി പല്ലിളിക്കുന്നു … അതിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴും ചിലപ്പോഴെങ്കിലും മനസ്സിനെ പൊള്ളിച്ചു കൊണ്ട് ഓർമ്മകൾ കടന്നുവരും … ചിലപ്പോഴൊക്കെ നയങ്ങളെ ഈറനണിയിച്ചുകൊണ്ട് അവയെന്നെ ബോധ്യപ്പെടുത്തുന്നു മനോബലം കഷ്ടിയാണ് എനിയ്ക്കെന്ന് , .. ചോർന്നുപോവുന്ന ആത്മധൈര്യത്തെ നിലനിർത്താൻ പലപ്പോഴും പാട് പെടുകയാണ് … കർമ്മഫലം അനുഭവിക്കാതെ ഈ മണ്ണിൽ നിന്നൊരു മടക്കം സാധ്യമല്ലല്ലോ അതുകൊണ്ട് എന്റെ വ്യാകുലതകൾക്ക് എന്നെ സഹായിക്കാനാവുമെന്ന് തോന്നുന്നില്ല … പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കില്ലെന്ന് ഉറപ്പാണ് … ചാവും വരെ ഈ ഭാരവും നെഞ്ചിലേറ്റി നീറി നീറി ഇല്ലാതാവാനായിരിയ്ക്കും എന്റെ വിധി … അത് നടക്കട്ടെ …
അക്ഷരങ്ങളോട് കൂട്ടുകൂടുന്ന നേരത്ത് മാത്രമാണ് അവന്റെ മനസ്സ് പൂർണ്ണമായും ശാന്തത അനുഭവിക്കുന്നത് … ഓരോ വായനയും അവന്റെ മനസ്സിലുണ്ടാക്കുന്ന സ്ഫോടനങ്ങൾ , ഇടിവെട്ടിപ്പെയ്യുന്ന വർഷമേഘങ്ങൾ, കുത്തിയൊലിച്ചു ഒഴുകുന്ന നദീമുഖങ്ങൾ, ആർത്തിരമ്പുന്ന കടൽ പോലെ കലുഷിതമാവുന്ന അന്തരംഗം … പ്രകമ്പനം കൊള്ളുന്ന മനസ്സിനെ അവൻ കടലാസിലേക്ക് പകർത്താൻ ശ്രമിക്കുന്നു .. അക്ഷരങ്ങളായി അവയോരോന്നും തൂലികത്തുമ്പിൽ നിന്നുതിർന്നുവീണു കഴിയുമ്പോൾ തിളച്ചുമറിയുന്ന ഉള്ളകം പൂർണ്ണമായും ശാന്തത കൈവരിക്കുന്നു … അപ്പോഴനുഭവിക്കുന്ന ചാരിതാർഥ്യമാണ് അവനിൽ ജീവൻ തുടിപ്പിക്കുന്നത് … അക്ഷരങ്ങളാണ് അവനിൽ എല്ലാതരം ഭാവങ്ങളും വികാരങ്ങളും വിചാരങ്ങളും നിറയ്ക്കുന്നത് .. കൃത്യമായി പറഞ്ഞാൽ അവനെന്നാൽ അവനിൽ നിറഞ്ഞിരിക്കുന്ന ഒരുപിടി അക്ഷരങ്ങളാണ് … അവനിലെ അക്ഷരങ്ങൾ എപ്പോൾ ഇല്ലാതാകുന്നുവോ അപ്പോൾ അവനും ഇല്ലാതാവും.. അക്ഷരങ്ങൾ അവനെ വിട്ടകലുന്ന നിമിഷം അവന്റെ മരണം രേഖപ്പെടുത്തപ്പെടും …
ഏറെ ആശങ്കകളാണ് ഉള്ള് നിറയെ … എല്ലാത്തിനെയും തരണം ചെയ്ത് മുന്നോട്ട് നീങ്ങാൻ കരുത്ത് പകരണേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയാണ് ഓരോ നിമിഷവും .. ഇതൊക്കെ തള്ളി നീക്കുമ്പോൾ മനസ്സിന് ആശ്വാസമായി മാറുന്ന ചില മുഖങ്ങളുണ്ട് .. ചില ശബ്ദങ്ങൾ .. അനുഗ്രഹീതനാണ് ഞാനും എന്ന തിരിച്ചറിവുണ്ടാവുന്നത് അപ്പോഴൊക്കെയാണ് .. യാത്ര തുടർന്നേ പറ്റൂ .. തുടങ്ങിയാൽ പിന്നെ ഒടുക്കം വരും വരെ ഭംഗമോ വിഘ്‌നമോ സംഭവിക്കാതെ യാത്രയെ മുന്നോട്ട് കൊണ്ടു പോവേണ്ടത് കടമയാണ് … പൂർത്തീകരിയ്ക്കാത്ത ദൗത്യങ്ങളിൽ നിന്ന് തന്നെയാവട്ടെ യാത്രയ്ക്ക്ക് തുടക്കുമുണ്ടാവുന്നത്
തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് നാടെങ്ങും .. ഓരോ രാഷ്ട്രീയ പാർട്ടികളും കഠിനമായ അദ്ധ്വാനത്തിലാണ് . എന്ത് ചെയ്തിട്ടാണെങ്കിലും അധികാരം പിടിച്ചെടുക്കാൻ പരക്കം പായുകയാണ് എല്ലാവരും .. കേരള ജനതയാകെ ഉറ്റുനോക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് … വാദപ്രദിവാദങ്ങൾ നടക്കുന്നുണ്ട് ഓരോ കവലയിലും .. സമ്മേളനങ്ങൾ , വാഹന യാത്രകൾ, അങ്ങനെ ഈ കോവിഡ് പശ്ചാത്തലത്തിലും പറ്റുന്ന പോലെ രംഗം കൊഴുപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് .. അതിലൊന്നിലും താല്പര്യമില്ലാതെ ഞാനൊരുത്തനും ഇവിടുണ്ട് .. കൂടെ പഠിച്ച കൂട്ടുകാരനും , അറിവ് പകർന്നു തന്ന എന്റെ ടീച്ചറും മത്സര രംഗത്തുണ്ട് .. അവർ ജയിച്ചു കാണണമെന്നല്ലാതെ ഈ തിരഞ്ഞെടുപ്പിൽ എനിയ്ക്ക് വേറെ താല്പര്യം ഒന്നുമില്ല… പിന്നെ വർഗീയതയുടെ വിഷം പുരണ്ട ഒരു കക്ഷിക്കും ഒറ്റ സീറ്റ് പോലും കിട്ടരുത് എന്നൊരു ആഗ്രഹമുണ്ട് … ഇത്രയൊക്കെയേ തിരഞ്ഞെടുപ്പിനെക്കുറിച്ച് എനിയ്ക്ക് പറയാനൊള്ളൂ ..
അവനെന്തൊക്കെയോ എഴുതിക്കൂട്ടുന്നുണ്ട് .. പറയുന്ന പലതും മനസ്സിലാവുന്നു പോലുമില്ല .. ശരിയ്ക്കും ഇവന്എന്തേലുംതകരാറുണ്ടോ .. കാഴ്ചക്കാരുടെ ചിന്തകൾ ആ വഴിയ്ക്ക് നീങ്ങുന്നത് നോക്കിക്കാണുന്നുണ്ടായിരുന്നു ഞാൻ .. എല്ലാവരുടെയും ചിന്തകൾ ഭേഷായി എന്റെ നേർക്ക് നീണ്ടു വന്നുകൊണ്ടിരുന്ന ആ സമയത്തായിരുന്നു എന്റെ പ്രഖ്യാപനം ….
എനിയ്ക്ക് ഭ്രാന്താണ് ..
അതെ ഭ്രാന്താണ് എനിയ്ക്ക് .. ഞാൻ ഭ്രാന്തനാണ് .. ഭ്രാന്ത് എന്ന ആ സുന്ദര ലോകത്തെ പ്രണയിക്കുന്നവൻ … ഒരു ദേവകന്യകയെപ്പോലെ മനോഹരിയായ ഭ്രാന്ത് എന്നിലേക്ക് കടന്നു വരാറുണ്ട് .. അവളുടെ തലോടലേകുന്ന സുഖത്തിൽ ഞാൻ മയങ്ങിപ്പോവാറുണ്ട് … ഉന്മാദത്തിന്റെ മാസ്മരികമായ ലോകത്തിലൂടെ അവളോടൊപ്പം ഞാൻ പറന്നു നടക്കാറുണ്ട് …ഭ്രാന്തിൽ അലിഞ്ഞു ചേരുന്ന യാമങ്ങളോട് ഗാഢമായ പ്രണയമാണെനിയ്ക്ക് … ഭ്രാന്ത് നൽകുന്ന സ്വർഗ്ഗീയ സുന്ദരമായ ആരാമത്തിൽ ഒരു ശലഭമായി പാറി നടക്കുന്ന കെട്ടടങ്ങാത്ത അഭിനിവേശവുമായി ഭ്രാന്തിൽ മുഴുകാൻ തുടിയ്ക്കുന്ന എന്റെ ഉള്ളത്തെ തൊട്ട് ഞാൻ പ്രഖ്യാപിക്കുന്നു . ” ഭ്രാന്താണെനിയ്ക്ക്” എന്നെ ഭ്രാന്താ എന്ന് വിളിച്ചു കൊള്ളുക … ആ നിമിഷത്തിൽ അതുവരെ എനിയ്ക്ക് ഭ്രാന്തിന്റെ പട്ടം ചാർത്തിത്തരാൻ ഒരുങ്ങിയിരുന്ന ഓരോരുത്തർക്കും അതൊരു അടിയായിരുന്നു … കാരണം അവർക്കെന്നെ ഭ്രാന്താ എന്ന് വിളിച്ചു പരിഹസിക്കാൻ ഇനി സാധിക്കില്ല .. ഓരോ തവണ അവരെന്നെ ഭ്രാന്താ എന്ന് വിളിക്കുമ്പോഴും അതൊക്കെ എനിയ്ക്കുള്ള മെഡലുകളായി മാറുന്നു ….
പദ പ്രയോഗങ്ങളുടെ ഗതിയിൽ എപ്പോഴും സൂക്ഷ്മതയുണ്ടാവണം .. ഒരക്ഷരം തെറ്റിയാൽ മതി അർത്ഥം തന്നെ മാറിപ്പോവാൻ …മാറിപ്പോവുന്ന ആ ഒരർത്ഥം ചിലപ്പോൾ ജീവിതത്തെ തന്നെ വളരെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട് .. അശ്രദ്ധ കൊണ്ട് തെറ്റിപ്പോയ അക്ഷരങ്ങൾ കൊണ്ട് മാത്രം ആടിയുലഞ്ഞു പോയ ജീവിതത്തെ എങ്ങനെ തിരുത്തിയെടുക്കണം എന്നറിയാതെ ബുദ്ധിമുട്ടുന്നവർ ഉണ്ട് … ആ അക്ഷരതെറ്റുകൊണ്ട് നഷ്ടങ്ങളുടെ കൈപ്പുനീർ കുടിയ്ക്കുന്നവരുണ്ട് … തിരിച്ചറിയാൻ വൈകിപ്പോയതുകൊണ്ട് ഒരിയ്ക്കലും തിരുത്താനാവാത്ത തരത്തിൽ എല്ലാ പദങ്ങളും തെറ്റിപ്പോയവരുണ്ട് …. തിരിച്ചറിവിന്റെ സമയത്ത് തിരുത്താൻ ശ്രമിച്ചു പരാജയപ്പെട്ടു പോയവർ ഉണ്ട് … ക്ഷണ നേരം കൊണ്ട് എല്ലാം തിരുത്തിയെടുത്തവരും ഉണ്ട് … സൂക്ഷിയ്ക്കുക .., അക്ഷരത്തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും ചിലപ്പോൾ ….
നിന്നെക്കുറിച്ചെഴുതുന്ന വരികൾക്കൊന്നും തീവ്രത പോരെന്ന് എനിയ്ക്ക് തോന്നാറുണ്ട് … നിന്നോടുള്ള എന്റെ അഭിനിവേശത്തെ വർണ്ണിയ്ക്കാൻ ഭാഷയോ വാക്കുകളോ എനിയ്ക്ക് പോരാതെ വരികയാണ് … പദങ്ങൾക്ക് വേണ്ടി ഞാനലയുകയാണ് … എന്റെ ഉള്ളിനെ തുറന്നു വെയ്ക്കാൻ പര്യാപ്തമായൊരു ഭാഷയെ ഞാൻ തേടുന്നു , വാക്കുകളെ തേടുന്നു .. ഇല്ല , ഭാഷകൾക്കോ വാക്കുകൾക്കോ ഇതിനെ വിവരിയ്ക്കാൻ കഴിയില്ല .. നീയെന്ന സുന്ദര ശിൽപ്പത്തെ , നീയെന്ന മനോഹര പുഷ്പത്തെ , നീയെന്ന സുരഭില സ്വപ്നത്തെ , നീയെന്ന മധുര സംഗീതത്തെ , വർണ്ണിയ്ക്കാൻ വാക്കുകൾ അപര്യാപ്തമാണ് … പ്രിയപ്പെട്ടവളേ എങ്ങനെ ഞാൻ എഴുതിത്തീർക്കും നിന്നെ … ഉയിരോട് ചേർന്നിങ്ങനെ നീയുണ്ടാവുമ്പോൾ എന്നിൽ നിന്നു പൊഴിയുന്നതിലെല്ലാം നിന്റെ സ്പര്ശമുണ്ടാവും .. നിന്റെ ഗന്ധമുണ്ടാവും … നിന്റെ രൂപമുണ്ടാവും …
ഒന്നിച്ചു ചേരുന്ന സുന്ദര യാമങ്ങളെ മാത്രം കിനാവ് കണ്ടുകൊണ്ട് ഞാനെന്റെ ദിനരാത്രങ്ങളെ മനോഹരമാക്കുകയാണ് … നിന്നിലലിയുന്ന രാവുകളും നിന്നോട് ചേരുന്ന പുലരികളും നിന്നിലൂടെ ഒഴുകുന്ന നാളുകളും എന്റെ ലോകത്തെ പ്രകാശ പൂരിതമാക്കുന്നു .. എന്റെ ജന്മത്തിലുടനീളം ചൈതന്യം പകരാനായി ഈശ്വരനയച്ച മാലാഖയാണ് നീ … നിലാവുദിയ്ക്കുന്ന നിന്റെ മുഖവും മുത്തു പൊഴിയുന്ന നിന്റെ ചിരിയും തേൻ പൊഴിയ്ക്കുന്ന നിന്റെ സ്വരവും എന്റെ മാത്രം സ്വന്തമാക്കിയ ദൈവത്തോട് നന്ദി പറഞ്ഞാൽ തീരില്ല ..
കുഞ്ഞു കുഞ്ഞു ചിണുങ്ങലുകലുകളും .. ചൂടു നിശ്വാസങ്ങളും .. മാറോട് ചേരുമ്പോഴുള്ള സ്വർഗീയമായ അനുഭൂതിയും എന്റെ മാത്രം സ്വന്തം … കണ്ണുകളിലെ സ്വർണ്ണ മത്സ്യങ്ങൾ എന്റെ നേർക്ക് നീന്തിയടുക്കുന്ന ധന്യ മുഹൂർത്തങ്ങൾ … എന്തൊരു കാന്ത ശക്തിയാണ് ആ മീനുകൾക്ക് .. ഞാനെന്ന എന്നിൽ നീ ചേരുമ്പോഴല്ലാതെ എനിയ്ക്കൊരു പൂർണ്ണതയുണ്ടാവുന്നില്ല … സഖീ ഇനി ഏതൊരു ജന്മമുണ്ടെങ്കിലും നീ എന്റെ മാത്രം സ്വന്തമാവണം …
കുറേ നേരമായി കണ്ണെടുക്കാതെ ഞാനീ ചന്ദ്രനെ നോക്കിയിരിക്കുകയായിരുന്നു .. എന്തൊരു തേജസ്സാണ് ഇന്നവന്റെ മുഖത്ത് … എത്ര സുന്ദരമായ കാഴ്ചയാണിത് .. പാൽമഴ പൊഴിയുന്ന ഈ ചന്ദ്രബിംബം കാണുമ്പോൾ നിന്റെ മുഖമാണ് ഉള്ളിൽ തെളിയുന്നത് … പൗർണ്ണമി തിങ്കൾ പോലെ പ്രഭാപൂരിതമായ നിന്റെ കവിൾത്തടങ്ങളെ ചുംബനം കൊണ്ടു മൂടാൻ കൊതിക്കുന്ന നിമിഷങ്ങൾ .. പതിയേ കണ്ണിമകൾ അടച്ച് ആ സുന്ദര മുഹൂർത്തത്തെ ഞാൻ മനസ്സിലേക്കാവാഹിക്കുന്നു .. മഞ്ഞു പൊഴിയുന്ന തണുത്ത രാത്രികളിൽ നിന്റെ മാറിലെ ചൂടേറ്റ് മയങ്ങുന്ന പുളകിതമായ കിനാവുകളെന്നെ വലയം ചെയ്തിരിക്കുന്നു.. കിളിനാദമുയർത്തും നിന്റെ ചുണ്ടുകളിൽ നിന്നുതിർന്നു വീഴുന്ന തേൻകണങ്ങളെ ആവോളം നുകരാൻ ഉള്ളം തുടിക്കുന്നു … നിന്നിലലിയുന്ന യാമങ്ങളെക്കാൾ സുന്ദരമായി മറ്റൊന്നുമില്ലീ ഭൂമിയിൽ … പ്രിയേ ഞാൻ കാത്തിരിയ്ക്കുന്നു ,
എവിടെ നിന്നൊക്കെയോ വന്നു ചേർന്നു … എവിടേക്കെന്നു പോലും പറയാതെ ഒരു നാളങ്ങു പൊയ്ക്കളഞ്ഞു … അതിനിടയിൽ എപ്പോഴോ തീർത്ത സ്നേഹത്തിന്റെ മാന്ത്രിക നിമിഷങ്ങൾ .. ഒരായിരം ഓർമ്മകളെ മാത്രം ബാക്കി തന്നിട്ട് ശൂന്യതയിൽ ലയിച്ചു ചേർന്ന ചില മുഖങ്ങൾ .. തിരഞ്ഞു നോക്കാറുണ്ട് പലപ്പോഴും പലയിടങ്ങളിലും .. കണ്ടെത്താനാവാറില്ല .. പതിവിന് വിപരീതമായി എന്നെങ്കിലും അവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും നാമവരെ തിരയാറുണ്ട് .. ഇന്നും തിരഞ്ഞുകൊണ്ടേയിരിക്കുന്നു …
ഓരോ ആത്മഹത്യയും ഒരുപാടേറെ മുറിവുകളാണ് സൃഷ്ടിക്കുന്നത് … ആത്മത്യയെക്കുറിച്ചുള്ള ഓരോ വാർത്തയും എന്നിലും വളരെയധികം ദുഃഖമുണ്ടാക്കാറുണ്ട് … കഴിഞ്ഞ ദിവസങ്ങളിൽ എന്റെ നാട്ടിലും ഉണ്ടായി വാർത്ത .. ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു ഞാൻ , അപ്പോഴാണ് എതിരെ ആംബുലൻസ് വരുന്നത് കണ്ടത് . ഉടനേ ഞാൻ വണ്ടി സൈഡിലോട്ട് ഒതുക്കി . ആംബുലൻസിന്റെ വേഗത കണ്ടപ്പോൾ തന്നെ മനസ്സിലായി എന്തോ ഗുരുതരമായ അപകടമാണെന്ന് .. പിന്നീടറിഞ്ഞു വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചൊരാളെയും കൊണ്ടാണ് അത് കുതിച്ചു പാഞ്ഞിരുന്നതെന്ന് … കേട്ടപ്പോൾ തന്നെ വല്ലാത്ത ടെൻഷനായി … രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഏറെ ആഘാതമുണ്ടാക്കിയ മറ്റൊരു വാർത്ത , മൂന്ന് കുഞ്ഞുങ്ങളും അമ്മയും തൂങ്ങി മരിച്ച നിലയിൽ…. അതും ഇവിടെ തൊട്ടടുത്ത്, കേട്ടിട്ട് തലമിന്നുന്ന പോലെ തോന്നി .. ഇപ്പൊ അതിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ നടക്കുന്നു .. ആത്മത്യയല്ല കൊലപാതകമാണ് എന്ന ആരോപണമൊക്കെ കേൾക്കുന്നു …
പറഞ്ഞു വന്നത് ആത്മഹത്യയെ പറ്റിയാണ് … ഓരോ ആത്മഹത്യയ്‌ക്കും പിന്നിൽ പലവിധ കാരണങ്ങൾ ഉണ്ടാവും .. ഒരു നിമിഷത്തെ മനസ്സിന്റെ തോന്നലിൽ നിന്ന് മാത്രമാണ് ആത്മഹത്യ ഉണ്ടാവുന്നത് .. ആ നിമിഷത്തെ അതിജീവിക്കാനായാൽ അതുണ്ടാവില്ല .. എല്ലായിടത്തും അങ്ങനെ മാത്രമാണെന്നല്ല ഞാൻ അർത്ഥമാക്കുന്നത് .. ആത്മഹത്യയ്‌ക്കൊരുങ്ങും മുൻപ് ഓരോരുത്തരും തങ്ങളെ സ്നേഹിയ്ക്കുന്നവരെപ്പറ്റി നല്ലപോലെ ഒന്നാലോചിച്ചാൽ അവർക്ക് അതിന് കഴിയില്ല .. ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ , അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമ്പോൾ അയാളെ സ്നേഹിയ്ക്കുന്നവരുടെ ഉള്ളിൽ അതുണ്ടാക്കുന്ന നീറ്റൽ , ആ വേദനയുടെ ആഴം എത്രയെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിയ്ക്കലും ഒരിയ്ക്കലും ഒരാളും ആത്മഹത്യ ചെയ്യില്ല …
******************************************
ഓരോന്ന് കേട്ടപ്പോൾ ഉണ്ടായ വിഷമം ഒന്ന് പങ്കുവെച്ചു എന്നേയുള്ളൂ …എല്ലാം കുടഞ്ഞിടാൻ ഈയൊരു ഇടമല്ലേ ഒള്ളൂ .. മനുഷ്യ മനസ്സിനെയും വിചാരങ്ങളെയുമൊക്കെ പൂർണ്ണമായും എങ്ങനെ മനസ്സിലാക്കാനാണ് .. ചൂഴ്ന്നു നോക്കി ഉള്ളറിയാനുള്ള വിദ്യയൊന്നും ഇല്ലല്ലൊ … എല്ലാവർക്കും നല്ലത് വരട്ടേ
അവന്റെ വായിൽ നിന്നു വീണ ആ പേര്…. അയാളെ തേടി കണ്ടുപിടിക്കലായിരുന്നു എന്റെ അടുത്ത ലക്ഷ്യം.. കാലത്ത് ഈ ബോഡി നിങ്ങൾ കണ്ടെത്തുമെന്നറിയാവുന്നത് കൊണ്ട് അതിന് മുൻപേ ഞാനവനെ പൊക്കി…എനിക്ക് സുരക്ഷിതം എന്ന് തോന്നിയ ഒരിടത്ത് ഞാനവനെ ഒളിപ്പിച്ചു …അവന്റെ വിസ്താരവും ശിക്ഷാ വിധിയും പിന്നേക്ക് വെച്ച് ആദ്യം നിങ്ങളുടെ നീക്കങ്ങൾ ഞാൻ നിരീക്ഷിച്ചു.. അന്തരീക്ഷം അനുകൂലമാണെന്ന് മനസ്സിലായ ഉടനെ ഞാനെന്റെ വിസ്താരം ആരംഭിച്ചു…ഒടുവിൽ ആ രാത്രി ഞാനെന്റെ ശിക്ഷയും നടപ്പാക്കി…വീണ്ടും ഞാൻ നിങ്ങളുടെ പിറകേ കൂടി.. നിങ്ങൾ എന്നിലേക്ക് തിരിയുമെന്നുറപ്പായിരുന്നു.. അതുകൊണ്ട് ഇന്നിവിടെ ഈ കൂടിക്കാഴ്ച്ച നടക്കുന്നു….
ഇനിയെങ്കിലും പറയൂ…ആരാണയാൾ..?
അയാൾ.. ആന്റണി ഫെർണാണ്ടസ്.. ഡെയ്സിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അയാൾ അവരുടെ ജീവിതത്തിലേക്ക് വരുന്നത്.. ഡെയ്സിക്ക് ഓർമ്മവെക്കും മുന്നേ അവളുടെ അച്ഛൻ മരിച്ചിരുന്നു… അനന്തരം നിവർത്തിയില്ലാതെ ഇയാളെ വിവാഹം കഴിക്കേണ്ട അവസ്ഥയിലേക്ക് അവളുടെ അമ്മ എത്തി.. പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു.. ആ കുടുംബം സന്തോഷത്തോടു കൂടെ തന്നെയായിരുന്നു മുന്നോട്ട് പോയിരുന്നത്.. ഡെയ്‌സിക്കും ചേച്ചിക്കും അയാൾ പ്രിയപ്പെട്ട പപ്പയായി മാറി… അയാൾക്ക് കോയമ്പത്തൂര് ബിസിനെസ്സ് ആണെന്നായിരുന്നു പറഞ്ഞിരുന്നത്.. കോയമ്പത്തൂര് നിന്ന് ഇടയ്ക്കിടെ സമ്മാനങ്ങളുമായി അയാളെത്തി.. പക്ഷേ ഒരിക്കലും കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോയില്ല.. കാലം കടന്നുപോയി.. കുട്ടികൾ വളർന്നു… മൂത്ത മോളുടെ വിവാഹം അത്യാഡംബരത്തോടെ നടന്നു… ഇളയ മകൾ ഡെയ്‌സി സ്നേഹിക്കുന്ന ആൾ വിവാഹാലോചനയുമായി വീട്ടിൽ വരുമെന്നറിയിച്ചതിന്റെ തലേനാൾ അയാൾ വീട്ടിലെത്തി… ബന്ധു വീട്ടിലെവിടെയോ പോയ അവളുടെ അമ്മയ്ക്ക് അന്ന് മടങ്ങാൻ കഴിഞ്ഞില്ല.. അവൾ പപ്പയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുത്ത ശേഷം പതിവു പോലെ എന്നെ വിളിച്ചു ശുഭരാത്രി ചുംബനങ്ങൾ നേർന്ന് ഉറങ്ങാനായി മുറിയിലേക്ക് പോയി… വാതിലടച്ചു തിരിഞ്ഞപ്പോൾ അവൾ ഞെട്ടി… തൊട്ടടുത്ത് ദേ നിൽക്കുന്നു പപ്പ.. അവൾക്ക് ശബ്ദിക്കാനാവുന്നതിന് മുൻപ് അവളുടെ വായ് പൊത്തി അയാൾ അവളെ ചുറ്റിപ്പിടിച്ചു.. ഷാൾ കൊണ്ട് വായ് മൂടിക്കെട്ടി.. കുതറി മാറാൻ നോക്കിയ അവളെ കരണത്തടിച്ചു ബെഡിലേക്ക് വീഴ്ത്തി.. ബെഡ്ഷീറ്റ് വലിച്ചു കീറി കൈകാലുകൾ ബന്ധിച്ചു.. അവിടെയിട്ട് അവളെ പിച്ചിച്ചീന്തി…
കുറേക്കഴിഞ്ഞു ആകെ തകർന്നിരിക്കുന്ന അവളോട് പറഞ്ഞു..
ഇവിടെ നടന്നത് ആരോടും മിണ്ടിപ്പോവരുത്.. ഇത് കണ്ടോ.. നീ വാ തുറന്നാൽ നാളെ ഈ ലോകം കണ്ടു രസിക്കുന്നത് ഇതായിരിക്കും..
അയാൾ തന്റെ ലാപ്പ് ടോപ്പിലെ വീഡിയോസ് കാണിച്ചു.. അത് മുഴുവൻ അവളുടെ അമ്മയുടേയും ചേച്ചിയുടെയും നഗ്‌ന ദൃശ്യങ്ങളായിരുന്നു..
അവൾ ആകെ മരവിച്ചു പോയി…
ആദ്യം നീ ചെയ്യേണ്ട ഒന്നുണ്ട്… ഇപ്പോത്തന്നെ നിന്റെയാ കാമുകനെ വിളിച്ച് അവനുമായി നിനക്കിനി ഒരു ബന്ധവുമില്ലെന്ന് പറയണം.. ഇല്ലെങ്കിൽ അറിയാലോ.. ? നിന്റെ അമ്മയും ചേച്ചിയും .. ങ്ഹാ..
അയാൾ അവളെ കെട്ടഴിച്ചുവിട്ടു… അവൾ അങ്ങനെ എന്നെ വിളിച്ചു… അത് കഴിഞ്ഞപ്പോൾ അയാൾ വാതിൽ തുറന്നപ്പോൾ മുൻപിൽ ഡെയ്സിയുടെ അമ്മ… രാത്രി എങ്ങനെയോ തിരിച്ചു പോന്ന അവർ സ്പെയർ കീ കൊണ്ട് വീടുതുറന്ന് അകത്തു കയറിയപ്പോഴാണ് ഡെയ്സിയുടെ മുറിയിൽ സംസാരം കേട്ട് അങ്ങോട്ട് ചെന്നത്…
ചെകുത്താനേ.. എന്റെ കുഞ്ഞിനെ നീ…
അവർ അയാളെ കഴുത്തിന് കുത്തിപിടിച്ചു..
അവരെ പിടിച്ചു തള്ളി അടിച്ചു വീഴ്ത്തി അയാൾ അവരെ സാരി കൊണ്ട് ബന്ധിച്ചു.. ഓടിവന്ന ഡെയ്‌സിയേയും അയാൾ കീഴ്പ്പെടുത്തി ബന്ധിച്ചു..
റോക്കീ….
ആരും കാണാതെ റോക്കിയെ നേരത്തെ അയാൾ തന്റെ മുറിയിൽ ഒളിപ്പിച്ചിരുന്നു..
റോക്കി ഓടിയെത്തി..
രണ്ടിനേം പിടിച്ചു വണ്ടിയിലിട്… നമ്മൾ പോകുന്നു..
റോക്കി അവരെ വായ് അടക്കം മൂടിക്കെട്ടി വലിച്ചിഴച്ച് വണ്ടിയിലിട്ടു..
കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടക്കുന്ന പെൺ വാണിഭ റാക്കറ്റിന്റെ തലവനായിരുന്നു അയാൾ.. അയാളുടെ വലം കയ്യാണ് റോക്കി… ഡെയ്സിയുടെ ചേച്ചി ആനിയെയും കല്യാണ നാടകം നടത്തി അവർ വിറ്റതാണ്.. നീണ്ട നാളുകൾ നേരിട്ട പീഡനങ്ങൾക്കൊടുവിൽ ഡെയ്സിയും അമ്മയും എങ്ങനെയോ അവിടുന്ന് രക്ഷപെട്ടു.. ഒരുവിധം അവർ വീട്ടിലെത്തി.. അപ്പോഴായിരിക്കാം ഞാൻ കണ്ടത്..പേടിച്ചരണ്ട അവർക്ക് വീടുപൂട്ടി ഒളിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ…അന്ന് രാത്രി ഞാനെത്തും മുൻപേ അവരെ കണ്ടുപിടിച്ച റോക്കി, ഫെർണാണ്ടസ് അയാളെ അകത്ത് കയറ്റാറുള്ള രഹസ്യ വഴിയിലൂടെ അകത്തെത്തി… ആദ്യം അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു.. പിന്നെ ഡെയ്‌സിയെ ആക്രമിച്ചു..അടിച്ചു വീഴ്ത്തിയ അവളെ അവനും പ്രാപിച്ചു.. ശ്വാസം നിലച്ച അവളെ കെട്ടിത്തൂക്കി..അമ്മയെയും അങ്ങനെ ചെയ്യാൻ തുനിയുമ്പോഴേക്ക് ഞാനെത്തി… ഭാഗ്യവശാൽ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല.. .കൃത്യത്തിന് അവനെ പറഞ്ഞയച്ചു റോസ് ഹോട്ടലിലെ മുറിയിൽ ഉണ്ടായിരുന്നു ഫെർണാണ്ടസ്..
ഫെർണാണ്ടസ് അയാൾക്ക് എന്ത് സംഭവിച്ചു..?
ദാ കണ്ടോളൂ സർ.. അവൻ പോക്കറ്റിൽ നിന്നും ഒരു ടോർച്ച് എടുത്ത് ഒരുവശത്തേക്ക് അടിച്ചു..
അവിടെ ഉടലും തലയും വേർപെട്ട് വികൃതമായി കിടക്കുന്ന ഫെർണാണ്ടസിന്റെ ശരീരം..
അപ്പൊ… മൈക്കിൾ, എന്താ അടുത്ത പരിപാടി..?
എന്ത് പരിപാടി സർ…? എന്റെ ദൗത്യം കഴിഞ്ഞു.. ഞാനിപ്പോ സാറിന് കീഴടങ്ങുന്നു…
യൂ ക്യാൻ ടേക് മീ…
മൈക്കിൾ എന്തിനാണ് എന്റെ കൂടെ വരുന്നത്..? അതിന് നിങ്ങളെന്ത് കുറ്റം ചെയ്തു … ?
ഒന്നും മനസ്സിലാകാതെ മൈക്കിൾ അയാളെ തുറിച്ചു നോക്കി …
പെൺവാണിഭ റാക്കറ്റിലെ പ്രധാനിയായ റോക്കി എന്നയാൾ തന്റെ മക്കളെ നശിപ്പിച്ചതറിഞ്ഞ ഫെർണാണ്ടസ് റോക്കിയെ തേടിപ്പിടിച്ച് കൊന്നു… അത് മനസ്സിലാക്കിയ റോക്കിയുടെ കൂട്ടാളികൾ ഫെർണാണ്ടസിനെയും അതുപോലെ തീർത്തു.. കേസ് അന്വേഷണം കോയമ്പത്തൂർ പെൺവാണിഭ റാക്കറ്റ് കേന്ദ്രീകരിച്ച് നീങ്ങുന്നു.
അതുകൊണ്ടാണ് ഞാൻ ചോദിച്ചത് മൈക്കിൾ ഇനിയെന്താ പരിപാടിയെന്ന് …
സർ.. ഞാൻ..
ഒന്നും പറയണ്ട മൈക്കിൾ… ഈ കേസിൽ ഞാൻ നിയമത്തിനപ്പുറത്ത് നീതിക്കൊപ്പമാണ്..
താങ്ങാവുന്ന ദുരന്തങ്ങളല്ല ഉണ്ടായതെന്നറിയാം.. എങ്കിലും തളരരുത്.. നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കു വേണ്ടി… നിന്നെക്കുറിച്ചോർത്ത് വിങ്ങുന്ന അച്ഛനും അമ്മയ്ക്കും വേണ്ടി എല്ലാം മറന്നു ജീവിക്കണം..
സർ .. ഞാൻ എനിക്ക് …
ഒന്നും ആലോചിക്കേണ്ട … മൈക്കിൾ… നമ്മുടെ നിയമങ്ങളെക്കാൾ നീതിയുടെ രൂപം കൊള്ളാൻ കെൽപ്പുണ്ടാവുക പലപ്പോഴും നിങ്ങളെപ്പോലെയുള്ളവർക്കാണ്… എനിക്ക് നിങ്ങളെ മനസ്സിലാവും … ഈ കാക്കിയുടുപ്പിന്റെ ആവരണത്തിനപ്പുറത്ത് ഞാനും ഒരു മനുഷ്യനാണ് … ഒരു മകനും കാമുകനും സഹോദരനും അച്ഛനുമൊക്കെയാണ് … നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇത് തന്നെയാവും ചെയ്യുക… പറയാൻ എളുപ്പമാണെങ്കിലും എല്ലാം മറക്കുക എന്നത് അത്ര എളുപ്പമല്ല എന്നറിയാം… എന്നാലും എല്ലാം മറക്കാൻ ശ്രമിക്കണം … നിങ്ങൾക്കിവിടെ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് … ഈ മൂടിക്കെട്ടിയ ഭാവം വെടിഞ്ഞു ഒന്ന് ചിരിക്കാന്‍ ശ്രമിക്കൂ….
അവൻ ചിരിച്ചു….
അപ്പൊ മൈക്കിൾ, എന്താ പരിപാടി..?
പോവണം സർ.. മോർച്ചറിയിൽ കിടക്കുന്ന ഡെയ്സിയുടെ ശരീരം ഏറ്റു വാങ്ങണം… വേണ്ട കർമ്മങ്ങളോടെ സംസ്കരിക്കണം… ഒരുപാട് വിഷമിപ്പിച്ചതിന് എന്റെ അച്ഛന്റെയും അമ്മയുടെയും പാദങ്ങളിൽ വീണ് മാപ്പ് ചോദിക്കണം..പിന്നെ ഒറ്റപ്പെട്ടു പോയ ആ പാവം അമ്മയെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവണം… എന്റെ കുടുംബം സന്തോഷത്തോടെ അവരെ ഞങ്ങളുടെ സ്നേഹക്കൂടിലേക്ക് സ്വീകരിക്കും…
ഒരുപാട് സന്തോഷം മൈക്കിൾ… എന്നാൽ ഞാൻ പോട്ടെ.. ?
ഞാനും പോകുവാണ് സാർ… ഇവിടെ ഇനി എനിക്കെന്താ കാര്യം ..
ഓക്കേ മൈക്കിൾ… ആൾ ദി ബെസ്റ്റ്…
ഒത്തിരിയൊത്തിരി നന്ദിയുണ്ട് സർ.. മറക്കില്ല ഉയിരുള്ള കാലം വരെ…
നന്മയുടെ, സ്നേഹത്തിന്റെ പുതിയ ജീവിതത്തിലേക്ക് മൈക്കിൾ യാത്രയായി…
മലയോര ഗ്രാമമായ മുണ്ടേരിയിലെ അദ്ധ്യാപക ദമ്പതികളായ ജോണിന്റേയും സാറയുടെയും മകനാണ് മൈക്കിൾ…ഒരുപാട് നേർച്ചയ്ക്കും വഴിപാടുകൾക്കുമൊടുവിൽ ഉണ്ടായ ഏക സന്താനം….ആ കുടുംബം പരസ്പരം സൗഹൃദങ്ങളെപ്പോലെയാണ് ഇടപഴകിയിരുന്നത് …നന്മയിൽ പൊതിഞ്ഞ സ്നേഹത്തിന്റെ ഒരു കൊച്ചു സ്വർഗ്ഗം…അന്യോന്യം എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു..എല്ലാ കാര്യങ്ങളും മൂന്നുപേരും ചേർന്ന് തീരുമാനിച്ചു പോന്നു..സന്തോഷം നിറഞ്ഞു നിന്ന സുന്ദരമായ കുടുംബം…സ്‌കൂളിലും എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു അവരെ..
ഈ പറഞ്ഞ മൈക്കിൾ ഞാനും മറ്റേത് എന്റെ കുടുംബവുമാണ്…
കാലം കടന്നുപോയി..ഞാൻ എന്റെ കൗമാരത്തിന്റെ തീവ്ര ഘട്ടങ്ങളിലേക്ക് കടന്നു..
അങ്ങനെ മാർത്തോമ കോളേജിന്റെ തിരുമുറ്റത്തേക്ക് ഞാൻ പടികടന്നെത്തി… എന്നിൽ ഏഴു വർണ്ണങ്ങളിൽ ചാലിച്ച സുന്ദര സ്വപ്‌നങ്ങൾ ചിറകുവിടർത്തി… ആ കലാലയത്തിനകത്ത് നിൽക്കുമ്പോൾ അത് വല്ലാത്തൊരു അനുഭൂതിയാണ്..സ്വർഗ്ഗം പോലെ സമാനതകളില്ലാത്ത വശ്യസുന്ദരമായ ഒരു ലോകത്തേക്ക് അത് നമ്മളെ കൂട്ടിക്കൊണ്ടുപോവും..അത് ഞാനും അനുഭവിച്ചറിഞ്ഞു…എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലെ ക്ലാസ്സ് മുറിയിൽവെച്ചാണ് എന്റെ കണ്ണുകളിൽ ആ നക്ഷത്രം മിന്നിത്തിളങ്ങിയത്…പ്രണയം…ഈശ്വരന്റെ കയ്യൊപ്പ് പതിഞ്ഞ ഒരേയൊരു വികാരം..അതിന്റെ പിടിയിലകപ്പെട്ട എന്റെ ദിനരാത്രങ്ങൾക്ക് പിന്നീടങ്ങോട്ട് നിറം പകർന്നത് ഒന്നേയൊന്നുമാത്രമായിരുന്നു…ഡെയ്‌സി…പക്ഷേ ഉള്ളിലങ്ങനെയിട്ട് താലോലിക്കാനല്ലാതെ അവളോട് ഉള്ളിലെ ഇഷ്ടം തുറന്നുപറയാനുള്ള ധൈര്യമില്ലായിരുന്നു എനിക്ക്…അങ്ങനെയിരിക്കെ ഒരു കോളേജ് സ്ട്രൈക്ക് ദിവസം..സ്ട്രൈക്ക് കഴിഞ്ഞു കോളേജിൽ നിന്നുമിറങ്ങുമ്പോൾ ഞങ്ങളുടെ കൂട്ടുകാർ പറഞ്ഞു : ഇപ്പൊത്തന്നെ വീട്ടിൽ പോയിട്ട് എന്തിനാ …നമുക്ക് എവിടെയെങ്കിലും ഒന്ന് ചുറ്റിയടിച്ചിട്ട് വന്നാലോ…
അങ്ങനെ ഞങ്ങൾ ആഢ്യൻ പാറയിലേക്ക് പുറപ്പെട്ടു…വശ്യസുന്ദരമായ ആഢ്യൻ പാറ വെള്ളച്ചാട്ടത്തിനരികിലൂടെ ഞങ്ങൾ നടന്നു..എല്ലാവരും മുകളിലേക്ക് കയറിയപ്പോൾ ഞാൻ കുറച്ചു മാറി ഒരു പാറയ്ക്കരികിലായി ഇരിപ്പുറപ്പിച്ചു..പാലു പോലെ പതഞ്ഞുപൊങ്ങി താഴെ വീണു ചിതറുന്ന ജല കണങ്ങളെ നോക്കി ഞാൻ ഇരുന്നു…അപ്പോൾ എനിക്കരികിലായി അവൾ വന്നിരുന്നു…ഡെയ്‌സി…
ഞാൻ പെട്ടെന്ന് പരിഭ്രമിച്ചുപോയി..എന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി..അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി…. അന്ധാളിപ്പോടെ ഞാൻ ചോദിച്ചു .. എന്താ ഡെയ്‌സീ ..?
മൈക്കിൾ, നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ … ?
പ..പ.. പറയാനോ..? എന്ത് പറയാൻ … ? യെനിക്കൊന്നും പറയാനില്ല…
ഞാനാകെ വിയർക്കുകയായിരുന്നു…
നിനക്ക് എന്നെ ഇഷ്ടമാണോടാ..?
ഞാൻ ഒന്നും മിണ്ടിയില്ല..
ക്ലാസ്സിൽ എപ്പോഴും എന്റെ നേരെ നീളുന്ന നിന്റെ ഓരോ നോട്ടവും ഞാൻ കാണാറുണ്ട്… അപ്പോഴൊക്കെയും നിന്റെ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്ന പ്രണയം ഞാനറിയുന്നുണ്ട്… എന്റെയാ തോന്നൽ ശരിയായിരുന്നെങ്കിലും അല്ലെങ്കിലും ഒന്ന് ഞാൻ പറയാം…എനിക്ക് നിന്നെ ഇഷ്ടമാണ് ഒത്തിരിയൊത്തിരി… ജന്മങ്ങളോളം നീ എന്റെ മാത്രം സ്വന്തമാവണേ എന്ന് ഞാനേറെ ആശിക്കുന്നു….
ഡെയ്‌സീ…..ഞാൻ…എനിക്ക്…
എനിക്ക് വാക്കുകൾ നഷ്ടമായിരുന്നു… അവൾ എന്റെ കൈയിൽ പതിയെ തൊട്ടു…അങ്ങനെ കൈകോർത്തു പിടിച്ചു ഏറെ നേരം ഒന്നും മിണ്ടാതെ ഞങ്ങളങ്ങനെ ഇരുന്നു… കൂട്ടുകാരുടെ ശബ്ദം കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു…പിന്നീടുള്ള ഓരോ ദിനങ്ങളും വസന്തമായിരുന്നു.. മാഞ്ചിയച്ചുവടും ലൈബ്രറിയും എക്കണോമിക്സ് ഡിപ്പാർട്ട്മെന്റും ക്യാന്റീനും മുളഞ്ചുവടും കോർണരും ബാസ്കറ്റ് ബോൾ കോർട്ടും ചാപ്പലും ഇടനാഴികളും കലാലയത്തിന്റെ ഓരോ കോണും ഞങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു…. ഒരിക്കൽ ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി… എല്ലാം അറിയുന്ന എന്റെ കുടുംബം ഏറെ ആഹ്ലാദത്തോടെ അവളെ എതിരേറ്റു… ആ സ്നേഹതീരം ഇനി തന്റേതുകൂടിയാണല്ലോ എന്നോർത്ത് അവൾ ഏറെ അഭിമാനിച്ചു… നാളുകൾ കൊഴിഞ്ഞുപോയി മൂന്ന് വർഷം പിന്നിട്ട് കലാലയത്തോട് വിടപറഞ്ഞു ഞങ്ങൾ ഉപരി പഠനങ്ങൾക്കായി പലവഴിക്ക് പിരിഞ്ഞുപോയി.. അപ്പോഴും ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞങ്ങനെ നിന്നു…പിജി കഴിഞ്ഞു പ്രൈവറ്റ് കോളേജിൽ അദ്യാപനവുമായിപ്പോയ വർഷങ്ങളും…അവളുടെ ചേച്ചിയുടെ വിവാഹം കഴിയുന്നത് വരെ പ്രണയ സാഫല്യത്തിനായി ഞങ്ങൾ കാത്തിരുന്നു…അങ്ങനെ അതും കഴിഞ്ഞു.. ആയിടയ്ക്ക് എനിക്ക് ഗൾഫിൽ നല്ലൊരു ജോലി ശരിയായി.. അദ്യാപനമൊക്കെ ഉപേക്ഷിച്ച് പോവാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.. പോവുന്നതിന് മുൻപ് ഞങ്ങളുടെ മോഹ സായൂജ്യത്തിനായി വേണ്ട കാര്യങ്ങൾ ചെയ്യാൻ അവൾ എന്നോട് ആവശ്യപ്പെട്ടു..കുടുംബസമേതം അമ്മയെ വന്നു കാണാം എന്ന് ഞാൻ സമ്മതിച്ചു.. വീട്ടിൽ സംസാരിച്ച് അതിനായി ഒരു ദിവസം തിരഞ്ഞെടുത്തു…
അതിന്റെ തലേ ദിവസം അർധരാത്രി അവളുടെ കോൾ വന്നു …
എന്താണ് പ്രിയതമേ ഈ പാതിരാത്രിക്ക്…?
മൈക്കിൾ…. നമ്മൾ തമ്മിലുള്ളതെല്ലാം ഇവിടെ തീരുന്നു… മേലിൽ നീയെന്നെ കാണാൻ ശ്രമിക്കരുത്..എന്റെ മുൻപിൽ വരരുത്…എന്റെ ജീവിതത്തിൽ നിനക്കിനി സ്ഥാനമില്ല… ഇതെന്റെ അവസാനത്തെ കോൾ ആണ്… ഇനി ഇങ്ങനൊന്നില്ല…. എല്ലാം ഇവിടെ തീരുന്നു… ഗുഡ് ബൈ ഫോറെവർ….
ഞാൻ ഞെട്ടിത്തരിച്ചുപോയി… അവളുടെ നമ്പറിലേക്ക് വിളിച്ചു…ഫോൺ സ്വിച്ച് ഓഫ്… എനിക്കാകെ ഭ്രാന്തുപിടിച്ചു… ആ രാത്രി എനിക്കുറങ്ങാനായില്ല… രാവിലെ എഴുന്നേറ്റ് അവളുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു… അവിടെ ആരുമില്ലായിരുന്നു… പിന്നീടവളെ ഞാൻ കാണുന്നത്………
ഒരു നിമിഷം പൊട്ടിക്കരഞ്ഞുപോയ അയാൾ തന്റെ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ട് വീണ്ടും പറഞ്ഞുതുടങ്ങി…
പലതവണ ഞാനവളുടെ വീടിനു ചുറ്റും വന്നു.. പക്ഷേ അവളും കുടുംബവും എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ലായിരുന്നു…
ഗൾഫിലേക്ക് പോകുന്നില്ലെന്ന എന്റെ തീരുമാനം ഞാൻ വീട്ടിലറിയിച്ചു.. അവരുടെ ചോദ്യങ്ങൾക്കു മുൻപിൽ പൊട്ടിത്തെറിച്ചു ഞാൻ മുറിയിൽ കയറി കതകടച്ചു… ആർക്കും മുഖം കൊടുക്കാതെ ഞാനെനിക്ക് സ്വയം വിധിച്ചോരു തടവ്… എന്നും മുടങ്ങാതെ ഞാനവളുടെ വീട്ടിൽ പോയി, അവൾ വന്നോ എന്നറിയാൻ ആരുമറിയാതെ അവിടെല്ലാം കറങ്ങി നടന്നു രാത്രിയിൽ.. പകൽ മുഴുവൻ അടച്ചിട്ട മുറിയിൽ… മനസ്സിന്റെ നീറ്റൽ അങ്ങേയറ്റമായൊരു രാത്രിയിലാണ് ഞാനാ മരണക്കുറിപ്പെഴുതുന്നത്.. മരിക്കാൻ ഉറച്ചു ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു..അന്ന് പുലർച്ചയ്ക്ക് അവൾ വീട്ടിലെത്തിയ വിവരം ഞാൻ തലേരാത്രി പുലരുവോളം ഒളിച്ചിരുന്ന് കണ്ടുപിടിച്ചിരുന്നു..
അവളുടെ വീടിന് സമീപം വണ്ടി ഒതുക്കിയിട്ട് പതിയെ ഞാൻ അവസാന കൂടിക്കാഴ്ചയ്ക്കായി മുന്നോട്ട് നടന്നു… ഡോറിനടുത്തെ ജനലിന്റെ കർട്ടൻ മറഞ്ഞിരുന്നില്ല.. ആ ഗ്ളാസ്സിലൂടെ ഞാൻ അകത്തേക്ക് നോക്കി… ഒരുത്തൻ കോണിപ്പടിയുടെ മുകളിലൂടെ എന്റെ പ്രാണനെ വലിച്ചിഴച്ചു കൊണ്ടുപോവുന്നു..സമനില തെറ്റിയ ഞാൻ കയ്യിൽ കിട്ടിയതെടുത്ത് ഡോറിന്റെ കതക് തകർത്ത് ഉള്ളിലേക്ക് പാഞ്ഞു… പക്ഷേ അപ്പോഴേക്കും അവൻ അവളെ മുകളിലത്തെ മുറിയിലെ ഫാനിൽ കെട്ടിതൂക്കിക്കഴിഞ്ഞിരുന്നു… അവളുടെ ചലനം അവസാനിച്ചിരുന്നു… കയ്യിലെ കമ്പി കൊണ്ട് ഞാനവനെ അടിച്ചു.. പിടലിക്ക് അടികൊണ്ട് ബോധം പോയ അവൻ നിലത്തു വീണു.. ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു.. അവൾ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നെനെനിക്ക് ബോധ്യമായി… അവനെ എടുത്ത് അടുത്ത മുറിയിലെ കസേരയിൽ ബന്ധിച്ചു… മുഖത്ത് ചൂടുവെള്ളം ഒഴിച്ച് അവനെ ഉറക്കമുണർത്തി… അടുക്കളയിൽ നിന്നെടുത്ത കത്തികൊണ്ട് അവന്റെ ശരീരത്തിലുടനീളം കോറി വരച്ചു.. നിലവിളിക്കാൻ പോലുംഅനുവദിക്കാതെ വായിൽ തുണി തിരുകി… ഒടുവിൽ ആ തുണിയെടുത്തു മാറ്റി ഞാനവനോട് ചോദിച്ചു ..
എന്തിനാണ് നീയിത് ചെയ്തത് …?
കഴുത്തിൽ കത്തിയിരിക്കുന്നത് കൊണ്ടാവാം അവൻ എല്ലാമെന്റെ മുൻപിൽ കുമ്പസാരിച്ചു..
പിന്നീടവന്റെ വിധി ഞാൻ നടപ്പിലാക്കി… പോർച്ചിൽ കിടന്ന അവന്റെ വണ്ടിയിൽ തന്നെ അവനെ ഞാൻ ഇവിടെ എത്തിച്ചു… ഇവിടെ എന്റെ ഡെയ്സിക്ക് ഏറെ പ്രിയപ്പെട്ട, അവൾ എന്നിലേക്കാദ്യമായ് പ്രണയം ചൊരിഞ്ഞ ഇവിടെ അവനെ ഞാൻ വലിച്ചെറിഞ്ഞു.. മടക്കത്തിനാണ് തല കൊണ്ടുപോയി അവിടെ ഇട്ടത്.. എന്റെ ടൂവീലർ എടുത്ത് കൃത്യമായൊരിടത്ത് ഒളിപ്പിച്ചു…. അവന്റെ വണ്ടിയൊന്ന് വെള്ളമൊഴിച്ച് കഴുകി യാത്ര പുറപ്പെടാൻ നേരമാണ് വാതിൽക്കൽ ഒരാൾ കിടക്കുന്നത് കണ്ടത്… ട്രീസ.. ഡെയ്സിയുടെ അമ്മ… അവരെയും കോരിയെടുത്ത് വണ്ടിയിലാക്കി ഞാൻ അവിടം വിട്ടു.. ഈ നാട്ടിൽ തന്നെ സുരക്ഷിതമായൊരിടത്ത് ഞാനവരെയും ഒളിപ്പിച്ചു…
കസേരയിൽ ചാരിക്കിടന്ന് മെഹ്ബൂബ് ഖാൻ ചിന്തയിലാണ്ടു….
ആരാണയാൾ …? എന്തായിരിക്കും അയാളുടെ ഉദ്ദേശം…? ഈ കേസിനെ സംബന്ധിക്കുന്ന എന്ത് വിവരമാണ് അയാൾക്ക് പറയാനുണ്ടാവുക…? കേസിനെ സഹായിക്കാൻ ആണെങ്കിൽ ഇങ്ങനെ ഒരു പ്ളേയുടെ ആവശ്യമെന്താണ്….? ഇനിയിപ്പോ ഇത് വല്ല ട്രാപ്പുമാവുമോ….? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ …. എന്താണിപ്പൊ ചെയ്യുക…? സി ഐ സാറിനെ ഇൻഫോം ചെയ്താലോ….? ആകെ ആശയക്കുഴപ്പത്തിലായ അയാൾ അവസാനം പോകാൻ തന്നെ തീരുമാനിച്ചു…അന്ന് രാത്രി ഉദ്ദേശം പത്തരയോടെ അയാൾ ആഢ്യൻപാറയിലെത്തി…അവിടെയെങ്ങും പരതി…ചുറ്റും ഇരുട്ടുമാത്രം…പതിയെ തന്റെ ചുവടുകൾ മുന്നോട്ട് വെയ്ക്കവേ ഇരുട്ടിൽ നിന്നും ഒരാളുടെ ശബ്ദം ഉയർന്നു വന്നു…
വെൽക്കം വെൽക്കം മെഹ്ബൂബ് സർ….ഞാൻ താങ്കളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു….ഈ ജോലിയിൽ നിങ്ങളുടെ സത്യസന്ധതയും എഫിഷ്യൻസിയും എനിക്ക് നന്നായിട്ട് അറിയാം…അധികം വൈകാതെ തന്നെ നിങ്ങൾ എന്നിലേക്കെത്തുമെന്ന് ഞാനൂഹിച്ചു..എന്തായാലും ഞാൻ പിടിക്കപ്പെടുമെന്ന് അറിയാം…അത് നിങ്ങളെപ്പോലൊരു ഉദ്യോഗസ്ഥന്റെ കൈകൊണ്ടായിക്കോട്ടെ എന്ന് കരുതി….അതുകൊണ്ടുതന്നെ എന്റെ ലക്ഷ്യം പൂർത്തിയായാൽ ഉടനെത്തന്നെ നിങ്ങളുടെ മുൻപിൽ കീഴടങ്ങാൻ ഞാൻ കരുതിയിരുന്നു…
ഇവിടെ ഈ വെള്ളച്ചാട്ടത്തിനു താഴെ വികൃതമായി കിടന്ന ശവത്തിനു മുൻപിൽ സാറ് നിൽക്കുമ്പോൾ ഞാനുമുണ്ടായിരുന്നു അരികിൽ…മുറിവുകൾ കൊണ്ടലംകൃതമായ ആ ശരീരത്തിൽ ഉണങ്ങിപ്പിടിച്ച ചോരയുടെ സൗരഭ്യം വെയിൽനാളങ്ങളേറ്റ് കൂടുതൽ ശോഭിക്കുന്നത് കണ്ട് എന്റെയീ കണ്ണുകൾ തിളങ്ങുകയായിരുന്നു…
നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ നിങ്ങളോടടുത്ത് തന്നെ ഞാനുണ്ടായിരുന്നു..നിങ്ങൾ മിടുക്കനാണ് സർ എത്ര പെട്ടെന്നാണ് നിങ്ങൾ കാര്യങ്ങളെ ബന്ധപ്പെടുത്തി കൃത്യമായി അതിനെ എന്നിലേക്ക് കൊണ്ടെത്തിച്ചത്….
നീ ആരാണ്….? എന്താണ് നിനക്ക് വേണ്ടത്…?
സാറിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇന്നിവിടെ കിട്ടും…കാരണം ഈ രാത്രി ഏറ്റുപറച്ചിലിന്റെ രാത്രിയാണ്…എ നൈറ്റ് ഓഫ് കൺഫെഷൻ…കുമ്പസാരത്തിന്റെ രാത്രി….മറ്റൊരു കുമ്പസാരം കഴിഞ്ഞതിന്റെ വിധി ഇന്ന് നടപ്പിലായി…ഈ കുമ്പസാരം ഇത് സാറിന് വേണ്ടിയുള്ളതാണ്….സാറിന് ഇപ്പൊ എന്നെ കാണാൻ സാധിക്കുന്നുണ്ടാവില്ല…ഞാനങ്ങോട്ട് വരാം അയാൾ…അടുത്തേക്ക് വന്നു…
നീ ….?
അതേ, സർ … സംശയിക്കണ്ട… അയാം മൈക്കിൾ….സാറ് തേടിക്കൊണ്ടിരിക്കുന്ന അതേ മൈക്കിൾ…പ്രണയ നൈരാശ്യത്തിൽ ആത്മഹത്യ ചെയ്യാനിറങ്ങിപ്പുറപ്പെട്ട മൈക്കിൾ…സാറിന്റെ കണ്ടെത്തൽ ശരിയാണ്.. റോക്കിയെ കൊന്നത് ഞാനാണ്…ഇന്നുവരെ അറിഞ്ഞുകൊണ്ടൊരു ഉറുമ്പിനെപ്പോലും നോവിക്കാൻ ഇടയാക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്ന ഞാൻ എത്രയേറെ ആസ്വദിച്ചാണെന്നോ അവനെ കൊന്നത്…അവന്റെ ദേഹത്ത് നിന്നും പൊടിഞ്ഞ ഓരോ തുള്ളി ചോരയും എന്നിൽ ആനന്ദത്തിന്റെ തേന്മഴ പെയ്യിക്കുകയായിരുന്നു..യെസ്…ഐ കിൽഡ് ഹിം….സർ പറഞ്ഞത് ശരിയാണ്.. അന്ന് രാത്രി ഞാനവിടെ പോയിരുന്നു അവളെ ഒന്ന് കാണാൻ…കുറച്ചു നാളായി എങ്ങോട്ടോ യാത്രപോയ അവർ മടങ്ങിയെത്തിയ കാര്യം ഞാനറിഞ്ഞിരുന്നു….അവിടെയെത്തിയ ഞാൻ കണ്ട കാഴ്ച്ച,,,,, എന്റെ സമനില തെറ്റി….കയ്യിൽക്കിട്ടിയതെടുത്ത് ഞാനവനെ ആക്രമിച്ചു…തല അറുത്തു മാറ്റുന്നതിന് മുൻപേ അവനെന്നോട് ചിലത് പറഞ്ഞിരുന്നു…അതുകൊണ്ടാണ് ഈ താഴ്‌വരയിൽ മരിച്ചു കിടക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഞാനിപ്പോ സാറിന്റെ മുൻപിലിങ്ങനെ നിൽക്കുന്നത്…അന്ന് അവന്റെ വായിൽ നിന്നും വീണൊരു പേര്…അതിന് പിറകെ ആയിരുന്നു ഞാൻ…സ്വയം ഒളിക്കാനൊരു പഴുത് കിട്ടും മുൻപ് ഞാനയാളെ തേടിക്കണ്ടുപിടിച്ചു ഒളിപ്പിച്ചു വെച്ചു….
ആരാണയാൾ…?
പറയാം സർ…ഒരു കുമ്പസാരം പോലെ അയാൾ എന്റെ മുൻപിൽ കുടഞ്ഞിട്ട അയാളുടെ കഥ ഞാൻ പറയാം…
ഡെയ്സിയുടെ മൃദദേഹം അവരിൽ അമ്പരപ്പുണ്ടാക്കി….കുറച്ചു നേരത്തിന് ശേഷം ബോഡി റിക്കവർ ചെയ്യാനുള്ള നടപടികൾക്ക് നിർദേശം നൽകി അവർ മുറിയാകെ പരിശോധിച്ചു…ആത്‌മഹത്യക്ക് കാരണമായ എന്തെങ്കിലും ഒരു സൂചന അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് അവർ പരതി..പക്ഷേ ഒന്നും ലഭിച്ചില്ല…നടപടികൾ പൂർത്തിയാക്കി അവർ മടങ്ങി…
ഒന്നും പറയാറായിട്ടില്ല സർ….ആ കണ്ടെത്തിയിരിക്കുന്ന തല നമ്മൾ കാലത്ത് കണ്ടെത്തിയ ബോഡിയുടേതാവണം…അയാൾ ആരാണെന്നതിനു വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ല..അയാളുടെ ഫോട്ടോ വെച്ച് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അന്വേഷണത്തിന് ഓർഡർ കൊടുക്കാം…അയാൾ ആരാണെന്ന് കണ്ടുപിടിച്ചേ പറ്റൂ…നാട്ടുകാരിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ആ വീട്ടിലാണ് ഡെയ്സിയും കുടുംബവും താമസിച്ചിരുന്നത്…ഡെയ്‌സിയാവട്ടെ മൈക്കിൾ സ്നേഹിച്ചിരുന്ന പെണ്ണ്…മൈക്കിൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച അതേ രാത്രി തന്നെ അവളും ആത്മഹത്യ ചെയ്തിരിക്കുന്നു…എല്ലാം എവിടെയോ ബന്ധപ്പെട്ടു കിടക്കുന്നു…മൈക്കിളിനെക്കുറിച്ചും അന്വേഷിക്കാൻ എമെർജെൻസി മെസേജ് കൊടുക്കണം….ബാക്കി നാളെ ഓട്ടോപ്സി റിപ്പോർട്ട് വരുമ്പോൾ എന്തെങ്കിലും സൂചനകൾ കിട്ടാതിരിക്കില്ല…
ഓക്കേ…മെഹ്ബൂബ് രാവിലെ ഹോസ്പിറ്റലിലേക്ക് വന്നാൽ മതി…ഞാൻ അങ്ങോട്ട് എത്തിക്കോളാം..
ശരി സർ…..
പിറ്റേന്നത്തെ പ്രഭാതം….പറഞ്ഞതുപോലെ അവർ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തി….
ഡോക്ടർ പോളിന്റെ മുറി….
ഗുഡ് മോർണിംഗ് ഡോക്ടർ…
ഗുഡ് മോർണിംഗ് സർ…..
ഡോക്ടർ, ഇന്നലത്തെ ഓട്ടോപ്സി ആൻഡ് ഫോറൻസിക് റിപ്പോർട്ട്സിനെക്കുറിച്ചറിയാൻ വന്നതാണ്…
സർ…ആദ്യത്തെ കേസ് സെയിം തന്നെയാണ്.. കണ്ടെത്തിയിരിക്കുന്ന തല, നേരത്തെ ഉള്ള ബോഡിയുടേത് തന്നെയാണ്… ആ മുറിയിലെ ബ്ലഡ് സാമ്പിളും അയാളുടേത് തന്നെയാണ്…
രണ്ടാമത്തെ ആ പെൺകുട്ടിയുടെ കേസ്…അത് ഒരു ആത്മഹത്യയല്ല കൊലപാതകമാണ്..
വാട്ട് …?
സർ ശക്തമായ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങൾ ആ ശരീരത്തിലുണ്ട്…ശ്വാസം മുട്ടിച്ചാണ് കൊന്നിരിക്കുന്നത്…ശക്തിയായി അമർത്തിപ്പിടിച്ചതു കാരണം മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്…പിന്നെ ആ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്…കൃത്യമായിട്ട് പറഞ്ഞാൽ ഷീ വാസ് റേപ്പ്ഡ് ആഫ്റ്റർ ഡെത്ത്…
ഓ…ഗോഡ് …
ആൻഡ് വൺ മോർ തിങ്….ആ പെൺകുട്ടി പ്രഗ്നന്റ് കൂടിയായിരുന്നു…ഏതാണ്ട് മൂന്നാഴ്ച്ചയോളം…
ഓക്കേ ഡോക്ടർ…ഞങ്ങളിറങ്ങട്ടെ…താങ്ക്യൂ വെരി മച്ച്…
ഓക്കേ സർ…യൂ ആർ വെൽക്കം…
ആശുപത്രി വരാന്തയിലൂടെ അവർ നടന്നു….
മെഹ്ബൂബ് ഈ കേസ് ഇതെങ്ങോട്ടാണ് പോവുന്നത്…ഒന്നിൽ നിന്ന് മറ്റോരോ ദുരൂഹതകളാണല്ലോ…എങ്ങനെയാണ് ഇതിന് ഒരു പഴുത് കണ്ടെത്തുക..മീഡിയാസ് എല്ലാം കൂടെ ആകെ ഇളക്കി മറിക്കുകയാണ്..അതുകൊണ്ട് മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ട്…
സർ..ഈ കേസിൽ നമ്മുടെ സമീപനം ഒന്നുകൂടെ കാര്യക്ഷമമാക്കേണ്ടതുണ്ട്….ഇന്ന് രാത്രി മുതൽ നൈറ്റ് പട്രോളിങ് ശക്തമാക്കണം..ഈ കൊലയാളി നമുക്ക് ചുറ്റും തന്നെ ഉണ്ടെന്ന് എന്റെ മനസ്സു പറയുന്നു…
ഓക്കേ…അത് നമുക്ക് ചെയ്യാം….
ഫോൺ റിങ് ചെയ്യുന്ന ശബ്ദം ..
ഹലോ..
……………………
യെസ്, പറയൂ
…………………….
റിയലീ ….? ഓക്കേ…. താങ്ക്യൂ കുമാർ….
ഫോൺ കട്ടാവുന്നു
സർ, ആ കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ട്…
അയാൾ കോയമ്പത്തൂർ സ്വദേശിയാണ്…പേര് റോക്കി…നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്..അതിൽ മൂന്ന് കൊലക്കേസുകളും പെടുന്നു…ഒരു റേപ്പ് കേസിൽ ഇപ്പൊ കോടതി വെറുതെ വിട്ടതേയൊള്ളൂ….
സോ…ഡെയ്സിയുടെ മരണത്തിനു പിന്നിലെ കൈകൾ അതുതന്നെ…ഉറപ്പിക്കാം..അല്ലേ..?
അതേ സർ, വേറൊരു വിവരം കൂടിയുണ്ട്..നമ്മുടെ പോത്തുകല്ല് ടീമിന്റെ അന്വേഷണത്തിൽ മൈക്കിളിനെപ്പോലൊരാൾ അന്ന് രാത്രി ഡെയ്സിയുടെ വീടിനു പരിസരത്തുകൂടി പോവുന്നത് നാട്ടുകാരിലൊരാൾ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്….എല്ലാം കൂടെ ബന്ധിപ്പിച്ചു നോക്കുമ്പോൾ എനിക്കൊരു സാധ്യത തോന്നുന്നുണ്ട് സർ….പറഞ്ഞോട്ടേ…?
യെസ്..ക്യാരി ഓൺ
സർ..അന്ന് രാത്രി ആത്മഹത്യ ചെയ്യാനിറങ്ങിപ്പുറപ്പെട്ട മൈക്കിൾ ചിലപ്പോൾ ഡെയ്സിയുടെ വീട്ടിൽ പോയിരുന്നിരിക്കാം…അവസാനമായി അവളെയൊന്ന് കാണാൻ പറ്റുമോ എന്ന പ്രതീക്ഷയിൽ…അപ്പോൾ ഒരു പക്ഷേ അയാൾ ഡെയ്സിയുടെ കൊലപാതകം നേരിൽ കണ്ടിരിക്കാം…തന്റെ പ്രേമ ഭാജനത്തിന്റെ ദാരുണാന്ത്യം നേരിൽക്കണ്ട് സമനില തെറ്റിയ അയാളിൽ ഉടലെടുത്ത പ്രതികാര വാജ്ഞയുടെ പരിണിത ഫലമായിക്കൂടെ മറ്റേയാളുടെ കൊല..?
ശരിയാണ്… ചിലപ്പോ അങ്ങനെ ആയിക്കൂടെന്നില്ല… പക്ഷേ അയാൾ എന്തിനുവേണ്ടിയാണ് ഡെയ്സിയെ കൊന്നത്..? അതിനും മാത്രം റോക്കി എന്ന ക്രിമിനലും ഡെയ്സിയും തമ്മിലുള്ള ബന്ധം…?
അതറിയില്ല സർ…മാത്രമല്ല ആ വീട്ടിൽ വെച്ച് കൊല നടത്തിയ ശേഷം മൈക്കിളെന്തിനാണ് അയാളുടെ ഉടലും തലയും രണ്ടിടത്തായി കൊണ്ടിട്ടത് …. അതും ഇത്ര ദൂരെ …?
കുഴയ്ക്കുന്ന ചോദ്യങ്ങളാണ് എല്ലാം…പക്ഷേ അവയിൽ ഏതെങ്കിലും ഒന്നിന് ഉത്തരം കണ്ടെത്തികഴിഞ്ഞാൽ നമുക്കീ ചുരുളുകൾ മുഴുവനായി അഴിക്കാൻ പറ്റും…ഒരു കാര്യം എനിക്കുറപ്പാണ് സർ മൈക്കിളിന്റെ തിരോധാനവും ഈ സംഭവങ്ങളും തമ്മിൽ ബന്ധമുണ്ട്…..
അതു തന്നെയാണ് എനിക്കും തോന്നുന്നത്…യൂ ആർ ഓൺ ദി റൈറ്റ് ട്രാക്ക്..ഇങ്ങനെതന്നെ മുന്നോട്ടു നീങ്ങട്ടെ…ഞാൻ ചെല്ലട്ടെ…അന്വേഷണത്തിന്റെ പുരോഗതിയനുസരിച്ച് വിവരങ്ങൾ എന്നെ അറിയിച്ചാൽ മതി…അയാം ഗിവിങ് യൂ കംപ്ലീറ്റ് ഫ്രീഡം ഇൻ ദിസ് കേസ്….
ഓക്കേ…സർ…
തിരികെ ഓഫീസിലെത്തിയ അയാൾ കേസിൽ ഇതുവരെ നടന്ന സംഭവങ്ങളും കണ്ടെത്തിയ നിഗമനങ്ങളും മനസ്സിലിട്ട് കൂട്ടിക്കിഴിച്ചു നോക്കി….റിപ്പോർട്ടുകൾ,, ചിത്രങ്ങൾ,, എല്ലാം…വിട്ടുപോയ എന്തെങ്കിലും കണ്ടെത്താനാവുമോ എന്ന് അയാൾ കിണഞ്ഞു ശ്രമിച്ചു…
അപ്പോൾ ഫോൺ ശബ്ദിച്ചു….
ഹലോ…..
ഹലോ…മിസ്റ്റർ മെഹ്ബൂബ് ഖാൻ ?
യെസ്….ഇതാരാണ്…?
ഞാൻ ആരാണ് എന്നത് തൽക്കാലം രഹസ്യമായിരിക്കട്ടെ…നിങ്ങൾ ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിനെപ്പറ്റി കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയുന്നൊരാൾ എന്ന് മാത്രം ഇപ്പോൾ മനസ്സിലാക്കുക…ഇന്ന് രാത്രി പത്ത് മണിക്ക് ശേഷം ആഢ്യൻ പാറ വെള്ളച്ചാട്ടത്തിനടുത്ത് വരുക…
നിങ്ങൾ ആരാണ്…?
എല്ലാം നേരിൽ പറയാം…പിന്നെ ഈ വിവരം നിങ്ങളല്ലാതെ മറ്റാരും അറിയരുത്…നിങ്ങൾ ഒറ്റയ്ക്ക് വരണം…ഒറ്റയ്ക്ക് വരാമെന്ന് പറഞ്ഞു പിറകിൽ പോലീസുകാരെ ഒളിപ്പിച്ചു നിർത്തി ചാടിവീണ് വലയിലാക്കുന്ന വിദ്യയൊന്നും വേണ്ട…നിങ്ങളുടെ നീക്കങ്ങൾ ഞാൻ നിരീക്ഷിക്കുന്നുണ്ട്…രാത്രിയിൽ ഒരാൾ ഒറ്റയ്ക്ക് കാണണമെന്ന് പറയുമ്പോഴേക്ക് മുൻകരുതൽ എടുക്കാൻ മാത്രം ഭീരുവല്ല നിങ്ങളെന്ന് ഞാൻ കരുതുന്നു…അപ്പൊ പറഞ്ഞതുപോലെ …രാത്രി ഞാൻ കാത്തിരിക്കും….
രാവിന്റെ ഈ യാമത്തിൽ എനിയ്ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് … ഉറക്കത്തെ ഞാൻ എന്നിലേയ്ക്ക് വിളിക്കുന്തോറും അതെന്നിൽ നിന്ന് അകന്നു പോവുന്നു .. കൈയകലത്തിൽ നിന്ന് എത്രയോ ദൂരേയ്ക്ക് അതിപ്പോ പോയിക്കാണും എന്നറിയില്ല .. ഒരു പക്ഷെ ഞാൻ ഉണർവ്വിനെ കാംക്ഷിക്കുന്ന നേരത്ത് ക്ഷണിക്കാതെ കേറി വന്ന് എന്നെ ബുധിമുട്ടിട്ക്കുമായിരിയ്ക്കും , അറിയില്ല .. എന്തായാലും എപ്പോ വന്നാലും നിനക്ക് സ്വാഗതം .. എങ്കിലുമിപ്പോൾ നിന്നെ ഞാൻ ഒരുപാട് ആഗ്രഹിയ്ക്കുന്നു എന്നറിയുക .. ദയവായി നീ മടങ്ങി വരിക .. ഉറക്കമേ നീ മടങ്ങി വരിക
പൂക്കോട്ടുമണ്ണ… ഒരു റബ്ബർ തോട്ടത്തിനടുത്ത് ആളുകൾ തടിച്ചുകൂടി നിൽക്കുന്നുണ്ട്…
രാജേഷ് ആ ആളുകളൊയൊക്കെ ഒന്ന് മാറ്റ്…
ആരാണ് പോലീസിനെ വിളിച്ചത് ?
ഞാനാണ് സർ…. എന്റെ പേര് റാഷിദ്..ഇവിടുത്തെ ലോക്കൽ സെക്രട്ടറി ആണ്…കൈപ്പിനി ഭാഗത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഇതുവഴി പാസ്സ് ചെയ്തപ്പോഴാണ് ഇത് എന്റെ ശ്രദ്ധയിൽ പെട്ടത്..ഇവിടുത്തെ ടാപ്പിംഗ് തൊഴിലാളിയായ മുകേഷ് ആണ് ഇത് ആദ്യം കണ്ടത്…വരൂ സർ ദാ അവിടെയാണ് …
അവർ അങ്ങോട്ട് നടന്നു…അപ്പോഴേക്കും ഫോറൻസിക് ടീം എത്തി…കണ്ടെത്തിയ തലയ്ക്ക് കാര്യമായ കേടുപാടുകൾ ഒന്നുമില്ലായിരുന്നു..മുഖം വ്യക്തമായിരുന്നത്കൊണ്ട് അതിന്റെ ഒരു ചിത്രം എടുത്ത് മറ്റു ഫോര്മാലിറ്റിസ് തീത്ത് മോർച്ചറിയിലേക്ക് കൊണ്ടുപോവാൻ പറഞ്ഞു…സമീപവാസികളായ ആളുകളിൽ ആർക്കെങ്കിലും ആ മുഖം തിരിച്ചറിയാനാവുന്നുണ്ടോ എന്ന് അന്വേഷിച്ചു …കുറേ ആളുകൾ വന്നു നോക്കി…ചിലർ പറഞ്ഞു അടുത്ത കുറച്ചു ദിവസങ്ങളായി അയാൾ ടൂവീലറിൽ അത് വഴി പോവാറുള്ളതായി പറഞ്ഞു…വേറെ വിവരം ഒന്നുമറിയില്ല…അപ്പോഴാണ് കൂട്ടത്തിലൊരാൾ വിളിച്ചത്..
സർ…ഇയാൾ ഇവിടെ അടുത്തൊരു വീട്ടിലേക്ക് പോവുന്നത് ഞാൻ കണ്ടിട്ടുണ്ട്….
എപ്പോഴാണ് കണ്ടത്…? ഏതുവീട്ടിലേക്കാണ് പോവുന്നത് കണ്ടത് ….?
രണ്ടുദിവസം മുൻപാണ് സർ…വൈകുന്നേരം…കുറച്ചപ്പുറത്തുള്ള ഒരു വീടാണ്…പക്ഷേ ആ വീട് കുറച്ചുകാലമായി പൂട്ടിക്കിടക്കുകയാണ്….അവർ എങ്ങോട്ടാണ് പോയതെന്ന് അറിയില്ല…
നിങ്ങളുടെ പേരെന്താണ് ? നിങ്ങൾ അപ്പോൾ എന്തിനാണ് അതുവഴി വന്നത്…?
സർ … ഞാൻ കുമാരൻ…എനിക്ക് പോത്ത് കച്ചവടമാണ്..അന്ന് വൈകിട്ട് പോത്തുകളെ കുളിപ്പിച്ച് മടങ്ങുമ്പോഴാണ് ഞാനയാളെ കണ്ടത്…ആ വീട്ടിലേക്ക് റോട്ടിൽ നിന്നുമൊരു ഒറ്റവഴിയാണ്…അയാൾ അതുവഴി കയറിപ്പോവുന്നത് ഞാൻ കണ്ടു….ആള് മുൻപ് ഇവിടെങ്ങും കണ്ടിട്ടുള്ള ആളല്ല….
ഓക്കേ…കുമാരേട്ടാ..വളരെ വിലപ്പെട്ടൊരു വിവരമാണ് നിങ്ങൾ നൽകിയത്..ഞങ്ങൾക്ക് ആ വീടൊന്നു കാണിച്ചു തരണം
ശരി സർ….വരൂ..
അയാളെയും ജീപ്പിൽ കയറ്റി അവർ അങ്ങോട്ട് നീങ്ങി…കുറച്ചു ദൂരം പോയപ്പോൾ അയാൾ പറഞ്ഞു
സർ…ഈ വീടാണ് ഞാൻ പറഞ്ഞത്…
അവർ അങ്ങോട്ട് നീങ്ങി…വീടിനു മുൻപിൽ വണ്ടി പാർക്ക് ചെയ്ത് ചുറ്റുഭാഗവും പരിശോധിക്കാൻ പോലീസ് സംഘത്തിന് നിർദേശം നൽകി …അവർ മൂന്നുപേരും ഡോറിനടുത്തേക്ക് നീങ്ങി..മെഹ്ബൂബ് ഖാൻ പതുക്കെ ആ ഡോർ തുറക്കാൻ നോക്കി..അത് പൂട്ടിയിട്ടില്ലായിരുന്നു… കുമാരേട്ടനെ പുറത്ത് നിർത്തി അവർ അകത്ത് കയറി…താഴെയുള്ള മുറികളിലൊന്നും ഒന്നുമില്ലായിരുന്നു…അവിടെയുണ്ടായിരുന്നതെല്ലാം എങ്ങോട്ടോ മാറ്റിയ പോലെ..ആകെ മൊത്തം നിഗൂഡതകളാണല്ലോ സർ…
അവർ മുകളിലേക്ക് കയറി…ആദ്യത്തെ മുറിയുടെ ഡോറിനു സമീപമെത്തിയപ്പോൾ തന്നെ കണ്ടു അടിയിലൂടെ ഒലിച്ചിറങ്ങിയ ചോര….ഡോർ തുറന്നു അകത്ത് കയറിയപ്പോൾ അവിടെയാകെ രക്തം തളം കെട്ടി നിൽക്കുന്നു..ചുമരിലും ബെഡിലുമൊക്കെ രക്തം ചിന്തിയ പാടുകൾ…മുറിയാകെ വീക്ഷിച്ച ശേഷം മറ്റു ടെസ്റ്റുകൾക്കുള്ള നിർദേശം കൊടുത്തു…..
ആ സമയം എസ് ഐ സുനിൽകുമാർ തൊട്ടടുത്ത മുറിയുടെ വാതിൽ തുറന്നു…
മെഹ്ബൂബ് …..ഒരു വല്ലാത്ത ശബ്ദത്തിൽ അയാൾ വിളിച്ചു …
എന്തുപറ്റി സുനിൽ ? മെഹ്ബൂബ് ഖാനും സി ഐയും പെട്ടെന്ന് അങ്ങോട്ട് ചെന്നു
ആ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഒരു പെൺകുട്ടിയുടെ ശരീരം ..
സർ.. ഈ പെൺകുട്ടി ….നമ്മളെവിടെയോ …
മെഹ്ബൂബ് വാട്സാപ്പിൽ വന്ന ഫോട്ടോ എടുത്തു നോക്കി….അതെ ഇത് അവളാണ്..
I dream of her coming to me in a blessed moment which is blessed by the hands of God. The days that follow will be much more beautiful. She will thus be filled as the light of my short life and the reasons of all my joys. She will be the one who creates my spring, summer and winter. She will be the splendor, prosperity, light and virtue of my little home. There she will reign as a princess and fly around like a butterfly. My life will be fulfilled in her comforts. I want to be with her in every step of her life’s journey. Once, after helping her reach the heights that she deserves, I can close my eyes with self-satisfaction. May be this is all my selfishness. It doesn’t matter though. She!!!….my daughter….my princess….
സർ.. ഉദ്ദേശം 27 വയസ്സിനടുത്ത് പ്രായം വരുന്ന മൈക്കിൾ എന്നൊരു ചെറുപ്പക്കാരനെയാണ് കാണാതായിരിക്കുന്നത് ….. ആളുടെ പേരന്റ്സ് ആണ് പരാതിയുമായി വന്നത്…ഇന്നലെ രാത്രി ഉറങ്ങാൻ പോയ അവരുടെ മകനെ കാണ്മാനില്ലെന്ന്…കുറച്ചു ദിവസമായി അവന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നും…ഇന്നലെ അവൻ ആകെ അസ്വസ്ഥനായിരുന്നതായി തോന്നി എന്നാണ് അവന്റെ അമ്മ പറയുന്നത്…എങ്ങോട്ടെങ്കിലും പോവുന്നെങ്കിൽ ഉറപ്പായും വീട്ടിൽ പറഞ്ഞിട്ടേ പോവാറുള്ളൂ…അല്ലെങ്കിൽ അച്ഛന്റെ ഫോണിലേക്ക് ഒരു മെസേജ് എങ്കിലും അയയ്ക്കാറുണ്ട്….ആദ്യമായിട്ടാണ് ഇങ്ങനെ അവനെ കാണാതാവുന്നത് എന്നാണ് അവർ പറയുന്നത്..ആ ചെക്കൻ ചിലപ്പോ എന്തേലും അത്യാവശ്യ കാര്യത്തിന് പോയതായിരിക്കാം..കുറച്ചു കഴിഞ്ഞിങ്ങു തിരിച്ചു വന്നേക്കും…എന്നാലും നമുക്ക് അന്വേഷിക്കാതിരിക്കാനാവില്ലല്ലോ..അപ്പോഴാണ് കാലത്തെ ന്യൂസ് ഓർമവന്നത്..അതുകൊണ്ടാണ് ഞാൻ മെഹ്ബൂബിനെകൂടെ വിവരമറിയിച്ചത്..
വെരി ഗുഡ് സുനിൽ,,,വരൂ നമുക്ക് അയാളുടെ വീട് വരെ ഒന്ന് പോയി നോക്കാം..
ശരി സർ….
അവർ മുണ്ടേരിയിലേക്ക് പുറപ്പെട്ടു….
********************************************
മൈക്കിളിന്റെ വീട്…
മെഹ്ബൂബ് കോളിംഗ് ബെൽ അടിച്ചു…മൈക്കിളിന്റെ അമ്മയാണ് വാതിൽ തുറന്നത്…അവർ അകത്തു കടന്നു…അപ്പോഴേക്കും അച്ഛനും എത്തി…
എപ്പോളാണ് മൈക്കിളിനെ കാണാതായി എന്ന് നിങ്ങൾ ഉറപ്പിച്ചത് ?
ഇന്നലെ രാത്രി ഉറങ്ങാൻ പോയതാണ് സർ…കാലത്ത് ഞാൻ ചെന്ന് നോക്കുമ്പോൾ മുറിയിൽ ആളില്ല….പുറത്ത് ചെന്ന് നോക്കിയപ്പോൾ അവന്റെ വണ്ടിയും കാണുന്നില്ല…ഇങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ല..ഫോണിലേക്ക് വിളിച്ചപ്പോ അത് സ്വിച്ച് ഓഫ് ആണ്…പിന്നെ അകത്ത് വന്ന് നോക്കിയപ്പോ ഇതാ ഞങ്ങളുടെ റൂമിന്റെ ഡോറില്
Dear Amma , Appa
forgive me…..
bye…..bye forever
ഇങ്ങനെ എഴുതിയിരിക്കുന്നു…അതുംകൂടെ
കണ്ടപ്പോ എനിക്ക് ആധിയായ് സാർ…കഴിഞ്ഞ കുറേ ദിവസമായി അവന്റെ പെരുമാറ്റത്തിൽ എന്തോ കുഴപ്പമുണ്ട്..അവൻ ആകെ അസ്വസ്ഥനായിരുന്നു…എനിക്ക് പേടിയാവുന്നു സർ…അവന് എന്തോ പറ്റിയിട്ടുണ്ട്..അവർ കരയാൻ തുടങ്ങിയിരുന്നു…
ഹേയ്…ഒന്നുമില്ല… ഒന്നും സംഭവിക്കില്ല…. നമുക്ക് അവനെ കണ്ടെത്താം…എത്രയും പെട്ടെന്ന് തന്നെ… നിങ്ങള് കരയാതിരിക്കൂ.. ഞങ്ങൾക്ക് അവന്റെ മുറിയൊന്ന് കാണിച്ചു തരൂ..അവിടെയൊക്കെ ഒന്ന് പരിശോധിക്കണം..
ആ നേരെ കാണുന്ന മുറിയാണ് സർ…
അവർ അകത്ത് കയറി…മുറിയാകെ പരിശോധിച്ചു…മേശപ്പുറത്തിരുന്ന ഡയറി എടുത്ത് മെഹബൂബ് ഒന്ന് മറിച്ചുനോക്കി…
മൈക്കിളിന് ഏതെങ്കിലും പെണ്കുട്ടിയുമായി അടുപ്പമുള്ളതായിട്ട് നിങ്ങൾക്കറിയുമോ…?
അറിയാം സർ…ഡെയ്‌സി എന്നായിരുന്നു കുട്ടിയുടെ പേര്…ഡിഗ്രിക്ക് പഠിക്കുന്ന സമയം തൊട്ടുള്ള അടുപ്പം ആണ്…
അവളുടെ ഫോട്ടോ വല്ലതും ഉണ്ടോ ?
എന്റെ ഫോണിൽ ഉണ്ട് സർ… ഇടയ്ക്ക് ഇവിടെ വന്നപ്പോ എടുത്തതാണ് എല്ലാരും ചേർന്നുള്ളൊരു ഫോട്ടോ….
ഇതാ സർ.. നോക്കൂ…ഇതാണ് അവൾ..
ഈ ഫോട്ടോ എനിക്കൊന്ന് സെൻഡ് ചെയ്യൂ…
പിന്നെ.. മൈക്കിൾ ഉപയോഗിച്ചിരുന്ന വണ്ടി..
നമ്പർ അറിയാമെങ്കിൽ അതും ഒന്ന് അയച്ചേക്ക്..
ഇപ്പോത്തന്നെ അയയ്ക്കാം സർ…
ശരി..എന്നാൽ ഞങ്ങളിറങ്ങുന്നു…പേടിക്കാതിരിക്കൂ, അവനെ നമുക്ക് കണ്ടെത്താം….
അവർ മടങ്ങി
പോലീസ് വണ്ടി കടന്നുപോവുന്നത് കണ്ടിട്ടാവണം, ചുറ്റുപാടുള്ളവർ പലരും അവിടെ വീട്ടുമുറ്റത്ത് ഓടിക്കൂടിയിരുന്നു…
എന്തുതോന്നുന്നു മെഹ്ബൂബ് ….നമ്മൾ
വിചാരിച്ച പോലെ എന്തെങ്കിലും കണക്ഷൻ…
നോ സർ…അയാൾ ആത്മഹത്യ ചെയ്തതാണ് … അന്ന് രാത്രി ആത്മഹത്യ ചെയ്യാൻ അയാൾ തീരുമാനിച്ചിരുന്നു..
ഫോൺ റിംഗ് ചെയ്യുന്നു..
യെസ് ഡോക്ടർ..പറയൂ…,
………………………………..
അതെയോ …ഓക്കേ…
സർ ഹോസ്‌പിറ്റലിൽ നിന്ന് ഡോക്ടർ പോൾ ആണ് വിളിച്ചത്… മരിച്ച ആൾക്ക് ഏകദേശം 35 നും 40 നും ഇടയിൽ പ്രായമുണ്ട്…പിന്നെ പാറപ്പുറത്തെ quotes എഴുതിയിരിക്കുന്ന ബ്ലഡ് അയാളുടേതുമായി മാച്ച് ചെയ്യുന്നുണ്ട്….ശരീരം മുഴുവൻ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്….മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്താണ് കൊന്നിരിക്കുന്നത്..പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വേറെ കാര്യമായിട്ട് ഒന്നുമില്ല…ഈ വിവരങ്ങളിൽ നിന്നുതന്നെ അത് മൈക്കിൾ അല്ല എന്ന് നമുക്ക് ഉറപ്പിക്കാം…അത് മാത്രമല്ല ഈ ഡയറി…ഇതിൽ അയാളുടെ ആത്മഹത്യാക്കുറിപ്പുണ്ട്…ഇത് ഒരു സാധാരണ കുറിപ്പല്ല…ഞാൻ വായിക്കാം…
“കരിഞ്ഞു വീണ എന്റെ സ്വപനങ്ങൾ
തുന്നിച്ചേർത്ത് ഞാനിന്നൊരു
കുരുക്ക് പണിയുകയാണ്……
എന്റെ കണ്ഠനാളത്തിലെ
നീലഞരമ്പ് വലിച്ചുമുറുക്കാൻ
ശക്തിയുള്ളൊരു കുരുക്ക്….
തിരസ്കാരത്തിന്റെ പുളിരസം കൊണ്ട്
അവസാനമായി തൊണ്ടനനച്ച്
ഞാനീ കുരുക്കെന്നിൽ മുറുക്കുകയാണ്..
നാളത്തെ പുലരിയിൽ കിളിനാദമുയരും-
മുൻപ്
എന്നിലെ ജീവന്റെ തുടിപ്പുകൾ അവസാനിച്ചിരിക്കും
എന്റെ ദേഹം നിശ്ചലമായിരിക്കും
യാത്രയാവുന്നു ഞാൻ സഖീ..
അരുതൊരിക്കലും ദുഃഖിക്കരുത് നീ
ഞാൻ നിന്റെ മനസ്സിലെത്തുന്ന
ഓരോനിമിഷവും ഓർക്കുക നീ
അങ്ങ് ഏഴാനാകാശത്തിനപ്പുറത്ത്
നരകത്തിന്റെ പടിവാതിലിൽ
ശപിക്കപ്പെട്ട മോഹങ്ങൾ കൊണ്ടൊരു
മണിയറ തീർത്ത് ഞാൻ നിനക്കായ്
കാത്തിരിക്കും…
ഒരുനാൾ നീ വന്നുചേരുംവരെ
ഈ മെത്തയിൽ പാകിയ മുല്ലമൊട്ടുകൾ
വാടാതെ ഞാൻ സൂക്ഷിക്കും …..
ഓർക്കണമെപ്പോഴും നരകത്തിന്റെ
പടിവാതിലിൽ നിനക്കായ്
മണിയറ തീർത്തൊരാൾ കാത്തിരിപ്പുണ്ടെന്ന്”
…………………………………………………………….
ഒരുപാപ ജന്മത്തിന്റെ ആത്മഹത്യാ കുറിപ്പ്..
സർ..ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഒരുപക്ഷേ ഈ സമയം കൊണ്ട് തന്നെ അയാൾ ആത്മഹത്യ ചെയ്തു കഴിഞ്ഞിരിക്കണം….
ഉം…എനിക്കും അതുതന്നെയാണ്
തോന്നുന്നത്… അയാൾ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ ചോദ്യങ്ങളൊക്കെ അതുപോലെ തന്നെ നിൽക്കുകയാണ്…ഇവിടെ ആരാണ് കൊല്ലപ്പെട്ടിരിക്കുന്നത് ..? ആരാണ് അയാളെ കൊന്നത്..? എന്തിന് ..? കൊലയാളിയുടെ അടുത്ത ഇര ?
എസ് ഐ സുനിലിന്റെ ഫോൺ റിങ് ചെയ്യുന്നു…
ഹലോ ….അതേ..
…………………..
എന്ത് ..? മൈ ഗോഡ്….ഓക്കേ… ഞങ്ങൾ ദേ എത്തി…
എന്തുപറ്റി സുനിൽ ..?
സർ, പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്ത് പ്ലാസ്റ്റിക് കവറിൽ
ആഢ്യൻ പാറ വെള്ളച്ചാട്ടത്തിന് താഴെ തലയില്ലാതെ കിടന്ന ശവശരീരത്തിന് മുന്നിൽ എസ് ഐ മെഹബൂബ് ഖാൻ നിന്നു…ചുറ്റും ആളുകൾ ഓടിക്കൂടിയിട്ടുണ്ട്, വിവരമറിഞ്ഞു മാധ്യമങ്ങളും എത്തിയിട്ടുണ്ട്,അർധ നഗ്നമായ ആ ശരീരത്തിലുടനീളം മുറിപ്പാടുകളുണ്ടായിരുന്നു..കൈകാലുകൾ ബന്ധിച്ചിരിക്കുന്നു….മൃഗീയമായൊരു കൊലയുടെ ഉപോല്പന്നമാണാ ശരീരമെന്ന് വ്യക്തം….പക്ഷേ ചോദ്യങ്ങൾ മൂന്നാണ്…
ആര് ? ആരെ ? എന്തിന് ?
ഉത്തരങ്ങളിലേക്ക് നീളുന്ന ഒരു തുമ്പിനായി അയാൾ ചുറ്റും പരതി…അയാളും പരിവാരങ്ങളും കൂടെ എല്ലായിടവും അരിച്ചുപെറുക്കിയിട്ടും ഒന്നിലേക്കും നീളുന്ന ഒരു സൂചന പോലും കിട്ടിയില്ല…..അപ്പോഴാണ് പിസി രാജേഷ് വിളിച്ചത്,
സർ…..ഇവിടെ,,,
എന്താ രാജേഷ്… എന്തുപറ്റി ?
രാജേഷ് കൈചൂണ്ടിയ ഭാഗത്തേക്ക് അയാൾ ഓടിച്ചെന്നു….
ഉണങ്ങിയ പാറയ്ക്കുമുകളിൽ രക്തം കൊണ്ട് കടുകട്ടിയായ് ഇപ്രകാരം എഴുതിയിരിക്കുന്നു…
“I am coming to you”
തന്റെ മൊബൈലിൽ ആ വാക്കുകളുടെ ചിത്രം പകർത്തിയ ശേഷം ആ രക്തക്കറകൾ പരിശോധിക്കാൻ ഫോറൻസിക് ടീമിന് നിർദേശം കൊടുത്തു..കുറച്ചു നേരത്തിന് ശേഷം ഫോർമാലിറ്റീസ് പൂർത്തിയായ ബോഡി പോസ്റ്റ് മോർട്ടത്തിനയച്ചു…മടങ്ങാൻ നേരം മാധ്യമ പ്രവർത്തകർ ചോദ്യങ്ങളുമായി അയാളെ വളഞ്ഞു ….
സീ ഗയ്‌സ്, ഇത് വളരെ ബ്രൂട്ടലായ ഒരു കൊലപാതകമാണ്,,, കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല..ലഭ്യമായ ചില സൂചനകൾ വെച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..കൂടുതൽ വിവരങ്ങൾ നിങ്ങളെ പിന്നീട് അറിയിക്കുന്നതായിരിക്കും ..ദാറ്റ്സ് ആൾ ഫോർ നൗ…..
******************************************
സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസ്..
മെഹ്ബൂബ്, എന്തായി കാര്യങ്ങൾ ? ഐ വാസ് വെയ്റ്റിങ് ഫോർ യുവർ കാൾ
സർ, കുറച്ചു കോമ്പ്ലിക്കേറ്റഡ് ആണ് കാര്യങ്ങൾ…കണ്ടെത്തിയ ബോഡിക്ക് തലയില്ല..അയാളെ തിരിച്ചറിയതക്കവണ്ണം ഒരു സൂചനയും ശരീരത്തിൽ ഇല്ല…ചുറ്റുപാടുകളിലുള്ളവരും ആളെ തിരിച്ചറിഞ്ഞിട്ടില്ല…കൊലയാളിയിലേക്ക് നയിക്കുന്ന ഒരു തുമ്പുപോലും ഇല്ല…ആകെ അവശേഷിക്കുന്നത് ഇത് മാത്രമാണ്..അയാൾ ഫോണിലെടുത്ത ഫോട്ടോ കാണിച്ചു…
സർ, ഞാൻ കരുതുന്നത് ഇത് കൊലയാളി നൽകുന്നൊരു സൂചനയാണെന്നാണ്…ഇതിനർത്ഥം വൈകാതെ തന്നെ സമാനമായൊരു കൊല കൂടി നടക്കുമെന്ന്..അടുത്ത ഇരയ്ക്കുള്ള ഒരു വാണിംഗ് ആയിരിക്കാം ഇത്…
പെട്ടെന്ന് അയാളുടെ ഫോൺ റിംഗ് ചെയ്തു
ഹലോ….
……………………
അതെയോ ?
………………
ഓക്കേ.. ഏതായാലും ഞാനും കൂടെ വരാം
നമുക്ക് ഒരുമിച്ച് ആളുടെ വീടുവരെ ഒന്ന് പോവാം …
ശരി …..
ഫോൺ ഡിസ്കണക്റ്റ് ആയി…
സർ, പോത്തുകല്ല് എസ് ഐ സുനിൽകുമാർ ആണ് വിളിച്ചത്, മുണ്ടേരി ഭാഗത്ത് നിന്നും ഒരു മാൻ മിസ്സിങ്ങിന് പരാതി കിട്ടിയിട്ടുണ്ടെന്ന്….ചിലപ്പോൾ കൊല്ലപ്പെട്ടയാൾ അയാളായേക്കുമോ….
കറുത്തിരുണ്ട ഒരു രാവായിരുന്നു അത്….വിറയ്ക്കുന്ന കയ്യാൽ തന്റെ ഡയറിയിലെന്തോ കുറിക്കുകയായിരുന്നു മൈക്കിൾ…ഓരോ അക്ഷരമെഴുതുമ്പോഴും നിയന്ത്രണം വിട്ട് വിതുമ്പിപ്പോവാതിരിക്കാൻ അവൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു….ഏറെ നേരംകൊണ്ട് എഴുതിത്തീർത്ത വരികളിലൂടെ അവനൊന്ന് കണ്ണോടിച്ചു…എന്തോ ആ വരികൾക്ക് ഒരു വല്ലാത്ത പൈശാചിക സൗന്ദര്യം തോന്നി….കളങ്ങളിൽ നിന്നുയർന്നുവന്ന് അവയോരോന്നും തന്നെ കുത്തിക്കീറുന്നപോലെ തോന്നി…എന്റെ നെഞ്ചിലെ ചോരത്തുള്ളികൾ കൊണ്ട് കുറിക്കപ്പെട്ട വാക്കുകൾ, അവന്റെ ചുണ്ടുകൾ മന്ത്രിച്ചു….
ഡയറി മടക്കിവെച്ച് അവൻ പതിയെ കണ്ണാടിക്കരികിലേക്ക് നടന്നു…….കുറച്ചുനേരം സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കിനിന്നു..അണപൊട്ടിയൊഴുകുന്ന ദുഃഖത്തെ പിടിച്ചുനിർത്താനാവാതെ അവൻ പൊട്ടിക്കരഞ്ഞു….എത്രനേരം ആ നിൽപ്പ് നിന്നെന്നറിയില്ല..പെട്ടെന്നെന്തോ തീരുമാനിച്ചിട്ടെന്ന പോലെ അവൻ തിരിഞ്ഞുനടന്നു..മുഖം കഴുകി, ഡ്രസ്സ് മാറി അവൻ പുറത്തിറങ്ങി…മുറിപൂട്ടി ശബ്ദമുണ്ടാക്കാതെ ടൂവീലറിനരികിലേക്ക്…ബൈക്ക് പതിയെ തള്ളി ഗെയ്റ്റിന് പുറത്തെത്തിച്ചു….സ്റ്റാർട്ട് ചെയ്ത് വണ്ടി മുന്നോട്ടെടുത്തു….മരിക്കാൻ തീരുമാനിച്ചുറപ്പിച്ചവന് മോഹങ്ങൾ പാടില്ലെന്നാണ്..പക്ഷേ അതിനുമുൻപ് അവസാനമായി എനിക്കവളെ ഒന്ന് കാണണം….ആദ്യം അവളുടെ വീട്ടിലേക്ക്, ബാക്കി പിന്നീട്….എന്തായാലും ഒരുകാര്യം ഉറപ്പാണ്, ഇനിയൊരു മടക്കമില്ല, ഈ രാവ് ഇതവസാനത്തേതാണ്…ഞാനെന്ന വിഡ്ഢി ഇവിടെ അവസാനിക്കുന്നു…അവളെ കണ്ട ശേഷം നേരെ അകമ്പാടത്തേക്ക് വെച്ച് പിടിക്കണം…ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തുന്ന നാളത്തെ സഞ്ചാരികൾക്ക് കൺകുളിർക്കെ കാണാൻ എന്റെയീ ജീവനറ്റ ശരീരവുമുണ്ടാവണം….ഞാൻ വെള്ളത്തിൽ ചാടി മരിക്കാനൊന്നും പോവുകയല്ല…അതിനുള്ള മാർഗ്ഗം വേറെയുണ്ട്..മരിക്കാൻ ആ സ്ഥലം തന്നെ തിരഞ്ഞെടുക്കാൻ കാരണം അവിടെ വെച്ചാണ് ആദ്യമായി അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്….പിന്നീട് എത്രയോ തവണ ഞങ്ങളവിടെ പോയിരിക്കുന്നു….എന്തോ അവൾക്കൊത്തിരി ഇഷ്ടമായിരുന്നു അവിടം…അവിടെത്തന്നെയാവട്ടെ എന്റെ ഒടുക്കവും….
ചാത്തംമുണ്ട എത്തി,, സുൽത്താൻപടി നിന്ന് വലത്തോട്ട് തിരിഞ്ഞു….പൂക്കോട്ടുമണ്ണ കടവിനടുത്ത് കൂടെ പോയാൽ ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് അവളുടെ വീട്…..ആ വഴി നേരെ പോയാൽ അകമ്പാടത്ത് എത്തുകയും ചെയ്യാം…സമയം അർധരാത്രി പിന്നിട്ടിരിക്കുന്നത്കൊണ്ട് ചുറ്റുമെങ്ങും വെളിച്ചമോ ആൾക്കാരോ ഇല്ല..സർവ്വരും ഉറക്കത്തിലേക്ക് ഊളിയിട്ടുകഴിഞ്ഞിരിക്കുന്നു ….പൂക്കോട്ടുമണ്ണ പാലം കടന്ന് അവൻ മുന്നോട്ട് നീങ്ങി………
********************************************
പിറ്റേന്നത്തെ പ്രഭാതം…
എസ് ഐ മെഹ്ബൂബ് ഖാന്റെ ഫോൺ റിങ് ചെയ്യുന്നു…
ഹലോ, സബ് ഇൻസ്‌പെക്ടർ മെഹബൂബ് ഖാൻ ,,
മെഹബൂബ്, ഇത് സി ഐ രാജശേഖരൻ ആണ്
സർ, പറയൂ സർ
ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് താഴെ ഒരു ബോഡി കണ്ടതായി ഇൻഫർമേഷൻ ഉണ്ട്…ഒന്ന് പോയി അന്വേഷിക്കണം
റിയലി..? സർ, ഞാൻ ഉടനെ പുറപ്പെടുകയാണ്…ഐ വിൽ ഗെറ്റ് ദി ഡീറ്റെയിൽസ് ആൻഡ് ലെറ്റ് യൂ ക്നോ
ഓക്കേ മെഹബൂബ്..ഐ വിൽ വെയ്റ്റ് ഫോർ യുവർ കോൾ ..
ഓക്കേ,, സർ,
(തുടരും)
NB : ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം തന്നെ ഭാവനാ സൃഷ്ടികൾ മാത്രമാണ്.
പോലീസുകാരടക്കം എല്ലാവർക്കും എനിക്ക് തോന്നിയ ഓരോ പേരുകൾ കൊടുക്കുന്നു എന്നുമാത്രം
I know it was my mistake … It hurted you very badly .. You know, it is a part of my charactor .. sometimes I am loosing my control.. that time If I say anything wrong please don’t mind.. that time suddenly I am loosing my temper and its getting out of control.. since you are not familiar with that, how can you understand what is going on here.. I know I was hurting you that time with my unnecessary words and anger.. I was feeling it … when I met you I was seeing it on your face.. that surroundings over there which made me angry.. it was not your fault.. I didn’t think about it.. when I see you sad , my heart was scolding for what I did to you… tears on your eyes, it was so painful to me I was afraid of crying… it was a big mistake on my part that should never happened.. I am sorry Dear , really very very sorry… love you
ഇരുൾ വീണു വെളിച്ചം ഒളിച്ചോടുന്ന കറുത്ത യാമങ്ങളിൽ നിഴലും അവനും തനിച്ചാവും…. ആ നിഗൂഢ നാഴികകളിൽ അവൻ ഒരു ഭ്രാന്തനെ കാണാറുണ്ടായിരുന്നു…… അയാൾ പ്രസന്ന വദനനായിരുന്നു എങ്കിലും അകമേ നീറിപ്പുകയുന്നത് അവന് കാണാമായിരുന്നു….. അയാൾ നഗ്നനായിരുന്നു….. അയാളുടെ പാട്ട് അവന്റെ കർണ്ണങ്ങളെ പൊള്ളിച്ചു കൊണ്ടിരിന്നു…… അയാളുടെ നൃത്തം അവസാനിക്കുമ്പോൾ കയ്യിലിരിക്കുന്ന സ്ഫടിക ഗോളം അയാൾ എറിഞ്ഞുടക്കുന്നു….. അവന്റെ നോട്ടത്തിലെ ചോദ്യഭാവം കണ്ടിട്ടാവണം അയാൾ ഇപ്രകാരം പറയുന്നു :
“ഹേ നിശാ സഞ്ചാരീ അത് എന്നെ മുറുകി വരിഞ്ഞിരിക്കുന്ന സ്നേഹമാണ്… അത് എറിഞ്ഞുടക്കുക വഴി അതിനെ ഞാൻ ശൂന്യതയിൽ ലയിപ്പിച്ചു…. സ്നേഹമെന്ന ആ പ്രതിഭാസം എന്നെ വീർപ്പു മുട്ടിക്കുകയായിരുന്നു…. ഞാൻ അതിൽ നിന്നും മോചനം നേടി…. ഞാൻ ഇപ്പോൾ സ്വതന്ത്രനാണ് സ്നേഹമാകുന്ന ബന്ധനത്തിൽ നിന്നും തീർത്തും സ്വതന്ത്രൻ…”
ചോദ്യങ്ങൾ അവസാനിക്കാത്ത അവന്റെ മുഖത്തേക്ക് നോക്കി അയാള് വീണ്ടും പറഞ്ഞു :
“നമുക്ക് പിരിയാൻ നേരമായി… ഒന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ… അനർഹനെന്നു തോന്നിയാൽ സ്നേഹമായാലും അതിനെ പറിച്ചെറിയണം… അല്ലാത്ത പക്ഷം അത് നമ്മെ വീർപ്പു മുട്ടിച്ചു കൊണ്ടിരിക്കും…
ഞാൻ യാത്രയാവട്ടെ …. വെളിച്ചത്തിന്റെ കണങ്ങൾ എനിക്ക് അസഹനീയമാണ്…
ഇനി നമ്മൾ കാണുമോ ?….
അർത്ഥമറിയാത്ത ഒരു ചിരി മാത്രമായിരുന്നു മറുപടി…………………
വെറുതേ ഇരിക്കുകയാവും .. ഒരു ജോലിയും ഉണ്ടാവില്ല … അപ്പോഴൊന്നും ഒരു ശല്യവും ഉണ്ടാവില്ല … ഗൗരവമായി എന്തെങ്കിലും എഴുതാനിരിക്കുമ്പോഴോ വായിയ്ക്കാനിരിക്കുമ്പോഴോ മാത്രം ഇല്ലാത്ത പണികൾ വിമാനത്തിൽ കേറി വരും … ആ സമയത്ത് എല്ലാ ഭാഗത്ത് നിന്നും ശല്യക്കാർ എത്തും … എല്ലാം ഒരുവിധം ഒതുക്കി വരുമ്പോഴേക്ക് ചിലപ്പോ നമുക്ക് മടുപ്പായിട്ടുണ്ടാവും .. പിന്നെ അത് അവിടെക്കിടക്കും .. അതാണ് അവസ്ഥ … ചിലപ്പോ ചില നിമിഷങ്ങൾ വീണുകിട്ടാറുണ്ട് .. അപ്പൊ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് എല്ലാത്തിനുമൊടുവിൽ ബാക്കിയാവുന്നത്.. പക്ഷെ അതാണ് മനസ്സിന് ഏറെ ചാരിതാർഥ്യം തരുന്നത്
നടുറോഡിൽ ഒരു പെൺകുട്ടിയെ വെടിവെച്ചു കൊല്ലാൻ മാത്രം ധൈര്യം അയാൾക്ക് കിട്ടിയത് എവിടെ നിന്നായിരുന്നു … ? തുറസ്സായ സ്ഥലത്ത് വെച്ച് ഒരു പതിനാല് കാരിയെ സംഘം ചേർന്ന് അതിക്രമിക്കാനും , സമപ്രായക്കാരിയായ അവളുടെ ശരീര ഭാഗങ്ങളിൽ പിടിച്ചു ഞെരിക്കാനും ഒരുകൂട്ടം ആൺകുട്ടികൾക്ക് ധൈര്യം വന്നത് എവിടെ നിന്നായിരുന്നു …? വിജനതയിലോ രാവിന്റെ നിഴലിലോ തനിച്ചൊരു പെൺകുട്ടിയ്ക്ക് യാത്ര ചെയ്യാൻ പറ്റാതായത് എന്തുകൊണ്ടാണ് ..? മനുഷ്യരെന്ന നിലയിൽ നാം ലജ്ജിച്ചു പോവുന്ന തരത്തിൽ , ഹൃദയമുള്ള ഏതൊരാളുടെയും ഉള്ള് പിടയുന്ന തരത്തിൽ ഇത്രയേറെ സ്ത്രീകൾ കടിച്ചുകീറപ്പെട്ടത് എന്തുകൊണ്ടാണ് ..? സാങ്കേതിക രംഗത്തേയും വളർത്തു ദോഷത്തെയും പഴി പറഞ്ഞു നിങ്ങള്ക്ക് കൈകഴുകാനാവില്ല … ഇവർക്കൊക്കെ വളമാവുന്നത് , അല്ലെങ്കിൽ ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് , ഈ രാജ്യത്ത് ഇവരെ തൊടാൻ കെൽപ്പുള്ള ഒരു നിയമ വ്യവസ്ഥ ഇല്ല എന്ന ധൈര്യമാണ് .. അല്ലെങ്കിൽ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഇവരെ ഒന്നും ചെയ്യാൻ പോവുന്നില്ല എന്ന് ഇവർക്ക് അറിയാം … മൃഷ്ടാന്ന ഭോജനത്തോടെ സുഖവാസം ഒരുക്കി ആരോഗ്യ ദൃഢഗാത്രരായി തങ്ങളെ പുറത്തിറക്കി വീണ്ടും അടുത്ത പാതകങ്ങൾക്ക് പ്രചോദനം നൽകുന്ന നിയമ സംവിധാനം … ഇരകളെക്കാളേറെ വേട്ടക്കാരന്റെ അവകാശം സംരക്ഷിക്കാൻ നടക്കുന്ന പീറ ആക്ടിവിസ്റ്റുകൾ …. രണ്ടു മെഴുകുതിരിയിലോ മുദ്രാവാക്യത്തിലോ കടമ തീർക്കുന്ന പൗരന്മാർ … എല്ലാത്തിനും സൗകര്യമൊരുക്കി സംരക്ഷിച്ചു പിടിക്കുന്ന രാഷ്ട്രീയ പാർട്ടികൾ … ഇതൊക്കെ നൽകുന്ന ധൈര്യമാണ് ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് … കരുത്തുറ്റ ഒരു നിയമ സംവിധാനവും അത് നടപ്പിലാക്കാൻ നട്ടെല്ലുള്ള ഒരു നീതിപീഠവും ഭരണകൂടവും ഉണ്ടായിരുന്നെങ്കിൽ ഇവിടെ ഒരുത്തനും ഒന്നിനും ധൈര്യപ്പെടില്ലായിരുന്നു …. പക്ഷേ ………
ഈ സമയം … ഗതികേടിന്റെ ഈ സമയത്തെ മുതലെടുത്ത് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിട്ടുണ്ട് കുറെയെണ്ണം … എപ്പോഴാണ് സമനില തെറ്റുന്നത് എന്നറിയില്ല … ചിലപ്പോ വല്ലാതെ മടുപ്പ് തോന്നും .. അപ്പൊ ഫോണെടുത്ത് വെച്ചു രണ്ടു നോട്ടിഫിക്കേഷൻ നോക്കാമെന്ന് വിചാരിക്കുമ്പോ കോപ്പിലെ നെറ്റ്വര്‍ക്കും നമ്മളെ പരീക്ഷിക്കാൻ തുടങ്ങും … എല്ലാതരം ഫ്രസ്‌ട്രേഷനും എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത് എന്നറിയില്ല … ഒരു വിസ്ഫോടനം നടന്നാൽ സകലതിന്റെയും ആജീവനാന്ത പണിക്കുറ്റം തീർത്തിട്ടാവും ഒടുങ്ങുന്നത് … വല്ലാത്തൊരു കാലവും വല്ലാത്തൊരു കോലവും … ഭ്രാന്തിന്റെ പുതിയ ഭാവങ്ങളിലൂടെയാണ് കടന്നുപോവുന്നത് … ഇതേപോലെ ഇവിടെ എന്തേലും കുറിക്കുമ്പോൾ ആണ് ഇത്തിരി ആശ്വാസം കിട്ടുന്നത് .. പരീക്ഷണങ്ങൾക്കു മേലുള്ള പരീക്ഷണം വല്ലാത്ത അവസ്ഥ തന്നെ
പ്രഹസനം പോലെ എന്തൊക്കെയോ കാണിച്ചു കൂട്ടിയിട്ട് അത് പ്രേമമായിരുന്നു എന്ന് അവകാശപ്പെട്ടാൽ അത് സമ്മതിച്ചു തരാൻ എന്നെ നിർബന്ധിക്കുന്ന നിന്നെ കാണുമ്പോ എനിയ്ക്ക് ചിരി മാത്രമാണ് വരുന്നത് … നീ കാണിച്ചു കൂട്ടിയ വിഡ്ഢിത്തങ്ങളെക്കാൾ എന്നെ ചിരിപ്പിക്കുന്നതും ഇതാണ് .. പ്രേമം എന്നാൽ നീയെന്താണ് മനസ്സിലാക്കിയിട്ടുള്ളത് …? അല്ലെങ്കിൽ വേണ്ട നീ അതിന് മറുപടി പറയണ്ട .. വീണ്ടും ചിരിയ്ക്കാനുള്ള വകയാവും .. ഇന്നിപ്പോ എനിയ്ക്ക് കൂടുതൽ ചിരിയ്ക്കാനുള്ള കപ്പാസിറ്റി ഇല്ല … ഇപ്പൊ തന്നെ എന്റെ ഊപ്പാട് വന്നു … എന്നാണ് നീ സ്വയമൊന്ന് മനസ്സിലാക്കുക .. ഓരോ നേരത്തേ ഓരോ ഭ്രമങ്ങൾക്കൊപ്പം എന്തൊക്കെയോ ചെയ്തുകൂട്ടുന്ന നിനക്ക് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി നിന്റെ ഭ്രമങ്ങളും മാറിക്കൊണ്ടിരിക്കും .. ഇപ്പൊ ഈ നിമിഷം നിന്റെ ഭ്രമം പ്രേമത്തോടാണെങ്കിൽ നാളെ ഒരുപക്ഷേ അത് മറ്റൊന്നിനോടാകാം … മറ്റൊന്ന് വരുന്നതോടുകൂടി ഇന്നത്തെ കാര്യങ്ങൾ നീ പാടെ മറക്കുമെന്നും അറിയാം … കാലം കുറെയായി നിന്നെക്കാണുന്ന എനിയ്ക്ക് നിന്റെയീ ഭ്രമങ്ങളെ നന്നായിട്ടറിയാം .. അതുകൊണ്ട് ഇപ്പൊ റൂട്ടൊന്ന് മാറ്റിപ്പിടി .. ഈ പ്രഹസനങ്ങൾക്ക് നിന്നു തരാൻ എനിയ്ക്ക് സമയമില്ല …..
എഴുതിയതത്രയും വിഡ്ഢിത്തമായിരുന്നു എന്ന തിരിച്ചറിവിൽ ദീര്‍ഘ നാളത്തെ തന്റെ അദ്ധ്വാനത്തിന്റെ നിരർത്ഥകതയോർത്ത് വിഷണ്ണനായി അയാൾ ബുദ്ധിശൂന്യതയുടെ കടുത്ത മഷി പുരണ്ട ആ താളുകളത്രയും വലിച്ചു കീറുകയായിരുന്നു … ചിതറി വീണ കടലാസു തുണ്ടുകൾ അഗ്നിക്കിരയാക്കി ആ ജ്വാലാമുഖത്തെ താപം ഉള്ളിലേക്കാവാഹിച്ച് ബോധത്തിന്റെ പുതിയ സഞ്ചാര പഥങ്ങളിലൂടെ മനസ്സിനെ പായിച്ചു … പരിചയമില്ലാത്ത ഏതൊക്കെയോ ദിശകളിലൂടെ ഓടിയോടി തളർന്നു ഒടുവിൽ കിതച്ചു കിതച്ചു ഒടുവിലേതോ തീരത്തണഞ്ഞു … ആ തീരത്തെ തണുത്ത കാറ്റേറ്റ് അയാൾ വീണ്ടും മുന്നോട്ട് നീങ്ങി .. ആ യാത്രയുടെ ഒടുവിൽ അയാളുടെ തൂലികയാൽ സൃഷ്ടിക്കപ്പെട്ടത് അക്ഷരങ്ങളുടെ ഒരു സുന്ദര സൗധം തന്നെയായിരുന്നു …….
******************************************
അക്ഷര ലോകത്തെ ധന്യമാക്കുന്ന ഓരോ എഴുത്തുകാരനും എപ്പോഴെങ്കിലും ഇതുപോലെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെ നേരിട്ടിട്ടുണ്ടാവും .. ഒടുവിൽ എല്ലാത്തിനെയും അതിജീവിച്ചു പുറത്തു വന്നിട്ടും ഉണ്ടാവും … അക്ഷരങ്ങളുടെ ലോകത്തെ സുന്ദരമാക്കിത്തീർക്കുന്ന അക്ഷങ്ങളുടെ ഉപാസകരായ മഹദ് വ്യക്തിത്വങ്ങളെ സ്മരിച്ചു കൊണ്ട് , ഏതോ ഒരു സാങ്കല്പിക എഴുത്തുകാരന്റെ ദുർഘട നിമിഷങ്ങളെ പ്രതീകാത്മകമായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന് മാത്രം … തൂലികയേന്തിയ ഓരോ കൈകൾക്കും അക്ഷരങ്ങളുടെ ഓരോ കൂട്ടാളികൾക്കും ഉള്ളിൽ നിന്നൊരായിരം സ്നേഹാഭിവാദ്യങ്ങൾ
അമ്മേ മലയാളമേ , നിന്നോളമെന്നിലെ ജീവന്റെ തുടിപ്പുകളെ ഉത്തേജിപ്പിക്കാനാവുന്ന മറ്റൊന്നുമില്ല .. കണ്മിഴി തുറന്നു ഞാൻ ഈ ഉലകത്തെ കണ്ടനാൾ , ആർത്തു കരഞ്ഞോരെന്നെ കണ്ടപ്പോൾ എല്ലാരിലും ആഹ്ലാദത്തിന്റെ മന്ദഹാസങ്ങൾ നിറഞ്ഞൊരു നാൾ , അന്നുതൊട്ടെന്നുടെ ഞരമ്പുകളിൽ നിറഞ്ഞൊഴുകുമെൻ മലയാളമേ .. സ്നേഹമാണെന്നും നിന്നോടെനിയ്ക്ക് , നിന്നെ അറിയുന്തോറും നിന്നാഴങ്ങളിലേക്ക് വന്നുചേരാൻ ശ്രമിക്കുമ്പോഴും , നിന്റെ മധുരം എന്നെ ത്രസിപ്പിക്കുന്നു , എന്നെ കൊതിപ്പിക്കുന്നു ….. നിന്റെ മുൻപിൽ ചെറുതാണെനിയ്ക്ക് മറ്റേതു ഭാഷയും മറ്റേതു ലോകവും … നിന്റെ സൗരഭ്യത്തിന് മുന്നിൽ നിന്നിൽ നിന്നുതിരുന്നയീ പ്രകാശത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമായിത്തീരുന്നു .. നിന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങിയൊരീ കവിൾത്തടങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ് … നീ കുടിയിരിക്കുന്നയീ നാവിൻ തുമ്പെത്ര അനുഗ്രഹീതമാണ് … നിന്നെയെഴുതാൻ കഴിയുന്നതീ കൈവിരലുകളുടെ സുകൃതം …. അതേ ഞാൻ അഭിമാനിക്കുന്നു, മലയാളമെന്ന പുണ്യം എന്റെ ഭാഷയാണെന്നതിൽ,, എനിയ്ക്ക് മലയാളം അറിയാം എന്നതിൽ ഞാൻ അഹങ്കരിയ്ക്കുന്നു ,, ഇനിയുമെനിയ്ക്ക് എത്തിപ്പെടാൻ സാധിയ്ക്കാത്ത മലയാളത്തിലെ ആഴങ്ങളെയോർത്ത്, താണ്ടാൻ ഇനിയുമെനിയ്ക്കേറെ ദൂരമുണ്ടല്ലോ എന്നോർത്ത് , ഞാൻ അറിഞ്ഞതൊക്കെ എത്രയോ ചെറുതാണല്ലോ എന്നോർത്ത് ഞാനേറെ നിരാശപ്പെടുന്നുണ്ട് അതോടൊപ്പം തന്നെ ഇനിയുമിനിയും മലയാളത്തെ നുകരാൻ അതിന്റെ ആഴങ്ങളിലേക്കും ദൂരങ്ങളിലേക്കും ചെന്നെത്താൻ കൊതിയോടെ ആവേശത്തോടെ ഞാൻ മുന്നോട്ടു പായാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു …. എല്ലാത്തിനുമൊടുവിൽ ഈ മലയാളത്തിന്റെ മണ്ണിൽ ഈ മലയാളത്തിന്റെ പുത്രനായി എനിയ്ക്കീ ജന്മം തന്നതിൽ ജഗന്നിയന്താവിനോട് ഞാൻ നന്ദി പറയുന്നു ……..
എത്ര നുകർന്നാലും കൊതി തീരാത്ത എത്ര പൊഴിഞ്ഞാലും ഉറവ വറ്റാത്ത ഒന്നേയുള്ളൂ.. അതാണ് സ്നേഹം … സ്നേഹം ആവശ്യമില്ലാത്ത ആരുമുണ്ടാവില്ല … അക്ഷരങ്ങൾ കൊണ്ടോ ചിത്രങ്ങൾ കൊണ്ടോ മറ്റൊന്നും കൊണ്ടോ തന്നെ പൂർണ്ണമായും വർണ്ണിക്കാനോ നിർവചിയ്ക്കാനോ സാധിയ്ക്കാത്ത ഒന്നാണ് സ്നേഹം … അനുഭവിച്ചറിയുന്നതുവരെ ഒരാൾക്കും അതിന്റെ ആഴവും വ്യാപ്തിയും രൂപവും മനസ്സിലാക്കാനാവില്ല … സ്നേഹത്തിന്റെ മാനങ്ങൾ പലതാണ് .. ഓരോ തലത്തിനുമനുസരിച്ച് അതിന്റെ നാമങ്ങൾ മാറുന്നു ഭാവങ്ങൾ മാറുന്നു അതിന്റെ രുചിയും മാറുന്നു .. എന്നിരുന്നാലും ഏത് രൂപത്തിലും ഭാവത്തിലും ആത്യന്തികമായിട്ട് സ്നേഹത്തിന്റെ ഭാവവും രുചിയും ഗുണവും ഒന്ന് തന്നെയാണ് … അതിന്റെ തീവ്രതയേറുന്തോറും അതിന്റെ സൗന്ദര്യവുമേറുന്നു … കണ്മുന്നിലെ സ്നേഹത്തെ കാണാൻ കഴിവില്ലാത്തവരും, ഒരല്പം സ്നേഹത്തിനായി കൊതിക്കുന്നവരും , ഇന്നുവരെ സ്നേഹമെന്തെന്ന് അനുഭവിക്കാൻ സാധിക്കാത്തവരും , സ്നേഹത്തിൽ നീന്തിത്തുടിക്കുന്നവരും എല്ലാമുണ്ട് നമുക്ക് ചുറ്റും … സ്നേഹത്തിന്റെ പേരിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ട് .. കൊലപാതകങ്ങൾ നടന്നിട്ടുണ്ട് … സ്നേഹത്തിനു മുന്നിൽ സ്വാർത്ഥരായിത്തീരുന്ന പലരും സ്നേഹം തട്ടിയെടുക്കാൻ വഞ്ചന വരെ ചെയ്തിട്ടുണ്ട് … ഈ ഉലകത്തെ നിലനിർത്തുന്നത് , ഈ പ്രപഞ്ചത്തെ ഇത്ര സുന്ദരമാക്കുന്നത് , ജീവിതത്തെ ഒരു ലഹരിയാക്കുന്നത് , അതെല്ലാം സ്നേഹം ഒന്ന് മാത്രമാണ് …. സ്നേഹത്തിന് പകരം നിൽക്കാനോ , സ്നേഹത്തിന് മുകളിൽ നിൽക്കാനോ ഉതകുന്ന മറ്റൊന്നും തന്നെ ഈ പ്രപഞ്ചത്തിൽ ഇല്ല …. വാമൊഴിയും വരമൊഴിയുമായി അനേകലക്ഷം ഭാഷകൾ നിലനിൽക്കുന്ന ഈ ലോകത്ത് ഏത് നാട്ടുകാരനും ഏത് ഭാഷക്കാരനും സംശയമേതുമില്ലാതെ മനസ്സിലാവുന്ന , ഏറ്റവും മനോഹരമായി സംവദിക്കാൻ സാധിക്കുന്ന ഒരേയൊരു ഭാഷ സ്നേഹമാണ് അല്ലെങ്കിൽ സ്നേഹത്തിന്റെ ഭാഷയാണ് …
വെളുമ്പിയം പാടം എല് പി സ്കൂളിൽ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. ആത്യന്തികമായിട്ടു കുരുത്തം കെട്ടവൻ ആണെങ്കിലും പാവത്താൻ എന്ന ഇമേജ് ഞാൻ കാത്തു സൂക്ഷിച്ചു വന്നു… ഒരു ദിവസം ലഞ്ച് ബ്രേക്ക് കഴിഞ്ഞു ഞാൻ ക്ലാസ്സിൽ വന്നപ്പോൾ അവിടെ ഒരു പുതു മുഖം…. ഇതാരപ്പാ എന്ന് ശങ്കിച്ച് നിൽക്കുമ്പോൾ ജാൻസി ടീച്ചർ അവളെ എല്ലാവർക്കും പരിചയപ്പെടുത്തി.. ഇത് ……………. നമ്മുടെ ക്ലാസ്സിലെ പുതിയ കുട്ടിയാണ്…. ആദ്യ കാഴ്ചയിൽ തന്നെ എനിക്കവളോട് ഒരു കൌതുകം തോന്നിയിരുന്നു.. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. ഞാനാണെങ്കിൽ ഗുണന പട്ടികയോട് പോരാടി തളര്ന്ന മണ്ട ശിരോമണിയും…. എന്നാലും ഇടയ്ക്കു എന്തെങ്കിലും അവസരം ഉണ്ടാക്കി ഞാൻ അവളോട് മിണ്ടുമായിരുന്നു… അവൾ പെണ്‍കുട്ടികളുടെ നിരയിൽ ആദ്യ ബെഞ്ചിൽ ഒന്നാമതായിരുന്നു… ഞാനാണെങ്കിൽ മൂന്നാം ബെഞ്ചിന്റെ ഇങ്ങേ അറ്റത്തു… ആണ്‍കുട്ടികളുടെ നിരയിൽ ഒന്നാമാതിരിക്കുന്ന ഹാരിസ് അന്ന് പഠനത്തിൽ മുന്നിട്ടു നിന്നു് … അവന്റെ ഇരിപ്പിടം അവളുടെ തൊട്ടടുത്ത് ആയിരുന്നത് കൊണ്ട് എനിക്കവനോട് കലിപ്പായിരുന്നു… പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല… ആയിടക്കാണ് ഒരു പുതിയ വിദ്യാഭ്യാസ സംസമ്പ്രദായം നിലവിൽ വന്നത്….. ഡാൻസും പാട്ടും ഇടക്കിടക്ക് പഠിത്തവും… (ഡി പി ഇ പി ).. ഈ സമ്പ്രദായപ്രകാരം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഗ്രൂപ്പ് ഡിസ്കഷൻ.. എപ്പോഴും ടീച്ചർ ഞങ്ങളെ ഗ്രൂപ്പ് തിരിക്കുമ്പോൾ അവൾ എന്റെ ഗ്രൂപ്പിൽ തന്നെ കൃത്യമായി വരും. ഗ്രൂപ്പിലുള്ളവർ നിലത്തു വട്ടം കൂടി ഇരിക്കണം. വട്ടത്തിന്റെ രണ്ടറ്റത്തും ഇരിക്കാൻ എല്ലാവർക്കും മടിയാണ്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചു വരുമല്ലോ. മിക്കവാറും അവൾ അറ്റത്ത് വരുന്നത് കൊണ്ട് എനിക്ക് മാത്രം ഒരു മടിയും ഉണ്ടായിരുന്നില്ല. ആ നിമിഷങ്ങൾ ഒക്കെ എത്ര രസകരമായിരുന്നു. കാലം കടന്നു പോയി. നാലാം തരം കഴിഞ്ഞു ഞങ്ങളൊക്കെ പല വഴിക്ക് പിരിഞ്ഞു പോയി.. ഏഴാം തരത്തിൽ പഠിക്കുമ്പോൾ മറ്റുള്ളവരുടെ ലൈൻ കണ്ടു പിടിക്കലായിരുന്നു എന്റെ പ്രധാന ഹോബി.. ഒരു ദിവസം തസ്നിയുടെ ലൈൻ കണ്ടു പിടിച്ച സന്തോഷത്തിൽ അത് ഞാനങ്ങു ബി ബി സിയാക്കി… ആ കലിപ്പ് തീർക്കാൻ ആ കുരുത്തം കെട്ടവൾ പഴയ കാലത്ത് നിന്നും ആ പേര് പൊക്കി കൊണ്ടു വന്നു അവളെ പിടിച്ചു എന്റെ കാമുകിയാക്കി. പാവം ഞാൻ…. അന്ന് മുതൽ അവളുടെ പേരും പറഞ്ഞു എല്ലാവരും എന്നെ കളിയാക്കി.. എല്ലാവരും കൂടെ പറഞ്ഞു പറഞ്ഞു ഞാനും അതങ്ങ് ഉറപ്പിച്ചു. അവൾ തന്നെ എന്റെ കാമുകി… ഒരു പാട് സ്വപ്നം കണ്ടു…. കാലം കടന്നു പോയി ഞാൻ കോളേജു വിദ്യാർത്ഥിയായി…… ആദ്യത്തെ ആഴ്ച… വൈകിട്ട് ഞാൻ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ അതാ നില്ക്കുന്നു കൂട്ടുകാരൻ റാഷിദ്.. അവൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു അളിയാ നീ ടെൻഷൻ ആവരുത്….ഒരു കാര്യം ഉണ്ട്.. അവന്റെ മുഖം കണ്ടു ഒരു പന്തികേട് തോന്നി ഞാൻ ചോദിച്ചു എന്താടാ.. എന്ത് പറ്റി… എന്തായാലും എന്നോട് പറ… മടിച്ചു മടിച്ചു അവൻ പറഞ്ഞു. അളിയാ ഇന്ന് അന്റെ കുട്ടിയുടെ നിക്കാഹായിരുന്നു… അത് കേട്ട് ഞാൻ ആകെ തകർന്നു പോയി. പിന്നീട് നിരാശയുടെ ദിനങ്ങൾ.. ഒറ്റക്കിരുന്നു സങ്കടപ്പെടൽ, ചെറുതായി വന്നു തുടങ്ങിയ താടി വളർത്തൽ. തുടങ്ങിയ കലാ പപരിപാടികൾ അരങ്ങേറി. അങ്ങനെ സംഭവ ബഹുലമായ എന്റെ വണ്‍ വേ പ്രണയത്തിനു പരിസമാപ്തി. ഇപ്പൊ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. അവളെ ഓർത്തല്ല.. അവളെയും മനസ്സിലിട്ടു മറ്റൊരു പെണ്ണിനേയും ലൈൻ അടിക്കാതെ ഞാൻ പാഴാക്കി കളഞ്ഞ സമയത്തെ കുറിച്ചോർത്ത്. ആത്മാർഥത ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം… …….ശുഭം……
വെളുമ്പിയം പാടം എം കെ എം എം എൽ പി സ്‌കൂൾ … എന്റെ ആത്മവിദ്യാലയം…ഹെഡ് മാസ്റ്റർ ആർ കെ അഹമ്മദ് കബീർ സാർ… അദ്ദേഹമാണ് എന്നെ ക്ലാസ്സിൽ കൊണ്ടിരുത്തിയത്.. വെല്ലിപ്പാന്റെ കൂട്ടുകാരൻ ആയതു കൊണ്ട് എന്നോടൊരു വാത്സല്യം കാണാമായിരുന്നു…. ക്ലാസിൽ ശോഭ ടീച്ചർ… ടീച്ചർ എന്നെ യാഷി എന്നാണു വിളിക്കാറ്… എന്റെ പേര് ടീച്ചർക്ക് വഴങ്ങൂല… ഹാരിസ് , ഷിഹാബ്,ഷെമീർ, മുഹമ്മദ് ഷംസീർ, നിൽഷാദ്, കലേഷ്, സുരേഷ്, ദേവൻ, സുധീഷ്, സുഹാസ്, നിസാമുദീൻ എന്ന കുഞ്ഞാണി, ഫർസാന, തസ്‌നി, റാഷിദ, റംസിയ, അങ്ങനെ അങ്ങനെ കുറെ കുറെ കൂട്ടുകാർ… ഗോവിന്ദ വിലാസിൽ എന്നോട് കൂട്ടില്ലാത്ത പെൺകുട്ടികളെ ഓർത്ത് ഞാൻ ഒരു ലോഡ് പുച്ഛം വാരി വിതറി…. താത്തയാണ് എന്നെ സ്‌കൂളിൽ കൊണ്ട് വരുന്നതും കൊണ്ടാക്കുന്നതും, ഞാൻ ഒരു പാവവും , ആരെയും ഉപദ്രവിക്കാത്തവനും കടിഞ്ഞൂൽ പൊട്ടു മാണ് എന്ന ഒരു ഇമേജ് ആദ്യം തന്നെ താത്ത ഉണ്ടാക്കിയെടുത്തതിനാൽ ടീച്ചർമാരുടെ മുൻപിൽ അത് നിലനിർത്തേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായി… ആ കാര്യത്തിൽ എനിക്ക് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.. പക്ഷെ കാര്യമുണ്ടായില്ല.. ആദ്യത്തെ പേരക്കിടാവിനോടുള്ള അമിതമായ സ്നേഹവാത്സല്യങ്ങളിൽ നിന്നുണ്ടായ പോസെസീവ്നെസ്സ് ആയിരുന്നു അത് .. അതിനെ പ്രതിരോധിക്കാൻ ഇന്നും ഞാൻ അശക്തനാണ്… തറവാട്ടിൽ മറ്റാർക്കും ഇല്ലാത്ത ഒരു രാജകുമാരന്റെ പദവിയോടെ ഞാൻ വിലസി നടന്ന കാലം…. അമ്മായിമാരുടെയും ആപ്പാപ്പാന്റെയും വെല്ലിപ്പാന്റെയും താത്താന്റെയും കണ്ണിലുണ്ണിയായി അങ്ങനെ പാറി പറന്നു നടന്നു……
താത്തയാണ് ഉച്ചക്ക് ചോറ് കൊണ്ട് വന്നിരുന്നത്…. എന്റെ ഭക്ഷണം കഴിക്കൽ ഒരു കളറ് പരിപാടി ആയിരുന്നു… താത്ത കൊണ്ടുവരുന്നത് മുഴുവൻ കഴിക്കണം… പലപ്പോഴും ഞാൻ വഴങ്ങാത്തതു കൊണ്ട് താത്ത എന്റെ പിറകെ കൂടി ഓരോന്ന് പറഞ്ഞു കഴിപ്പിക്കും… ഇത് കുറെ നാളായപ്പോൾ ഓരോ കുരുത്തം കെട്ടവൻമാർ കളിയാക്കാൻ തുടങ്ങി…. അതുകാരണം ഞാൻ വാശിപിടിച്ചു സ്‌കൂളിലെ ഉച്ചക്കഞ്ഞിയിലേക്കു മാറി…. പക്ഷെ അപ്പോഴേക്കും ഞാൻ രണ്ടാം തരത്തിൽ എത്തിയിരുന്നു….. സ്‌കൂള് വിടുമ്പോൾ എന്നെ കൊണ്ടുവരാൻ വരുന്നതും തത്തയായിരുന്നു … എന്നെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ എന്നറിയാൻ എന്റെ അയൽവാസികളായ ചില മുതിർന്ന കുട്ടികളെ ചുമതലപ്പെടുത്തിയിരുന്നു… താത്ത എപ്പോഴും എന്റെ കൂടെ ഒരു നിഴല് പോലെ കാണും…. അന്നൊക്കെ എന്നെക്കുറിച്ചു ആരോടെങ്കിലും ചോദിച്ചിട്ടു മനസ്സിലായില്ലെങ്കിൽ .. ആ വെല്ലിമ്മ എപ്പോഴും തെരഞ്ഞു വരുന്ന കുട്ടി എന്ന് പറഞ്ഞാൽ പെട്ടെന്ന് ആൾക്കാർക്ക് പിടി കിട്ടും.. ഞാനും താത്തയും കൂടിയുള്ള കോമ്പിനേഷൻ ആ കാലത്ത് വെളിമ്പിയംപാടം, കുനിപാല, പോത്തുകല്ല് പ്രദേശങ്ങളിൽ അത്രയ്ക്ക് .. പ്രസിദ്ധമായിരുന്നു…
ഒഴിവു സമയങ്ങൾ ആനന്ദമാക്കി ഞങ്ങൾ ആഘോഷിച്ചു…. കള്ളനും പോലീസും കളിയിൽ സ്ഥിരമായി പോലീസ് ആവേണ്ടി വന്നു … പോലീസിനെ ഓടിക്കുന്ന കള്ളനാവാൻ എല്ലാവരും ആഗ്രഹിച്ചു…. കുറുന്തോട്ടി പറിച്ചു മാനത്തുമ്പികളെ അടിച്ചു വീഴ്ത്തി … പുൽച്ചാടിയെ പിടിച്ചു ചോറ്റു പാത്രത്തിൽ അടച്ചു വെച്ചു… മുനവ്വിർന്റെ തറവാട്ടിലെ കിണറ്റിൽ ചേറാനുണ്ട് പുൽച്ചാടിയെ അത് വന്നു വെട്ടുന്നത് കൗതുകത്തോടെ നോക്കി നിന്നു…. ചക്കര വള്ളികൊണ്ട് വൃത്തമുണ്ടാക്കി അതിനുള്ളിൽ കേറി നിന്ന് ബസ് ഓടിച്ചു കളിച്ചു… ഓലപ്പന്തു കൊണ്ട് ഏറു പന്ത് കളിച്ചു…. സ്‌കൂൾ മുറ്റത്തെ ചീനി മരത്തിൽ നിന്നും വീഴുന്ന ചീനിക്ക പെറുക്കി തിന്നു … അത് തിന്നുന്നത് ജോയി സാർ കണ്ടാൽ കുഴപ്പമാണ് .. സാറിന്റെ ചൂരൽക്കഷായം പ്രസിദ്ധമായിരുന്നു… സാർ ഞങ്ങൾക്കിടയിൽ ഒരു പേടി സ്വപ്നമായി നില നിന്നു…. മഞ്ഞപ്പൂക്കൾ ഉണ്ടാവുന്ന പേരറിയാത്ത മറ്റൊരു മരവും ഉണ്ട്…. ചീനി മരത്തണലിൽ കൂട്ടുകൂടിയിരിക്കുമ്പോൾ അതുവഴി കടന്നു പോവുന്ന ഒരു കറുപ്പും ചുവപ്പും കലർന്ന ഒരു ജീവിയുണ്ട് … അതിന്റെ വഴി മുടക്കരുത് എന്നും, അത് ദൈവത്തിന് എണ്ണ എത്തിച്ചു കൊടുക്കുന്ന അനുയായി ആണെന്നും വിജേഷ് പറഞ്ഞു തന്ന അറിവിനെ കലേഷും സുധീഷും പിന്താങ്ങിയത് മുതൽ അതിനെ എവിടെ കണ്ടാലും ഈർക്കിൽ കൊണ്ട് മണ്ണും കരിയിലയും മാറ്റി അതിനു വഴി തെളിച്ചു കൊടുക്കുന്ന കർത്തവ്യം ഞങ്ങൾ ഏറ്റെടുത്തു… ഞങ്ങൾ “ബി” ക്ലാസ്സുകാരായിരുന്നു, “എ” ക്ലാസ്സുകാരോട് ശത്രുത പ്രഖ്യാപിക്കുകയും അവരോടു എപ്പോഴും മത്സര ബുദ്ധി കാണിക്കുകയും ചെയ്തു…… മുനവ്വിറും ഞാനും ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നത് കൊണ്ടും.. എല്ലാ കാര്യത്തിനും ഒരുമിച്ചായിരുന്നത് കൊണ്ടും ഈ മത്സരം ഞങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാക്കി… അവൻ “എ” ക്ലാസ്സിൽ ആയിരുന്നു .. ഞങ്ങളുടെ കഥ മുൻപൊരിക്കൽ പറഞ്ഞിരുന്നല്ലോ… “എ” ക്ലാസ്സിൽ ശോഭ ടീച്ചറും, ഞങ്ങൾക്ക് ജാൻസി ടീച്ചറും ക്ലാസ് ടീച്ചർമാരായിരുന്നു….
ജോസെഫ് സാറിനു മോട്ടോർ സൈക്കിൾ (ബൈക്ക്) ഉണ്ടായിരുന്നു .. സാറിന്റെ പെങ്ങളായ ശോഭ ടീച്ചറും സാറും അതിൽ വരുന്നതും പോവുന്നതും എന്നും കൗതുകത്തോടെ ഞങ്ങൾ നോക്കി നിന്നു…. അന്ന് പാടിക്കൊണ്ട് നടന്ന കുറെ കുട്ടിപ്പാട്ടുകൾ ഉണ്ട് അവയിൽ ഒന്ന് ഇങ്ങനെ :
ഇപ്പൊ ചെയ്യുന്ന കാര്യങ്ങൾ പലതും ഫലമുണ്ടാവുമെന്ന വിശ്വാസത്തിൽ ചെയ്യുന്നതാണ് … ഉടയതമ്പുരാനോട് ഒരു അപേക്ഷയേ ഒള്ളൂ … കൈ വിടരുത് എന്നെ … ഇത്രയേറെ മാനസിക സംഘർഷങ്ങൾ നിറഞ്ഞ ഒരവസരം ജീവിത്തിലാദ്യമല്ലാത്തതു കൊണ്ട് തളർന്നു വീഴാനുള്ള സാധ്യത കുറവാണ് … എന്നാലും ഓരോ വ്യഥകളിൽ നിന്നും കാരകേറാനുള്ള ശ്രമം മനുഷ്യജീവി എന്ന നിലയിൽ സ്വാഭാവികമാണല്ലോ … എന്റെ പാതി ഞാൻ നിർവ്വഹിക്കുകയാണ് … ആത്മാർത്ഥതയ്ക്ക് വിജയം സുനിശ്ചിതമാണ് എന്ന ലോക സത്യത്തെ നെഞ്ചിലേറ്റി ഞാനെന്റെ ദൗത്യം തുടങ്ങുകയാണ് .. ഈ വഴിയിൽ വിജയത്തിന്റെ പുഞ്ചിരിയോടടുക്കാൻ എനിയ്ക്കാവണേ എന്ന പ്രാർത്ഥനയോടെ … എന്നെ സ്നേഹിയ്ക്കുന്നവരുടെ ആശിർവാദങ്ങളോടെ ഞാൻ മുന്നോട്ട് നടക്കട്ടെ
ഈശ്വരൻ കൈതൊട്ട് അനുഗ്രഹിച്ച ധന്യമാം ഒരു മുഹൂർത്തത്തിൽ അവൾ എന്റെ അടുത്തെത്തുന്നത് ഞാൻ കിനാവ് കാണുന്നു….. പിന്നീടുള്ള ദിനങ്ങളെല്ലാം ഏറെ സുന്ദരമായിരിക്കും….ഹ്രസ്വമായ എന്റെയീ ജീവിതത്തിലെ വെളിച്ചവും എന്റെ എല്ലാ സന്തോഷങ്ങളുടെയും പാത്രവുമായി അവൾ അങ്ങനെ നിറഞ്ഞു നിൽക്കും…. എന്നിലെ വസന്തവും ഗ്രീഷ്മവും ശിശിരവും പൂക്കാലവുമെല്ലാം തീർക്കുന്നത് അവളായിരിക്കും…… എന്റെ കൊച്ചു ഭവനത്തിന്റെ ശ്രീത്വവും ഐശ്വര്യവും പ്രകാശവും പുണ്യവുമെല്ലാം അവളായിരിക്കും….അവിടെ ഒരു രാജകുമാരിയായി അവൾ വാഴും….. ഒരു പൂമ്പാറ്റയായി അവിടെയെല്ലാം പാറി നടക്കും.. അവളുടെ സുഖ സന്തോഷങ്ങളിൽ എന്റെ ജീവിതം സഫലമാവുന്നു…..ജീവിതയാത്രയുടെ ഓരോ ചുവടുവെപ്പിലും അവൾക്ക് താങ്ങായി കൂട്ടിനു ഞാനുണ്ടാവണം… ഒരിക്കൽ അവളെ അർഹമായ ഉയരങ്ങളിൽ എത്തിച്ചു എനിക്ക് ആത്മനിർവൃതിയോടെ കണ്ണടക്കാം…. ഒരു പക്ഷെ ഇതൊക്കെ എന്റെ സ്വാർത്ഥതയാവാം…. എന്നാലും സാരമില്ല….. “അവൾ എന്റെ മകൾ… എന്റെ രാജകുമാരി……”………………….
നിർദ്ദയം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധഃകൃത കീഴാള വർഗ്ഗത്തിന് കാവലൊരുക്കാൻ നിയമത്തിനോ നിയമപാലകർക്കോ നീതിപീഠത്തിനോ സാധിക്കാത്ത അവസ്ഥയാണ് … അല്ലെങ്കിൽ അടിയാളന്റെ സങ്കടങ്ങൾ കാണാനോ കേൾക്കാനോ ഇവർക്കൊന്നും നേരമില്ല എന്നതാണ് വാസ്തവം .. രാജ്യത്തിന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ പരസ്യമായ ധ്വംസനത്തിനു കുടപിടിക്കുന്നത് ഇവിടുത്തെ ഭരണകൂടം തന്നെയാണ് എന്നത് ഏറെ ഭീകരമായൊരു യാഥാർഥ്യം …. കടിച്ചു കീറപ്പെട്ട പെണ്ണുടലുകൾക്ക് നേരെ പരിഹാസച്ചിരി മുഴക്കുന്ന നിയമപാലകരാണിവിടെ …. പിച്ചിച്ചീന്തിയ മാനത്തിന് നീതിതേടി ചെല്ലുമ്പോൾ നിയമത്തിന്റെ സംരക്ഷകർക്ക് കൂടി കിടന്നു കൊടുക്കേണ്ട ഗതികേടിലാണ് ഇന്നിന്റെ സ്ത്രീത്വം …. പട്ടിയുടെയും പന്നിയുടെയും മരണത്തിൽ കണ്ണീരൊഴുക്കുകയും അവ ആക്രമിക്കപ്പെടുമ്പോൾ ഘോര ശബ്ദത്തിൽ വാചാലരായി രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്ന പോരാളികളൊന്നും ഈ പാവങ്ങളെ കാണാറ് പോലുമില്ല … പിഞ്ചുകുഞ്ഞു മുതൽ പടുകിഴവി വരെ തുടകൾക്ക് ഇടയിലൊരു ദ്വാരം അധികമായ് ഉണ്ടായിപ്പോയതിന്റെ പേരിൽ കടിച്ചു കുടയപ്പെടുമ്പോൾ അതിനു നേരെ മൗനം പാലിക്കുന്ന കപട മഹിളാ പ്രതിനിധികളടക്കം വലിയൊരു ചെന്നായ്ക്കൂട്ടത്തിനിടയിലാണ് ഇന്ന് ഭാരത സ്ത്രീത്വം അകപ്പെട്ടിരിക്കുന്നത് കന്നുകാലിയോട് കാണിക്കുന്ന ദയപോലും ഇവരോട് ആരും കാണിക്കുന്നില്ല ….
ഇന്നും അയിത്തവും ഉച്ചനീചത്വവും വിഹരിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മേലാളന്റെ കിരാത പീഡനങ്ങൾക്കും കൊലക്കത്തിക്കും ഇരയാകുന്ന സാധുക്കളായ കീഴാള സമൂഹത്തിന് അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനോ സംരക്ഷണം നൽകാനോ ഇവിടുത്തെ നിയമങ്ങൾക്ക് കെല്പില്ല … ഫ്യൂഡൽ മാടമ്പിമാരുടെ ചെരിപ്പ് നക്കികളായ നിയമപാലകരും , മടിശീല വീർപ്പിച്ച നോട്ടുകെട്ടുകൾക്ക് മുന്നില് ഇവർക്ക് വിടുപണി ചെയ്യുന്ന ഭരണകൂടവും , എല്ലാത്തിനും ഒത്താശ ചെയ്യുന്നൊരു നീതിപീഠവും … അധഃപതനത്തിന്റെ അന്ത്യത്തിലെത്തി നില്ക്കുന്ന ഈ മണ്ണിന് മോചനം നല്കാനായി നീതിയുടെ ഏത് അവതാരമാണ് ഇനി പിറക്കാനിരിക്കുന്നത് ? അവതാരമെടുക്കുന്ന നീതിയുടെ ഭടന് ഈ ക്ഷുദ്രശക്തികളുമായി പോരടിച്ചു ധർമ്മത്തിന്റെയും നീതിയുടെയും അടിത്തറ ഭദ്രമാക്കാൻ സാധിക്കുമോ …? കുടിലതയുടെ വിഷസർപ്പങ്ങളെ ഈ മണ്ണിൽ നിന്ന് തുരത്തിയോടിക്കാനാവുമോ …. സാധ്യമോ ഇനിയീ മണ്ണിനൊരു മോചനം ..?
കിനാവ് കാണാൻ മാത്രം അവൻ മിടുക്കനായിരുന്നു … അവന്റെ സങ്കൽപ്പ ലോകത്തിലൂടെ മിന്നിമറഞ്ഞ ദൃശ്യങ്ങളെ ആധാരമാക്കി അവനെടുത്ത തീരുമാനങ്ങളിൽ ഒന്നുപോലും നടപ്പിലാക്കാൻ അവന് സാധിച്ചിട്ടില്ല .. എന്നും മനസ്സിലൊരായിരം കിനാവുകൾ കാണും .. ഓരോ ലക്ഷ്യങ്ങൾ അവനിൽ ഉരുത്തിരിയും .. ലക്ഷ്യത്തിലേക്കുള്ള സഞ്ചാരപാത അവൻ തന്നെ കണ്ടെത്തും .. പലതിനെയും പിറകിലുപേക്ഷിച്ച് അൽപ്പം ദുർഘടമായ ആ പാതയിലൂടെ തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാരംഭിക്കാൻ അവൻ തീരുമാനിക്കും തയ്യാറെടുക്കും .. എന്നിട്ടോ ..? ഒരു രാവ് പുലരിയ്ക്ക് വഴിമാറുമ്പോഴേക്കും അവൻ ആ യാത്രയെപ്പറ്റി മറന്നുപോയിരിയ്ക്കും .. അല്ലെങ്കിൽ കൂടെപ്പിറപ്പായ മടി അവനെ പിന്തിരിപ്പിച്ചു കാണും … തന്റെ ലക്ഷ്യത്തെ പാടെ അവഗണിച്ച് അലസതയുടെ മടിത്തട്ടിലേക്ക് അവൻ തല ചായ്ച്ചിട്ടുണ്ടാവും … സമയം വീണ്ടുമൊരാവർത്തി കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ അതേ കിനാവ് തന്നെ വീണ്ടും കാണാൻ തുടങ്ങിയിരിയ്ക്കും .. അതേ തീരുമാനങ്ങൾ തന്നെ വീണ്ടും എടുത്തിരിയ്ക്കും … അവൻ മാറില്ല .. മാറാനൊരുക്കമല്ല … കാലചക്രത്തിന്റെ നിശ്ചലമാവുന്ന ഏതെങ്കിലും യാമത്തിൽ അവനിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന് അവനെ ഇഷ്ടപ്പെടുന്നവർ പ്രത്യാശിക്കുന്നു …
കാലത്ത് 7 മണി : ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു,, ഞാൻ പ്രൊഫൈൽ നോക്കി. നല്ല മൊഞ്ചുള്ള ഒരു പെണ്‍കുട്ടി, സ്ഥലം മനില, ഫിലിപിൻസ്, ഞാൻ ഓർത്തു ഇവൾക്ക് എന്ത് പറ്റിയോ എന്തോ എനിക്ക് റിക്വസ്റ്റ് അയക്കാൻ..ആ… ഏതായാലും വന്നതല്ലേ ഞാൻ ഒരു അക്സെപ്റ്റ് അങ്ങ് കൊടുത്തു.. അവളും ഹാപ്പിയായി.. തുടങ്ങി ഇൻബോക്സിൽ നന്ദി പറച്ചിൽ… How are you, can we be friends,? ആയിക്കോട്ടെ ,,, You have Skype? ഇല്ലല്ലോ…. Oh I’m so horny dear ഈ സാദനതിന്റെ അർഥം നമ്മക്ക് പുടി കിട്ടീല, നേരെ ഗൂഗിളിൽ ചെന്നങ്ങു തപ്പി,,,, അങ്ങനെ ഞാൻ ഒരു പുതിയ വാക്കും പഠിച്ചു അവള്ക്കിട്ടൊരു ബ്ലോക്കും കൊടുത്തു,,, ഇങ്ങനേം കുറെ പേര് എന്താലെ ചെയ്യാ…….
കാലങ്ങളായി നമ്മുടെ കടകമ്പോളങ്ങളെ അടക്കി വാഴുന്ന ചൈന….ഏതൊരു സാധനവും ലോക കമ്പോളത്തിലേക്ക് രംഗപ്രവേശം ചെയ്ത് കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കുവാനും അത് കമ്പോളത്തിൽ ഒറിജിനലിനോട് തന്നെ കിടപിടിക്കുന്ന തരത്തിൽ മികവുറ്റതാക്കാനും, നിഷ്പ്രയാസം അതിനെ വിറ്റഴിക്കുവാനും അസാമാന്യമായൊരു പാടവം ചൈന എന്നും പ്രകടിപ്പിച്ചിരുന്നു…കച്ചവട ബുദ്ധിയിലും അതീവമായ കരകൗശല സാങ്കേതിക വിദ്യയിലും പ്രാവീണ്യമുള്ള ചൈന…ഓരോ അന്താരാഷ്ട്ര ഉല്പന്നങ്ങളുടെയും വ്യാജ പതിപ്പുമായി അരങ്ങുവാഴുന്ന ചൈനയുടെ കരങ്ങൾ ഒട്ടേറെ ഡ്യൂപ്ലിക്കേറ്റുൾ ആദായവിലയ്ക്ക് നമുക്ക് സമ്മാനിച്ചു… അങ്ങനെയിരിക്കെ ചൈനയ്ക്ക് ബോറടിച്ചു തുടങ്ങി… എന്നുമീ വ്യാജനെ മാത്രം പടച്ചുവിട്ടാൽ മതിയോ… ? ചൈന സ്വയം ആലോചിച്ചു നോക്കി… നീണ്ട ആലോചനകൾക്ക് ശേഷം ചൈന തീരുമാനിച്ചുറപ്പിച്ചു, ഇനിയൊരു ഒറിജിനലിനെ പടച്ചിട്ടു തന്നെ കാര്യം…. അങ്ങനെ രാപ്പകൽ വിശ്രമമില്ലാതെയുള്ള അദ്ധ്വാനത്തിനൊടുവിൽ വിജയകരമായി ചൈന ആ ദൗത്യം പൂർത്തീകരിച്ചു… ലോകത്തിന് താൻ സമ്മാനിക്കാൻ പോവുന്ന ആ പുതിയ ഉൽപ്പന്നത്തിന് ചൈന സുന്ദരമായൊരു പേര് നൽകി ….
കരിഞ്ഞു വീണ എന്റെ സ്വപ്‌നങ്ങൾ തുന്നിച്ചേർത്ത് ഞാനിന്നൊരു കുരുക്ക് പണിയുകയാണ്…… എന്റെ കണ്ഠനാളത്തിലെ നീലഞരമ്പ് വലിച്ചുമുറുക്കാൻ ശക്തിയുള്ളൊരു കുരുക്ക്…. തിരസ്കാരത്തിന്റെ പുളിരസം കൊണ്ട് അവസാനമായി തൊണ്ടനനച്ച് ഞാനീ കുരുക്കെന്നിൽ മുറുക്കുകയാണ്.. നാളത്തെ പുലരിയിൽ കിളിനാദമുയരും- മുൻപ് എന്നിലെ ജീവന്റെ തുടിപ്പുകൾ അവസാനിച്ചിരിക്കും എന്റെ ദേഹം നിശ്ചലമായിരിക്കും യാത്രയാവുന്നു ഞാൻ സഖീ.. അരുതൊരിക്കലും ദുഃഖിക്കരുത് നീ ഞാൻ നിന്റെ മനസ്സിലെത്തുന്ന ഓരോനിമിഷവും ഓർക്കുക നീ അങ്ങ് ഏഴാനാകാശത്തിനപ്പുറത്ത് നരകത്തിന്റെ പടിവാതിലിൽ ശപിക്കപ്പെട്ട മോഹങ്ങൾ കൊണ്ടൊരു മണിയറ തീർത്ത് ഞാൻ നിനക്കായ് കാത്തിരിക്കും… ഒരുനാൾ നീ വന്നുചേരും വരെ ഈ മെത്തയിൽ പാകിയ മുല്ലമൊട്ടുകൾ വാടാതെ ഞാൻ സൂക്ഷിക്കും ….. ഓർക്കണമെപ്പോഴും നരകത്തിന്റെ പടിവാതിലിൽ നിനക്കായ് മണിയറ തീർത്തൊരാൾ കാത്തിരിപ്പുണ്ടെന്ന്
നിലാവിന്റെ ചിറകിലേറി ദൂരെ ദുരേക്ക് ഒരു യാത്ര പോവണം ശാന്തമായി ഒഴുകിയൊഴുകി ആരും അറിയാതെയങ്ങനെ… പ്രഭാതത്തിന്റെ പൊന്കിരണങ്ങൾ ഭൂമിയെ തഴുകുമ്പോൾ ഞാൻ അവിടെയായിരിക്കും.. പൂക്കളും.. കിളികളും.. പൂമ്പാറ്റയും.. മരങ്ങളും… തേനരുവിയും.. മലകളും…. ഉള്ള ആ താഴ്‌വരയിൽ … അവിടെ എനിക്കൊരു കൊച്ചു കൂട് കൂട്ടണം… അവിടെ ആരും കടന്നു വരില്ല…. അവിടെ നിന്നുകൊണ്ട് എനിക്കെന്റെ ഏകാന്തതയെ പ്രണയിക്കണം…. തനിച്ചിരുന്നു ഓർമ്മകളെ പുല്കണം…. ഒറ്റപ്പെടലിന്റെ ആ സുഖമൊന്നു അനുഭവിച്ചറിയാൻ………. ആസ്വദിക്കാൻ….ഒരു മോഹം…….
ആ മുറിയിലെങ്ങും ചുവന്ന വെളിച്ചം പരന്നിരുന്നു ..ഇടുങ്ങിയ ചുവരുകൾക്കുനടുവിലെ പഴയ കട്ടിലിൽ അവൾ തളർന്നിരുന്നു.. സമയം അർധരാത്രിയോടടുക്കുന്നു…ഒരു നിശാശലഭം പതിയെ പാറിവന്ന് അവളുടെ നെറ്റിയിൽ ചുംബിച്ച് ഞൊടിയിടയിൽ പറന്നുയർന്ന് ജാലകക്കമ്പിയിൽ ഇരിപ്പുറപ്പിച്ചു…
പുലരിയുടെ കിരണങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ടെന്ന സന്ദേശവും പേറിക്കൊണ്ടൊരു പൂങ്കോഴി ഉറക്കെ കൂവി…പൂങ്കോഴിപ്പാട്ടിനെ അവഗണിച്ച് തലയണയെ ഗാഡമായൊന്നു ചുംബിച്ച്, നിദ്രേ നിന്നെ വിട്ടുപിരിയാനാവാത്തവിധം ഞാൻ പ്രണയിക്കുന്നു എന്ന അവളുടെ പ്രഖ്യാപനം അന്നുമുണ്ടായി..വെയിൽനാളങ്ങൾ ജാലകങ്ങളെ കീറിമുറിച്ച് അവളുടെ കപോലങ്ങളെ തഴുകവേ മീനൂട്ടീ എന്ന അമ്മയുടെ വിളി അവളുടെ കർണ്ണങ്ങളിൽ മാറ്റൊലി കൊള്ളുമ്പോൾ മനസ്സില്ലാമനസ്സോടെ തലയിണയെ വിട്ടുപിരിഞ്ഞെഴുന്നേറ്റവൾ കണ്ണുതുറന്നു…ഇടത്തേ ചുവരിൽ തന്നെനോക്കി കള്ളച്ചിരി ചിരിക്കുന്ന ഉണ്ണിക്കണ്ണനോട് കൊഞ്ഞനം കുത്തിക്കൊണ്ട് കുളിമുറിയിലേക്ക് നടന്നു..കുളി കഴിഞ്ഞെത്തി കണ്ണനോട് ഇച്ചിരി നേരം കിന്നാരം… മീനൂട്ടീ…വീണ്ടും അമ്മയുടെ വിളി.. അടുക്കളയിൽ ആരോടൊക്കെയോ പരിഭവം പറയുന്ന അമ്മയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു….’അമ്മ വിളമ്പിക്കൊടുത്ത ദോശയും ചമ്മന്തിയും സ്വാദോടെ കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ വരവ്.. ആഹാ…മീനൂട്ടി ഇത്രനേരത്തെ എണീറ്റോ..? അച്ഛന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് അമ്മയാണ്,,, ഉവ്വ് ആസനത്തിൽ വെയില് തട്ടുന്നത് വരെ കിടന്നുറങ്ങിയിട്ട് നേരത്തേയെന്നോ….കാലത്തെണീറ്റ് അടുക്കളയിൽ കേറി വല്ലതും വെച്ചുണ്ടാക്കാൻ പഠിച്ചൂടെ പെണ്ണിന്..? കെട്ടിക്കാനായി..അന്യവീട്ടിലേക്ക് കേറിചെല്ലാൻ ഉള്ളതാണെന്ന് ഒരു വിചാരവും ഇല്ല പെണ്ണിന്.. അതിനെങ്ങനാ,,പുന്നാരിച്ച് വഷളാക്കി വെച്ചിരിക്കുവല്ലേ… എടീ എന്റെ മോള് രാജകുമാരിയാ..അവളെ അങ്ങനെ അടുക്കളപ്പണിക്കൊന്നും അവളെ കിട്ടില്ല..എന്റെ മോള് പഠിച്ച് പഠിച്ച് വല്യ ആളാവും..അവൾക്കുവേണ്ടി വല്യ വല്യ ആൾക്കാര് ഇവിടെ ക്യൂ നിൽക്കും നീ കണ്ടോ..
അച്ഛനും കൊള്ളാം, മോളും കൊള്ളാം..
മോളേ, നിന്റെ അമ്മക്ക് വട്ടാ..എന്റെ ചക്കര പെട്ടെന്ന് റെഡിയായി കോളേജിൽ പോവാൻ നോക്ക്…
കോളേജ് വിട്ടു മടങ്ങിയെത്തുമ്പോൾ മുറ്റത്തൊരാൾക്കൂട്ടം….കഥയറിയാതെ കടന്നുചെല്ലുമ്പോൾ ഉമ്മറത്ത് വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്ന അച്ഛൻ..അരികത്ത് പൊട്ടിക്കരയുന്ന അമ്മ.. കത്തിയെരിയുന്ന സാമ്പ്രാണിത്തിരി
ഞെട്ടിപ്പിടഞ്ഞെണീറ്റ് ചുണ്ടിൽ ചായം തേക്കുമ്പോൾ ജാലകക്കമ്പിയിൽ നിന്ന് ആ ശലഭം ഉയർന്ന് ദൂരെയെങ്ങോട്ടോ പറന്നു പോയി….
മാമന്റെ കൂടെ ടൗണിലേക്ക് യാത്രപുറപ്പെടുമ്പോൾ പുതിയ പ്രതീക്ഷകളായിരുന്നു..മാമന്റെ ഏതോ പരിചയക്കാരൻ വഴി ഒരു ജോലി തരപ്പെടുത്തിയിട്ടുണ്ടത്രേ..ചെന്ന് നിന്നത് വലിയൊരു ബംഗ്ളാവിന്റെ മുറ്റത്ത്..ഒരു തടിച്ച സ്ത്രീയാണ് അവരെ എതിരേറ്റത്..ചിരിച്ചുകൊണ്ട് ആഗത ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു..അകത്തെ സോഫയിൽ അവളെയിരുത്തി മാമ്മനുമായി അവർ അകത്തേക്ക് പോയി..ഒരു വയസ്സൻ കാരണവർ ജ്യൂസുമായി വന്നു,,അതുകുടിക്കുമ്പോൾ പാതിതുറന്ന വാതിലിനപ്പുറത്ത് മാമൻ നോട്ടുകളെണ്ണുന്നത് കാണാമായിരുന്നു..കാഴ്ച മുഴുവനാവും മുൻപേ അവളുടെ കണ്ണുകളടഞ്ഞിരുന്നു…കണ്ണുതുറക്കുമ്പോൾ തീർത്തും അപരിചിതമായ ഈ ലോകത്ത് ഈ കട്ടിലിൽ കിടക്കുന്നു..അടിവയറ്റിനുതാഴെ വല്ലാതെ നോവുന്നുണ്ടായിരുന്നു….
“എടീ..എന്റെ മോള് രാജകുമാരിയാ..അവളെ അടുക്കളപണിക്കൊന്നും വിടില്ല..അവൾക്കുവേണ്ടി വല്യ വല്യ ആൾക്കാര് ഇവിടെ ക്യൂ നിൽക്കും, നീ കണ്ടോ…”
ഒരുണർത്തുപാട്ടിന്റെ രാഗം പോലെ മഴത്തുള്ളിക്കിലുക്കം കാതിൽ സംഗീതം പൊഴിക്കുന്നു.. ഇളം കാറ്റിൽ നീലപ്പൂക്കളുടെ മാദക ഗന്ധം…. “വരൂ എന്റെ പ്രിയപ്പെട്ടവളേ”….. ഈ തേൻതുള്ളികളിൽ നമുക്ക് നനഞ്ഞുകുതിരാം… ഉയിരിന്റെ ചാറ് പിഴിഞ്ഞെടുത്ത വീഞ്ഞിൽ പ്രണയത്തിന്റെ ലഹരി നുണയാം…. മെയ്യോടുമെയ്യായ് പരസ്പരം വാരിപുണർന്ന് നമുക്കീ ജലകണങ്ങളിൽ അലിഞ്ഞുചേരാം……… ഈ വരികളൊക്കെയും പിറന്നത് നിനക്ക് വേണ്ടിയായിരുന്നു … എനിയ്ക്ക് സ്നേഹിക്കാനും കെട്ടിപ്പിടിയ്ക്കാനും ഉമ്മവെയ്ക്കാനും വഴക്കിട്ടു പിണങ്ങാനും അങ്ങനെയങ്ങനെ എന്തിനും ഏതിനും ഉടയ തമ്പുരാൻ എന്നോ ഒരുക്കിവെച്ച സമ്മാനമാണ് നീ…. ഹൃദയത്തിന്റെ തുടിപ്പുകൾ നിന്നോടുള്ള പ്രണയത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു …
നീയുമായിട്ടുള്ള ഓരോ വഴക്കുകളും ഞാനേറെ ആസ്വദിയ്ക്കാറുണ്ട് … വിരളമായി വലിയ ഗൗരവമില്ലാത്ത കുഞ്ഞു വഴക്കുകളായിരിയ്ക്കും ഓരോന്നും … അറിഞ്ഞുകൊണ്ട് തന്നെ നാം ഉണ്ടാക്കിയെടുക്കുന്ന കൊച്ചു കൊച്ചു വാദ പ്രതിവാദങ്ങൾ … നമ്മുടെ ജീവിതത്തെ ഏറെ മനോഹരമാക്കിത്തീർക്കുന്നതിൽ ആ നിമിഷങ്ങളും പ്രധാന പങ്കുവഹിയ്ക്കുന്നുണ്ട് … വഴക്കിട്ടൊടുവിൽ പിണക്കത്തിന്റെ വക്കോളമെത്തി പിന്നീടതും പറഞ്ഞു പരസ്പരം കളിയാക്കി പൊട്ടിച്ചിരിയുടെ മുഹൂർത്തങ്ങൾ സൃഷ്ടിക്കാൻ നമുക്ക് സാധിയ്ക്കാറുണ്ട് … അവിടെ വീണ്ടും വീണ്ടും ധൃഢമായിത്തീരുന്നത് നമ്മുടെ പ്രണയമാണ് … ഈശ്വരൻ എന്റെ ഉയിരിനോട് ചേർത്തുവെച്ച പ്രകാശ കിരണമാണ് നീയെന്ന സത്യം … ഉയിരിന്റെ പാതിയായവളേ എന്നിലെ വസന്തവും വർഷവുമെല്ലാം നീ മാത്രമാണ് …. സുന്ദരമായ ഓരോ സൃഷ്ടിയിലും നിന്റെ രൂപവും സാന്നിധ്യവുമാണ് ഞാൻ കാണുന്നത് ….എന്നിലെ എനിയ്ക്ക് പൂർണ്ണത നൽകുന്നത് നീയെന്ന സത്യമാണ് .. നീ ചേരുമ്പോൾ മാത്രമേ ഞാൻ ഞാനാവുന്നുള്ളൂ … അനുരാഗമെന്ന അനുഭൂതി ഇത്രയേറെ സുന്ദരമെന്ന് ഞാൻ അനുഭവിച്ചറിയുന്നത് നിന്നിലൂടെ മാത്രമാണ് … ഞാൻ ഉയിരായ് ആരാധിയ്ക്കുന്ന അക്ഷരങ്ങൾ പോലും അപര്യാപ്തമാണ് നീയെന്ന എന്റെ പ്രാണനെ വർണ്ണിക്കാൻ .. നിന്നിലൂടെ പെയ്തിറങ്ങുന്ന പ്രണയത്തിന്റെ നീർതുള്ളികളോരോന്നും എന്റെ ആത്മാവിനെ നനയ്ക്കുന്നു …
വരൂ പ്രിയേ ..നെൽക്കതിരുകൾ വിളഞ്ഞുനിൽക്കുന്ന ഈ പാടവരമ്പത്തു കൂടി നമുക്ക് കൈകോർത്തു നടക്കാം…തോട്ടിൻ കരയിലെ നടപ്പാലത്തിലിരുന്ന്
തെളിനീരിലേക്ക് കാലുനീട്ടിയിരിക്കാം…മാനത്തുകണ്ണികൾ ഒരു നാണത്തോടെ നമ്മെ നോക്കിച്ചിരിക്കുമ്പോൾ കല്ലാംകാരികൾ കാലിൽ മുത്തമിടും…ഇക്കിളികൊണ്ട് പെട്ടെന്ന് നീ
കാലുവലിച്ചെടുക്കുമ്പോൾ നിന്റെ മുഖത്തെ രക്തച്ചുവപ്പെനിക്ക് കാണണം…കതിരുകൊത്തിപ്പറക്കും കിളിപ്പാട്ടിനീണം കാതിൽ പടരുമ്പോൾ കൊക്കുരുമ്മും തത്തകളെപ്പോൽ ചുണ്ടോടു ചുണ്ടിൽ തേൻ നുകരണം….
എന്നുമെന്നും എന്റെ മാറോട് പറ്റിച്ചേർന്നു എന്നുയിരിനെ പ്രഭാപൂരിതമാക്കാൻ എന്റെ ഹൃദയത്തുടിപ്പായ് നീയുണ്ടാവണം …. നിന്റെ സ്വന്തം ……..❤️❤️❤️
ഓർത്തുവെക്കാൻ ഒരായിരം നല്ല നിമിഷങ്ങൾ ജീവിതം എനിയ്ക്ക് സമ്മാനിച്ചിട്ടുണ്ട് … നഷ്ടങ്ങളിൽ വേദനിയ്ക്കാറുണ്ട് …വിയോഗങ്ങളിൽ കരയാറുണ്ട് … ഒരു മനുഷ്യജീവി എന്ന നിലയിൽ എല്ലാതരം വികാര വിക്ഷോഭങ്ങളും അനുഭവിയ്ക്കാറുണ്ട്….അതെല്ലാം സർവ്വ സാധാരണം മാത്രം … ഒരു പരിധിയ്ക്കപ്പുറം ഒന്നിനോടും ഒരുവിധത്തിലുള്ള സെന്റിമെൻറ്സും സൂക്ഷിയ്ക്കാറില്ല … ചുറ്റുപാടിനോട് പൊരുത്തപ്പെടുകയല്ലാതെ അതോർത്തു കരയാൻ നിന്നാൽ അത് കാണാൻ ആരുമുണ്ടാവില്ലെന്നും അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്നും നന്നേ ചെറുപ്പത്തിൽ അനുഭവങ്ങൾ മനസ്സിലാക്കി തന്നിട്ടുള്ളതുകൊണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണീർ പൊടിയാൻ ഇത്തിരി പാടാണ് …പ്രായോഗികമായിട്ടുള്ളത് എന്താണെന്നും ഇപ്പോൾ ഇനി എങ്ങനെ മുന്നോട്ടു പോവാനാവുമെന്നും മാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ …. ഈ ലോകം മുഴുവനും എന്നെ കുറ്റവാളിയായി കരുതിയാലും എന്റെ കാഴ്ചപ്പാടുകൾ അനുസരിച്ചേ ഞാൻ ജീവിക്കൂ ….. കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും എനിയ്ക്ക് പുത്തരിയല്ല … അസഹനീയമായി തോന്നിയാൽ അതിനി പ്രാണനു സമമാണെങ്കിലും വെട്ടിമാറ്റാൻ ഞാൻ മടിക്കില്ല ….ഞാൻ ഇങ്ങനെയൊക്കെ ആയതിന് എനിയ്ക്ക് എന്റേതായിട്ടുള്ള കാരണങ്ങൾ ഉണ്ട് … അതൊന്നും ആരെയും ബോധ്യപ്പെടുത്താൻ എനിയ്ക്ക് സൗകര്യമില്ല …. ഒരു പരിധിവരെ ക്ഷമ ഞാൻ കൈവിടില്ല …. പക്ഷേ പരിധി വിട്ടാൽ എന്നെ എനിയ്ക്ക് തന്നെ നിയന്ത്രിക്കാനാവില്ല …. സ്നേഹത്തിനു… മുന്നിലല്ലാതെ കീഴടങ്ങാൻ തയ്യാറല്ല വ്യർത്ഥമാണെന്ന് എനിക്ക് തോന്നിയാൽ പിന്നെ ജീവിതത്തിനു പോലും വില കൊടുക്കില്ല ഞാൻ …. ഇത് വായിച്ചിട്ട് ആർക്ക് എന്ത് തോന്നിയാലും എനിയ്ക്കൊരു കോപ്പുമില്ല …..
ഏറെ ആശങ്കകൾ നിറഞ്ഞ ജീവിതത്തിലെ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് …. വളരെയേറെ ചുമതലകൾ ഏറ്റെടുത്ത് നിർവ്വഹിക്കേണ്ട സമയത്ത് മുന്നോട്ട് എന്ത് എന്ന് ഒരെത്തും പിടിയും കിട്ടാതെ ഉഴലുന്നു … കടന്നുപോകാൻ കടമ്പകൾ ഏറെയുണ്ട് … ഓരോ ദിവസം കഴിയുംതോറും അതിന് ചൂടേറി വരുന്നു … ഒരു കൈത്താങ്ങു പോലും നല്കാനാവാതെയുള്ള ഈ പോക്ക് എന്നെ സംബന്ധിച്ച് വളരെയധികം കാഠിന്യം നിറഞ്ഞതാണ് … ഉള്ളുതുറന്നൊന്ന് ചിരിക്കണമെങ്കിൽ എനിക്കിതിനൊരു പോംവഴി കണ്ടെത്തിയേ മതിയാകൂ … വളരെയേറെ അപകര്ഷതയും കുറ്റബോധവും ഭരിക്കുന്നൊരു മനസ്സുമായി ഞാനീ ഉമ്മറത്തിണ്ണയിൽ
ഇന്ന് കൊറേ നേരം ഇറാനി സൂക്കിനു അടുത്തുള്ള പുതിയ പാർക്കിൽ ഒറ്റക്കിരുന്നു ഓരോന്ന് ഓർത്തു …അപ്പോളാണ് പണ്ട്… പണ്ടെന്നു പറഞ്ഞാൽ ഞാൻ ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുന്ന കാലം..
മലയാളം ക്ലാസ്സിൽ വെച്ച് ഞമ്മളാകുന്ന ദുശന്തന്റെ ഖൽബിൽ ഒരു ശകുന്തള കയറിപ്പറ്റി… അങ്ങനെ ഞമ്മളിലും ഒരു കവി ഹൃദയം ഉണർന്നു… അത് നോട്ടു ബുക്കിന്റെ നടുവിൽ അങ്ങോട്ട് വിരിഞ്ഞു…….. അത് ചിന്നൂനെ കാണിച്ച്…. ചിന്നു ആരാ മോള്… അവിടെ രണ്ടാം ബെഞ്ചിന്റെ മൂലക്കിരുന്നു പരമ രഹസ്യായിട്ട് ഞമ്മള് നടത്തിക്കൊണ്ടിരുന്ന കച്ചോടം മണത്തു കണ്ടു പിടിച്ച്.. ഞമ്മളെ മുഖത്ത് നോക്കി ഓള് ചോയിച്ച് അനക്ക് ഈ ബെഞ്ചിൽ ആരെയോ നോട്ടമുണ്ടല്ലോ…? ആരാന്നു ഇന്നോട് പറ എന്ന്… അത് കേട്ട് പകച്ചു പോയെങ്കിലും ഓളോട് ആളെപ്പറഞ്ഞു…. അല്ല ഒരു കൂട്ടുകാരിയുടെ സഹായം ഈ കാര്യത്തിൽ അനിവാര്യം ആണല്ലോ…. അങ്ങനെ കാര്യങ്ങൾ ഒക്കെ ഓൾക്ക് അറിയാവുന്നത് കൊണ്ട് ഞാൻ എന്റെ പ്രണയ കാവ്യം ഓളെ കാണിച്ചു… ഓള് വായിച്ചിട്ട് ഒടുക്കത്തെ ചിരി…
ഞാൻ ഓളോട് ചോയിച്ചു ഇത് കോളേജ് മാസികയിൽ കൊടുക്കട്ടെ എന്ന്… അപ്പൊ ഓള് പറഞ്ഞു മണ്ടത്തരം കാണിക്കരുത് എന്ന്….
ഒന്നാമത് ഇങ്ങനെ ഒന്നും അല്ല കവിത എഴുതുക… പിന്നെ ഇത് വായിച്ചാൽ ഇവിടുള്ള സകലർക്കും കാര്യം പിടികിട്ടും… പ്രത്യേകിച്ച് അവസാനത്തെ വരികൾ…. അപ്പോഴാണ് ആ അപകടം ഞാൻ ആലോചിച്ചത്……..
ആ കവിത താഴെ ചേർക്കുന്നു
********************************
ഉദയ സൂര്യന്റെ
തരള കിരണങ്ങളിലുണരും
പൊൻ പ്രഭാതം പോലെ
വാർ തിങ്കൾ വാനിൽ തൂകും
പൊൻപുഞ്ചിരി പോലെ
മാരി വില്ലിൽ അലിഞ്ഞു ചേർന്ന
സപ്ത വർണ്ണങ്ങൾ പോലെ
ഹൃദയത്തിനുള്ളിൽ നിറഞ്ഞു നിൽക്കും
അനുഭൂതിയാണല്ലോ പ്രേമം.
കണ്ണാടിയിട്ട മുഖത്ത് നിന്നും
പൊഴിയുന്ന വർണ്ണ പ്രകാശം
അതിൽ അലിഞ്ഞു ചേരുവാൻ
ഞാൻ കൊതിക്കുന്നു എന്റെ
ഈ ഉള്ളിലെന്നും…….
******************************
പലപ്പോഴും ഞാൻ എഴുതിയതൊക്കെ ആദ്യം വായിച്ചതും പക്വമായി വിലയിരുത്തിയതും അവൾ ആയിരുന്നു…. നോട്ടു ബുക്കിൽ ഒളിപ്പിച്ച കഥ കണ്ടു പിടിച്ചു നന്നായി എന്നും മാഗസിനിൽ കൊടുക്കണം എന്നും പറഞ്ഞത് അവൾ ആയിരുന്നു…. (തല കാണാനില്ലേ എന്ന കഥ)….. മറ്റൊരിക്കൽ ഒരു പ്രണയ കഥ വായിച്ച്…..ഇതിൽ പൂർണ്ണത ഇല്ലെന്നും….. നിന്നിൽ ആശയം ഉണ്ട് പക്ഷെ അത് അവതരിപ്പിക്കുന്നതിൽ നീ പരാജയപ്പെടുന്നു…. കൂടുതൽ വായിക്കുക… എന്തെങ്കിലും എഴുതിയാൽ വീണ്ടും അതിനെ വായിച്ച് നോക്കി തെറ്റുകൾ തിരുത്തി സ്വയം സംതൃപ്തമായ ശേഷമേ മറ്റുള്ളവരെ കാണിക്കാവൂ.. എന്നൊക്കെ ഒരു കത്തിലൂടെ എന്നെ എഴുതി അറിയിക്കാൻ മനസ്സ് കാണിച്ചു അവൾ……. എഴുത്തിന്റെ ലോകത്ത് എന്റെ ആദ്യത്തെ വഴികാട്ടി… അവളാണ് എനിയ്ക്ക് പുഞ്ചിരി എന്ന് പേരിട്ടത്…ഇപ്പോഴും അവൾ എന്നെ പുഞ്ചിരീ എന്ന് തന്നെയാണ് വിളിക്കാറ് …
ക്ലാസ്സിൽ പലരും അറിഞ്ഞിട്ടും തുറന്നു പറയാൻ മടിച്ച എന്റെ പ്രണയം.. നാണക്കാരനായ എന്റെ പേടി മനസ്സിലാക്കി സനിലിനേയും കൂടെ കൂട്ടി എന്റെ പ്രണയം അവതരിപ്പിച്ചതും അവൾ ആയിരുന്നു…. ഉത്തരം നെഗറ്റീവ് ആയിരുന്നു എങ്കിലും അവൾ എന്നെ സമാധാനിപ്പിച്ചു.. പ്രവീണും വിപിനും സനിലും രതീഷും ഒക്കെ കൂടെ നിന്നു….. പിന്നേം കുറെ നാൾ പുറകെ നടന്നു….ആ കാമുകി ഇപ്പൊ വിവാഹം ഒക്കെ കഴിഞ്ഞു ഭർത്താവും കുട്ടിയുമായി സുഖായിരിക്കുന്നു…… അതിനെക്കുറിച്ച് നിങ്ങൾ ചോദിക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് മുൻകൂട്ടി പറയുന്നത്……..
മറ്റൊരു സത്യം എന്താന്നു വെച്ചാൽ ഞാൻ മുൻപ് പറഞ്ഞ എന്റെ കന്നി പ്രണയത്തിലെ നായികയും ചിന്നൂട്ടിയുടെ പഴയ സഹപാഠി ആയിരുന്നു…. അതായത് എന്റെ ജീവിതത്തിലെ രണ്ടു കാമുകിമാരും അവളുടെ കൂട്ടുകാർ ആയിരുന്നു… അങ്ങനെ അങ്ങനെ ഒരുപാട് നല്ല കാര്യങ്ങളാൽ കലാലയം സമ്മാനിച്ച പ്രിയപ്പെട്ട സുഹൃത്ത്….
ഇപ്പൊ ഈ സോഷ്യൽ മീഡിയ ലോകത്തും അവൾ എന്നെ കാണുന്നു.. വായിക്കുന്നു…….. ലിസ എന്ന എന്റെ ചിന്നൂട്ടി…. അവളും ഭർത്താവ് സവിനും എന്റെ ഏറ്റവും നല്ല കൂട്ടുകാരാണ്
സുഖകരമായ ഓർമ്മകൾക്കെന്നും വല്ലാത്ത ചന്തം….. ഓർമ്മകളിലൂടെ സഞ്ചരിക്കാൻ എനിക്കേറെ ഇഷ്ടം……..ഓർമ്മകൾ തുടരട്ടെ മറ്റു സൌഹൃദ ഓർമ്മകൾ ഇനിയൊരിക്കൽ പറയാം…
എന്താണ് എഴുതേണ്ടത് എന്നതിനെക്കുറിച്ചു എനിക്ക് വല്യ രൂപമൊന്നുമില്ല … പ്രത്യേകിച്ച് ആശയങ്ങളൊന്നുമില്ലാതെയാണ് ഞാൻ പലപ്പോഴും എഴുതാനായി ശ്രമിക്കാറ് … അപ്പോൾ മനസ്സിൽ വരുന്ന എന്തെങ്കിലും കുത്തിക്കുറിച്ചു കൊണ്ടിരിക്കുന്നു … ഒരു പക്ഷെ എഴുതാനുള്ളൊരു പരിശീലനമാവും ഇതൊക്കെ …. ഇപ്പോൾ സമയം രാത്രി രണ്ടുമണി കഴിഞ്ഞിരിക്കുന്നു … ഞാനിവിടെ എന്തെങ്കിലും രണ്ടുവരി എഴുതുന്നതിനെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുന്നു … ആശയങ്ങളെ അക്ഷരങ്ങളാക്കി വാക്കുകളിലൂടെ അവയെ തന്മയത്വത്തോടെ അവതരിപ്പിച്ചെടുക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ് … അക്ഷരങ്ങൾ കൊണ്ട് ഇതിഹാസങ്ങൾ പണിത എത്രയെത്ര മഹാരഥന്മാർ നമുക്ക് മുൻപേ കടന്നുപോയി …. അവരൊക്കെ തീർത്തുവെച്ച വിസ്മയങ്ങളാണ് ഈ വഴിയിൽ സഞ്ചരിക്കുന്ന ഓരോരുത്തനും പ്രചോദനമാവുന്നത് … ഈ ബ്ലോഗ് പേജിൽ ഞാനെന്തൊക്കെയൊ കുറിക്കുന്നു … ആരെങ്കിലും വായിക്കണമെന്ന നിര്ബന്ധത്തോടെയല്ല എന്റെ ഒരു ആശ്വാസത്തിന് വേണ്ടിയിട്ടാണ് … സമന്വയിപ്പിക്കാൻ എന്റെ കയ്യിലിപ്പോ ആശയങ്ങളില്ല … എനിയ്ക്ക് ചുറ്റുമിപ്പോ ഞാൻ മാത്രമേയുള്ളൂ … എന്ന് കരുതി ചുമ്മാതിരിക്കാൻ പറ്റുവോ … വിശ്രമിച്ചു ക്ഷീണിച്ച വിരലുകളെയും മടിപിടിച്ചു മുരടിച്ചു പോയ മനസ്സിനെയും ഒന്ന് തട്ടിയെഴുന്നേല്പ്പിക്കണ്ടേ … ഞാൻ പറഞ്ഞു പറഞ്ഞു കാടുകയറിപ്പോവുന്നു …കൂടുതലായാൽ എല്ലാവർക്കും ബോറടിക്കും …. അതുകൊണ്ട് ബാക്കി നാളെയാവട്ടെ …
വ്യാകുലതകളാണ് മനസ്സ് നിറയെ … ഇന്നോളം ഈ ലോകം കണ്ടിട്ടില്ലാത്ത തീർത്തും അപരിചിതമായൊരു വ്യാധി … അതേൽപ്പിച്ച ആഘാതം സമസ്ത മണ്ഡലങ്ങളിലും അലയടിക്കുന്നുണ്ട് … എല്ലാ രംഗങ്ങളേയും പിടിച്ചു കുലുക്കിക്കൊണ്ട് ഈ മഹാമാരി അതിന്റെ പ്രയാണം തുടരുമ്പോൾ നിശ്ചലമായിപ്പോയ ജീവിതങ്ങൾ അനവധിയാണ് … തകർന്നുപോയ സ്വപ്‌നങ്ങൾ അനവധിയാണ്… ജീവിതം ഒരു കരയ്ക്കടുപ്പിക്കാനായി നെട്ടോട്ടമോടിക്കൊണ്ടിരുന്ന ഒട്ടനേകം സാധാരണക്കാരുടെ നെഞ്ചത്താണ് ഇതിന്റെ പ്രഹരമേറ്റത് … സമസ്ത ജനതയും ഒന്നിച്ചു ചേർന്ന് ഈ പ്രതിസന്ധിയെ നേരിടാനുള്ള യജ്ഞത്തിലാണ് ഇപ്പൊ ഉള്ളത് … ഓരോ തരത്തിലും ഓരോ പുതിയ മാർഗ്ഗങ്ങൾ ഓരോരുത്തരും കണ്ടെത്തുന്നു … ആ കൂട്ടത്തിൽ ഒരുവനാണ് ഞാനും … നീണ്ട പ്രവാസത്തിനൊടുവിൽ ഈ മഹാമാരി കാരണം അതിനോട് വിടപറയേണ്ടി വന്നു … മുന്നോട്ടുള്ള കാര്യങ്ങൾ എങ്ങനെ..? എന്ത് ..? എന്നീ ചോദ്യങ്ങൾക്ക് ഉത്തരവും തേടി വ്യാകുലമാവുന്നു മനസ്സ് പലപ്പോഴും … പലതിനും പലകാര്യങ്ങളും ആലോചിക്കേണ്ടി വരുന്നു … പല തടസ്സങ്ങൾ നേരിടുന്നു … മാനസികമായി ഏറ്റവുമധികം സംഘർഷം അനുഭവിക്കുന്ന നിമിഷങ്ങളാണ് … ഒരു തരം അപകർഷതാ ബോധം നേരിടുന്നു … ഇതും ജീവിതത്തിന്റെ ഒരു ഭാഗമാണ് … എല്ലാം ഒരിക്കൽ കലങ്ങിത്തെളിയുമെന്ന പ്രതീക്ഷയോടെ പലരെയും പോലെ ഞാനും …….
എഴുതുന്നു എന്നതുകൊണ്ട് മാത്രം ഞാനൊരു എഴുത്തു കാരൻ ആണെന്ന് ഞാനൊരിക്കലും പറയില്ല … എഴുത്തിന്റെ ആരാധകൻ മാത്രമാണ് ഞാൻ … ചില നേരത്ത് മനസ്സിന്റെ തോന്നലുകളെ കുടഞ്ഞിടാനൊരിടം കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ സംഭവിച്ചു പോവുന്ന യാന്ത്രികമായൊരു പ്രവർത്തി മാത്രമാണ് എന്റെ എഴുത്തുകൾ … ചിലപ്പോ മോചനം തേടലാവാം അല്ലെങ്കിൽ ഒരു ഭാരമിറക്കി വെക്കൽ … അല്ലെങ്കിൽ സമയത്തെ കൊല്ലാനുള്ള ഒരു വിനോദം … അതിനപ്പുറത്ത് മനസ്സിനെ ശാന്തവും സംതൃപ്തവുമാക്കുന്ന ഒരു മന്ത്രവിദ്യ … അങ്ങനെയെന്തെങ്കിലുമായിരിക്കാം ഈ എഴുത്തുകൾ … എന്തെന്ന് എനിയ്ക്കറിയില്ല … പക്ഷെ അക്ഷരങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു … അക്ഷരങ്ങൾ തീർക്കുന്ന മായാലോകത്തെ ഞാൻ ആരാധിയ്ക്കുന്നു … മനസ്സിന്റെ തോന്നലുകളെ തരി തരിയായ് കോറിയിട്ട് ഉള്ളിലെ ഭാരമിറക്കിവെക്കാനുള്ള എന്റെ ശ്രമങ്ങളാണ് അക്ഷരങ്ങളിലൂടെ ബഹിർഗമിക്കുന്നത്… എഴുതുന്നവരെ എനിക്കിഷ്ടമാണ് … എഴുത്തുകാരോട് എനിയ്ക്ക് ബഹുമാനമാണ് … എഴുത്തിനോട് എനിയ്ക്ക് ആരാധനയാണ് … അക്ഷരങ്ങളുടെ ആരാധകൻ മാത്രമാണ് ഞാൻ … എഴുത്തുകാരൻ അല്ല … എഴുത്തിന്റെ ആരാധകൻ
മഞ്ഞു പൊഴിയുന്നൊരു രാവ്….കുറേ നാളുകളായി മനസ്സിൽ മൂടിക്കെട്ടിയ വിരസതയെ മറികടക്കാനായുള്ള എന്റെ രാത്രി സഞ്ചാരത്തിന്റെ വഴികളിലെവിടെയോ പേരറിയാത്തൊരു മരച്ചുവട്ടിൽ എന്തോ ആലോചിച്ചിരുന്ന ഞാൻ അമ്മൂ എന്നൊരു വിളികേട്ടാണ് ചിന്തകളിൽ നിന്നുണരുന്നത് … ഞെട്ടിപ്പിടഞ്ഞു ഞാൻ നോക്കുമ്പോൾ ഒരു നിലാപക്ഷിയായ് നീ എന്റെ മുൻപിലൂടെ പതിയെ പറന്നുപോയി ……….. എന്റെ ഉയിരിൽ പ്രകാശവർഷം ചൊരിഞ്ഞ ആ നിമിഷത്തെ വർണ്ണിക്കാൻ വാക്കുകളോ ഉപമകളോ പോരാതെ വരുന്നു… നിലാവിനേക്കാൾ പ്രഭയായിരുന്നു നിന്റെ മുഖത്തിനന്ന് … ഇടനെഞ്ചിലൊരു പെരുമ്പറ മുഴങ്ങി.. കൂട്ടുകാരോടൊപ്പം അകലെ ഇരുട്ടിലെവിടേക്കോ നീ നടന്നകലുന്നത് ഞാൻ നോക്കിനിന്നു…അവരോടൊത്ത് കിന്നാരം പറയുമ്പോൾ വാരിയെറിഞ്ഞ മഞ്ചാടിമണികൾ നിലത്ത് വീണു ചിതറുംപോലെ നിന്റെ ചിരി…. വേനലിൻ വറുതിയിലേക്കൊരു പുതുമഴയെന്നപോലെ പ്രണയമെന്നിൽ പെയ്തിറങ്ങി… നാളത്തെ പ്രഭാതം എന്റേത് മാത്രമെന്ന് ഞാൻ മനസ്സിൽക്കുറിച്ചു…..
ഈ രാത്രി എനിക്കുറങ്ങാൻ കഴിയില്ല … ഒരു സ്വർണ്ണമത്സ്യമായ് കരളിന്നഗാധമാം നീലത്തടാകത്തിൽ നീയിങ്ങനെ നീന്തിത്തുടിക്കുമ്പോൾ ഞാൻ ഉറങ്ങുന്നതെങ്ങനെ…?
ഈ നക്ഷത്രങ്ങൾ എന്താണ് എന്നോട് പറയുന്നത് ..? അവർ എന്നോട് ചോദിക്കുന്നത് കേട്ടില്ലേ …? എന്തിനാ ഈ ജാലക വാതിൽക്കൽ തനിച്ചിങ്ങനെ നിൽക്കുന്നതെന്ന്… അതും രാവിന്റെയീ ഏഴാം യാമത്തിൽ…… ഹേ താരകങ്ങളേ, ഈ യാമത്തിനപ്പുറം വരാൻ പോകുന്ന പുലരി എനിക്ക് വേണ്ടിയാണെന്ന് നിങ്ങൾക്കറിയാമോ ? അതിനെ വരവേൽക്കുവാൻ ഞാൻ ഒരുങ്ങുകയാണ്… എനിക്കിന്ന് ഉറങ്ങാൻ കഴിയില്ല…. പ്രിയപ്പെട്ടവളേ, നീ അറിയുന്നുണ്ടോ …?… ഞാൻ അനുരാഗിയാണെന്ന്.. ഇടനെഞ്ചിലെ പൂമരത്തിൽ നീയൊരു തേൻകുരുവിയായ് കൂടൊരുക്കിയിരിക്കുകയാണെന്ന്…
ഈ രാവ് പുലരാനിത്ര വൈകുന്നതെന്തേ ..? പതിവില്ലാത്ത വിധം ഇതിന്റെ ദൈർഘ്യമേറുന്നുവോ…?ഇനിയും ഉണരാൻ മടിക്കുന്ന സൂര്യൻ കള്ളയുറക്കം നടിച്ചെന്നെ പറ്റിക്കുകയാണോ…?… ഇല്ല; അതാ ഞാൻ കാണുന്നു, അങ്ങു ദൂരെ പുലരിയുടെ പൊൻകിരണങ്ങൾ… ഒരുറക്കച്ചടവോടെ പതിയെ ഉയർന്നു വരുന്ന ആദിത്യൻ അസൂയയോടെ എന്നെ നോക്കുന്നു….. അമ്മൂ, എന്റെ പ്രണയമേ, ഞാൻ ഇതാ വരുകയാണ്….
മൂന്നുവർഷങ്ങൾക്കിപ്പുറം ഈ ജാലക വാതിൽക്കൽ തനിച്ചിങ്ങനെ നില്ക്കുമ്പോൾ കടലിരമ്പം പോലെ എന്റെ മനസ്സ് ഇരമ്പുന്നത് എനിക്ക് കേൾക്കാം…. മകരമഞ്ഞു പെയ്യുന്ന ഈ രാവ് ഇന്നെന്നെ ചുട്ടുപൊള്ളിക്കുന്നു……
ഹോസ്റ്റൽമുറിയിലെ കുളിമുറിക്കകത്ത് ചുമരിൽ ചാരിയിരിക്കുകയായിരുന്നു നീയെന്ന് ആരോ പറഞ്ഞറിഞ്ഞു…. ആംബുലെൻസിനകത്തേക്ക് നിന്നെ കൊണ്ടുപോവുമ്പോൾ മുഖത്ത് ആ ചിരിയുണ്ടായിരുന്നില്ല…. മൃദുലമായ കൈത്തണ്ടയിൽ രക്തം കട്ടപിടിച്ചു കിടന്നിരുന്നു …………..
ഇങ്ങനൊരു യാത്രയിൽ നിന്നെ തനിച്ചു വിടുന്നതെങ്ങനെ…? കൂടെ പോരാൻ ഞാനൊരുങ്ങിയതായിരുന്നു, പക്ഷേ ദൈവം അവിടെയും എന്നെ തോൽപ്പിച്ചു കളഞ്ഞു….ഓർമ്മകളെ കൊന്നുകളയാനുള്ള ശ്രമമായിരുന്നു പിന്നെ…ചുറ്റുമുള്ള ലോകം അതിനൊരു പേരുമിട്ടു… “ഭ്രാന്ത്”…. ഇരുട്ടുമുറിയിലെ തടങ്കൽ ഭേദിച്ച് എവിടെയൊക്കെയോ അലഞ്ഞു….
നിന്റെ ഡയറിക്കുറിപ്പിലെ അവസാന വാചകങ്ങൾ ഞാനോർക്കുന്നു …..
“സ്നേഹമെന്നതൊരു മിഥ്യയെന്ന തിരിച്ചറിവിൽ…സ്നേഹമില്ലാത്ത ഈ ലോകത്ത് നിന്നും ഞാൻ യാത്രയാവുന്നു…. “
സ്നേഹത്തിന്റെ ആയിരം പൂക്കാലങ്ങൾ നിനക്ക് നൽകാൻ ഞാനുണ്ടായിരുന്നല്ലോ….നിന്നിൽ സ്നേഹ വർഷമായി പെയ്തൊഴിയാൻ… നെഞ്ചോട് ചേർത്ത് നിന്നിൽ സ്നേഹമായ് പ്രണയമായ് നിറയാൻ ഞാനുണ്ടായിരുന്നു………
മഡ്രാസ്സിലെ (അന്ന് ചെന്നൈ കണ്ടുപിടിച്ചിട്ടില്ല) ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നും നേരെ ദൂരേക്ക് നോക്കിയാൽ കാണുന്ന മലനിരകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ആപ്പാപ്പ പറയാറുള്ള നാട് എന്റെ ഓർമ്മയിൽ തെളിയുന്നില്ല..അവിടെ നിന്നാണത്രേ ഇടയ്ക്കു ഞങ്ങളെക്കാണാൻ വെല്ലിപ്പ തീവണ്ടിയിൽ വരുന്നത്. മുൻപ് ഞാനവിടെ പോയിട്ടുണ്ടാവാം പക്ഷേ അതൊന്നും എനിക്ക് ഓർമ്മയില്ല.
അങ്ങനെ ഒരു വൈകുന്നേരം ആപ്പാപ്പാന്റെ കൈപിടിച്ച് ദൂരെ മാമലകൾക്കപ്പുറത്തെ ആ നാട്ടിലേക്ക് പുറപ്പെടുന്നു. ദീർഘമായ തീവണ്ടിയാത്രയുടെ ചിത്രങ്ങൾ മനസ്സിൽ നിന്നും മാഞ്ഞിരിക്കുന്നു. എന്റെ ഓർമ്മത്തെളിയുമ്പോൾ (ചിലപ്പോ ഉറങ്ങിയെണീറ്റതുമാവാം) റെയിൽവേ സ്റ്റേഷനാണ്. നിലമ്ബൂരോ കോഴിക്കോടോ ആവാം, അറിയില്ല. ട്രെയിനിൽ നിന്ന് പുറത്തിറങ്ങി നടക്കുമ്പോൾ എനിക്ക് പെപ്സി കുടിക്കാനുള്ള മോഹം വരുന്നു. ആപ്പാപ്പാനോട് പറഞ്ഞപ്പോൾ, അത് നിന്നെക്കൊണ്ട് കുടിക്കാൻ കഴിയൂലാന്ന്. അതെന്താ എന്നെക്കൊണ്ട് പറ്റൂലാന്ന്..?, എങ്കിലതൊന്നറിയണമല്ലോ. ഞമ്മക്ക് അതുതന്നെ വേണമെന്ന് രണ്ടുകാലിൽ ഞമ്മള് കട്ടായം പറഞ്ഞു. അങ്ങനെ ഏതോ ഒരു കടയിൽ നിന്നും വലിയ ബോട്ടൽ തന്നെ വേണമെന്നുള്ള എന്റെ വാശിക്കുമുന്പിൽ കീഴടങ്ങി ആപ്പാപ്പ അത് വാങ്ങിത്തന്നു. ഇനിയാണ് ചരിത്രപ്രധാനമായ എന്റെ പെപ്സിയെ കീഴടക്കൽ യജ്‌ഞം. ആപ്പാപ്പ അതിന്റെ മുടിയൊക്കെ തുറന്നുതന്നു. ഞാൻ വല്യ ഗമയിൽ അത് വായിലേക്ക് വെച്ച് ഒരു കവിൾ എടുത്തതേ ഓർമ്മയൊള്ളൂ. ഒരു തരിപ്പ് കേറുന്നപോലെ… ഹോ .. ഹോ.. ഞാനത് കുടഞ്ഞുകളഞ്ഞു..പടച്ചോനേ , അതോടെ ആ സാഹസത്തിന് ഇനി നിക്കൂലാന്ന് ഞാൻ തീരുമാനിച്ചു. ഞമ്മളെ റോസ്മിൽക്ക് ഒക്കെ എന്തൊരു പാവാ. ആ കുപ്പിമുഴുവൻ ആപ്പാപ്പ തന്നെ കുടിച്ചുതീർക്കേണ്ടിവന്നു എന്ന് ഹൈലൈറ്റ്.
അങ്ങനെ ഞാൻ ആദ്യമായി കുനിപ്പാല എന്ന നാട്ടിൽ വന്നിറങ്ങി. (ആദ്യമായി എന്നല്ല എന്റെ ഓർമ്മയിൽ ആദ്യ കാഴ്ച്ച). കുനിപ്പാല അങ്ങാടിയിൽ നിന്നും ഫോറസ്റ്റ് സ്റ്റേഷനും കടന്ന് പഞ്ചായത്ത് റോഡിലൂടെ ഞങ്ങളങ്ങനെ നടന്നു. അൽപ്പം മുന്നോട്ടുപോയി ഒരു തോട് കടന്ന് തെങ്ങും കമുകുമൊക്കെ നിറഞ്ഞൊരു തോപ്പിലൂടെ നടന്നൊരു വരമ്പത്തെത്തി..ഇവിടെ നിന്നും മുകളിലേക്ക് കയറണം..ഒരു കുന്നിന്മുകളിലാണ് ഇപ്പോൾ മേലേക്കുടി എന്നറിയപ്പെടുന്ന ആ വീട് സ്‌ഥിതിചെയ്യുന്നത്.
താഴെ നിന്നുതന്നെ ആഷിക്കും ഇമ്മുനയും അവിടെ കളിക്കുന്നത് എനിക്ക് കാണാമായിരുന്നു. വലിയ അമ്മായി പെണ്ണുമ്മാന്റെ മക്കളാണ് ആഷിക്കും ഇമ്മുനയും. ഇമ്മുനയുടെ യഥാർത്ഥ പേര് തെസ്നി എന്നും ഞാൻ വിളിക്കുന്നത് മൈമൂന എന്നുമാകുന്നു. പെണ്ണുമ്മ ഓടിവന്നെന്നെ എടുത്തു. ഇമ്മുന ചിരിച്ചു, അവരെ പരിചയപ്പെടുത്തേണ്ട കാര്യമൊന്നും ഉണ്ടായില്ല . ഞങ്ങളപ്പോൾ തന്നെ കൂട്ടായി. ആഷിക്കിനെ ഞാൻ മഡ്രാസ്സിൽ വെച്ച് കണ്ടിട്ടുണ്ട് . അത് ഈ സംഭവത്തിന് മുൻപാണോ ശേഷമാണോ എന്നറിയില്ല. ഏതായാലും പെണ്ണുമ്മ, താത്ത, വെല്ലിപ്പ, കുഞ്ഞി, മാളുവി, ആഷിക്ക്, ഇമ്മുന, എല്ലാരും കൂടിയായപ്പോൾ നല്ല രസമായിരുന്നു. താത്ത എന്റെ വെല്ലിമ്മയാണ് (ഉപ്പയുടെ ഉമ്മ) എല്ലാവരും താത്ത എന്ന് വിളിക്കുന്നതുകൊണ്ട് ഞാനും അങ്ങനെ വിളിച്ചു ശീലിച്ചു. പെണ്ണുമ്മ , മാളുവി , കുഞ്ഞി , എന്നിവർ യഥാക്രമം എന്റെ മൂന്ന് അമ്മായിമാരാണ്. എന്റെ ഉപ്പയുടെ തറവാടാണ് ഈ വീട്. കുനിപ്പാലയിൽ എന്റെ വിളയാട്ടങ്ങൾക്ക് ഇവിടെ തുടക്കം.
ഇനി കുറച്ചു കാലങ്ങൾക്ക് ശേഷമുള്ള കഥപറയാം. വാപ്പാപ്പ എന്നുവിളിക്കുന്ന സ്നേഹനിധിയായ എന്റെ ഉമ്മയുടെ പിതാവിന്റെ മരണശേഷം ഞങ്ങള് കോഴിക്കോട് സെറ്റിലാവുകയും, എന്റെ ഉപ്പയും അളിയാക്കയും (ആഷിക്കിന്റെ ഉപ്പ) ഗൾഫിലേക്ക് പോവുകയും ചെയ്തു. അങ്ങനെ കുറേക്കാലം കോഴിക്കോടും നിലമ്പൂരുമായി അങ്ങോട്ടുമിങ്ങോട്ടും മാറിക്കളിച്ചു എന്റെ ജീവിതം. ഒരിക്കൽ ഞാൻ കോഴിക്കോടുനിന്ന് കുനിപ്പാലയിൽ എത്തിയ കാലം, അന്നൊക്കെ ഇമ്മുന അംഗൻവാടിയിൽ പോവുന്നുണ്ടായിരുന്നു. എന്നേയും അംഗൻവാടിയിൽ വിടട്ടെ എന്ന് അമ്മായിമാർ ചോദിച്ചു. പിന്നെന്താ, നമ്മള് ഡബിൾ ഓക്കെ.
അങ്ങനെ എന്നെയും കൊണ്ട് മൂന്ന് അമ്മായിമാരും കൂടെ കുനിപ്പാല അംഗൻവാടിയിലെത്തി. അംഗൻവാടി എന്നുപറഞ്ഞാൽ ഇന്നത്തെപ്പോലെ കെട്ടിടമൊന്നുമുണ്ടായിരുന്നില്ല, ചേക്കുകാക്കയുടെ (അദ്ധേഹം ഇന്ന് ജീവിച്ചിരിപ്പില്ല) വീടിന്റെ മുൻവശത്തായി മുളകൊണ്ട് മറച്ചുണ്ടാക്കിയ ഒരു ചെറിയ ഷെഡ് ആയിരുന്നു അംഗൻവാടി. അവിടെ സെലീന ടീച്ചർ ഉണ്ടായിരുന്നു. എന്റെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം എന്നോട് അവിടെപ്പോയിരുന്നോളാൻ പറഞ്ഞു.
ഞാൻ മടിച്ചുനിൽക്കുന്നത് കണ്ടപ്പോൾ പെണ്ണുമ്മയും ഇവിയും (മാളുവിയെ ഇവി എന്നാണ് ഞങ്ങൾ കുട്ടികൾ വിളിക്കുന്നത്) ഇമ്മുനയെ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു, അതാ അവിടെ ഇമ്മുനയും ഉണ്ട് , ഓള് ഇരിക്കുന്നത് കണ്ടില്ലേ , ഓളുടെ അടുത്ത് പോയി ഇരുന്നോ. ഞാൻ അങ്ങോട്ട് ഒരു സ്റ്റെപ്പ് നടന്നു. പിന്നെ ഒറ്റ ഓട്ടം വെച്ചുകൊടുത്തു വീട്ടിലേക്ക്. “അമ്മായിമാർ പ്ലിങ്”, വീട്ടിൽ വന്നപ്പോൾ എല്ലാരും എന്നെ കളിയാക്കി. അയ്യേ ഇത്രക്ക് പേടിത്തൊണ്ടനാണോ ഇജ്ജ് ..?
ഞാൻ വെറുതേ ചിരിച്ചു. ഇമ്മുനയും അമ്മായിമാറുമൊക്കെ ചേർന്ന് എന്റെ പേടിമാറ്റാൻ അംഗൻവാടിയെക്കുറിച്ച് കുറേ വർണ്ണിക്കുകയും , ഞാൻ പേടിക്കുന്നത് പോലെ അവിടെ ഒന്നുമില്ല എന്നൊക്കെ പറഞ്ഞപ്പോൾ, നാളെമുതൽ പൊയ്‌ക്കോളാമെന്ന് ഞാൻ സമ്മതിച്ചു. പക്ഷേ പിറ്റേന്നും ഞാൻ പോവാൻ കൂട്ടാക്കിയില്ല. അതോടെ അവരാ ശ്രമമുപേക്ഷിച്ചു. കുറച്ചു നാളുകൾക്ക് ശേഷം ഞാൻ കോഴിക്കോട്ടേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
അരക്കിണർ വായനശാല ഭാഗത്ത് ; അതായത് ഞങ്ങളുടെ വീട്ടിൽ നിന്നും ഇത്തിരി നടക്കാനുള്ള ദൂരം, അവിടെ ഭാർഗ്ഗവിയമ്മ എന്ന അമ്മയുടെ വീടിന്റെ വീടിന്റെ പിന്നാമ്പുറത്തായി അവർ നടത്തുന്ന ഒരു നഴ്‌സറിയുണ്ടായിരുന്നു. ഒരുദിവസം ഇമ്മമ്മ സ്നേഹത്തോടെ ഓരോന്നൊക്കെ പറഞ്ഞ് സോപ്പിട്ട് എന്നെ അവിടെ കൊണ്ടാക്കി. അവിടുത്തെ ടീച്ചറുടെ പേരോർമ്മയില്ല. അവിടുന്ന് ഓടാനൊന്നും തോന്നിയില്ല. അങ്ങനെ അന്നുമുതൽ ഞാനൊരു നഴ്‌സറിക്കുട്ടിയായി. അടുത്തൊരു പശുത്തൊഴുത്തുണ്ടായിരുന്നു. കുറേ പൂച്ചെടികൾ, ഇരുമ്പൻപുളിമരം, ഇടക്ക് വീട്ടിനകത്തുനിന്നും പലഹാരങ്ങളൊക്കെ തരുമായിരുന്നു.പിന്നെ കുറച്ചു കൂട്ടുകാർ, നല്ല ടീച്ചർ, പാട്ടും കളികളുമൊക്കെയായി നഴ്‌സറി ജീവിതം മുന്നോട്ടുപോയി.
ഒരു വൈകുന്നേരം രണ്ടു കുട്ടികൾ ഓടി വീട്ടിലേക്ക് കയറുന്നു..കുറച്ചു കഴിയുമ്പോൾ ദേ ഒരു സ്ത്രീ വീടിനുമുന്നിൽ വന്ന് ബഹളംവെക്കുന്നു.ഇമ്മമ്മ പുറത്തുവന്നു നോക്കി, അവര് കള്ളിയങ്കാട്ടു നീലിയെപ്പോലെ ഉറഞ്ഞുതുള്ളിക്കൊണ്ട് ചോദിക്കുന്നു :
“രണ്ടു കുരുത്തംകെട്ട കുട്ടികൾ ഇതുവഴി ഓടിവന്നിട്ടുണ്ട്, അവരെവിടെ…?
ഇങ്ങോട്ടൊന്നും വന്നിട്ടില്ലല്ലോ ഇവിടുത്തെ കുട്ടികളൊന്നുമല്ല..ആ സ്ത്രീ പോവുന്നില്ല, പിന്നെയും എന്തൊക്കെയോ പറയുന്നു..”അവരെ എന്റെ കയ്യിലെങ്ങാനും കിട്ടിയാൽ” ഇങ്ങനെ പിറുപിറുത്തു… ഒരുവിധം എന്തൊക്കെയോ പറഞ്ഞ് ഇമ്മമ്മ അവരെ മടക്കിയയച്ചു.. എന്നിട്ട് വീടുമുഴുവൻ ഞങ്ങളെത്തിരഞ്ഞു, കിട്ടിയില്ല.. കുറച്ചു കഴിഞ്ഞ് എന്തോ അനക്കം കേട്ട് ബാത്റൂമിൽ വന്നുനോക്കുമ്പോൾ, ദാ അവിടെ ചേട്ടനും അനിയനും പേടിച്ച് ഒളിച്ചിരിക്കുന്നു. നേരത്തെ വന്ന സ്ത്രീയുടെ കൊച്ചുമോൻ നിയാസിനെ പഞ്ഞിക്കിട്ടിട്ട് ഓടിവന്ന് ഒളിച്ചിരിക്കുകയാണ് ബാത്റൂമിൽ..ഇമ്മമ്മക്ക് ദേഷ്യംവരുന്നുണ്ട്, പക്ഷേ ഞങ്ങളുടെ നിൽപ്പ് കണ്ടു ചിരിവന്നിട്ട് ഒന്നും പറഞ്ഞില്ല. അങ്ങനെ ഞങ്ങളുണ്ടാക്കുന്ന കുഴപ്പങ്ങൾക്ക് പരിഹാരം കാണലായി ഇമ്മമ്മാന്റെ ജോലി. ഞങ്ങളുടെ കയ്യിലിരുപ്പ് കാരണം പാവം അമ്മാവന്മാർക്കും വീട്ടിൽവരാൻ പേടിയായി. ഷാനാത്ത പറയുന്നത് പോലെ :- ഞങ്ങള് കാക്കയും കോഴിയും ഇതൊന്നും കാര്യമാക്കാതെ അടിച്ചുപൊളിച്ചങ്ങനെ മുന്നോട്ടുപോയി.
ആയിടക്കാണ് ഞാൻ വീണ്ടും നിലമ്പൂരിലേക്ക് പോയത്. അങ്ങനെ എന്നെ വീണ്ടും അംഗൻവാടിയിൽ കൊണ്ടുചെന്നാക്കി. ഇത്തവണ മുനവ്വറും ഹാരിസുമൊക്കെയുള്ളതുകൊണ്ട് ഞാൻ ഓടിയില്ല. പക്ഷേ ഇമ്മുന അപ്പോഴേക്കും മുണ്ടേരിയിലേക്ക് പോയിരുന്നു.(അവരുടെ വീട് ഞങ്ങളുടെ നാട്ടിൽ നിന്നും കുറച്ചകലെയുള്ള മുണ്ടേരി എന്ന സ്ഥലത്താണ്). ഞാനവിടെ ഒരു മിണ്ടാപ്പൂച്ചയായി, കളിക്കാൻ വിടുന്ന സമയത്തുപോലും പുറത്ത് പോവില്ല. ഉച്ചക്ക് താത്ത കഞ്ഞിയും കൊണ്ടുവരും, കദീസ് താത്താന്റെ കടയിൽനിന്ന് വാങ്ങിച്ച ബീറ്റ്‌റൂട്ട് അച്ചാറും ഉണ്ടാവും..താത്ത പോയിക്കഴിഞ്ഞാൽ പിന്നെ ഞാൻ വീണ്ടും മൗനി. അങ്ങനെ ഒരു വൈകുന്നേരം അംഗൻവാടി വിടുന്ന സമയം. ഇവി അമ്മായി എന്നെ കൂട്ടാൻ വന്നിട്ടുണ്ട്. ഞങ്ങളെല്ലാവരും എണീറ്റ് നിൽക്കുന്നു, ദേശീയഗാനം നടക്കുകയാണ്….. ജയഹേ…ജയഹേ.. അവസാനത്തെ ജയഹേ വന്നപ്പോഴേക്കും അത് സംഭവിച്ചുകഴിഞ്ഞിരുന്നു. ഒരു നനവ് പടരുന്നു , ഇവി അമ്മായി ചോദിക്കുന്നു അയ്യേ എന്താ ജാസിമോനേ ഇത് ..?
കാലത്ത്‌തൊട്ട് പുറത്തിറങ്ങാനുള്ള എന്റെ മടികാരണം സർവവിധ ശങ്കകളും പിടിച്ചുനിർത്തപ്പെട്ടു, ഒടുവിൽ താങ്ങാനാവാതെ അതങ്ങു വിസ്ഫോടനം നടത്തി. തെളിച്ചുപറഞ്ഞാൽ, ഞാൻ നിക്കറില് മുള്ളി…കുഞ്ഞിമുത്തും, ചക്കരേം, അജിത്തും, അഖിലും, മുഫീദയുമെല്ലാം എന്നെ കളിയാക്കി ചിരിക്കുന്നു…. പാവം ഞാൻ..
ആ സംഭവത്തിനുശേഷം താത്ത ഇടപെട്ട് കുഞ്ഞിമുത്തിനെ (റഫീക്ക്) എന്റെ കെയർ ടേക്കറാക്കി. അവൻ ആളൊരു കില്ലാഡിയാ, അവന്റെ വീടിനുമുൻപിലാണ് അംഗൻവാടി. അങ്ങനെ ഞാൻ പതുക്കെ അവിടെയങ്ങ് സെറ്റായി. കുണ്ടിൽ ഷെമീർ ഭയങ്കര കുഴിമടിയനായിരുന്നു. അംഗൻവാടിയിൽ വരാൻ മടി, എന്നും കരച്ചിൽ, മുനവ്വറും ഹാരിസും അവനെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് പിടിച്ചുനിർത്തും. കുഞ്ഞിമുത്ത് വില്ലനായി എന്നെ ശല്യം ചെയ്യുന്നവരെ അടിച്ചോടിച്ചു. മുഫീദ എല്ലായിടത്തും ഓടിനടന്നു, ഇടയ്ക്ക് എന്റെ തലയിൽ പേൻ നോക്കിത്തരും, അവൾക്ക് അതുതന്നെയായിരുന്നു ഹോബി, എല്ലാവരുടെയും തലനോക്കും. അജിത്തും അഖിലും ഫോട്ടോകോപ്പി പോലെയായിരുന്നു, അവരങ്ങനെ ഒട്ടിനടന്നു. ഹഫ്‌സത്തും നിഷാനയും വല്യ ലോഹ്യമൊന്നുമില്ല..മിഥുൻ നല്ലകുട്ടിയായി നടന്നു. അർഷാദും, റഫീക്കും ഖമറും , ഹാരിസും, മുനവ്വറും,കുഞ്ഞിമുത്തും,ദേവനും,ചക്കരയുമെല്ലാം എന്റെ നല്ല ചങ്ങാതിമാരായി.അങ്ങനെ അടിച്ചുപൊളിച്ചു മുന്നോട്ടുപോവുമ്പോൾ ഞാൻ വീണ്ടും കോഴിക്കോട്ടേക്ക്……
ഇത്തവണ പുതിയൊരു വഴിത്തിരിവുണ്ടായി, എന്നെ സ്‌കൂളിൽ ചേർത്തു. ഗോവിന്ദവിലാസ് സ്‌കൂൾ അരക്കിണർ. ഒരു വിദ്യാർത്ഥിയായി യൂണിഫോമൊക്കെയിട്ട് ഞാനാദ്യമായ് കാലെടുത്തുവെച്ച അക്ഷരമുറ്റം. അവിടെയെനിക്ക് കൂട്ടുകാരായി ഉണ്ടായിരുന്നത് അർഷാദും നിഖിലും മാത്രമായിരുന്നു. മറ്റുമുഖങ്ങളൊന്നും ഞാനോർക്കുന്നില്ല. അതിനൊരു കാരണമുണ്ട്, എന്താണെന്ന് ചോദിച്ചാൽ ബാക്കിയുള്ളവരാരും എന്നോട് കൂട്ടുണ്ടായിരുന്നില്ല. കൊടക്കമ്പി എന്നൊരു വട്ടപ്പേരും എനിക്കവർ ചാർത്തി തന്നു. പിന്നെ ഉണ്ടായിരുന്നത് ഞങ്ങളുടെ കുടുംബസുഹൃത്തുക്കളായ അജിയും ഇത്താത്തമാരുമാണ്. ഉച്ചക്ക് ഇമ്മമ്മ ചോറുമായി വരും, ഇമ്മമ്മയാണ് കഴിപ്പിച്ചിരുന്നതും. നിഖിലിന്റെ അമ്മയുമുണ്ടാവും. ഉച്ചക്ക് ബെല്ലടിക്കുന്നത് വരെ നിഖിലിന്റെ കൂടെ കളിക്കും. ആ കാലത്ത് ഒരുത്തൻ അർഷാദിന്റെ തലക്ക് സ്ളേറ്റുകൊണ്ടടിച്ചു ചോരവന്നത് ഞാനോർക്കുന്നു.പിന്നെ കുറേക്കാലം കഴിഞ്ഞാണ് അവൻ സ്‌കൂളിൽവന്നത്. സ്‌കൂൾ വിട്ട് ഇടവഴിയിലൂടെ നടക്കുമ്പോൾ വഴിയിൽ കിടക്കുന്ന തീപ്പെട്ടിക്കൂടുകൾ പെറുക്കിയെടുക്കും, അതുകൊണ്ടൊരു കളിയുണ്ട്. സുധീഷേട്ടൻ പഠിപ്പിച്ചതാണ്, ഞങ്ങളുടെ തൊട്ടയല്പക്കമാണ് സുധീഷേട്ടന്റെ വീട്. മിക്കവാറും ഞാനും അനിയനും അവിടെത്തന്നെയായിരിക്കും. തങ്കേച്ചിയുടെ കൂടെ അടുക്കളയിലോ, സുമിയേച്ചിയുടെ കൂടെ ഓരോ കഥകൾ പറഞ്ഞോ അല്ലെങ്കിൽ സുധീഷേട്ടന്റെ കൂടെ കളിക്കുകയോ ആവും. എനിക്കൊരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു, ബബി എന്നുവിളിക്കും, ഞങ്ങളുടെ തൊട്ടടുത്ത വീട്, അവളും ഞാനും കണ്ണിമാങ്ങപെറുക്കിയും, ബദാം കാ കുത്തിപ്പൊട്ടിച്ചും, കഞ്ഞീം കറീം കളിച്ചും,ഊഞ്ഞാലാടിയും, ഇടക്ക് അടികൂടിയും വഴക്കിട്ടും സുന്ദരമാക്കിത്തീർത്ത നല്ലനാളുകൾ.
സ്‌കൂളിൽ പോക്ക് ഞാനും അർഷാദും ഒരുമിച്ചായിരുന്നു. അബു കാക്കാന്റെ കടയിൽ നിന്നും ചോരക്കട്ടി പെൻസിൽ വാങ്ങിക്കും, ഇടവഴിയിൽ നിന്നും കുന്നിക്കുരുവും മഞ്ചാടിയും പെറുക്കും. വഴിയരികിൽ പടർന്നു നിൽക്കുന്ന വള്ളികളിൽ ഒരു ചുവന്ന കായ ഉണ്ട്, അത് കണ്ടുകഴിഞ്ഞാൽ പിന്നെ ഒരക്ഷരം പോലും ഉരിയാടാതെ പറിക്കണം. പറിക്കുന്ന ആളോ കൂടെയുള്ള ആളോ മിണ്ടാൻ പാടില്ല. അറിയാതെയെങ്ങാനും ശബ്ദം വന്നുപോയാൽ തീർന്നു. പിന്നെയത് കഴിക്കാൻകൊള്ളില്ല, അതിന്റെ മധുരം മാറി കൈപ്പാവും, അതാണത്രേ “മിണ്ടാക്കായ”. ഈ വിവരങ്ങളൊക്കെ അർഷാദ് പറഞ്ഞു തന്നതാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും ഇന്നുവരെ എനിക്കത് മേല്പറഞ്ഞപ്രകാരം പറിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇടതുവശത്തായി അൽപ്പം ഉയർന്നുനിൽക്കുന്നൊരു തൊടിയുണ്ട്. അവിടുത്തെ മരങ്ങളിൽ എപ്പോഴും വവ്വാലുകളെ കാണാം. ഇപ്പോഴും അരക്കിണർ പോവുമ്പോൾ ആ ഭാഗത്തേക്ക് ഒന്ന് നോക്കാറുണ്ട്, തൂങ്ങിക്കിടക്കുന്ന വവ്വാലുകളുണ്ടോ എന്നറിയാൻ.
മഴപെയ്ത് ഇടവഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ വാല്മാക്രികളെ മീന്കുഞ്ഞുങ്ങളാണെന്നുകരുതി പിടിക്കാൻ നോക്കിയിട്ടുണ്ട്, അതൊക്കെ ഓരോ തമാശകൾ. ഒരുദിവസം സ്‌കൂൾ ഉച്ചക്ക് വിട്ടു. അന്ന് നടന്നു നടന്ന് അബു കാക്കയുടെ കടയുടെ അവിടെ എത്തിയപ്പോൾ, അതിനടുത്തായി പശു തൊഴുത്തുള്ള ഒരു വീടുണ്ട്, അതിന്റെ തൊട്ടടുത്തുള്ള പാടം പോലുള്ള സ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നു. അതിൽ നിറയെ മീനുകളുണ്ട്. അവിടെ കുറേ പയ്യന്മാർ മീൻപിടിക്കുന്നു. ഞാൻ അവരുടെ കൂടെക്കൂടി. അർഷാദ് പറഞ്ഞതാ; വേണ്ട നമുക്ക് പോകാമെന്ന്, ഞാൻ കേട്ടില്ല, അവനോട് പൊയ്‌ക്കോളാൻ പറഞ്ഞു. മീൻപിടുത്തം അരങ്ങുതകർത്തു. സമയം പോയതറിഞ്ഞില്ല, ഇമ്മമ്മ എന്നെക്കാണാതെ വിഷമിച്ചിരിപ്പാണ്. അവസാനം മീന്പിടിത്തമൊക്കെ കഴിഞ്ഞ് കിട്ടിയ ഒന്നുരണ്ടു മീനിനെ പ്ലാസ്റ്റിക് കുപ്പിയിലിട്ട് ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോൾ ഇമ്മമ്മ നോക്കി നിൽപ്പുണ്ട്. ” ഇമ്മമ്മാ ഇനിക്ക് മീനിനെ കിട്ടി”, ഞാൻ സന്തോഷത്തോടെ പറഞ്ഞു.
“അല്ല മോനേ, അന്റെ ബാഗും കുടയും എവിടെ …?”…
അപ്പോഴാണ് ഞാനക്കാര്യമോർത്തത്. മീൻ പിടിക്കുന്നിടത്തെവിടെയോ ഞാനത് മറന്നുവെച്ചു. അന്ന് കുറേ വഴക്കുകേട്ടു.പാവം ഇമ്മമ്മ, എങ്ങനെയൊക്കെയോ പോയി അത് കണ്ടുപിടിച്ചു കൊണ്ടുവന്നു.
ഇങ്ങനെയൊക്കെ നല്ലകുട്ടിയായി എന്റെ സ്‌കൂൾജീവിതം മുന്നോട്ടുപോവുമ്പോഴാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ ആഷിക്കിനെ കാണാൻ ഞങ്ങള് പോയത്. അവിടെ താത്തയും വെല്ലിപ്പയും ഉണ്ടായിരുന്നു. കുറേക്കാലമായി നിലമ്പൂരിൽ നിന്നും വിട്ടുനിന്നതുകൊണ്ടാണോ എന്നറിയില്ല, അവിടുത്തെ ഓരോ രസങ്ങൾ ആലോചിച്ചപ്പോൾ ഞാനവരുടെ കൂടെ നിലമ്പൂരിലേക്ക് പോവണമെന്ന് വാശിപിടിച്ചു.
മോനേ, അനക്ക് സ്‌കൂളിൽ പോവണ്ടേ..? സ്‌കൂള് പൂട്ടുമ്പോൾ നമ്മക്ക് പോവാം..ഇമ്മമ്മ പറഞ്ഞു.
അതൊന്നും ഞാൻ ചെവികൊണ്ടില്ല. ഞാനവരുടെ കൂടെ പുറപ്പെട്ടു.പക്ഷേ അന്ന് ഞാനറിഞ്ഞിരുന്നില്ല ദീർഘകാലത്തേക്കുള്ള ഒരു പറിച്ചുനടലിന് ഞാനായിട്ടുണ്ടാക്കിക്കൊടുത്ത അവസരമായിരുന്നു ആ യാത്രയെന്ന്…അറിഞ്ഞിരുന്നെങ്കിൽ…ഹാ.. ഇനി പറഞ്ഞിട്ട് കാര്യമില്ല.
അതിനുശേഷം എനിക്കൊരിക്കലും എന്റെ സ്‌കൂളിലേക്ക് മടങ്ങിയെത്താനായില്ല. അതിനനുസൃതമായ തിരക്കഥകൾ നേരത്തെ രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് എന്റെ വിദ്യാർത്ഥി ജീവിതത്തിന് വേദിയായത് വെളുമ്പിയം പാടം എം.കെ.എം.എം. എൽപി സ്‌കൂളായിരുന്നു. കുനിപ്പാലയിൽ എനിക്ക് ഒന്നിനുമൊരു കുറവുണ്ടായിട്ടല്ല, ആ നാടും അവിടുത്തെ കൂട്ടുകാരും, അനുഭവങ്ങളുമെല്ലാം എനിക്കെപ്പോഴും പ്രിയപ്പെട്ടതുതന്നെ. പക്ഷേ, ആ കാലത്ത് ഞാൻ മാനസികമായി ഏറെ ഇഷ്ടപ്പെട്ടിരുന്നതും, ആഗ്രഹിച്ചിരുന്നതും, അരക്കിണറും അവിടുത്തെ ജീവിതവുമാണ്. അന്നത് മനസ്സിലാക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെ ഞാനും, എന്റെ അനിയനും, ഉമ്മയും രണ്ടിടത്തായി പിരിഞ്ഞു. സ്‌കൂൾ അവധിക്കാലത്ത് വളരെ ചുരുങ്ങിയനാളുകൾ ചെലവഴിക്കാൻ വന്നെത്തുന്ന വിരുന്നുകാരനെപോലെയായിരുന്നു പിന്നെ ഞാൻ അരക്കിണറിൽ വരുന്നത്.ഓരോ അവധിക്കാലം കഴിയുമ്പോഴും എന്നെ കൊണ്ടുപോകാൻ വെല്ലിപ്പ വരും. ചിലപ്പോൾ കാലത്തുതന്നെ എത്തും.അങ്ങനെയെങ്കിൽ അന്നുതന്നെ യാത്രപുറപ്പെടണം.ഉച്ചകഴിഞ്ഞാണ് വരുന്നതെങ്കിൽ അടുത്ത ദിവസം പുറപ്പെട്ടാൽ മതി. ഇന്ന് റെസ്റ്റ് എടുത്തിട്ട് നാളെ പോയാൽ പോരേ എന്ന ഇമ്മമ്മയുടെ ചോദ്യത്തിന് വെല്ലിപ്പ സമ്മതം മൂളുന്നതിനായി ഞാൻ പ്രാർത്ഥിച്ചിരുന്നു. കാരണം അങ്ങനെ നീട്ടിക്കിട്ടുന്ന ആ ഒരുദിവസത്തിന് ആയിരം വര്ഷങ്ങളേക്കാൾ മൂല്യമുണ്ടായിരുന്നു അന്നെനിക്ക്. തിമിർത്തുപെയ്യുന്ന മഴയുടെ അകമ്പടിയോടെ യാത്രപുറപ്പെടുകയായി. ഇടവഴികളെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുന്നുണ്ടാവും. മുട്ടോളം മടക്കിവെച്ച പാന്റ്, ഒരുകയ്യിൽ ഊരിപ്പിടിച്ച ചെരിപ്പുകൾ, മറുകയ്യിൽ നിവർത്തിപ്പിടിച്ച പുള്ളിക്കുട,
സമീപത്തെ വീടുകളിൽ നിന്നും ടേപ്പ് റെക്കോർഡറുകൾ പാടുന്നുണ്ടാവും. മഴകാരണം ബസ്സിന്റെ വിൻഡോ ഷട്ടറുകൾ അടഞ്ഞുകിടക്കുകയാവും, ഇരുട്ടിൽ ജനാലയോട് മുഖം ചേർത്തുപിടിച്ച് ഞാൻ കരയാറുണ്ടായിരുന്നു.
പക്ഷേ, കുനിപ്പാല ചെന്ന് രണ്ടുദിവസം സ്‌കൂളിലൊക്കെ പോവുമ്പോൾ ആ വിഷമം ഒക്കെ മറക്കും. ഓരോ അദ്ധ്യയന വർഷവും ഇതിന്റെ ആവർത്തനങ്ങളായിരുന്നു. ദീർഘകാലത്തെ കുനിപ്പാലയിലെ ജീവിതം എന്നെ പൂർണ്ണമായും ഒരു കുനിപ്പാലക്കാരനാക്കി മാറ്റിയിരിക്കുന്നു. ഇപ്പോൾ ഞാനെന്ന വ്യക്തിക്ക് പൂർണ്ണതയുള്ളത് ആ നാട്ടിൽ മാത്രമാണ്. മറ്റെവിടെയും ഞാൻ തീർത്തുമൊരപരിചിതൻ. വീണിടം വിഷ്ണുലോകം എന്നതിലേക്ക് എന്റെ മനസ്സിപ്പോൾ പാകപ്പെട്ടിരിക്കുന്നു.അതിന് കാരണവും പലയിടത്തായുള്ള ഈ ജീവിതമാണ്.
“മദിരാശിപ്പട്ടണം” “മഡ്രാസ്സ്” , ഇന്ന് ചെന്നൈ എന്ന പേരിലറിയപ്പെടുന്ന ഈ നഗരത്തിലെ പെരമ്പൂർ എന്ന സ്ഥലത്തുള്ള ഒരു ഫ്‌ളാറ്റിന്റെ ബാൽക്കണിയിലാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്…ഈ ബാൽക്കണിയിലാണ് ഞാൻ ഏറെ സമയം ചിലവഴിച്ചിരുന്നത്..ഇവിടെയാണ് എന്റെ കാഴ്ചകളുടെ തുടക്കം.. എന്റെ മനോരാജ്യങ്ങളും സങ്കൽപ്പങ്ങളും ചിറകുവിടർത്തിയത് ഇവിടെയാണ്…ഇവിടെ നിന്ന് നേരെ ദൂരേക്ക് നോക്കിയാൽ പച്ചവിരിച്ച മലനിരകൾ കാണാം..(സഹ്യനായിരിക്കാം അതെന്ന് ഇപ്പോൾ ഊഹിക്കുന്നു).. ആ മലനിരകൾക്കപ്പുറത്ത് പറഞ്ഞുകേട്ടിട്ടുള്ള നാടിനെക്കുറിച്ചു ഞാൻ വെറുതെ സങ്കൽപ്പിച്ചു നോക്കും.. പക്ഷേ ആ ചിത്രങ്ങളൊന്നും ഓർത്തെടുക്കാൻ എനിക്ക് പറ്റുന്നില്ല..ഫ്‌ളാറ്റിന് നേരെ എതിർവശത്തായി ഒരു ഐസ് കമ്പനിയാണ്.. അതിന്റെ മുകളിലത്തെ നിലയിൽ നിന്നും എപ്പോഴും കോഴികളുടെ കരച്ചിൽ കേൾക്കാം..ഇടയ്ക്കിടെ ആരോ ഒരാൾ കോഴികളുടെ പിറകെ ഓടുന്നതായി കാണാം..
പക്ഷേ ആളിന്റെ രൂപം വ്യക്തമാവുന്നില്ല..കോഴികളെ ഓടിച്ചിട്ടു പിടിച്ചുതിന്നുന്ന കുറുക്കൻ എന്ന ഭീകരജീവിയെക്കുറിച്ച് ഇമ്മമ്മ പറഞ്ഞുതന്നത് ഓർമ്മവന്നു.. ദുഷ്ടനായ കുറുക്കന്റെ കയ്യിലകപ്പെട്ടുപോവുന്ന പാവം കോഴികളുടെ ദുർവിധിയോർത്ത് ഞാൻ വെറുതെ നെടുവീർപ്പിട്ടു..താഴത്തെ നിരത്തിൽ ഒരു ടെമ്പോ വരാറുണ്ടായിരുന്നു..അതിനകത്ത് ഇരുമ്പു പെട്ടികൾക്കുള്ളിൽ നിറയെ കോഴികളുണ്ടാവും..ടെമ്പോ വരുന്നതും, വെളുവെളുത്ത കോഴികളെ അവിടെ ഇറക്കുന്നതും, അവയെ പിന്നീട് ആ കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടുപോവുന്നതുമെല്ലാം ഞാൻ വളരെ കൗതുകത്തോടെ നോക്കിനിൽക്കും…ഒരിക്കൽ ആപ്പാപ്പാന്റെ കൂടെ (എന്റെ ഉപ്പയുടെ അനിയൻ ) ഞാൻ അവിടെപ്പോയി.. അപ്പോഴാണ് കോഴിയെ ഓടിക്കുന്ന ശരിക്കുള്ള കുറുക്കനെ മനസ്സിലായത്..അതൊരു കോഴിക്കടയായിരുന്നു..ഞങ്ങളുടെ വീട്ടിലേക്ക് കോഴിവാങ്ങാൻ പോയതായിരുന്നു അന്നവിടെ.. വെറുതേ പാവം കുറുക്കനെ സംശയിച്ചു, പാവത്താനായ കുറുക്കാ നീയെന്നോട് ക്ഷമിക്കൂ, ഞാനിതൊന്നും അറിഞ്ഞിരുന്നില്ല…
താഴത്തെ നിരത്തിൽ എപ്പോഴും ആൾത്തിരക്കാണ് .. ആകെമൊത്തം ബഹളമയമായ അന്തരീക്ഷം. പലവർണ്ണങ്ങളിലുള്ള പ്ലാസ്റ്റിക് കുടങ്ങളിൽ കുടിവെള്ളവുമായി പോവുന്ന പെട്ടി സൈക്കിളുകൾ, ഐസ്ക്രീമും കുൽഫിയും വിൽക്കുന്നവർ, ഭായിയുടെ പലചരക്ക് കടയിലെ ബഹളങ്ങൾ.. ഒരു നീളമുള്ള കമ്പിന് ഇരുവശത്തുമായി തൂക്കിയിട്ടിരിക്കുന്ന കൂടുകളിൽ ഓരോതരം കിളികളുമായി കിളിവിൽപ്പനക്കാർ. ഇടക്ക് ആർപ്പും മേളവും പുഷ്പവര്ഷങ്ങളുമായി കടന്നുപോവുന്ന ശവമഞ്ചങ്ങൾ. അകലെയെവിടെയോ പാറിനടക്കുന്ന നൂലുപൊട്ടിയ പട്ടങ്ങൾ. അങ്ങനെ പലതരം കാഴ്ചകൾ. ചിലപ്പോൾ കൂടുതൽ വ്യക്തതക്കായി ബാൽക്കണിയുടെ ചെറിയ തൂണുകൾക്കിടയിലൂടെ ഞാൻ തലപുറത്തേക്കിടുന്നതും , തലതിരിച്ചെടുക്കാനാവാതെ അവിടെ കുടുങ്ങുന്നതും ഒരു പതിവായിരുന്നു.. കുടുങ്ങി എന്നുറപ്പായാൽ ഞാൻ ഉറക്കെ നിലവിളിക്കും. അപ്പോൾ ഷാനാത്തയോ ഇമ്മമ്മയോ ഓടിവന്ന് വളരെ കഷ്ടപ്പെട്ട് എന്റെ തല ഊരിയെടുത്തു തരും.. പക്ഷേ അതുകൊണ്ടൊന്നും ഞാൻ ആ പരിപാടി നിർത്തിയില്ല….(ഷാനാത്ത എന്റെ എളാമ്മയാണ് ഉമ്മയുടെ അനിയത്തി)…..
വീട്ടിലൊരു അക്വേറിയമുണ്ട്. മീനുകളുടെ പരിപാലകൻ വാപ്പാപ്പയായിരുന്നു (ഉമ്മയുടെ ഉപ്പ)… അദ്ധേഹം മീനുകൾക്ക് തീറ്റകൊടുക്കുന്നതും, അക്വേറിയത്തിലെ വെള്ളം മാറ്റുമ്പോൾ ചെറിയ അരിപ്പ കൊണ്ട് മീനുകളെ പതുക്കെ മാറ്റിയിടുന്നതും നോക്കിക്കൊണ്ട് ഞാൻ അടുത്തുതന്നെ ഉണ്ടാവും. അവസരം കിട്ടിയാൽ ഞാൻ അതിൽ കയ്യിട്ട് മീൻപിടിക്കുമെന്ന് മൂപ്പർക്കറിയാവുന്നത് കൊണ്ട് എപ്പോഴും എന്റെ മേലൊരു കണ്ണുണ്ടാവും.. ഒരുതരം ചില്ലുവിളക്കുണ്ട് , അതിനുള്ളിൽ കോഴിമുട്ട പോലെ ഒരു സൂത്രം. അതിന് തീകൊടുക്കുമ്പോൾ ബൾബ് പോലെ പ്രകാശിക്കുന്നു..വെളിച്ചം അണഞ്ഞിരിക്കുന്ന സമയത്ത് അതിലൊന്ന് തൊട്ടാൽമതി അത് ഒരുപിടി ഭസ്മമായിത്തീരും. അതിലൊന്ന് തൊട്ടുനോക്കാനുള്ള ജിജ്ഞാസ എനിക്കുണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ..അങ്ങനെ ഒരുദിവസം ആരും കാണാതെ ഞാൻ എത്തിപ്പിടിച്ച് ഞെരിച്ചു.. അത് തവിടുപൊടിയായി.ഒന്നുമറിയാത്തവനെപ്പോലെ ഞാൻ നൈസായിട്ട് മുങ്ങി. പാവം വാപ്പാപ്പ, വളരെ പാടുപെട്ട് അത് മാറ്റിയിട്ടു, അദ്ധേഹം അത് മാറ്റിയിടുന്ന കാഴ്ച്ച അദ്‌ഭുതകരമായിരുന്നു. എന്റെ അഭിപ്രായത്തിൽ അത് അദ്ധേഹത്തിന് മാത്രം നിർവ്വഹിക്കാൻ കഴിയുന്ന ഒന്നായിരുന്നു..ഈ സംഭവം ഇടയ്ക്കിടെ ആവർത്തിച്ചു. ഞാനല്ലാതെ മറ്റാരും ഇങ്ങനൊരു കുരുത്തക്കേട് ഒപ്പിക്കില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു..ഇടക്ക് വഴക്ക് കേൾക്കും , പക്ഷേ അതുകൊണ്ടെന്തുകാര്യം.. ? ……
വർഷങ്ങൾക്ക് ശേഷം ആ വിളക്കിന്റെ പേര് പെട്രോമാക്സ് എന്നായിരുന്നു എന്ന് ഞാൻ അറിയുകയുണ്ടായി.. എന്റെ ഓർമ്മകളിൽ അദ്‌ഭുതങ്ങൾ പ്രവർത്തിക്കുന്ന ജീനിയസ്സും, അളവറ്റ സ്നേഹവാത്സല്യങ്ങൾക്കുടമയുമായിരുന്നു അദ്ധേഹം. പക്ഷേ അധികകാലം ആ സ്നേഹമനുഭവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ല. എനിക്ക് ബുദ്ധിയുറച്ചുതുടങ്ങും മുൻപേ ഞങ്ങളെ വിട്ടു പോയെങ്കിലും ഓർമ്മകളിലെപ്പോഴും ആ സ്നേഹദീപം നിറഞ്ഞുനില്ക്കുന്നു.. മഡ്രാസ്സിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു അദ്ധേഹം.അങ്ങനെയാണ് ഞങ്ങളുടെ കുടുംബം മഡ്രാസ്സിലേക്ക് കുടിയേറിയത്..
ഉപ്പാന്റെ കൂടെയുള്ള സായാഹ്നസവാരികൾ, ഉപ്പ പോവുന്നിടത്തൊക്കെ എന്നെയും കൂടെക്കൊണ്ടുപോവും. ഉപ്പാനെ കിട്ടിയില്ലെങ്കിൽ ആപ്പാപ്പാന്റെ കൂടെക്കൂടും..ചിലപ്പോൾ ഞങ്ങളുടെ കഫെറ്റീരിയയിൽ, അതിനടുത്താണ് തീവണ്ടി നിർമ്മിക്കുന്ന സ്ഥലമുള്ളതെന്ന് ഉപ്പ പറഞ്ഞുതന്നിട്ടുണ്ട്..പെരമ്പൂര് റെയിൽവേസ്റ്റേഷനടുത്തുള്ള പാലത്തിനുമുകളിൽ നിന്നുകൊണ്ട് തീവണ്ടികൾ വരുന്നതും പോവുന്നതും കാണിച്ചുതരും. കൂട്ടത്തിൽ ചില തീവണ്ടികൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തവും, ആളുകൾ കയറാത്തവയുമായിരുന്നു..അതിനെപ്പറ്റി ചോദിച്ചപ്പോൾ, ചരക്കു സാധനങ്ങൾ കൊണ്ടുപോവുന്നതിനുള്ള ഗുഡ്‌സ് ട്രെയിൻ എന്ന വിഭാഗമാണ് അതെന്ന് ഉപ്പ പറഞ്ഞുതന്നു..ഞങ്ങളെല്ലാവരും ഒരുമിച്ചുള്ള ചിലയാത്രകളുണ്ട്.. എക്സിബിഷൻ, പാർക്കുകൾ, ബീച്ചുകൾ, അങ്ങനെയങ്ങനെ രസകരമായ യാത്രകൾ. അങ്ങനൊരു യാത്രയിൽ ഏതോ ഒരു പാർക്കിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ..എല്ലാവരുടെയും കൂടെ ഞാനും പാതിയെ എന്തോ ഓർത്തുകൊണ്ടങ്ങനെ നടന്നു..ഈ പകൽക്കിനാവ് കാണുന്ന പരിപാടി അന്നേ ഉണ്ടായിരുന്നു..ഇപ്പോഴും അതിന് മാറ്റമില്ല..എന്റെ അനിയൻ ചോദിക്കാറുണ്ട് നീയെന്താ നടക്കുമ്പോൾ ഇടയ്ക്ക് ഒറ്റക്ക് ചിരിക്കുന്നതെന്ന്.. അപ്പോൾ പറഞ്ഞുവന്ന കഥയിലേക്ക് കടക്കാം..ആ നടത്തം കുറേ ദൂരം പിന്നിട്ടപ്പോൾ ചിന്തകളിൽ നിന്നുണർന്ന ഞാൻ ഞെട്ടിപ്പോയി..കൂടെനടന്നവരോ മുന്പിലുള്ളരോ ഒന്നും എന്റെ ആരുമല്ലാത്തവർ.കൂട്ടം തെറ്റിയ കുഞ്ഞാടായി ഏതോ ഒരു പ്രതിമയുടെ മുന്നിൽ തളർന്നു ഞാൻ നിന്നു..ചുറ്റുമുള്ളതെല്ലാം എനിക്കപരിചിതമായ മുഖങ്ങൾ.. അവയോരോന്നും എന്നെ ഭയപ്പെടുത്താൻ തുടങ്ങി..ഇനിയെന്തുചെയ്യുമെന്നറിയാതെ ഞാൻ പകച്ചുനിന്ന നിമിഷങ്ങൾ. പറഞ്ഞുകേട്ട കഥകളിലെ ക്രൂരനായ ആ മനുഷ്യനെ ഞാനവിടെ പ്രതീക്ഷിച്ചു. അതെ ഇനി അധികം വൈകാതെ അയാൾ വരും, എന്നെ പിടിച്ചുകൊണ്ടുപോവും. ഒരുപക്ഷെ എൻറെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടേക്കാം..തെരുവോരങ്ങളിൽ ഭാണ്ഡക്കെട്ടുമായി കുപ്പപെറുക്കുന്ന കീറിപ്പറിഞ്ഞ ജീവിതങ്ങളെ ഞാനോർത്തു..തീവണ്ടിയിലും മറ്റും പാട്ടുപാടി ചില്ലറപ്പാത്രം നീട്ടുന്ന ദയനീയ മുഖങ്ങളെ ഞാൻ മനസ്സിൽ കണ്ടു..ഇനിയവരിലൊരാളായി ഞാനുമൊരു തെരുവുതെണ്ടിയായി അവരോധിക്കപ്പെടും..പേടിച്ചരണ്ട കണ്ണുകളിലേക്ക് ആശ്വാസത്തിന്റെ മാലാഖയായ് തെളിഞ്ഞുവന്ന ചിത്രം ഷാനാത്തയുടേതായിരുന്നു..ഇടക്കെപ്പോഴോ എന്നെക്കാണാതായ വിഷമത്തിൽ തിരഞ്ഞുനടക്കുകയായിരുന്നു അവരെല്ലാം.. പെട്ടെന്ന് ഷാനാത്തയുടെ മുഖം മുന്നിൽ തെളിഞ്ഞപ്പോൾ, ആ നിമിഷം സ്വർഗ്ഗാരോഹിതനായ പോലെ തോന്നി എനിക്ക്..കൂട്ടംതെറ്റി നടന്നതിന് കുറേ വഴക്ക് കേട്ടെങ്കിലും പിന്നീടങ്ങോട്ടുള്ള യാത്രയിലുടനീളം ആരെങ്കിലുമൊരാൾ എന്റെ കൈ മുറുകെ പിടിച്ചിരുന്നു. അലയൊതുങ്ങിയ കടൽപോലെ ശാന്തമായിരുന്നു അപ്പോളെന്റെ മനസ്സ്…
ഇമ്മമ്മ സാരിയൊക്കെ ഉടുത്ത് റെഡിയാവുന്നത് കണ്ടാൽ എനിക്കറിയാം അത് മാർക്കെറ്റിലേക്കുള്ള പുറപ്പാടാണെന്ന്. കൂടെ പോവണമെന്നുള്ളത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. അതിനായി ഇമ്മമ്മ ഒരുങ്ങുന്നതുംകാത്ത് കാലത്ത് തന്നെ ഞാൻ ജാഗരൂകനായി ഇമ്മമ്മാന്റെ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കും. മാർക്കറ്റിലെ കാഴ്ചകൾ എനിക്കിഷ്ടമായിരുന്നു . ഓരോ ഇനം കായ്കറികളുമായി നിരന്നിരിക്കുന്ന മുഖങ്ങളോരോന്നായി ഞങ്ങൾ സന്ദർശിക്കും. ഇമ്മമ്മ അവരുമായി വിലപേശുന്നതും, സാധനങ്ങൾ തിരഞ്ഞെടുക്കുന്നതുമെല്ലാം എനിക്കെപ്പോഴും കൗതുകം നിറഞ്ഞ കാഴ്ചകളായിരുന്നു. ഞണ്ട് വാങ്ങിക്കണമെന്ന് നിർബന്ധംപിടിച്ച് ഇമ്മമ്മാനെ മീൻ വിൽക്കുന്നിടത്തേക്ക് പിടിച്ചുവലിച്ചോണ്ട് പോവും..ഇനിയുള്ള എന്റെ പ്രധാന ആവശ്യം എനിക്ക് വളർത്താൻ ജീവനുള്ള ഞണ്ടിനെ വേണം എന്നുള്ളതാണ്. മിക്കവാറും ഒന്നിനും ജീവനുണ്ടാവില്ല. പക്ഷേ ഒരുദിവസം ഒരു മിടുക്കൻ ഞണ്ടിനെ ഞങ്ങൾ കണ്ടെത്തുകതന്നെ ചെയ്തു. ഞാൻ ഭയങ്കര ധൈര്യശാലിയായിരുന്നതുകൊണ്ട് അതിനെപ്പിടിച്ച് വീട്ടിലെത്തിക്കേണ്ട ചുമതല ഇമ്മമ്മയിൽ നിക്ഷിപ്തമായി..അതിപ്പോ ഞണ്ടിനെ കറിവെച്ചാലും അത് നുള്ളിപ്പൊളിച്ച് കാമ്പ് പുറത്തെടുത്ത് തരുന്നതും ഇമ്മമ്മയോ അല്ലെങ്കിൽ എന്റെ ഉമ്മയോ ആയിരുന്നു..അങ്ങനെ റിസ്ക്ക് ഒന്നുമില്ലാതെ ഞാൻ ഞണ്ട് കഴിക്കും. കുറച്ചുകാലം മുൻപുവരെ അത് അങ്ങനെയൊക്കെത്തന്നെയായിരുന്നു. അങ്ങനെ ഞങ്ങൾ സാഹസികമായി തിരഞ്ഞുകണ്ടുപിടിച്ച ആ രസികൻ ഞണ്ടിനെ ഒരു മഞ്ഞ പ്ലാസ്റ്റിക് ബേസിനിൽ വെള്ളംനിറച്ച് അതിൽ നിക്ഷേപിച്ചു..കുളിമുറിയിലെ അലക്കുകല്ലിനുമുകളിലായിരുന്നു അതിന്റെ സ്ഥാനം. ഇടക്ക് ഞാനവിടെ പോയി അതിന്റെ കളികൾ നോക്കിനിൽക്കും. ചിലപ്പോ ഉമ്മയും ഉണ്ടാവും കൂട്ടിന്. അതിന് തിന്നാൻ ചോറ് ഇട്ടുകൊടുക്കും. പക്ഷേ ആ സാധനം അതൊന്നും തിരിഞ്ഞുനോക്കുകപോലുമില്ല. അഹങ്കാരി ഞണ്ട്, പട്ടിണികിടക്കട്ടെ, അല്ലപിന്നെ. ആ ഞണ്ടിന് പിന്നീടെന്തുസംഭവിച്ചു എന്നൊന്നും ചോദിക്കരുത്..
ഒരിക്കൽ എന്റെ പുന്നാര ഉപ്പ എന്നെ കണക്ക് പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. അകത്തെ മുറിയിൽ നിലത്ത് കുറച്ചു പൈസ കൂട്ടിയിട്ടിരിക്കുന്നു. എന്നെപ്പിടിച്ച് അവിടെയിരുത്തി ഉപ്പ എന്നെ എണ്ണം പഠിപ്പിച്ചു .എന്നിട്ട് കുറച്ചു ചില്ലറനാണയങ്ങളെടുത്തുതന്നിട്ട് എണ്ണിനോക്കാൻ പറഞ്ഞു. ഞാൻ എണ്ണും തെറ്റിക്കും, വീണ്ടും എണ്ണും വീണ്ടും തെറ്റിക്കും.ഇതിങ്ങനെ തുടർന്നപ്പോൾ ഉപ്പാക്ക് ദേഷ്യം വരാൻ തുടങ്ങി. ദുഷ്ടനായ എന്റെ ഉപ്പ ആ രാത്രിയിൽ എന്നെ ബാൽക്കണിയിലാക്കി വാതിലടച്ചുകളഞ്ഞു..രക്ഷപെടാൻവേണ്ടി ഞാൻ ജനലിൽക്കൂടെ എത്തിനോക്കി ഒച്ചവെച്ചു.യാതൊരു മനസ്സാക്ഷിയുമില്ലാതെ മുറിയിലിരുന്ന് പൈസയെണ്ണിക്കളിക്കുന്നു എന്റെ ഉപ്പ. നിലവിളിച്ച് അലമ്പാക്കുകയല്ലാതെ വേറെ വഴിയില്ല..പക്ഷേ അപ്പോഴേക്കും തെരേസ ചേച്ചി വന്ന് എന്നെ രക്ഷിച്ചു. തെരേസ ചേച്ചി ആരാന്ന് ചോദിച്ചാൽ മേരിയേച്ചിയുടെ മോളാണ്..മേരിയേച്ചി ആരാന്ന് ചോദിച്ചാൽ മഡ്രാസ്സിലെ ഞങ്ങളുടെ കുടുംബസുഹൃത്തുക്കളാണ് മേരിയേച്ചിയും കുടുംബവും. എന്നെ വല്യ കാര്യമായിരുന്നു അവർക്കൊക്കെ. അങ്ങനെ ആ പരീക്ഷണത്തിൽ നിന്നും ഒരുവിധം ഞാൻ രക്ഷപെട്ടു. അല്ലേലും വീട്ടിൽ അതിഥികൾ വരുമ്പോഴാണല്ലോ ഇത്തരം കലുഷിത സാഹചര്യങ്ങളിൽ നിന്നും നമ്മൾ തടിയൂരുന്നത്. “അവരാണ് രക്ഷകർ, അവരപ്പോൾ ദൈവദൂതരെപ്പോലെയത്രേ”….
ഈ ചരിത്രസംഭവത്തിന്റെ ആവർത്തനങ്ങൾ പിൽക്കാലത്തുമരങ്ങേറി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഖദീജ ടീച്ചർ എന്നെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ :-
“കണക്കിന്റെ എ ബി സി ഡി ഓനറിയൂല”
അതുപോലെ പന്ത്രണ്ടാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷക്ക് മുൻപായി ജെമിനി ടീച്ചർ എനിക്ക് നൽകിയ ഉപദേശം ഇപ്രകാരം :-
“ജാസിമേ, നീ വെറുതെ ആ നാഷണൽ ഇൻകം കാൽക്കുലേറ്റ് ചെയ്ത് സമയം പാഴാക്കാൻ നിൽക്കരുത്, അത് നിന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല”….
കണക്കിലുള്ള എന്റെയീ പ്രാവീണ്യം കോളേജിൽ പഠിക്കുന്നകാലത്ത് “പ്രമീള ടീച്ചറും” ശരിക്കുമനുഭവിച്ചിട്ടുണ്ടാവും… വർഷങ്ങൾക്ക് മുൻപുള്ള ആ രാത്രിയിലെന്നെ കണക്ക് പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ പാവമെന്റെ ഉപ്പ അറിഞ്ഞുകാണില്ല ഭാവിയിൽ ഇത്രയേറെ അംഗീകാരങ്ങൾ അദ്ധ്യാപകരിൽ നിന്നുമേറ്റുവാങ്ങാൻ പോവുന്ന ഒരു മഹാനെയാണ് പഠിപ്പിക്കാൻ ശ്രമിച്ച് സമയം പാഴാക്കുന്നതെന്ന്.
റാഗിമാൾട്ട് കലക്കിയ പാലുമായി എന്റെ ഉമ്മ വരുന്നതോടെ ഒരു ദിവസത്തിന് തിരശീല വീഴുകയായി. അത് കുടിച്ചുകഴിയുന്നതോടെ എനിക്കുറങ്ങാനുള്ള സമയമായി.എന്നാൽ ഇനി ഞാനുറങ്ങട്ടെ…….
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ കാമത്തിന്റെ പൂർത്തീകരണം.. അതിനു സമൂഹം ഒരുക്കിക്കൊടുത്ത മാർഗ്ഗം ആണ് വൈവാഹിക ജീവിതം….. എന്നാൽ അവനിൽ നില നില്ക്കുന്ന തീവ്രമായ ലൈംഗിക ചോദനകൾ ഈ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാതെയായി… അല്ലെങ്കിൽ ലൈംഗിക ദാഹം പൂർണ്ണമായി ശമിപ്പിക്കുന്നതിന് കുടുംബം എന്ന സ്ഥാപനം പോരാതെ വന്നു…… അത് മതിൽക്കെട്ടുകൾ പൊട്ടിച്ചു പുറത്തു ചാടി…..
സമൂഹത്തിന്റെ അടക്കാനാവാത്ത ലൈംഗിക ദാഹത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞു വന്ന ഒരു വിഭാഗം ആണ് ലൈംഗിക തൊഴിലാളികൾ… കായികാധ്വാനം ഉള്ള മറ്റേതു ജോലിയും പോലെ അവർ അത് ഭംഗിയായി നിർവ്വഹിക്കുന്നു … ഏത് തരത്തിൽ ഉള്ള ഉപഭോക്താവിനെയും അവർ തൃപ്തിപ്പെടുത്തുന്നു…
നമ്മുടെ നാട്ടിൽ ലൈസെൻസോടെ പ്രവർത്തിക്കുന്ന വേശ്യാലയങ്ങൾ ഉണ്ട്…
ഈ പറയുന്നവർ ആരും ജന്മനാ ലൈംഗിക തൊഴിലാളിയോ വേശ്യയോ ആയി ജനിച്ചവരല്ല.. പുരുഷ വർഗ്ഗത്തിന്റെ കാമാന്ധതയുടെ ബലിയാടുകളാണ് … ഇവരെ ഈ തൊഴിലിലേക്ക് വലിച്ചിഴച്ചത് ഈ സമൂഹത്തിലെ ഇരുണ്ട യാഥാർത്യങ്ങളാണ്..
ഈ സംവിധാനങ്ങൾ എല്ലാം ഉണ്ടായിട്ടും നിരന്തരമായി നമ്മുടെ കണ്മുന്നിൽ കടിച്ചു കീറപ്പെടുന്ന പെണ്‍ ശരീരങ്ങൾ എത്രയോ ഉണ്ട്… ഇരകൾ എന്നെന്നും ചെളിക്കുണ്ടിൽ തന്നെ കിടക്കണം എന്നത് സമൂഹത്തിലെ ഒരു അലിഖിത നിയമമാണ്..
അവർക്ക് ഒരു അതിജീവനം അസാധ്യമാക്കുന്നത് ഇവിടുത്തെ നാറിയ വ്യവസ്ഥകളാണ്… കപട സദാചാരത്തിന്റെ കഴുകൻ കണ്ണുകൾ അവരെ എപ്പോഴും കൊത്തി വലിക്കുന്നു… അവരെ പരിഹാസത്തോടെ നോക്കുന്നു..
അവരുടെ ശരീരങ്ങൾ തേടി ഇരുട്ടിന്റെ മറ പറ്റി മാംസ ദാഹിളായ ചെന്നായ്ക്കൾ അവരെ പിന്തുടരുന്നു ….
ഗതികേടിന്റെ അങ്ങേയറ്റത്ത് അവർ സ്വന്തം ശരീരം വില്പ്പനക്ക് വെക്കുന്നു അഥവാ ഇതിനെ ഒരു ഉപജീവന മാർഗമായി സ്വീകരിക്കുന്നു… ഇത് ഇവർക്ക് ശാരീരിക സുഖത്തിനുള്ള മാർഗം അല്ല മറിച്ച് ഒരു ജീവിതോപാധിയാണ്.. വിശപ്പടക്കാനുള്ള അന്നം കണ്ടെത്താനുള്ള വഴിയാണ്… മറ്റേതു തൊഴിലും പോലെ ഇതും മാനിക്കപെടെണ്ടത് തന്നെ… ആവശ്യക്കാർ ഉള്ളത് കൊണ്ടാണ് ഈ തൊഴിൽ നിലനില്ക്കുന്നത്..
ഇവർ എന്നും കൊള്ളരുതാത്തവരും ഇവരുടെ തൊഴിൽ ഹീനവും.. ഇരുട്ടിനെ മറയാക്കി ഇവരെ ഭോഗിക്കുന്നവർ എന്നും മാന്യരും നല്ലവരും ആവുന്നത് എന്ത് കൊണ്ടാണ്….
തന്റെ ലൈംഗിക ചോദനകളെ വീട്ടിനുള്ളിൽ തന്റെ ഭാര്യയിൽ ഒതുക്കി നിർത്താൻ ഈ സമൂഹത്തിനു കഴിഞ്ഞാൽ ഇങ്ങനെ ഒരു തൊഴിലും ഈ ഒരു വിഭാഗവും ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.. സമൂഹത്തിന്റെ ഒരു സുപ്രധാന ആവശ്യം നിറവേറ്റി കൊടുക്കുന്നവർ എന്ന നിലയിൽ ഇവർ മാനിക്കപെടെണ്ടതും, മറ്റേതു തൊഴിലും പോലെ ഇവരുടെ തൊഴിലും അംഗീകരിക്കപ്പെടേണ്ടതും അല്ലേ…… ?…..
ലൈംഗിക തൊഴിലാളിയായിരുന്ന നളിനി ജമീലയുടെ വാക്കുകൾ ചുവടെ ചേർക്കുന്നു
” ലൈംഗിക ചോദന തീർക്കേണ്ടവർക്ക് ഒരു ഉപാധിയാണ് ലൈംഗിക തൊഴിലാളികൾ… അവിടെ അവരുടെ പണിയായുധം അവരുടെ അവയവമായ യോനിയാണ്… അതെ അവരും മാനിക്കപെടട്ടെ… തല കൊണ്ടും കൈകാലുകൾ കൊണ്ടും ചെയ്യുന്ന ജോലിപോലെ മറ്റേത് അവയവം കൊണ്ട് ചെയ്യുന്ന ജോലിയും മാനിക്കപ്പെടണം…..
കഥ, കൊച്ചു കുഞ്ഞുങ്ങൾ മുതൽ പടു കിഴവൻ വരെ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് കഥ.. എന്താണ് കഥ..? എവിടെയാണ് കഥ…? ഇതാണ് ഇത് തന്നെയാണ്, ഈ ജീവിതമാണ് കഥ.ഇത് വെറും കഥയല്ല അനുഭവങ്ങളുടെ തീച്ചൂളയിൽ ചുട്ടെടുത്ത, യാഥാർത്യങ്ങളുടെ ഭാവഭേദങ്ങളാൽ വികൃതമാക്കപ്പെട്ട ഒരു മഹാ നാടകമാണല്ലോ പലപ്പോഴും ജീവിതം. നമ്മളെല്ലാം ഈ നാടകത്തിലെ വെറും നടന്മാർ. ഈ മഹത്തായ നാടകത്തിന്റെ കവിയും കഥാകാരനും സംവിധായകനും ആയ സകല കലാ വല്ലഭനാണ് കാലം, അല്ലെങ്കിൽ കാല പുരുഷൻ… ..
ഞാൻ ഈ പറയുന്നതൊക്കെ കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ എന്തോ വലിയൊരു ട്രാജെഡിയാണ് പറയാൻ പോവുന്നതെന്ന്. പക്ഷെ കാര്യം അതല്ല. ഇത് ഒരു അന്വേഷണമായിരുന്നു, ഈ നാടകത്തിൽ എന്തായിരുന്നു എൻറെ വേഷം അല്ലെങ്കിൽ ഞാൻ ആരായിരുന്നു എന്ന് കണ്ടെത്താനുള്ള ഒരു അന്വേഷണം……
എന്നിലും ഒരു കാമുകനും കലാകാരനുമുണ്ട്, എന്നിലെ കാമുകൻ അവൻറെ പനിനീർപൂ പോലെ സുന്ദരമായ മനസ്സിൽ പ്രണയത്തിൻറെ മധുരമൂറുന്ന നറുതേൻ നിറച്ചിരിക്കുന്നു. ഓരോ ചുവടു വെയ്പിലും അത് തുളുമ്പി പോകാതിരിക്കാൻ അവൻ വളരെയധികം സൂക്ഷിക്കുന്നു. പക്ഷെ അവൻ ഒരു മരുഭൂമിയിലാണ്, തനിക്കു ചുറ്റും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽപരപ്പിൽ ഒരു മുല്ലവല്ലരി പോലെ അവൻ നില്ക്കുന്നു, തനിക്കു പടർന്നു കയറാനുള്ള തേന്മാവിനെയും അന്വേഷിച്ചു അവൻറെ മനസ്സ് അലയുകയാണ്. ഈ അവസരത്തിൽ എന്നിലെ കലാകാരൻ പ്രണയ മധുരിതമായ ഗാനങ്ങൾ ആലപിച്ചു കൊണ്ടിരിക്കുന്നു…..
എന്നാൽ എന്നിൽ ഒരു വിഷാദനായ ഒരു പാമരനുണ്ട്, അവൻ എല്ലാത്തിൽ നിന്നും വിട്ടു നില്ക്കാൻ ആഗ്രഹിക്കുന്നു. അവൻ അഗാധമായ ഏതോ ചിന്തയിലാണ്. അവൻറെ ഉള്ളിൽ എപ്പോഴും കനലുകൾ എരിയുന്നു. ജീവിതവും പ്രണയവും ഒരുപോലെ അവനോടു ക്രൂരത കാണിച്ചു. അതിനാൽ അവൻ പ്രണയത്തെ ഭയക്കുന്നു. എന്നിൽ ഒരു കാലൻ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. ആ പാമരന്റെ വിഷമം കണ്ടിട്ടാവണം അവൻ പ്രണയത്തിന്റെ വല്ലരി അറുത്തു മാറ്റി എന്നിലെ കാമുകന്റെ കഴുത്തിൽ കുരുക്കെറിയുന്നു ആ കുരുക്ക് മുറുകിക്കൊണ്ടിരിക്കുന്നു ഒരു പക്ഷെ ആ കാമുകൻ മരിച്ചു വീണേക്കാം, അവൻ പ്രതിരോധിക്കുന്നുണ്ട്, ആ മത്സരം അങ്ങനെ തുടരുന്നു…
എന്നിൽ ഒരു വൃത്തി കെട്ടവൻ ഉണ്ട്, അവൻ മഹാ തെമ്മാടിയാണ്. പക്ഷെ ഉപദ്രവകാരിയല്ല, എനിക്ക് ചുറ്റും നല്ലത് നടക്കുമ്പോൾ അവൻ പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെയാണ്. കാരണം എന്നിലെ നല്ലവൻ അവനെ പുറത്ത് ചാടാൻ അനുവദിക്കാറില്ല.
എന്നിൽ ഒരു സുഹൃത്തുണ്ട് അവൻ സൗഹൃദങ്ങളുടെ ഉദ്യാനത്തിൽ കുളിർ തെന്നലായി നീന്തി നടക്കുവാൻ ആഗ്രഹിക്കുന്നു. അവൻ അവിടെ പാറി നടക്കുമ്പോൾ ചില തേനീച്ചകൾ അവനെ സംശയത്തോടെ നോക്കുന്നു, അപഹസിക്കുന്നു, അപ്പോൾ അവയുടെ കുത്തേൽക്കുന്നതിനേക്കാൾ
ആയിരം മടങ്ങ് അവനു വേദനിക്കുന്നു, ഈ നേരത്ത് എന്നിലെ വൃത്തി കെട്ടവൻ അവൻറെ സ്വരൂപം പുറത്തെടുക്കുന്നു, അവൻ അവർക്ക് നേരെ ആഞ്ഞടിക്കുന്നു. …
എന്നിൽ ഒരു കഠിന ഹൃദയൻ ഉണ്ട്, അവൻ എന്തൊക്കെ സംഭവിച്ചാലും കുലുങ്ങാറില്ല, എന്നാൽ എന്നിലെ ദുർബലൻ നിസ്സാര കാര്യങ്ങൾക്ക് പോലും കരയുന്നു. ഈ സമയത്ത് എന്നിലെ ചിന്തകൻ ചിന്തിച്ചു കാട് കയറുന്നു. അവൻ ഓരോന്ന് ചിക്കി ചികഞ്ഞെടുത്തു ആ ദുര്ബലനെ വീണ്ടും വീണ്ടും കരയിക്കുന്നു.
എന്നിൽ ഒരു സ്വപ്ന ജീവിയുണ്ട് അവൻ എപ്പോഴും ദിവാ സ്വപ്നത്തിലാണ് അത് കൊണ്ട് തന്നെ അവനെ എപ്പോഴും ചിരിച്ചു കൊണ്ട് കാണപ്പെടുന്നു, ഈ അവസരത്തിൽ എന്നിലെ വൃത്തി കെട്ടവൻ അവനെ കളിയാക്കുന്നു. നിനക്ക് നാണമില്ലേ ഇങ്ങനെ പകൽ കിനാവും കണ്ടു നടക്കാൻ, നീ യാഥാർത്യത്തിലേക്ക് മടങ്ങിവരൂ.. നീ കാണുന്ന സ്വപ്നങ്ങളെല്ലാം നൈമിഷികങ്ങൾ ആണ്. നീ ഇങ്ങനെ നടന്നാൽ നിനക്ക് പണി കിട്ടും ഉറപ്പാ.. അപ്പോൾ സ്വപ്ന ജീവി ചിന്തിക്കും ഹും ആ വൃത്തികെട്ടവന് പോലും വിവരമുണ്ട്, എന്നിട്ടും എനിക്കെന്താ ഉണ്ടാവാത്തത്, യഥാർത്ഥത്തിൽ എനിക്ക് ഭ്രാന്താണോ,….
സ്വപ്ന ജീവിയുടെ ചിന്തകൾ അങ്ങനെ പോകുമ്പോൾ ഞാൻ എന്നിലേക്ക് മടങ്ങിവരും എന്നിട്ട് ആലോചിക്കും, അഭിനേതാവ്, കാമുകൻ, കലാകാരൻ, സ്വപ്ന ജീവി, വിഷാദൻ, കാലൻ, വൃത്തികെട്ടവൻ, നല്ലവൻ, സുഹൃത്ത്, ചിന്തകൻ, ദുർബലൻ, കഠിന ഹൃദയൻ, മുല്ലവള്ളി.
ഇവരെയെല്ലാം മനസ്സിലിട്ടു, കൂട്ടിയും കിഴിച്ചും, ഗുണിച്ചും, ഹരിച്ചും, എല്ലാം നോക്കി, കണക്കില് ഞാൻ പണ്ടേ മോശമായത് കൊണ്ടാവണം ഒരെത്തും പിടിയും കിട്ടിയില്ല, അങ്ങനെ ഉത്തരമില്ലാത്ത ആ ചോദ്യത്തിലാണ് അത് അവസാനിച്ചത്.
നക്ഷത്രങ്ങൾ ഉണരാൻ മറന്ന ആ രാവിൽ അയാൾ ഇറങ്ങിനടന്നു…പുറത്ത് നല്ല ചൂടുണ്ട്, കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും അയാൾ വിയർപ്പിൽ കുളിച്ചിരുന്നു, അന്തരീക്ഷത്തിലെ ചൂടിനെ വകവെക്കാതെ അയാൾ മുന്നോട്ടുനീങ്ങി, കാരണം അതിന്റെ നൂറിരട്ടി ചൂടുണ്ടായിരുന്നു അയാളുടെ ഉള്ളിലപ്പോൾ..ചുട്ടുപൊള്ളുന്ന ചിന്തകൾ അയാളുടെ കണ്ണുകളിൽ നനവിന്റെ ഉപ്പുരസം പടർത്തി…റോഡിനിരുവശത്തുള്ള ഈന്തപ്പനകൾക്കരികിലായുള്ള ചെറിയ ബെഞ്ചുകളൊന്നിൽ അയാളിരുന്നു..മനസ്സ് പുകയുകയാണ്..അവളെക്കുറിച്ചുള്ള ഓർമ്മകൾ, എന്തിനായിരുന്നു അവളെന്നെ ഇത്രയേറെ സ്നേഹിച്ചത് …? വിരൽത്തുമ്പിനാൽ സൗഹൃദം തീർക്കുന്ന സാങ്കേതികവിദ്യയുടെ പുതിയലോകത്ത് അക്ഷരങ്ങളെ കൂട്ടുപിടിച്ചൊരു യാത്രയിലാണ് അവളെ അയാൾ ആദ്യമായി കാണുന്നത്.. പ്രവാസത്തിന്റെ വിരസതയിൽ നിന്നൊരു ആശ്വാസമെന്നോണം അക്ഷരങ്ങൾ സമ്മാനിച്ച ആ സൗഹൃദലോകത്തെ അയാൾ കണ്ടു..അവിടെ ഒരുപാട് ഹൃദയബന്ധങ്ങൾ അയാളിൽ സ്നേഹവർഷം ചൊരിഞ്ഞു….അക്ഷരങ്ങളുടെ ചിറകിലേറി അവരോടൊപ്പം ഒരുപാട് ദൂരം അയാൾ സഞ്ചരിച്ചു..ആ യാത്രാവഴികളിലെവിടെയോ യാദൃച്ഛികമായാണ് തൂലികയാൽ വിസ്മയങ്ങൾ തീർക്കുന്ന ആ മിടുക്കിക്കുട്ടിയെ അയാൾ കാണുന്നത്..അവളുടെ സ്ഥിരം വായനക്കാരനായി നിശബ്ദമായി അവളെ പിന്തുടരവേ അപ്രതീക്ഷിതമായി അവളുടെ സന്ദേശ ശകലങ്ങൾ അയാളെ തേടിയെത്തി..ആ സൗഹൃദം വളർന്നു, അവളെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയ നാളുകളിൽ മനസ്സിൽ കനലുകൾ പേറുന്ന ആ സുന്ദരിപ്പൂവിനെ അയാൾ തന്റെ സൗഹൃദസംഗമത്തിലേക്ക് ക്ഷണിച്ചു..അവിടെ എല്ലാവരോടുമൊപ്പം സൗഹൃദത്തിന്റെ സുന്ദരമായ ലോകത്തെ വാനമ്പാടിയായി അവൾ ഒഴുകിനടന്നു… പൊടുന്നനെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.. സൗഹൃദത്തിനപ്പുറത്തായി അവൾക്ക് തന്നോടുള്ള ഇഷ്ടത്തിന് മറ്റൊരർത്ഥംകൂടിയുണ്ടായിരുന്നു എന്നയാൾ തിരിച്ചറിഞ്ഞു…അത് അയാളിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു… വിധിയുടെ ക്രൂരവിനോദങ്ങളിൽ സ്വയം മറ്റെന്തിനൊവേണ്ടിസമർപ്പിക്കപ്പെട്ടിരുന്ന അയാൾക്ക് അവളുടെ ആ മോഹം സ്വീകരിക്കാനാവുമായിരുന്നില്ല…നീണ്ട ശ്രമങ്ങൾക്കൊടുവിൽ എങ്ങനെയോ അയാൾ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.. വേദനയോടെ അവൾ പിരിഞ്ഞുപോയി…. പക്ഷേ പിന്നീട് പലപ്പോഴും അയാൾ അവളെക്കുറിച്ച് ആലോചിക്കുമായിരുന്നു…നിരന്തരം അവളുടെ ഓർമ്മകൾ അയാളെ വേട്ടയാടി…
അല്ലയോ നിഷ്കളങ്കയായ പെൺകുട്ടീ….നീ വെച്ചുനീട്ടിയ സ്നേഹത്തിന് ഞാൻ അര്ഹനായിരുന്നില്ല..അത്രക്ക് പുണ്യമൊന്നും എനിക്കവകാശപ്പെടാനില്ല…എങ്കിലും നിന്റെ മോഹം ഒരു തെറ്റായി കാണുന്നില്ല..ചങ്ങലകളാൽ തളക്കപ്പെട്ട എന്റെ കരങ്ങൾക്ക് അതിനെ ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യമില്ല എന്നറിയുക നീ.. ഈ തിരസ്കാരം നിന്നോടുള്ള ക്രൂരതയാണെന്ന് എനിക്കറിയാം ..പക്ഷേ എനിക്കിപ്പോൾ ഇങ്ങനെയാവാനേ കഴിയൂ..
നീ അറിയുന്നുണ്ടോ നിന്നെ പിരിഞ്ഞുള്ള ഓരോ ദിനങ്ങളും എനിക്ക് ഭാരിച്ചതായിരുന്നു.. ഉള്ളിലെ നീറ്റൽ ശമിക്കുന്നില്ല…ഇനിയൊരു ജന്മമുണ്ടെങ്കിൽ നിനക്കായ് മാത്രമീ ഉയിരിനെ ഉഴിഞ്ഞുവെക്കാം ഞാൻ …. നിന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണുനീര്തുള്ളികൾക്കൊക്കെ അന്ന് പ്രായശ്ചിത്തം ചെയ്തോളാം ഞാൻ…മറക്കുക നീ എല്ലാം…മാപ്പുതരിക ഈ ക്രൂരനാം ആത്മാവിന്….
രാവേറെ വൈകി അയാൾ പതിയെ എണീറ്റു ….നെഞ്ചുരുകി ഒരിക്കൽക്കൂടി അവളോട് മാപ്പിനായ് യാചിച്ചുകൊണ്ട് അയാൾ തിരിച്ച് നടന്നു…നക്ഷത്രങ്ങൾ അപ്പോഴും ഉണർന്നിരുന്നില്ല,, രാവ് ചുട്ടുപൊള്ളുകയായിരുന്നു ….
ഉള്ളിലൊരായിരം സമസ്യകൾ പിടിതരാതെ എപ്പോഴും മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു …അതിന്റെ ഉറവിടം തേടി ഞാനടുക്കുന്തോറും അവ എന്നിൽ നിന്നുമോടിയകലുന്നു…..
പിറകെ ഓടിയോടി തളർന്നു ഞാൻ വീഴുന്നു…
മനസ്സിലെ ചോദ്യങ്ങളുടെ മൂർച്ചയേറുന്തോറും ഭ്രാന്തെന്ന എന്റെ പ്രണയിനി എന്നിൽ പിടിമുറുക്കുന്നു… അവളെന്നിൽ തീവ്രമാവുന്നു…
ചുറ്റുപാടുകൾ മങ്ങുന്നു…എന്റെ ഉള്ളിൽ ഒളിപ്പോര് നടത്തുന്ന കടുംചായചിത്രങ്ങളെ പിടിച്ചു കെട്ടാതെ ഇനിയവൾ അടങ്ങില്ല… അവളുടെ കാഠിന്യം ഏറിവരുന്നു… അതെ എന്നിൽ ഭ്രാന്ത് പടരുകയാണ്…അതി തീവ്രമായി…അതിഗാഢമായി അവളിപ്പോൾ എന്നെ ആലിംഗനം ചെയ്തിരിക്കുന്നു…അവൾ പ്രണയത്താലെന്നെ ശ്വാസം മുട്ടിക്കുകയാണ്….തേടിക്കൊണ്ടിരിക്കുന്ന സമസ്യക്ക് ഉടനെയെങ്ങും ഉത്തരം കിട്ടല്ലേ എന്ന് ഞാൻ മോഹിച്ചു പോവുന്നു…അവളുടെ അധരങ്ങൾ എന്നെ അടിമുടി ഉഴിയുന്നു…ഭ്രാന്തിന്റെ ഈ മാസ്മരലോകത്ത് നിന്നും എനിക്കൊരു മോചനം വേണ്ട….
“ഭ്രാന്ത്”….. ഇവൾ സുന്ദരിയാണ്… അതിമനോഹരി… ഇവളുടെ ഹൃദയം മൃദുലവും സത്യമുള്ളതുമാണ്..എന്നിലെ പ്രാണൻ പറന്നകലും വരെ എന്നോട് കൂടെ ഇവളുണ്ടാവും..
അമ്മയുടെ കത്തുണ്ട്… പരിഭവങ്ങളാണ് എല്ലായ്പ്പോഴും… പക്ഷെ ഇത്തവണ പരിഭവമല്ല, ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്… ഞാൻ ഒരു പെണ്ണ് കെട്ടിക്കാണണം എന്ന്… അമ്മയുടെ കണ്ണടയും മുൻപ് ഇത് മാത്രേ എന്നോട് ആവശ്യപ്പെടാനൊള്ളൂ എന്ന്… ആ ഒരു മോഹം മാത്രേ ഇനി ബാക്കിയുള്ളൂ എന്ന്.. പലയാവർത്തി ഞാൻ ആ കത്ത് വായിച്ചു.. ഇല്ല ഇത് സാധാരണ പറയാറുള്ള പരിഭവങ്ങൾ പോലെ അല്ല.. അമ്മയുടെ വാക്കുകൾക്കു ഇപ്പൊ വല്ലാത്ത തീക്ഷ്ണതയുണ്ട്……..ഇതിനെന്തു മറുപടിയാണ് ഞാൻ കൊടുക്കേണ്ടത്… കട്ടിലിൽ ചാരിക്കിടന്ന് ഞാൻ ചിന്തയിലാണ്ടു .. ഓർമ്മകൾ എന്നെ തളർത്തുന്നു…..അമ്മയോട് എന്ത് പറയണമെന്നറിയാതെ കുഴങ്ങിയ ചിന്തകൾ…. അമ്മയുടെ ആവശ്യം തള്ളിക്കളയാവുന്നതല്ല… ഈ കത്തിൽ ‘അമ്മ എന്നോട് ചോദിച്ചിരിക്കുന്ന ഓരോ ചോദ്യവും ഉള്ളിൽ കൊള്ളുന്നതാണ്.. എന്റെ അനുഭവങ്ങളൊന്നും അതിനൊരു വിശദീകരണമാവുന്നില്ല… പക്ഷെ എന്റെ മനസ്സ് …………………. രാവേറെ വൈകിയിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… ഒരു സിഗററ്റെടുത്ത് കത്തിച്ചു പുറത്തിറങ്ങി… മുറ്റത്ത് മഞ്ഞു പെയ്യുന്നുണ്ട് .. മകര മഞ്ഞേറ്റുറങ്ങുന്ന പൂക്കളെ നോക്കിക്കൊണ്ട് ഞാൻ പതിയെ നടന്നു…. പെട്ടെന്ന് ചെടികൾക്കിടയിൽ ഒരനക്കം പോലെ .. ഞാൻ ആ ഭാഗത്തേക്ക് നോക്കി…ഒരു ഞെട്ടലോടെ ഞാൻ കണ്ടു അവിടെ ചെമ്പക മരത്തിൽ മെയ് ചാരി നില്ക്കുന്നു ഒരു സ്ത്രീ രൂപം……അരണ്ട നിലാവെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങി…. അഴിച്ചിട്ട നീളൻ മുടിയിൽ ഇളംകാറ്റ് തഴുകുന്നു….ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ മാനത്തേക്ക് നോക്കി അങ്ങനെ നിൽപ്പാണ്….. ഈശ്വരാ ആരാണിവൾ….? ഈ അസമയത്ത് ഇവിടെ…..?… അല്പം പരിഭ്രമത്തോടെ ഞാൻ അങ്ങോട്ട് നടന്നു…..
ഭാഗം – 2
അടുത്തെത്തിയപ്പോൾ അവൾ മുഖം തിരിച്ചെന്നെ നോക്കി….. മൃദുവായി ഒന്നുകൂടെ പുഞ്ചിരിച്ചു… എന്റെ അന്ധാളിപ്പ് വീണ്ടും വർദ്ധിച്ചു… ആരാണ് നീ….?
അവൾ ഉറക്കെ ചിരിച്ചു …. ഞാനോ..? ഞാൻ ഒരു യക്ഷി…?
യക്ഷിയോ ….?
അതെ, യക്ഷി, അവൾ വീണ്ടും പൊട്ടിച്ചിരിച്ചു …
ആട്ടെ യക്ഷി ഇപ്പൊ എവിടുന്നു വരുന്നു..? ഈ അസമയത്ത് യക്ഷി ഇവിടെ എന്തു ചെയ്യുന്നു… ?
എന്നെ കളിയാക്കുവാണോ…?
അത് ശരി..? ആദ്യം നീയല്ലേ തുടങ്ങിയത്.. ശരി സമ്മതിച്ചു യക്ഷിയെങ്കിൽ യക്ഷി.. ഈ അസമയത്ത് ഇവിടെ ഇങ്ങനെ നിൽക്കണ്ട… ഇത് ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലമാണ്…. ഈ നേരത്ത് ഇവിടെ ഒരു യക്ഷി … അല്ല പെൺകുട്ടി നിൽക്കുന്നത് ……..
ഹ ഹ ഹ ….അവൾ വീണ്ടും പൊട്ടിച്ചിരിച്ചു ഇവിടെ ഞാൻ നിൽക്കുന്നത് കൊണ്ട് എന്താ കുഴപ്പം…? വിഷ്ണു ആരെയാണ് ഈ ഭയക്കുന്നത്..?
ഞാനൊന്ന് പകച്ചു… നിനക്ക്… നിനക്ക് എന്റെ പേരെങ്ങനെ അറിയാം..?….
എന്തു ചോദ്യമാണിത് വിഷ്ണു… എത്രയോ കാലങ്ങളായി ഞാൻ വിഷ്ണുവിനെ കാണുന്നു….
സത്യം പറ ആരാണ് നീ….? എന്തിനിവിടെ വന്നു … ?
“ഈ ചോദ്യങ്ങൾക്കൊന്നുമുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല വിഷ്ണൂ…… ഞാനും അതാണ് അന്വേഷിക്കുന്നത്…. ഇന്ന് അവസാനമായി ഈ രാവ് പുലരുവോളം എനിക്കിവിടെ ഇങ്ങനെ നില്ക്കണം.. എന്നെ അതിനനുവദിക്കൂ… ഞാൻ വിഷ്ണുവിനു ഒരുപദ്രവവും ഉണ്ടാക്കില്ല..”
“ഇവൾ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു … എന്തൊക്കെയാണിവളീ പറയുന്നത്…? എന്താണ് ഇവളുടെ ഉദ്ദേശം…? ഇവൾ എന്നെ പേര് വിളിക്കുന്നു… കുറേക്കാലമായി എന്നെ കാണുന്നു എന്ന് …. എന്നും രാത്രി ഞാനിവിടെ വരുന്നതാണല്ലോ… ഇന്നുവരെ ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല….അപ്പോൾ ഇവൾ പറയുന്നത്….? ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ…..”
വിഷ്ണു എന്താണ് ആലോചിക്കുന്നത്..?
ങേ ..? ഞാനൊന്നു ഞെട്ടി …. ഒന്നുമില്ല ….
ഉം …. വിഷ്ണു പേടിക്കണ്ട… ഞാനൊന്നിനും വേണ്ടി വന്നതല്ല.. ഈ രാവ് വെളുക്കുവോളം എനിക്കിവിടെ ഇങ്ങനെ നിൽക്കണം…. എന്നെ അതിനനുവദിക്കണം… ഞാൻ സത്യം ചെയ്യുന്നു , നാളത്തെ സൂര്യകിരണങ്ങൾ ഈ മണ്ണിൽ പതിക്കുന്നതിനു മുൻപ് ഞാൻ പൊയ്ക്കോളാം……ദയവായി അരുതെന്നു പറയരുതേ…. അവൾ ദയനീയമായി എന്നെ നോക്കി…..
ശരി, സമ്മതിച്ചിരിക്കുന്നു.. നിന്റെ ഇഷ്ടം പോലെ.. പക്ഷെ നിന്റെ പേരെന്താണെന്നെങ്കിലും പറയൂ…
അതെനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല .. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വിഷ്ണുവിന് വൈകാതെ കിട്ടും.. അതുവരെ കാത്തിരിക്കുക.. വിഷ്ണു പോയി കിടന്നോളൂ വെറുതെ മഞ്ഞു കൊള്ളേണ്ട… ഞാൻ ഇവിടെ ഇങ്ങനെ …..
എന്റെ ഉറക്കം ഒക്കെ കണക്കാ… ഞാൻ പോവുന്നില്ല… ഏതായാലും ഈ രാവ് വെളുക്കും വരെ ഞാനും നിനക്ക് കൂട്ടിരിക്കാം…..
സത്യമാണോ വിഷ്ണു….?
ഉം .. സത്യം …
വിഷ്ണുവിനറിയാമോ …ഈ നിമിഷം ഞാനെത്ര സന്തോഷവതിയാണെന്ന്.. വിഷ്‌ണുവിന്റെ കൂടെയുള്ള കുറെ നിമിഷങ്ങൾ ഞാൻ എത്രയേറെ ആഗ്രഹിക്കുന്നു എന്ന്…. ?
ഞാൻ വെറുതെ ചിരിച്ചു …. എനിക്കവളെ വിട്ടുപോവാൻ തോന്നിയില്ല… എന്തോ ഞാൻ അവളോട് അടുക്കുന്ന പോലെ ഒരു തോന്നൽ.. അവൾ എന്റെ ആരോ ആണെന്ന തോന്നൽ …. ഈ രാവ് പുലരാതിരുന്നെങ്കിൽ ഇവൾ എന്നെ വിട്ട് എങ്ങും പോവാതിരുന്നെങ്കിൽ….. ഇവളോടൊപ്പമുള്ള ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ
അവളപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ….
ഭാഗം – 3
എന്താ ഇത്ര കാര്യമായി നോക്കുന്നത് …?
“ഈ നക്ഷത്രങ്ങളെ കണ്ടോ… മകര മഞ്ഞിൻ കുളിരുള്ള ഈ തണുത്ത രാത്രിയിൽ കണ്ണെടുക്കാതെ ഇവയെ ഇങ്ങനെ നോക്കിയിരിക്കാൻ ഒരു സുഖാണ് ” നമുക്ക് നഷ്ടമായ എന്തൊക്കെയോ തിരികെ കിട്ടുന്ന പോലെ ഒരു സന്തോഷം..” മരിച്ചു പോയോരൊക്കെ ഇങ്ങനെ നക്ഷത്രങ്ങളായി വരുംന്ന് പറയണത് ശരിയാണോ വിഷ്ണൂ” അവൾ അവനെ ആർദ്രമായി നോക്കി.
എനിക്ക് അതിലൊന്നും വിശ്വാസം ഇല്ല… എന്നാലും ഈ നക്ഷത്രങ്ങൾക്കൊക്കെ ഓരോ പേരുണ്ട് … അറിയാമോ..?
ആഹാ അത് കൊള്ളാലോ… എങ്കിൽ ആ കാണുന്ന കുഞ്ഞു നക്ഷത്രത്തെ കണ്ടോ ?
ഉം …. ഒരു പ്രത്യേക തിളക്കമുണ്ട് അതിന്
അതിന്റെ പേരെന്താണെന്നു അറിയാമോ വിഷ്ണുവിന്.. ?
“ഖുംഘി ” എന്നായിരിക്കും…
ഹ ഹ .. അതെന്ത് പേരാ….? അവൾ കുലുങ്ങി ചിരിച്ചു….
അല്ല സാധാരണ ഈ നക്ഷത്രങ്ങൾക്കൊക്കെ വിചിത്രമായ പേരുകളായിരിക്കും….. ഇവൾക്ക് ഈ പേരിരിക്കട്ടെ, കേൾക്കുന്നവർ വല്ല ഗ്രീക്കോ റോമനോ ആണെന്ന് കരുതിക്കോളും…..
ന്നാലും ഇതൊരു വല്ലാത്ത പേരായിപ്പോയി..
ആ പേര് മതി.. ഞാൻ ആദ്യമായിട്ട് ഒരു പേരിട്ടതല്ലേ …
ആയിക്കോട്ടെ വിഷ്ണുവിന്റെ ഇഷ്ടം.. അവൾ ചിരിച്ചുകൊണ്ട് വീണ്ടും അകലെ എവിടേക്കോ നോക്കി നിന്നു… അവളുടെ ചോദ്യം വീണ്ടും മനസ്സിലേക്കോടി വന്നു… മരിച്ചു പോയോരൊക്കെ ഇങ്ങനെ നക്ഷത്രങ്ങളായി വരുംന്ന് പറയണത് ശരിയാണോ വിഷ്ണൂ..?
മാനാഞ്ചിറ സ്‌ക്വയറിലെ പുൽത്തകിടിയിൽ ഞാനിരിക്കുന്നു… സുകന്യ എന്റെ ചുമലിൽ തല ചായ്ച്ച് എന്നോട് ചേർന്നിരിക്കുന്നു
വിഷ്ണൂ … അവൾ വിളിച്ചു…
ഉം .. ഈ നക്ഷത്രങ്ങളെ കണ്ടോ..? എന്ത് ഭംഗിയാണല്ലേ… കണ്ണെടുക്കാതെ ഇവയെ ഇങ്ങനെ നോക്കി നിൽക്കാൻ ഒരു സുഖാണല്ലേ… മരിച്ചു പോയൊരൊക്കെ ഇങ്ങനെ നക്ഷത്രങ്ങളായി വരുമെന്ന് അച്ഛമ്മ പറയാറുണ്ട്…. മരിച്ചു കഴിഞ്ഞു നമുക്കും രണ്ടു കുഞ്ഞു നക്ഷത്രങ്ങളാവണം… സൂക്ഷിച്ചു നോക്കിയാൽ കാണാം ഓരോ നക്ഷത്രങ്ങളും ചെറുതായി നീങ്ങി നീങ്ങി പോവുന്നത് .. അപ്പൊ നമുക്കും അതുപോലെ സഞ്ചരിക്കാൻ പറ്റുമായിരിക്കും….. നമുക്ക് സഞ്ചരിക്കണം.. ആദ്യമായി നമ്മൾ കണ്ടു മുട്ടിയ ക്ഷേത്ര കവാടം മുതൽ നമ്മുടെ സ്നേഹത്തിന്റെ പാദ സ്പർശം പതിഞ്ഞ ഓരോ വഴിയിലൂടെയും എന്നും സഞ്ചരിക്കണം….
ശരി, നമുക്ക് എല്ലായിടത്തും സഞ്ചരിക്കാം.. പക്ഷെ അതൊക്കെ നമ്മൾ മരിച്ചു കഴിഞ്ഞുള്ള കാര്യങ്ങളല്ലേ ഇപ്പൊ എന്തിനാ അതിനെക്കുറിച്ചൊക്കെ ആലോചിക്കുന്നത്…
വെറുതെ … ഈ നക്ഷത്രങ്ങളെ കാണുമ്പോൾ വെറുതെ അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു പോവുന്നു……മരണത്തിനു പോലും നമ്മുടെ പ്രണയത്തെ പിരിക്കാനാവരുത് മരണത്തിനപ്പുറവും രണ്ടു നക്ഷത്രങ്ങളായി നമുക്ക് പ്രണയിക്കണം നാം ഒരുമിച്ചു നടന്ന വഴികളിലൂടെയൊക്കെ വീണ്ടുമൊരുമിച്ചു നടക്കണം ..
മരണത്തിനപ്പുറമല്ല ജന്മ ജന്മാന്തരങ്ങൾക്കപ്പുറവും നമ്മൾ പിരിയില്ല .. പ്രണയിച്ചു കൊണ്ടേയിരിക്കും..
വിഷ്ണൂ.. അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു .. എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല
സുകന്യേ .. സമയം ഒരുപാട് വൈകുന്നു ..വരൂ നമുക്ക് പോവാം.. ഞാൻ നിന്നെ ഹോസ്റ്റലിൽ കൊണ്ട് വിടാം… സി എം സി വെല്ലൂർ ആശുപത്രി വരാന്തയിൽ അവളെ ചേർത്ത് പിടിച്ചു ഞാൻ നിന്നു….
വിഷ്ണൂ… ഈ ഞണ്ട് എന്നെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു… എനിക്കിനി അധികം സമയമില്ലെന്നാണ് തോന്നുന്നത്… ഒരു പക്ഷേ ഞാൻ മരിച്ചാലും എന്നെ ഓർത്തു വിഷ്ണു സങ്കടപ്പെടരുത്… എന്നെ പ്രതി വിഷ്ണുവിന്റെ ജീവിതം പാഴാക്കരുത്.. ഒരു നല്ല പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കണം… നിങ്ങൾ ഒരുപാട് കാലം സന്തോഷമായി ജീവിക്കുന്നത് എവിടെയെങ്കിലും ഇരുന്ന് എനിക്ക് കാണണം….
സുകന്യേ … എന്തിനിപ്പോ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നു… നീയില്ലാത്ത ലോകം എനിക്ക് സങ്കൽപ്പിക്കാൻ പോലും ആവുന്നില്ല… അരുതേ ഇങ്ങനെ ഓരോന്നു പറഞ്ഞു എന്നെ ഇനിയും വേദനിപ്പിക്കരുതേ… ഡോക്ടർ പറഞ്ഞില്ലേ നിനക്ക് ഒന്നുമില്ലെന്ന്… നാളത്തെ സർജറി കഴിഞ്ഞാൽ ഈ ഞണ്ട് പൂർണ്ണമായും നിന്നെ വിട്ടു പോവുമെന്ന്….. വരൂ.. നമുക്ക് വാർഡിലേക്ക് പോവാം നിനക്കുറങ്ങാൻ സമയമായി…. വാർഡിലെ കിടക്കയിൽ അവളെ കിടത്തി….. അവളുടെ അരികിൽ കട്ടിലിൽ മുഖം വെച്ച് നിലത്തിരുന്നു.. ഉറങ്ങിക്കോളൂ ഈ രാത്രി മുഴുവൻ എനിക്കിവിടെ നിന്നെ നോക്കി ഇങ്ങനെ ഇരിക്കണം… അവളുടെ കണ്ണുകൾ നിറയുന്നുണ്ട് … എന്താ ഇത്…? കരയുന്നോ..? ഈ സമയത്ത് മനസിനു ഭാരം കൊടുക്കരുത് എന്നല്ലേ ഡോക്ടർ പറഞ്ഞത്…? ഉറങ്ങൂ.. മറ്റൊന്നും ആലോചിക്കാതെ ശാന്തമായ മനസ്സോടെ ഉറങ്ങിക്കൊള്ളൂ… പുലരുവോളം നിനക്ക് കാവലായി ഞാൻ ഇവിടെ തന്നെ ഉണ്ട്…..
വിഷ്ണൂ… ഇപ്പൊ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടി ഞാനാണെന്നു തോന്നുന്നു… അവൾ ചിരിച്ചു … ഞാൻ പതിയെ അവളുടെ നെറുകയിൽ തലോടി… അവൾ കണ്ണുകൾ മെല്ലെ അടച്ചു ഉറക്കത്തിലേക്ക്……
ഭാഗം – 4
ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ അക്ഷമനായി ഞാൻ … അറിയാവുന്ന ദൈവങ്ങളെയെല്ലാം നെഞ്ചുരുകി വിളിച്ചു ഞാൻ പ്രാർത്ഥിച്ചു അവളെ എനിക്ക് വിട്ടു തരണേ എന്ന്…..
കുറെ നാളുകൾക്കു ശേഷമുള്ള മറ്റൊരു സന്ധ്യ .. ഇപ്പോൾ ഞങ്ങൾ ഒരുപാട് ഉയരത്തിലാണ് …..കബനീ നദി തൊട്ടു തലോടുന്ന ആ കൊടുമുടിയുടെ മുകളിൽ ഹൃദയസരസ്സ് എന്ന തടാകം… ഹൃദയത്തിന്റെ ആകൃതിയിലുള്ള ആ തടാകക്കരയിൽ കൊടുംതണുപ്പാണ്…മെയ്യോടു മെയ്യാൽ ചൂടുപകർന്നു ഒരു കമ്പളം പുതച്ചു ഞങ്ങൾ ഇരുന്നു… അവിടമാകെ നീലക്കുറിഞ്ഞികൾ പൂത്തു നിന്നിരുന്നു…
വിഷ്ണൂ ഈ പൂക്കൾ എത്ര മനോഹരമാണല്ലേ….? പന്ത്രണ്ടു സംവത്സരങ്ങൾക്കു ശേഷം ഈ പൂക്കൾ ഇപ്പോൾ വിരിഞ്ഞത് നമുക്ക് വേണ്ടിയാണെന്ന് എനിക്കിപ്പോ തോന്നുന്നു … നിനക്കറിയാമോ ഇവിടുത്തെ ആദിവാസികൾ ഇതിന്റെ തേൻ ശേഖരിക്കാറുണ്ട്…. ഇത്രയും നിർമ്മലമായ ഈ പൂക്കളെ മേഘപടലങ്ങൾ തഴുകിത്തലോടുന്നത് കണ്ടു കൊണ്ടിരിക്കാൻ മനസ്സിനെന്തു സുഖമാണല്ലേ…
ഉം ..
ഈ തടാകം കണ്ടോ, പച്ച വിരിച്ച ഈ താഴ്വാരത്തിനു നടുവിൽ ഒരു കൊച്ചു ഹൃദയം…. ഈ തടാകത്തിന്റെ ഇരുവശങ്ങൾ നമ്മളാണ്…. ഇരുപാതികൾ ചേർന്ന് ഒരേ ഹൃദയമായിത്തീർന്ന നമ്മൾ……
ഞാനവളെ എന്റെ മാറോടടുപ്പിച്ചു….
വെളുപ്പാൻകാലത്ത് ആശുപത്രിയിലെ ശബ്ദകോലാഹലങ്ങൾ കേട്ടാണ് ഞാനുണരുന്നത്…. അവളെ നോക്കിയങ്ങനെ ഇരുന്ന് രാത്രി എപ്പോഴോ ഉറങ്ങിപ്പോയതാണ്…. ഞെട്ടിയുണർന്നതൊരു സ്വപ്നത്തിൽ നിന്നാണെന്ന ബോധ്യം എന്നെ ഏറെ നിരാശപ്പെടുത്തി….ഞാനവളെ നോക്കി…അവൾ ഉറക്കമാണ്.. വേണ്ട ഉണർത്തണ്ട.. കുറച്ചു നേരം കൂടെ അവൾ ശാന്തമായങ്ങനെ ഉറങ്ങട്ടെ …
കുളിമുറിയിൽ ചെന്ന് മുഖം കഴുകി ഒരു ചായ കുടിച്ചുവരാം എന്നോർത്ത് ഞാൻ പുറത്തിറങ്ങി….. മടങ്ങിയെത്തിയപ്പോൾ അവൾക്കരികെ ഡോക്ടറും പരിവാരങ്ങളും കൂടി നില്ക്കുന്നു .. അവൾ ഇപ്പോഴും ഉറങ്ങുകയാണ്… ആ ഉറക്കത്തിൽ നിന്നും അവൾ ഇനിയൊരിക്കലും ഉണരില്ല എന്ന യാഥാർത്ഥ്യം എനിക്ക് ഉൾക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു .. ഞാൻ തരിച്ചു നിന്നു… എന്റെ ശരീരം തളരുന്ന പോലെ… എനിക്ക് സമനില തെറ്റുന്നു…………..
വിഷ്ണൂ …. ആ നക്ഷത്രം വിഷ്ണുവിനെത്തന്നെയാണല്ലോ നോക്കുന്നത് …
മറുപടിയില്ല
വിഷ്ണൂ …
ങേ… ആ .. എന്താ പറഞ്ഞത്….?
വിഷ്ണു ഇതേതു ലോകത്താ….? അയ്യോ കണ്ണു നിറഞ്ഞിരിക്കുന്നല്ലോ… എന്തുപറ്റി വിഷ്ണൂ… ?
ഒന്നുമില്ല ഞാനിങ്ങനെ വെറുതെ ഓരോന്നോർത്ത് …
കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു വിഷ്ണു ആകെ അസ്വസ്ഥനാണ്…. എന്തേലും പ്രശ്നമുണ്ടോ…..?
അമ്മയുടെ കത്തുണ്ട്….
ആഹാ എന്താ വിശേഷിച്ച് ..?
ഞാൻ ഒരു വിവാഹം കഴിക്കണമെന്ന്.. അമ്മയുടെ ആഗ്രഹം…. ഞാൻ എന്ത് മറുപടി പറയണമെന്ന് ആലോചിക്കുകയായിരുന്നു …
അതിനെന്താ നല്ല കാര്യമല്ലേ…? ഇതിലെന്താ ഇത്ര ആലോചിക്കാൻ..?
ഞാൻ … എനിക്ക് ……..
വിഷ്ണു ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ….?
അതെന്താ അങ്ങനെ ചോദിച്ചത്…?
വിഷ്ണുവിന്റെ മുഖത്ത് നിന്നും എനിക്കത് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്…
ശരിയാണ് … സുകന്യ …അവളെ എനിക്ക് നഷ്ടമായിരിക്കുന്നു എന്ന സത്യം എനിക്കിനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല …….. അവളുടെ ഓർമ്മകൾ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു… കഴിഞ്ഞ എട്ടുവർഷമായി ഈ അലച്ചിലാണ്…..ഏതൊക്കെ നാടുകൾ .. എത്രയോ ആളുകൾ ഭാഷകൾ സംസ്കാരങ്ങൾ ….. ഒന്നിനും മനസ്സ് തണുപ്പിക്കാനാവുന്നില്ല…. ഇപ്പോഴും ഞാനലയുകയാണ്…. ഇടയ്ക്കു വീട്ടിലേക്കു ചെന്നുകയറും അമ്മയെ ഒന്ന് കാണാൻ…. അമ്മക്കെപ്പോഴും പരിഭവങ്ങളാണ്….അമ്മയുടെ പരാതിക്കെട്ടുകൾ അഴിയുമ്പോൾ ഞാൻ വീണ്ടും അസ്വസ്ഥനാവുന്നു…. അച്ഛനൊന്നും പറയാറില്ല… നിനക്ക് സുഖമല്ലേ എന്ന് മാത്രം ചോദിക്കും……പക്ഷെ ആ മുഖത്ത് എനിക്ക് കാണാം അച്ഛൻ എന്നോട് പറയാതെ പറയുന്നതൊക്കെ .. അല്ലെങ്കിൽ തന്നെ അച്ഛന് പറയാനുള്ളതൊക്കെയും ‘അമ്മ പറയുന്നുണ്ടല്ലോ….അതുകൊണ്ടായിരി ക്കാം അച്ഛൻ ഒന്നും പറയാത്തത്…. ഒന്നാലോചിച്ചാൽ ‘അമ്മ പറയുന്നതിലും കാര്യമുണ്ട്… പക്ഷെ എനിക്ക് … ഞാൻ ….. അവളുടെ ഓർമ്മകളിലാണ് ഇന്നെന്റെ ജീവിതം….. മറ്റൊരു ലോകത്തെക്കുറിച്ച് എനിക്ക് സങ്കല്പിക്കാനാവില്ല…… എനിക്കറിയാം അവൾ ഇനി തിരിച്ചു വരില്ലെന്ന്… പക്ഷേ അവളുടെ ഓർമ്മകളിലിങ്ങനെ ജീവിക്കണം എനിക്ക്… എന്റെ മരണം വരെ….
വിഷ്ണു മദ്യപിച്ചിട്ടുണ്ടോ .. ?
ഇന്നൊരല്പം….?
ആദ്യം തന്നെ എനിക്ക് കിട്ടിയിരുന്നു മദ്യത്തിന്റെ ഗന്ധം… വിഷ്ണു ഈ ചെയ്യുന്നതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ …? പ്രണയത്തിന്റെ ഓർമ്മകളിൽ ജീവിക്കാം അത് തെറ്റല്ല.. പക്ഷെ നിങ്ങൾ ജീവിക്കുകയല്ല.. നശിക്കുകയാണ്…. എത്ര അധ:പതിച്ച ജീവിതമാണ് വിഷ്ണു നയിക്കുന്നതെന്ന് അറിയാമോ…… കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലെ പൊതു കക്കൂസിനടുത്ത് മദ്യപിച്ചു ബോധമില്ലാതെ കിടന്നിരുന്ന വിഷ്ണുവിനെ കുറേപേർ ചേർന്ന് പൊക്കിയെടുത്താണ് ഇവിടെ കൊണ്ടുവന്നിട്ടത്…. എന്താണ് നിങ്ങൾ കരുതുന്നത് ഇതൊക്കെ കണ്ട് അവൾ സന്തോഷിക്കുകയാണെന്നോ…..? എങ്കിൽ നിങ്ങള്ക്ക് തെറ്റി….നിങ്ങളുടെ ഈ ജീവിത രീതിയിൽ ഏറ്റവുമധികം വേദനിക്കുന്നത് അവളുടെ ആത്മാവായിരിക്കും…..
ഓർക്കാപ്പുറത്ത് പിന്നിൽ നിന്നും കനത്തൊരു പ്രഹരമേറ്റതുപോലെ ഞാൻ നിന്നു …. അരുതേ …. എന്നോടീ ക്രൂരതയരുതേ….ഹൃദയം നുറുങ്ങുന്ന വാക്കുകൾക്കൊണ്ടെന്നെ വേദനിപ്പിക്കരുതേ …എനിക്കിതു കേൾക്കാനുള്ള ശക്തിയില്ല ….ഞാൻ.. അവൾ എനിക്ക്…..
ഇല്ല കേൾക്കണം… ഇനിയിത് പറയാൻ വേണ്ടി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാവുമെന്ന് തോന്നുന്നില്ല.. എനിക്കിപ്പോ വിഷ്ണുവിനോട് ഇത് പറഞ്ഞേ പറ്റൂ… അതിനുവേണ്ടിയാണ് ഞാൻ വന്നത്…. നിങ്ങളറിയുന്നുണ്ടോ..? നിങ്ങളുടെ ഈ ജീവിത രീതികൾ ഏറ്റവുമധികം വേദനിപ്പിക്കുന്നത് അവളെയാണ് … അവളുടെ ആത്മാവ് എല്ലാം കാണുന്നുണ്ട്… അവളെ പ്രതിയാണല്ലോ നിങ്ങളിങ്ങനെ നശിച്ചു ഇല്ലാതാവുന്നതെന്നോർത്ത് അവൾ വേദനിക്കുന്നു….. വിഷ്ണു ഒന്നാലോചിച്ചു നോക്കൂ എന്താണ് നിങ്ങളീ ചെയ്യുന്നതിന്റെയൊക്കെ അർഥം….? നിങ്ങൾക്കൊരു മനുഷ്യനായിക്കൂടേ..? നിസ്വാർത്ഥമായി നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ അച്ഛനും അമ്മയും … അവരോടു നിങ്ങൾ കാണിക്കുന്നത് നീതിയാണോ….?നിങ്ങളെക്കുറിച്ചോർത്ത് ദിനംപ്രതി ഉരുകുകയല്ലേ അവരുടെ മനസ്സ്….? നിങ്ങളുടെ ഈ ജീവിതം കൊണ്ട് ആർക്ക് എന്താണൊരു പ്രയോജനം..? എല്ലാവർക്കും വേദന മാത്രം സമ്മാനിക്കുന്ന ഈ നശിച്ച രീതികൾ മാറ്റിക്കൂടെ ….? വിഷ്ണൂ നമ്മളെ സ്നേഹിക്കുന്നവർക്ക് ആ സ്നേഹം തിരിച്ചു നൽകാൻ പറ്റിയില്ലെങ്കിലും കുറഞ്ഞ പക്ഷം അവരെ വേദനിപ്പിക്കാതിരിക്കുകയെങ്കിലും വേണം…. അതിനു കഴിഞ്ഞില്ലെങ്കിൽ അതൊരു വലിയ അപരാധമായിരിക്കും… വളരെ വലിയ അപരാധം…. വിഷ്ണു ശാന്തമായ മനസ്സോടെ നല്ലോണം ഒന്നാലോചിക്ക്…. എന്നിട്ട് ഒരു തീരുമാനം എടുക്കൂ.. എനിക്കുറപ്പുണ്ട് വിഷ്ണുവിന് അതിനു കഴിയും…..
ഒന്നും മിണ്ടാനാവാതെ ഞാൻ തലതാഴ്ത്തി നിന്നു…. അവൾ എന്നെ ഉറ്റു നോക്കുന്നുണ്ട്….. പരസ്പരം ഒന്നും മിണ്ടാതെ അങ്ങനെ കുറെ നേരം….. എന്റെ ഹൃദയം അപ്പോൾ നീറിപ്പുകയുകയായിരുന്നു…. ഒടുവിൽ അവൾ ചോദിച്ചു …
വിഷ്ണു അമ്മക്ക് മറുപടി എഴുതുകയല്ലേ അപ്പോൾ …?…
ഞാൻ എഴുതുന്നില്ല ……
ശരി അത് വിഷ്ണുവിന്റെ ഇഷ്ടം… സൂര്യനുദിക്കാറാവുന്നു.. എനിക്ക് പോവാൻ സമയമായി വിഷ്ണൂ… നമ്മൾ പിരിയുന്നു…. ഞാൻ മുഖമുയർത്തി ദയനീയമായി അവളെ നോക്കി…. നിനക്കറിയാമോ ? നിന്നോടടുത്ത നിമിഷം മുതൽ ഞാൻ ആഗ്രഹിച്ചിരുന്നു ഈ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന്… എന്നും നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്….
അത് പറ്റില്ലല്ലോ വിഷ്ണൂ… എനിക്ക് പോണം .. പോയേ തീരൂ… ഈ രാത്രിക്കപ്പുറം എനിക്കിവിടെ നിൽക്കാൻ അനുവാദമില്ല… എന്റെ നിയോഗമാണത് .. അത് മാറ്റാനാവില്ല..
ശരി, എങ്കിൽ ഇപ്പോളെങ്കിലും പറയൂ… നീ ആരാണ്..? കുറഞ്ഞപക്ഷം നിന്റെ പേരെന്താണെന്നെങ്കിലും പറയൂ….
അവൾ പുഞ്ചിരിച്ചു … ഞാൻ പറഞ്ഞില്ലേ വിഷ്ണൂ ? എല്ലാത്തിനുമുള്ള ഉത്തരം ഒരിക്കൽ വിഷ്ണുവിന് കിട്ടും.. ഇപ്പോൾ എനിക്ക് വിട തരൂ ഞാൻ പോകട്ടെ … അവൾ പതിയെ പുറകോട്ടു നടന്നു അകന്നു പോവുന്തോറും അവളുടെ രൂപം അവ്യക്തമായിക്കൊണ്ടിരുന്നു.. ഒടുവിൽ ഞാൻ നോക്കി നിൽക്കെ അവൾ ഒരുപിടി പ്രകാശകിരണങ്ങളായി രൂപാന്തരപ്പെട്ടു …. ആ കിരണങ്ങൾ പറന്നു വന്ന് എനിക്ക് ചുറ്റും വലംവെച്ചു .. പിന്നെ ആകാശത്തേക്കുയർന്നു….. അനന്തരം ഞാൻ വിചിത്രമായ നാമകരണം ചെയ്ത കുഞ്ഞു നക്ഷത്രത്തിലേക്ക് ആ പ്രകാശ രശ്മികൾ ലയിച്ചു ചേർന്നു…… എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഞാനാ ചെമ്പകമരച്ചുവട്ടിൽ നിന്നു……..
ഭാഗം – 5
മുറിക്കകത്ത് അക്ഷമനായി ഞാൻ നടന്നു …. എത്ര സിഗരറ്റുകൾ പുകഞ്ഞു തീർന്നെന്ന് ഓർമ്മയില്ല …… എന്തായിരുന്നു ഇന്നലെ സംഭവിച്ചത്… ? ആരായിരുന്നു അവൾ …? ഇതൊരു സ്വപ്നമാണോ …? അല്ല സ്വപ്നമല്ല… പിന്നെ … പിന്നെ എന്താണിതൊക്കെ… ഹേ.. അജ്ഞാത സുന്ദരീ… എന്തിനായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് ഒരു നറു നിലാവ് പോലെ കടന്നു വന്നത്….? ഒറ്റ രാത്രി കൊണ്ടെന്റെ ഇന്നലെകളെ വീണ്ടുമെന്റെ കണ്മുന്നിലേക്കെത്തിച്ച് എന്റെ മനസ്സിനെ കീറിമുറിക്കാനോ….? അറിയാതെ വന്നു ചേരുന്ന ചില നിമിഷങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് എനിക്ക് കാണിച്ചു തരാനോ…? അല്ലെങ്കിൽ അമ്മയോടെന്ത് പറയണമെന്നറിയാതെ കുഴങ്ങി നിന്ന എന്റെ ചിന്തകളെ വഴിതിരിച്ചു വിടാനോ..?.. ഇനിയും മുറിവുകളുണങ്ങാത്ത ഈ ഹൃദയത്തിലേക്ക് പ്രതീക്ഷകളുടെ വിത്തെറിഞ്ഞു ഒരു നിമിഷം കൊണ്ടതൊക്കെ തിരിച്ചെടുക്കാനോ..? ഒരു രാത്രി ഒരുപാടെന്നെ മോഹിപ്പിച്ചിട്ട് ഞൊടിയിടയിലെങ്ങോട്ടോ കടന്നു കളയാനായിരുന്നെങ്കിൽ നീ വരേണ്ടിയിരുന്നില്ല…….
ഷെൽഫിൽ കുപ്പികളൊരുപാടിരിപ്പുണ്ട്.. മുൻപായിരുന്നെങ്കിൽ ഈ നശിച്ച സംഘർഷങ്ങളിൽ നിന്ന് രക്ഷപെടാൻ ഞാൻ അതിനെ ഉപയോഗപ്പെടുത്തിയേനെ… പക്ഷെ ഇപ്പോൾ എന്തുകൊണ്ടോ എനിക്കതിനു കഴിയുന്നില്ല… അറിയാതെ ഞാനതിനെ വെറുത്തു തുടങ്ങുന്നുവോ…..?എനിക്കെന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവുന്നില്ല.. എനിക്ക് ഉത്തരം കിട്ടാത്ത ഒരു കടങ്കഥ പോലെ ഇപ്പോൾ നീയെന്റെ മുൻപിൽ നിൽക്കുന്നു ….. പറയൂ …ആരാണ് നീ…?.. ഹാ .. എന്റെ തല പുകയുന്നു……..
അമ്മയോട് ഞാനെന്തു പറയണം….. അമ്മയുടെ വാക്കുകൾ എന്നെ വീണ്ടും വിവശനാക്കുന്നു …… എന്റെ തീരുമാനത്തെക്കുറിച്ചു അമ്മക്കെഴുതാൻ തുടങ്ങുമ്പോഴൊക്കെ അവൾ പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്കോടിയെത്തുന്നു…. “നിങ്ങൾ കരുതുന്നുണ്ടോ ഇതൊക്കെ കണ്ടു അവൾ സന്തോഷിക്കുകയാണെന്ന്…… ഹാ ……… നിങ്ങൾ ജീവിക്കുകയല്ല നശിക്കുകയാണ്….. അവളുടെ ആത്മാവ് വേദനിക്കുന്നു …………….” ഹോ … എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെ…. തലക്കകത്ത് ആകെ ഒരു മരവിപ്പ്….. ഹാ എനിക്ക് കഴിയുന്നില്ല .. ഞാൻ തളരുന്നു….. അമ്മേ…. എന്റെ പൊന്നമ്മേ……..
ഹേ … പെൺകൊടീ .. നീ അറിഞ്ഞിരുന്നോ മഞ്ഞുകണങ്ങൾ ചെമ്പകമരത്തെ ചുംബിച്ചിരുന്ന ആ രാവിൽ ഞാൻ അനുരാഗിയായിരുന്നു… അതെ എന്നിൽ പ്രണയമായിരുന്നു….. ഒരു മായക്കാഴ്ച പോലെ നീ പറന്നകലുമ്പോൾ നിന്നോടൊപ്പം യാത്രയായത് എന്നിലെ പ്രതീക്ഷകളാണ്…….. ഒരു സ്വപ്നം പോലെ എന്റെയീ സ്വൈരജീവിതത്തിലേക്കു നീ കടന്നു വന്നു…., നീ എന്നിലൊരു പുതിയ ലോകം തീർത്തിരിക്കുന്നു….. ഇതിന്റെ കൂടു പൊട്ടിച്ചു പുറത്തുവരാൻ എനിക്ക് കഴിയുന്നില്ല……
നേരം സന്ധ്യയാവുന്നു….. ഇല്ല നീ എങ്ങും പോയിട്ടില്ല… ഇവിടെ തന്നെയുണ്ട്… അങ്ങനെ എന്നെ വിട്ടുപോവാൻ നിനക്കാവുമോ…? ഇനിയുള്ള രാത്രികളിൽ എനിക്ക് മാത്രം കൊതിതീരെ നോക്കി നിൽക്കാൻ, ഈ ജന്മം മുഴുവൻ എനിക്ക് പ്രണയിക്കാൻ… എന്നാൽ പേര് ചൊല്ലി വിളിക്കപ്പെട്ട ആ കുഞ്ഞു നക്ഷത്രമായി നീ വീണ്ടും ഉദിക്കും…….. ഞാൻ മെല്ല ആ ചെമ്പകമരച്ചോട്ടിലേക്ക് നടന്നു…. പ്രതീക്ഷയോടെ ആകാശത്തേക്ക് നോക്കി…. എന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാൻ തളർന്നിരുന്നു….. ഇല്ല അവൾ ഇവിടെയെങ്ങുമില്ല….. പ്രിയപ്പെട്ടവളേ എന്റെ കാഴ്ചകൾക്കുമപ്പുറത്തേക്ക് നീ പറന്നകന്നുവോ…. ഒരു സ്വപ്നം പോലെ പ്രണയമായ് എന്നിൽ അവതരിച്ച നീ ഒരു മിഥ്യയെന്നു ഞാൻ വിശ്വസിക്കുന്നതെങ്ങനെ… ഇല്ല അങ്ങനെ എന്നെ വിട്ടു പോവാൻ നിനക്കാവില്ല … നീ വരും … നീ വരുന്നതും കാത്ത് ഈ ചെമ്പകമരച്ചുവട്ടിൽ ഞാൻ ഉണ്ടാവും….
ദിവസങ്ങൾ കടന്നുപോയി…. നിരാശയുടെ പ്രതിരൂപമായി ഞാൻ മരവിച്ചിരുന്നൊരു നാളിൽ വീണ്ടും അമ്മയുടെ കത്ത്……..
മോനേ .. ഇനിയും നിന്റെ മറുപടിക്കായി ഞാൻ കാക്കുന്നില്ല…..’അമ്മ നിനക്കൊരു പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ട് …. ശ്രീ ദേവി…. നല്ല കുട്ടിയാ… ഒരു പാവമാണ്…എന്റെ മോന് ഇതുമതി…. ഇത്തവണ അമ്മയുടെ വാക്കു നീ തട്ടില്ല… എന്റെ മനസ്സ് പറയുന്നു…. അവളുടെ ഒരു ഫോട്ടോ ഇതോടൊപ്പം വെക്കുന്നു … ന്റെ കുട്ടിക്ക് ഇഷ്ടാവും അമ്മക്ക് വിശ്വാസമുണ്ട് … സ്നേഹത്തോടെ …….. ‘അമ്മ…………
എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു… കുറെ നേരം ഞാൻ ആ കത്തുപിടിച്ച് എന്താണ് ചെയ്യേണ്ടതെന്നറിയാതെ അങ്ങനെ ഇരുന്നു… ഇപ്പോൾ എന്റെ ഹൃദയത്തിന്റെ മുഴക്കം എനിക്ക് കേൾക്കാം…… ഞാൻ ആ ഫോട്ടോ പുറത്തെടുത്തു…. ഒന്നേ നോക്കിയുള്ളൂ…. ഞാൻ ഞെട്ടിത്തരിച്ചു പോയി….. അവൾ…അവളുടെ മുഖം…… ആത്മ സംഘർഷങ്ങളുടെ ഒരു രാവിൽ എന്നെ ഒരു സ്വപ്നലോകത്തിലൂടെ നടത്തി ഒടുവിൽ ഒരു യാത്രാമൊഴിയോടെ അങ്ങ് ദൂരെ ദൂരെ ഒരു നക്ഷത്രമായി അലിഞ്ഞു ചേർന്നവൾ…….. ഈശ്വരാ എന്താണിതൊക്കെ….? എനിക്കെന്താണ് സംഭവിക്കുന്നത്….? ഇപ്പോൾ ഞാനുണ്ടെന്ന് വിശ്വസിക്കുന്ന ഈ ലോകം… യാഥാർഥ്യമോ , മിഥ്യയോ, അതോ മായയോ….? ഒരു മസ്തിഷ്കപ്രക്ഷാളനം പോലെ എനിക്കുൾക്കൊള്ളാനാവാത്ത എന്തോ ഒന്ന് എന്റെ ബോധമണ്ഡലത്തെ കീറിമുറിക്കുന്നു…… വൈരുദ്ധ്യങ്ങളുടെ ഈ തണുത്ത രാവിൽ ഞാൻ ഉന്മാദിയാവുന്നു……. അമ്മേ….. എനിക്കിപ്പോൾ എന്റെ അമ്മയെ കാണണം…. അച്ഛനെ കാണണം… ഒരു രാവ് മുഴുവൻ എനിക്കെന്റെ പൊന്നമ്മയെ കെട്ടിപ്പിടിച്ചൊന്ന് ഉറക്കെ പൊട്ടിക്കരയണം………………… ഞാൻ ആ ഫോട്ടോ വലിച്ചെറിഞ്ഞു……
വിവാഹ രാത്രി…… മുല്ലപ്പൂക്കൾ വിരിച്ച കട്ടിലിന്റെ ഓരത്തിരുന്ന് ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവളെന്റെ മുഖത്തേക്കുറ്റു നോക്കുകയാണ്……
എന്നിട്ട്…..?…
എന്നിട്ട് .. അവൾ മെല്ലെ പുറകോട്ടു നടന്നു … ഞാൻ നോക്കി നിൽക്കെ ഒരുപിടി പ്രകാശകിരണങ്ങളായി എന്നെ വലംവെച്ച് അങ്ങ് ദൂരെ ഞാൻ “ഖുംഘി” എന്നുവിളിച്ച ആ നക്ഷത്ത്രത്തിലേക്ക് അലിഞ്ഞുചേർന്നു……
ദേവീ… അവൾ കേട്ടില്ല…. അവൾ മറ്റേതോ ലോകത്തെന്നപോലെ ജനല്പാളികളിലേക്കു കണ്ണയച്ചങ്ങനെ ഇരിക്കുന്നു….
“ദേവീ…” ഞാൻ ഉറക്കെ വിളിച്ചു….
അവൾ ഞെട്ടിത്തിരിഞ്ഞെന്നെ നോക്കി…പൊടുന്നനെ അവൾ എന്റെ കയ്യിൽ കടന്നു പിടിച്ചു…. ഒരു വല്ലാത്ത മുഖഭാവത്തോടെ അവൾ പറഞ്ഞു
വരൂ ……
എങ്ങോട്ട് …..?
അതൊക്കെ പറയാം … വേഗം വരൂ … അവൾ എന്നെയുംകൊണ്ട് മുകളിലേക്ക് പോയി… ഒരു കിതപ്പോടെ ആകാശത്തേക്ക് വിരൽ ചൂണ്ടിയിട്ട് അവൾ പറഞ്ഞു …. നോക്കൂ …. അവിടെ എവിടെയെങ്കിലും അവൾ ഉണ്ടോ എന്ന് ….
ഞാൻ ആകാശത്തേക്ക് നോക്കി….. അത്ഭുദം നിറഞ്ഞ കണ്ണുകളാൽ ഞാൻ കണ്ടു…. “ഖുംഘി”….. വിറയാർന്ന സ്വരത്തിൽ ഞാൻ പറഞ്ഞു അതെ അവൾ വീണ്ടും ഉദിച്ചിരിക്കുന്നു.. അതാ അവിടെ ….
അവൾ അങ്ങോട്ടു തന്നെ നോക്കി നിന്നു.. പിന്നീട് വല്ലാത്തോരു മുഖഭാവത്തോടെ പറയാൻ തുടങ്ങി..
അതെ അത് അവളാണ്…. സുകന്യ… അവളാണത്…. അവൾ നമ്മളെ കാണാൻ വന്നതാണ്…. സൂക്ഷിച്ചു നോക്കൂ… അതവളല്ലേ..? അവൾ ഇപ്പോൾ സന്തോഷവതിയായി കാണുന്നില്ലേ…?
ആ നിമിഷം എന്നിൽ ഉയർന്നുവന്ന വികാരങ്ങൾ ഏതൊക്കെയാണെന്ന് എനിക്കറിയില്ല……..അന്നത്തെ സംഭവങ്ങൾ ഓരോന്നായി മനസ്സിലേക്കോടിയെത്തി….. ഞാൻ ആ നക്ഷത്രത്തെ നോക്കി… അതെ അതവളാണ്…..ഒരു അവധൂതയെ പോലെ ആ രാത്രിമുഴുവൻ എനിക്കരികിലുണ്ടായിരുന്നത് അവളാണ്….അവൾക്കെന്നോട് പറയാനുണ്ടായിരുന്നതെല്ലാം പറയുവാനായിരുന്നു അവൾ എന്നെക്കാണാൻ വന്നത്…. അവൾ പങ്കുവെച്ചതെല്ലാം അവൾക്കെന്നെക്കുറിച്ചുള്ള സങ്കടങ്ങളായിരുന്നു…. ഞാനത് തിരിച്ചറിയാതെ പോയല്ലോ……
ഞാൻ ദേവിയെ നോക്കി…. അവൾ അനങ്ങാതെ നിൽക്കുകയാണ്… ഞാൻ വിളിച്ചു …
ദേവീ …..
ഉം ….
അന്നത്തെ രാത്രി എന്നിലേക്കൊരു വെളിച്ചമായി കടന്നുവന്ന ആ പെൺകുട്ടിക്ക് നിന്റെ മുഖമായിരുന്നു…
അവൾ നിശ്ചലയായി നിന്നു…..
അപ്പോൾ… അവൾ… അവൾ ….ഞാനായിരുന്നോ,,,,?.. എന്നിലൂടെ നിങ്ങൾ കാണുന്നത് അവളെയാണോ….?
ഒരിക്കലുമല്ല…. നീ അവളല്ല… നീ നീയാണ്… നീയായിത്തന്നെ നിന്നെ സ്നേഹിക്കാൻ എനിക്ക് പറ്റും… അതാണ് ഇനിയെന്റെയീ ജീവിതം… നീ നീയാണ്… എന്റെ “ദേവി”……..
അവളുടെ കണ്ണുകൾ നിറഞ്ഞുവോ..? ഒന്നും മിണ്ടാതെ എന്റെ മാറിലേക്ക് വീണു വിതുമ്പുന്ന അവളെ അണച്ചു പിടിക്കുമ്പോൾ ഞാൻ ആ നക്ഷത്രത്തെ നോക്കി…… അവൾ ഇപ്പോൾ നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കുകയാണ്…….
സെപ്റ്റിക് ടാങ്കിലെ ഓളങ്ങളിൽ പിടഞ്ഞുവീണു മരിച്ച ബീജക്കുഞ്ഞുങ്ങൾക്ക് പറയാനുണ്ടാവും ഏറെ കഥകൾ മനോ രതിയിൽ വിവസ്ത്രരാക്കപ്പെട്ട പെൺ ശരീരങ്ങളിൽ പേക്കൂത്ത് നടത്തിയ സദാചാര വാദിയുടെ കാമദാഹത്തിന്റെ അഴുകി ദ്രവിച്ച കഥകൾ…അസ്ഥാനത്ത് കേറി സദാചാരം പുലമ്പുന്ന എമ്പോക്കികൾ ഒരു നിമിഷം ഓർത്താൽ നന്ന്..സദാ ചാരമായ ഒന്ന്… അത് മാത്രമാണീ സദാചാരം……
അവർ സ്‌കൂളിലേക്ക് അടുത്തു …. “വെളുമ്പിയം പാടം , എം . കെ. എം.എം . എല്‌പി സ്‌കൂൾ..”
ചുവന്ന ഇഷ്ടികകൾ കൊണ്ട് പടുത്തതും തേച്ചിട്ടില്ലാത്തതുമായ ആ സ്‌കൂൾ അവരെ നോക്കി പുഞ്ചിരിച്ചു.. വേലി കടന്ന് അവർ സ്‌കൂളിലേക്ക് പ്രവേശിച്ചു .. അപ്പോൾ ചില മുതിർന്ന കുട്ടികൾ അവരുടെ അടുത്തേക്ക് വന്നു …
“പടം കാണിച്ചു തരാം , പെൻസില് തര്വോ…?”
“ഹായ് .. നോക്കട്ടെ..”
മോനു കയ്യിലുണ്ടായിരുന്ന ചോരക്കട്ടി പെൻസിലിൽ നിന്നും ഒരു കഷ്ണം പൊട്ടിച്ചു കൊടുത്തു… അവർ ഒരു പേപ്പർ നിവർത്തിക്കാണിച്ചു.. അതിൽ പലയിടത്തായി നാലഞ്ച് ചിത്രങ്ങൾ….
“തത്തമ്മന്റെ ഭക്ഷണം മൊളകാണ്, അയിന് ഞമ്മളെപ്പോലെ നാവില്ലാത്തോണ്ട് എരിയൂല…”
അപ്പൊ അതെങ്ങന്യാ വർത്താനം പറയാ…?
“അത്.. അത് മൂക്ക്വോണ്ടാ വർത്താനം പറയാ… ” ഒരു ചെക്കൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു ..
ആ ഒടുക്കം വരച്ച്ക്കണ കിളീന്റെ പേരെന്താ…? മോനു ജിജ്ഞാസയോടെ ചോദിച്ചു ..
“ അതാണ് അഞ്ചുട്ടാൻ പക്ഷി”
അതെന്തു പശ്ശിയാ …?
“അത് .. അത് ഒരു ചോന്ത കളറുള്ള പക്ഷിയാ…” ഇങ്ങളെ സമയം കയിഞ്ഞു … ഇഞ്ഞ് കാണണെങ്കില് ഇഞ്ഞും പെൻസില് തരണം…
മാണ്ട മുനവ്വറേ.. ഞമ്മക്ക് പോകാം …
ഇജ്ജ് നടന്നോ… ഇന്റെ ക്ളാസ്സ് ഇവട്യാ…
സെരി… ഇന്നാ .. വെയ്ന്നാരം കാത്ത്ക്കണം, ഒപ്പം പോകാം..
ക്ലാസ്സിൽ ചെന്നപ്പോൾ നിൽഷാദും , ഷാജഹാനും, കലേഷും, സുധീഷുമൊക്കെ കളിക്കുകയായിരുന്നു.. മോനു അവരുടെ കൂടിച്ചേർന്നു… അപ്പോഴേക്കും ജോസഫ് സാർ ക്ലാസ്സിൽ വന്നു… കുശലാന്വേഷണത്തിന് ശേഷം, ഒന്നാം പാഠപുസ്തകം തുറക്കാൻ പറഞ്ഞു… അതിൽ വിവിധങ്ങളായ പക്ഷികളുടെയും മൃഗങ്ങളുടെയും ഒക്കെ പടങ്ങൾ കൊടുത്തിരിക്കുന്നു .. സാർ അവരുടെയെല്ലാം പേരുകൾ പറഞ്ഞുകൊടുത്തു.. എന്നിട്ട് പക്ഷികളെക്കുറിച്ചുള്ള ഒരു കഥ പറയാൻ തുടങ്ങി.. എല്ലാ കുട്ടികളും ശ്രദ്ധിച്ചിരുന്നു … പക്ഷെ, മോനുവിന്റെ മനസ്സ് അപ്പോഴും എന്തിനെയോ തേടുകയായിരുന്നു…
സ്‌കൂൾ വിട്ടു വീട്ടിൽ തിരിച്ചെത്തിയ ശേഷം മോനു പറമ്പിലൂടെ ചുറ്റിനടന്നു എന്തോ തിരഞ്ഞുകൊണ്ടിരുന്നു … അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു .. അങ്ങനെ വനാതിർത്തി വരെ അവൻ നടന്നു … പല കാഴ്ചകളും കണ്ടു… പക്ഷെ അവൻ അന്വേഷിക്കുന്നതിനെ മാത്രം കണ്ടില്ല .. അവൻ നിരാശനായി തിരിച്ചുനടന്നു.. പിറ്റേന്ന് സ്‌കൂളിന് അവധിയായിരുന്നു, അതിനാൽ നേരം വളരെയായിട്ടും മോനു ഉറക്കമുണർന്നില്ല….പെട്ടെന്ന് അമ്മായി അവനെ തട്ടിവിളിച്ചു ..
മോനു ചാടിയെണീറ്റ് അങ്ങോട്ട് ചെന്നു… മുറ്റത്തും പറമ്പിലുമായി ധാരാളം കിളികൾ …
ഇതെന്തൊക്കെ കിളികളാ…? അവൻ ചോദിച്ചു
” ആ വായമ്മേ ഇരിക്കണത് പച്ചക്കിളി, പിലാവ്മ്മല് മഞ്ഞക്കിളി, മുരിങ്ങാ മരത്ത്മ്മെ കാക്കത്തമ്പുരാട്ടി.. നെലത്ത് മൈനേം, പൂത്താങ്കീരീം ഒക്കെ” …. അങ്ങനെ കുറേ കിളികളുടെ പേരുകൾ അമ്മായി പറഞ്ഞുകൊടുത്തു … ” നല്ല രസണ്ട് ലേ …? തിണ്ട്മ്മെ നിന്ന് നോക്കിക്കോ …. മോനു അവിടെ നിന്ന് എല്ലാ കിളികളെയും കൗതുകത്തോടെ വീക്ഷിച്ചു… പെട്ടെന്ന് എന്തോ ഓർമ്മവന്നതുപോലെ അവൻ എല്ലാ മരങ്ങളിലും എന്തിനെയോ തിരഞ്ഞു.. ഒരുപാട് നേരത്തെ തിരച്ചിലിന് ശേഷം താഴെ പുളിമരത്തിൽ അവൻ ഒരു ചുവന്ന നിറം കണ്ടു … പ്രഭാത വെയിലേറ്റ് അതിന്റെ തൂവലുകൾ തിളങ്ങി… പൊടുന്നനെ അവന്റെ അവന്റെ മുഖത്ത് സന്തോഷംകൊണ്ട് അദ്‌ഭുതകരമായ ഒരു പുഞ്ചിരി വിടർന്നു… അവൻ ആ ദിശയിലേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി.. ആഹ്ലാദത്തോടെ അവൻ പറഞ്ഞു …
“ദേ.. അഞ്ചുട്ടാൻ പക്ഷി”
അവൻ പറഞ്ഞത് കേട്ട് വീട്ടിലുള്ളവർ പൊട്ടിച്ചിരിച്ചു.. പൊട്ടിച്ചിരികളുടെ മുഴക്കത്തിനിടയിലും അവന്റെ ശബ്ദം ഉയർന്നുകേട്ടു …
അയ്യോ എന്റെ കുട്ടീടെ തല കാണാനില്ലേ ..!!! സാവിത്രിക്കുട്ടി നിലവിളിച്ചു . കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും അമ്പാട്ട് വീട്ടിലേക്കോടി .
കവലയിലെ മമ്മദിന്റെ ചായക്കടയിൽ
രാഷ്ട്രീയം
പറഞ്ഞിരിക്കുകയായിരുന്നു വർക്കി മാപ്ലയും , വറീതും , മൊയ്തീനുമെല്ലാം . മമ്മദിക്കാ കടുപ്പത്തിൽ ഒരു ചായ .. കേട്ടില്ലേ വർക്ക്യെ ആണവ കരാർ ഒപ്പിടാൻ പോവാണെന്ന് .. ചൂട് ചായ ഊതിക്കുടിക്കുന്നതിനിടയിൽ മൊയ്‌തീനാണത് പറഞ്ഞത് . ഉം …. അതിന് ഇമ്മിണി പുളിക്കും , ഞങ്ങള് ഇടതു പക്ഷക്കാര് സമ്മതിച്ചിട്ട് വേണ്ടേ , അവരെങ്ങാനും ഒപ്പിട്ടാൽ ഞങ്ങളിവിടെ ചോരപ്പുഴയൊഴുക്കും , വർക്കി മാപ്ല വിപ്ലവത്തിന്റെ ആവേശത്തിൽ പറഞ്ഞു .. ഓ … പിന്നേ .. കരിമ്പൂച്ച വട്ടം ചാടിയാൽ മൂത്രമൊഴിക്കുന്ന ആളാ .. ചോരപ്പുഴ .. പുളു പറയാതെ പോ മൂപ്പീന്നെ . വറീത് അയാളെ കളിയാക്കി .
പെട്ടെന്നാണ് ആ കൂട്ടത്തിലേക്ക് കണിയാൻ വൈദ്യർ ഓടിക്കിതച്ചു വന്നത് . കേട്ടില്ലേ പുകില് ..? അമ്പാട്ട് വീട്ടിലെ കുട്ടീടെ തല കാണാനില്ല്യാത്രെ . ഇന്റെ ബദ്രീങ്ങളേ ആരേ ആ കുട്ടീടെ തല കൊണ്ടോയീ .. ? മൊയ്‌തീൻ ചോദിച്ചു . അറിയാൻ പാടില്ല മൊയ്തീനേ ഞാൻ അങ്ങട്ട് പോവ്വാ .. ഞങ്ങളും വരണൂ . അവർ അഞ്ചു പേരും അമ്പാട്ട് വീടിലെക്കോടി . അമ്പാട്ട് വീടിനു മുമ്പിൽ ജനങ്ങൾ തടിച്ചു കൂടി നില്ക്കുന്നു . എല്ലാവരുടെയും മുഖത്ത് അമ്പരപ്പ് .
തറവാട്ടിലെ മൂത്ത കാർന്നോന്മാരെല്ലാം എത്തിയിട്ടുണ്ട് . തെക്കേടത്തെ വല്യേടത്തിയും മറ്റു പെണ്ണുങ്ങളും സാവിത്രിക്കുട്ടിയുടെ അടുത്തെത്തി . അവരെക്കണ്ടതും സാവിത്രിക്കുട്ടിയുടെ നിയന്ത്രണം വിട്ടു
ഇത് കണ്ടില്ലേ ഓപ്പോളേ ന്റെ കുട്ടീടെ തല . എന്റീശ്വരന്മാരേ ഞാൻ ഇതെങ്ങനെ സഹിക്കും .. സാവിത്രിക്കുട്ടി നെഞ്ചത്തടിച്ചു .. ആ രംഗം കണ്ടതും അവിടെയുണ്ടായിരുന്ന പെണ്ണുങ്ങളെല്ലാം കരയാൻ തുടങ്ങി .. ആരാ ഈ പാതകം ചെയ്തത് …? അവന്റെ കഥ ഞാൻ കഴിക്കും , അമ്പാട്ട് വീട്ടിലെ കുട്ടിയെ തൊട്ടു കളിക്കാൻ മാത്രം ധൈര്യണ്ടായ ആ ദ്രോഹി ആരാണ് ? പറയിൻ … തറവാട്ടിലെ തല മൂത്ത കാരണവർ കലിതുള്ളിക്കൊണ്ട് ചോദിച്ചു …..
സതീശൻ ..!
ആര് ? മ്മടെ കളപ്പുരക്കലെ സതീശനോ ..? അല്ല , ആ ടൌണില് പീടികയുള്ള , കാട്ടിലും മലേലും ഒക്കെ പടം പിടിച്ചു നടക്കണ ഒരുത്തനില്ലേ , അവനാ ന്റെ കുട്ടീനെ ……
ഹെന്ത് ?.. അവനിത്രക്ക് ധിക്കാരമോ ?. . പോയി പിടിച്ചു കെട്ടിക്കൊണ്ടു വാടാ അവനെ . കേൾക്കേണ്ട താമസം , ആളുകൾ എല്ലാവരും കൂടെ ടൌണിലേക്ക് ഓടി , അയാളെ പിടിച്ചു കെട്ടി കൊണ്ടുവന്ന് സാവിത്രിക്കുട്ടിയുടെ മുൻപിൽ ഹാജരാക്കി . കാരണവർ അയാളുടെ കോളറിനു കുത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു . ഇവടത്തെ കുട്ടീനെ തൊട്ടു കളിക്കാൻ മാത്രം വളർന്നു നീയ്യ് , ല്ല്യെ .. എബടെടാ , ന്റെ കുട്ടീടെ തല …? അയ്യോ എനിക്കറിയില്ല , ഞാനൊന്നും ചെയ്തിട്ടില്ല , കള്ളം പച്ച കള്ളം ഇവൻ തന്ന്യാ ന്റെ കുട്ടീനെ ഇങ്ങന്യാക്ക്യെ .. എന്താ സാവിത്രിത്തമ്പുരാട്ടീ നിങ്ങളീ പറയണത് …? ഞാൻ അങ്ങനൊരു പാതകം ചെയ്യുമോ ..? പിന്നെ ഞാൻ എന്താടാ ഈ കാണുന്നത് ..? ഇങ്ങനെ ചോദിച്ചു കൊണ്ട് അവർ ഒരു സാധനം അവന്റെ മുമ്പിലേക്ക് എറിഞ്ഞു കൊടുത്തു . എന്നിട്ട് ചോദിച്ചു എന്റെ കുട്ടീടെ പെറന്നാളിനു നീ തന്നെ എടുത്ത ഫോട്ടോ അല്ലേടാ ഇത് ..?… ഇതില് എബടെടാ എന്റെ കുട്ടീടെ തല ..? പറയെടാ .. ദ്രോഹീ ……. സാവിത്രിക്കുട്ടിയുടെ ചോദ്യം കേട്ട് സതീശനും , അവിടെ കൂടി നിന്നവരുമെല്ലാം അന്തം വിട്ടു തരിച്ചു നിന്നു പോയി ….
തമാശകൾ എപ്പോഴും ഒരു രസമാണ്…. എന്നാൽ ചില തമാശകൾ ചിലപ്പോ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം… നമ്മൾ അത് അറിയാറില്ല… നമ്മൾ മനപ്പൂർവവും ആവില്ല….. കുറച്ചു മുൻപ് നടന്ന ഒരു കാര്യം ഞാൻ ഓർക്കുന്നു…. ഞങ്ങളുടെ കോണ്ക്രീറ്റ് ചെക്ക് പോയിന്റിൽ സാമ്പിൾ എടുക്കാനും മറ്റു ചെക്കിങ്ങിനും ഒക്കെയായി വരുന്ന ഹെല്പെർ ആണ് രുദ്ര…..നേപാൾ സ്വദേശിയാണ് തടിയൻ രുദ്ര….. ഞങ്ങള് ഭയങ്കര കമ്പനിയാണ്…. ഇടയ്ക്കു ഓരോന്ന് പറഞ്ഞു കളിയാക്കാറുണ്ട് അങ്ങോട്ടും ഇങ്ങോട്ടും… ഒരിക്കൽ ഞാൻ ചെക്ക് പോയിന്റിൽ ചെല്ലുമ്പോൾ അവിടെ ആരോ കുറച്ചു സ്വീറ്റ്സ് കൊണ്ട് വെച്ചിട്ടുണ്ട്… ആഹാ ലഡ്ഡു ഒക്കെ ഉണ്ടല്ലോ എന്താ ഇവിടെ വിശേഷം….? അപ്പൊ ഒരുത്തൻ പറഞ്ഞു രുദ്രാ കി ഘർ മേ ബച്ചാ ആഗയാ…. അത് അവനെ കളിയാക്കിയതാണ് എന്ന് അറിയാമെങ്കിലും ഞാൻ ചുമ്മാ ചോദിച്ചു ആഹാ…… തീൻ സാൽ സെ മേ ദേഖ് രഹാ ഹെ ,,, തും ഇഥറീഹെ … ഉധർ ബച്ചാ ആഗയാ… ക്യാ ബാത്ത് ഹെ ഭായ്…… അത് കേട്ട് എല്ലാരും ചിരിച്ചു….. ആ ദിവസം അങ്ങനെ കഴിഞ്ഞു….. വൈകുന്നേരം ഞാൻ എന്റെ സുഹൃത്ത് റിയാസിനോട് ഈ തമാശ പറഞ്ഞു….. അപ്പൊ അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്ക് കുറ്റ ബോധം തോന്നി……. രുദ്ര വളരെ ചെറുപ്പത്തിൽ വിവാഹം കഴിച്ചതാണ്… ഇത്രയും കാലമായിട്ടു കുഞ്ഞുങ്ങൾ ഇല്ല…. അവന്റെ ഭാര്യയുടെ ഗർഭ പാത്രത്തിനു ഒരു കുഞ്ഞിനെ ഉൾക്കൊള്ളാൻ ഉള്ള ശേഷി ഇല്ലെന്നും…. ഒരു സർജറി നടത്തിയാൽ ചിലപ്പോ ശരിയാവും എന്നും….. എന്നാൽ വല്യ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ഗ്രാമീണ പെണ്‍കുട്ടിയായ രുദ്രയുടെ ഭാര്യക്ക് സർജറി ഒക്കെ ഭയമാണ്…….. അത് കൊണ്ട് തന്നെ അവളെ ഒന്നിനും നിർബന്ധിക്കാതെ വിധിയെ പഴിച്ചു കഴിയുകയാണ് രുദ്ര…. അവർ തമ്മിൽ നല്ല സ്നേഹമാണ്… രുദ്ര വളരെ സന്തോഷത്തോടെ എപ്പോഴും ചിരിച്ചും കളിച്ചും കാണപ്പെടുന്നു…. ഭാര്യക്ക് ഫോണ്‍ ചെയ്യുമ്പോഴും വളരെ സന്തോഷത്തോടെയാണ് അവനെ കാണാറ്…. ഒരു പക്ഷെ എന്റെ തമാശ അവനെ ഒരു പാട് വേദനിപ്പിച്ചു കാണും… പാവം… അവൻ എന്നോട് ക്ഷമിക്കട്ടെ… ഞാൻ ഈ കാര്യങ്ങൾ അറിഞ്ഞു എന്നത് അവൻ അറിഞ്ഞാൽ ഒരു പക്ഷെ എല്ലാം മറന്ന അവനു അത് വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ ആയാലോ…. വെറുതെ എന്തിനാ അവനെ വിഷമിപ്പിക്കുന്നത്…. അത് കൊണ്ട് പിന്നെ ഞാൻ അവനോടൊന്നും പറയാൻ പോയില്ല….. ഒരു തമാശയായി അത് അങ്ങനെ മറന്നു……..
ഓരോ ദിവസവും അങ്ങനെ എന്തൊക്കെ നേരമ്പോക്കുകൾ….. അതിനിടയിൽ നമ്മൾ അറിയാതെ പോവുന്ന ഇങ്ങനെ ചില കാര്യങ്ങൾ……………..
മരിക്കാൻ തീരുമാനിച്ചുറച്ച് രാവിന്റെ മാറിലേക്കിറങ്ങി നടന്നു…ഇത്തിരി നേരം കടൽക്കരയിലെ ബെഞ്ചിൽ കണ്ണടച്ചിരുന്ന് കഴിഞ്ഞ കാലത്തിലൂടെ പതിയെ സഞ്ചരിക്കവേ പേരറിയാത്ത ഏതോ പൂക്കളുടെ സുഗന്ധം അയാളെ ചിന്തകളിൽ നിന്നുണർത്തി..പകച്ചിരിക്കുന്ന അയാളെ നോക്കി അവൾ മൃദുവായൊന്ന് മന്ദഹസിച്ചു….മുഖവുരയില്ലാതെ അവൾ സംസാരിച്ചുതുടങ്ങി…ഒരു അന്ധാളിപ്പോടെ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാതെ അയാൾ കേട്ടിരുന്നു..പുലരിയുടെ കിരണങ്ങൾ രാവിനെ മായ്ക്കാൻ തുടങ്ങിയിരുന്നു… അവൾ എഴുന്നേറ്റ് പോവാനൊരുങ്ങി, ഒരു യാത്രപോലും പറയാതെ.. ഒന്ന് നിൽക്കൂ…. അവൾ തിരിഞ്ഞുനോക്കി… ആരാണ് നീ, who are you..? I am a bitch, ഈ നഗരത്തിന്റെ ഇരുട്ടിൽ ദാഹിച്ചുവലയുന്ന ആത്മാക്കൾക്ക് ശാന്തിനൽകുന്നൊരു വേശ്യ…. ഇപ്പോൾ എങ്ങോട്ടാണീ യാത്ര…? അറിയില്ല…ഒഴിഞ്ഞ ചൂണ്ടക്കൊളുത്തിൽ കൊത്തുന്ന ഒരു ഇരയെത്തേടി ഞാൻ എത്രദൂരം സഞ്ചരിക്കേണ്ടിവരുമെന്ന് അറിയില്ല…ഇന്നലെ ഒന്നും തടഞ്ഞില്ല.. കുറേ സമയം മിനക്കെട്ടത് മിച്ചം… ഞാനും വന്നോട്ടേ കൂടെ…? എന്തിന്…? ഒരു രാവ് മുഴുവൻ കൂടെയുണ്ടായിട്ടും വെറുതെ എന്റെ മുഖത്തേക്ക് നോക്കിയിരുന്ന നിങ്ങൾ കൂടെവരുന്നതുകൊണ്ട് എനിക്കെന്തു പ്രയോജനം …. ? ദിശയറിയാത്ത നിന്റെയീ യാത്രയിൽ നിന്നോട് ചേർന്നു നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു…ഇനിയങ്ങോട്ടുള്ള ദൂരമത്രയും നമുക്ക് ഒരുമിച്ചു സഞ്ചരിക്കാം..ഒരു ഇരക്ക് വേണ്ടി ചൂണ്ടയെറിയാനായി ഇനി നീ അലയേണ്ടതില്ല, ഇനിയങ്ങോട്ടീ ഭൂമിയിൽ ശേഷിച്ച നാളുകളത്രയും നിന്റെ ഇരയാവാൻ ഞാനുണ്ട്… അവൾ ഒന്നും പറഞ്ഞില്ല…നീണ്ട നേരത്തെ മൗനം.. അയാൾ എഴുന്നേറ്റു… നിശ്ചലയായി നിൽക്കുന്ന അവളുടെ കൈപിടിച്ച് അയാൾ മുന്നോട്ടുനടന്നു.. ഒന്നും മിണ്ടാനാവാതെ അയാളുടെ മുഖത്തേക്കുറ്റുനോക്കുമ്പോൾ രണ്ടിറ്റ് കണ്ണുനീർ തുള്ളികൾ ആ മണൽത്തരികളെ നനച്ചുവോ…. …………എം ജാസിം അലി………………