Categories
Uncategorized

മെഡലുകൾ

അവനെന്തൊക്കെയോ എഴുതിക്കൂട്ടുന്നുണ്ട് .. പറയുന്ന പലതും മനസ്സിലാവുന്നു പോലുമില്ല .. ശരിയ്ക്കും ഇവന് എന്തേലും തകരാറുണ്ടോ .. കാഴ്ചക്കാരുടെ ചിന്തകൾ ആ വഴിയ്ക്ക് നീങ്ങുന്നത് നോക്കിക്കാണുന്നുണ്ടായിരുന്നു ഞാൻ .. എല്ലാവരുടെയും ചിന്തകൾ ഭേഷായി എന്റെ നേർക്ക് നീണ്ടു വന്നുകൊണ്ടിരുന്ന ആ സമയത്തായിരുന്നു എന്റെ പ്രഖ്യാപനം ….

എനിയ്ക്ക് ഭ്രാന്താണ് ..

അതെ ഭ്രാന്താണ് എനിയ്ക്ക് .. ഞാൻ ഭ്രാന്തനാണ് .. ഭ്രാന്ത് എന്ന ആ സുന്ദര ലോകത്തെ പ്രണയിക്കുന്നവൻ … ഒരു ദേവകന്യകയെപ്പോലെ മനോഹരിയായ ഭ്രാന്ത് എന്നിലേക്ക് കടന്നു വരാറുണ്ട് .. അവളുടെ തലോടലേകുന്ന സുഖത്തിൽ ഞാൻ മയങ്ങിപ്പോവാറുണ്ട് … ഉന്മാദത്തിന്റെ മാസ്മരികമായ ലോകത്തിലൂടെ അവളോടൊപ്പം ഞാൻ പറന്നു നടക്കാറുണ്ട് …ഭ്രാന്തിൽ അലിഞ്ഞു ചേരുന്ന യാമങ്ങളോട് ഗാഢമായ പ്രണയമാണെനിയ്ക്ക് … ഭ്രാന്ത് നൽകുന്ന സ്വർഗ്ഗീയ സുന്ദരമായ ആരാമത്തിൽ ഒരു ശലഭമായി പാറി നടക്കുന്ന കെട്ടടങ്ങാത്ത അഭിനിവേശവുമായി ഭ്രാന്തിൽ മുഴുകാൻ തുടിയ്ക്കുന്ന എന്റെ ഉള്ളത്തെ തൊട്ട് ഞാൻ പ്രഖ്യാപിക്കുന്നു . ” ഭ്രാന്താണെനിയ്ക്ക്” എന്നെ ഭ്രാന്താ എന്ന് വിളിച്ചു കൊള്ളുക … ആ നിമിഷത്തിൽ അതുവരെ എനിയ്ക്ക് ഭ്രാന്തിന്റെ പട്ടം ചാർത്തിത്തരാൻ ഒരുങ്ങിയിരുന്ന ഓരോരുത്തർക്കും അതൊരു അടിയായിരുന്നു … കാരണം അവർക്കെന്നെ ഭ്രാന്താ എന്ന് വിളിച്ചു പരിഹസിക്കാൻ ഇനി സാധിക്കില്ല .. ഓരോ തവണ അവരെന്നെ ഭ്രാന്താ എന്ന് വിളിക്കുമ്പോഴും അതൊക്കെ എനിയ്ക്കുള്ള മെഡലുകളായി മാറുന്നു ….

______________ജാസിം_________________________

Categories
Uncategorized

അക്ഷരതെറ്റുകൾ

പദ പ്രയോഗങ്ങളുടെ ഗതിയിൽ എപ്പോഴും സൂക്ഷ്മതയുണ്ടാവണം .. ഒരക്ഷരം തെറ്റിയാൽ മതി അർത്ഥം തന്നെ മാറിപ്പോവാൻ …മാറിപ്പോവുന്ന ആ ഒരർത്ഥം ചിലപ്പോൾ ജീവിതത്തെ തന്നെ വളരെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട് .. അശ്രദ്ധ കൊണ്ട് തെറ്റിപ്പോയ അക്ഷരങ്ങൾ കൊണ്ട് മാത്രം ആടിയുലഞ്ഞു പോയ ജീവിതത്തെ എങ്ങനെ തിരുത്തിയെടുക്കണം എന്നറിയാതെ ബുദ്ധിമുട്ടുന്നവർ ഉണ്ട് … ആ അക്ഷരതെറ്റുകൊണ്ട് നഷ്ടങ്ങളുടെ കൈപ്പുനീർ കുടിയ്ക്കുന്നവരുണ്ട് … തിരിച്ചറിയാൻ വൈകിപ്പോയതുകൊണ്ട് ഒരിയ്ക്കലും തിരുത്താനാവാത്ത തരത്തിൽ എല്ലാ പദങ്ങളും തെറ്റിപ്പോയവരുണ്ട് …. തിരിച്ചറിവിന്റെ സമയത്ത് തിരുത്താൻ ശ്രമിച്ചു പരാജയപ്പെട്ടു പോയവർ ഉണ്ട് … ക്ഷണ നേരം കൊണ്ട് എല്ലാം തിരുത്തിയെടുത്തവരും ഉണ്ട് … സൂക്ഷിയ്ക്കുക .., അക്ഷരത്തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും ചിലപ്പോൾ ….

_______________ജാസിം_____________________

Categories
Uncategorized

എങ്ങനെ ഞാൻ എഴുതേണ്ടൂ ?

നിന്നെക്കുറിച്ചെഴുതുന്ന വരികൾക്കൊന്നും തീവ്രത പോരെന്ന് എനിയ്ക്ക് തോന്നാറുണ്ട് … നിന്നോടുള്ള എന്റെ അഭിനിവേശത്തെ വർണ്ണിയ്ക്കാൻ ഭാഷയോ വാക്കുകളോ എനിയ്ക്ക് പോരാതെ വരികയാണ് … പദങ്ങൾക്ക് വേണ്ടി ഞാനലയുകയാണ് … എന്റെ ഉള്ളിനെ തുറന്നു വെയ്ക്കാൻ പര്യാപ്തമായൊരു ഭാഷയെ ഞാൻ തേടുന്നു , വാക്കുകളെ തേടുന്നു .. ഇല്ല , ഭാഷകൾക്കോ വാക്കുകൾക്കോ ഇതിനെ വിവരിയ്ക്കാൻ കഴിയില്ല .. നീയെന്ന സുന്ദര ശിൽപ്പത്തെ , നീയെന്ന മനോഹര പുഷ്പത്തെ , നീയെന്ന സുരഭില സ്വപ്നത്തെ , നീയെന്ന മധുര സംഗീതത്തെ , വർണ്ണിയ്ക്കാൻ വാക്കുകൾ അപര്യാപ്തമാണ് … പ്രിയപ്പെട്ടവളേ എങ്ങനെ ഞാൻ എഴുതിത്തീർക്കും നിന്നെ … ഉയിരോട് ചേർന്നിങ്ങനെ നീയുണ്ടാവുമ്പോൾ എന്നിൽ നിന്നു പൊഴിയുന്നതിലെല്ലാം നിന്റെ സ്പര്ശമുണ്ടാവും .. നിന്റെ ഗന്ധമുണ്ടാവും … നിന്റെ രൂപമുണ്ടാവും …

_______________ജാസിം__________________

Categories
Uncategorized

എന്റെ മാത്രം

ഒന്നിച്ചു ചേരുന്ന സുന്ദര യാമങ്ങളെ മാത്രം കിനാവ് കണ്ടുകൊണ്ട് ഞാനെന്റെ ദിനരാത്രങ്ങളെ മനോഹരമാക്കുകയാണ് … നിന്നിലലിയുന്ന രാവുകളും നിന്നോട് ചേരുന്ന പുലരികളും നിന്നിലൂടെ ഒഴുകുന്ന നാളുകളും എന്റെ ലോകത്തെ പ്രകാശ പൂരിതമാക്കുന്നു .. എന്റെ ജന്മത്തിലുടനീളം ചൈതന്യം പകരാനായി ഈശ്വരനയച്ച മാലാഖയാണ് നീ … നിലാവുദിയ്ക്കുന്ന നിന്റെ മുഖവും മുത്തു പൊഴിയുന്ന നിന്റെ ചിരിയും തേൻ പൊഴിയ്ക്കുന്ന നിന്റെ സ്വരവും എന്റെ മാത്രം സ്വന്തമാക്കിയ ദൈവത്തോട് നന്ദി പറഞ്ഞാൽ തീരില്ല ..

കുഞ്ഞു കുഞ്ഞു ചിണുങ്ങലുകലുകളും .. ചൂടു നിശ്വാസങ്ങളും .. മാറോട് ചേരുമ്പോഴുള്ള സ്വർഗീയമായ അനുഭൂതിയും എന്റെ മാത്രം സ്വന്തം … കണ്ണുകളിലെ സ്വർണ്ണ മത്സ്യങ്ങൾ എന്റെ നേർക്ക് നീന്തിയടുക്കുന്ന ധന്യ മുഹൂർത്തങ്ങൾ … എന്തൊരു കാന്ത ശക്തിയാണ് ആ മീനുകൾക്ക് .. ഞാനെന്ന എന്നിൽ നീ ചേരുമ്പോഴല്ലാതെ എനിയ്ക്കൊരു പൂർണ്ണതയുണ്ടാവുന്നില്ല … സഖീ ഇനി ഏതൊരു ജന്മമുണ്ടെങ്കിലും നീ എന്റെ മാത്രം സ്വന്തമാവണം …

____________ജാസിം_______________

Categories
Uncategorized

പ്രിയേ ഞാൻ കാത്തിരിയ്ക്കുന്നു

കുറേ നേരമായി കണ്ണെടുക്കാതെ ഞാനീ ചന്ദ്രനെ നോക്കിയിരിക്കുകയായിരുന്നു .. എന്തൊരു തേജസ്സാണ് ഇന്നവന്റെ മുഖത്ത് … എത്ര സുന്ദരമായ കാഴ്ചയാണിത് .. പാൽമഴ പൊഴിയുന്ന ഈ ചന്ദ്രബിംബം കാണുമ്പോൾ നിന്റെ മുഖമാണ് ഉള്ളിൽ തെളിയുന്നത് … പൗർണ്ണമി തിങ്കൾ പോലെ പ്രഭാപൂരിതമായ നിന്റെ കവിൾത്തടങ്ങളെ ചുംബനം കൊണ്ടു മൂടാൻ കൊതിക്കുന്ന നിമിഷങ്ങൾ .. പതിയേ കണ്ണിമകൾ അടച്ച് ആ സുന്ദര മുഹൂർത്തത്തെ ഞാൻ മനസ്സിലേക്കാവാഹിക്കുന്നു .. മഞ്ഞു പൊഴിയുന്ന തണുത്ത രാത്രികളിൽ നിന്റെ മാറിലെ ചൂടേറ്റ് മയങ്ങുന്ന പുളകിതമായ കിനാവുകളെന്നെ വലയം ചെയ്തിരിക്കുന്നു.. കിളിനാദമുയർത്തും നിന്റെ ചുണ്ടുകളിൽ നിന്നുതിർന്നു വീഴുന്ന തേൻകണങ്ങളെ ആവോളം നുകരാൻ ഉള്ളം തുടിക്കുന്നു … നിന്നിലലിയുന്ന യാമങ്ങളെക്കാൾ സുന്ദരമായി മറ്റൊന്നുമില്ലീ ഭൂമിയിൽ … പ്രിയേ ഞാൻ കാത്തിരിയ്ക്കുന്നു ,

________________ജാസിം_______________________

Categories
Uncategorized

എന്തിനെന്നറിയാതെ

എവിടെ നിന്നൊക്കെയോ വന്നു ചേർന്നു … എവിടേക്കെന്നു പോലും പറയാതെ ഒരു നാളങ്ങു പൊയ്ക്കളഞ്ഞു … അതിനിടയിൽ എപ്പോഴോ തീർത്ത സ്നേഹത്തിന്റെ മാന്ത്രിക നിമിഷങ്ങൾ .. ഒരായിരം ഓർമ്മകളെ മാത്രം ബാക്കി തന്നിട്ട് ശൂന്യതയിൽ ലയിച്ചു ചേർന്ന ചില മുഖങ്ങൾ .. തിരഞ്ഞു നോക്കാറുണ്ട് പലപ്പോഴും പലയിടങ്ങളിലും .. കണ്ടെത്താനാവാറില്ല .. പതിവിന് വിപരീതമായി എന്നെങ്കിലും അവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും നാമവരെ തിരയാറുണ്ട് .. ഇന്നും തിരഞ്ഞുകൊണ്ടേയിരിക്കുന്നു …

Categories
Uncategorized

ഓരോന്ന് കേൾക്കുമ്പോൾ തോന്നിപ്പോവുന്നതാ

ഓരോ ആത്മഹത്യയും ഒരുപാടേറെ മുറിവുകളാണ് സൃഷ്ടിക്കുന്നത് … ആത്മത്യയെക്കുറിച്ചുള്ള ഓരോ വാർത്തയും എന്നിലും വളരെയധികം ദുഃഖമുണ്ടാക്കാറുണ്ട് … കഴിഞ്ഞ ദിവസങ്ങളിൽ എന്റെ നാട്ടിലും ഉണ്ടായി വാർത്ത .. ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു ഞാൻ , അപ്പോഴാണ് എതിരെ ആംബുലൻസ് വരുന്നത് കണ്ടത് . ഉടനേ ഞാൻ വണ്ടി സൈഡിലോട്ട് ഒതുക്കി . ആംബുലൻസിന്റെ വേഗത കണ്ടപ്പോൾ തന്നെ മനസ്സിലായി എന്തോ ഗുരുതരമായ അപകടമാണെന്ന് .. പിന്നീടറിഞ്ഞു വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചൊരാളെയും കൊണ്ടാണ് അത് കുതിച്ചു പാഞ്ഞിരുന്നതെന്ന് … കേട്ടപ്പോൾ തന്നെ വല്ലാത്ത ടെൻഷനായി … രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഏറെ ആഘാതമുണ്ടാക്കിയ മറ്റൊരു വാർത്ത , മൂന്ന് കുഞ്ഞുങ്ങളും അമ്മയും തൂങ്ങി മരിച്ച നിലയിൽ…. അതും ഇവിടെ തൊട്ടടുത്ത്, കേട്ടിട്ട് തലമിന്നുന്ന പോലെ തോന്നി .. ഇപ്പൊ അതിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ നടക്കുന്നു .. ആത്മത്യയല്ല കൊലപാതകമാണ് എന്ന ആരോപണമൊക്കെ കേൾക്കുന്നു …

പറഞ്ഞു വന്നത് ആത്മഹത്യയെ പറ്റിയാണ് … ഓരോ ആത്മഹത്യയ്‌ക്കും പിന്നിൽ പലവിധ കാരണങ്ങൾ ഉണ്ടാവും .. ഒരു നിമിഷത്തെ മനസ്സിന്റെ തോന്നലിൽ നിന്ന് മാത്രമാണ് ആത്മഹത്യ ഉണ്ടാവുന്നത് .. ആ നിമിഷത്തെ അതിജീവിക്കാനായാൽ അതുണ്ടാവില്ല .. എല്ലായിടത്തും അങ്ങനെ മാത്രമാണെന്നല്ല ഞാൻ അർത്ഥമാക്കുന്നത് .. ആത്മഹത്യയ്‌ക്കൊരുങ്ങും മുൻപ് ഓരോരുത്തരും തങ്ങളെ സ്നേഹിയ്ക്കുന്നവരെപ്പറ്റി നല്ലപോലെ ഒന്നാലോചിച്ചാൽ അവർക്ക് അതിന് കഴിയില്ല .. ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ , അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമ്പോൾ അയാളെ സ്നേഹിയ്ക്കുന്നവരുടെ ഉള്ളിൽ അതുണ്ടാക്കുന്ന നീറ്റൽ , ആ വേദനയുടെ ആഴം എത്രയെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിയ്ക്കലും ഒരിയ്ക്കലും ഒരാളും ആത്മഹത്യ ചെയ്യില്ല …

******************************************

ഓരോന്ന് കേട്ടപ്പോൾ ഉണ്ടായ വിഷമം ഒന്ന് പങ്കുവെച്ചു എന്നേയുള്ളൂ …എല്ലാം കുടഞ്ഞിടാൻ ഈയൊരു ഇടമല്ലേ ഒള്ളൂ .. മനുഷ്യ മനസ്സിനെയും വിചാരങ്ങളെയുമൊക്കെ പൂർണ്ണമായും എങ്ങനെ മനസ്സിലാക്കാനാണ് .. ചൂഴ്ന്നു നോക്കി ഉള്ളറിയാനുള്ള വിദ്യയൊന്നും ഇല്ലല്ലൊ … എല്ലാവർക്കും നല്ലത് വരട്ടേ

Categories
Uncategorized

ആസ്വദിക്കുക ഈ സ്വർഗ്ഗത്തെ

മരിക്കാനായി പിറന്നവരാണ് സമസ്ത ജീവജാലങ്ങളും… ജീവിച്ചിരിക്കുന്ന കാലം ആസ്വദിക്കുക… മണ്ണിനെ, മരങ്ങളെ, ഭൂമിയെ, കിളികളെ, മറ്റു വൈവിധ്യങ്ങളെ, പുഴകളെ, മഴയെ, സംഗീതത്തെ, കലയെ, മനുഷ്യനെ, നന്മയെ, സ്നേഹത്തെ, ഈ മണ്ണിലെ സൗഭാഗ്യങ്ങൾ കണ്ണുതുറന്നു കാണുക, ഈ മണ്ണിലെ സ്വർഗ്ഗത്തെ അനുഭവിച്ചറിയുക….. ഇതിനെയെല്ലാം വിസ്മരിച്ച് ഇതിനൊക്കെ അപ്പുറം മറ്റേതോ ഒരു സ്വർഗ്ഗം ഉണ്ടെന്നത് ഒരു പൊള്ളയായ സങ്കല്പമോ ഭാവനയോ മാത്രം…… കാണുക, അറിയുക, അനുഭവിച്ചാസ്വദിക്കാനും, നഷ്ടപ്പെടാതെ സംരക്ഷിക്കാനും ശ്രമിക്കുക, ഈ മണ്ണിലെ സ്വർഗ്ഗത്തെ……

എം ജാസിം അലി (നിലമ്പൂർ)

Categories
Uncategorized

കുമ്പസാരം (ഭാഗം 8)

അവന്റെ വായിൽ നിന്നു വീണ ആ പേര്…. അയാളെ തേടി കണ്ടുപിടിക്കലായിരുന്നു എന്റെ അടുത്ത ലക്ഷ്യം.. കാലത്ത് ഈ ബോഡി നിങ്ങൾ കണ്ടെത്തുമെന്നറിയാവുന്നത് കൊണ്ട് അതിന് മുൻപേ ഞാനവനെ പൊക്കി…എനിക്ക് സുരക്ഷിതം എന്ന് തോന്നിയ ഒരിടത്ത് ഞാനവനെ ഒളിപ്പിച്ചു …അവന്റെ വിസ്താരവും ശിക്ഷാ വിധിയും പിന്നേക്ക് വെച്ച് ആദ്യം നിങ്ങളുടെ നീക്കങ്ങൾ ഞാൻ നിരീക്ഷിച്ചു.. അന്തരീക്ഷം അനുകൂലമാണെന്ന് മനസ്സിലായ ഉടനെ ഞാനെന്റെ വിസ്താരം ആരംഭിച്ചു…ഒടുവിൽ ആ രാത്രി ഞാനെന്റെ ശിക്ഷയും നടപ്പാക്കി…വീണ്ടും ഞാൻ നിങ്ങളുടെ പിറകേ കൂടി.. നിങ്ങൾ എന്നിലേക്ക് തിരിയുമെന്നുറപ്പായിരുന്നു.. അതുകൊണ്ട് ഇന്നിവിടെ ഈ കൂടിക്കാഴ്ച്ച നടക്കുന്നു….

ഇനിയെങ്കിലും പറയൂ…ആരാണയാൾ..?

അയാൾ.. ആന്റണി ഫെർണാണ്ടസ്.. ഡെയ്സിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അയാൾ അവരുടെ ജീവിതത്തിലേക്ക് വരുന്നത്.. ഡെയ്സിക്ക് ഓർമ്മവെക്കും മുന്നേ അവളുടെ അച്ഛൻ മരിച്ചിരുന്നു… അനന്തരം നിവർത്തിയില്ലാതെ ഇയാളെ വിവാഹം കഴിക്കേണ്ട അവസ്ഥയിലേക്ക് അവളുടെ അമ്മ എത്തി.. പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു.. ആ കുടുംബം സന്തോഷത്തോടു കൂടെ തന്നെയായിരുന്നു മുന്നോട്ട് പോയിരുന്നത്.. ഡെയ്‌സിക്കും ചേച്ചിക്കും അയാൾ പ്രിയപ്പെട്ട പപ്പയായി മാറി… അയാൾക്ക് കോയമ്പത്തൂര് ബിസിനെസ്സ് ആണെന്നായിരുന്നു പറഞ്ഞിരുന്നത്.. കോയമ്പത്തൂര് നിന്ന് ഇടയ്ക്കിടെ സമ്മാനങ്ങളുമായി അയാളെത്തി.. പക്ഷേ ഒരിക്കലും കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോയില്ല.. കാലം കടന്നുപോയി.. കുട്ടികൾ വളർന്നു… മൂത്ത മോളുടെ വിവാഹം അത്യാഡംബരത്തോടെ നടന്നു… ഇളയ മകൾ ഡെയ്‌സി സ്നേഹിക്കുന്ന ആൾ വിവാഹാലോചനയുമായി വീട്ടിൽ വരുമെന്നറിയിച്ചതിന്റെ തലേനാൾ അയാൾ വീട്ടിലെത്തി… ബന്ധു വീട്ടിലെവിടെയോ പോയ അവളുടെ അമ്മയ്ക്ക് അന്ന് മടങ്ങാൻ കഴിഞ്ഞില്ല.. അവൾ പപ്പയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുത്ത ശേഷം പതിവു പോലെ എന്നെ വിളിച്ചു ശുഭരാത്രി ചുംബനങ്ങൾ നേർന്ന് ഉറങ്ങാനായി മുറിയിലേക്ക് പോയി… വാതിലടച്ചു തിരിഞ്ഞപ്പോൾ അവൾ ഞെട്ടി… തൊട്ടടുത്ത് ദേ നിൽക്കുന്നു പപ്പ.. അവൾക്ക് ശബ്ദിക്കാനാവുന്നതിന് മുൻപ് അവളുടെ വായ് പൊത്തി അയാൾ അവളെ ചുറ്റിപ്പിടിച്ചു.. ഷാൾ കൊണ്ട് വായ് മൂടിക്കെട്ടി.. കുതറി മാറാൻ നോക്കിയ അവളെ കരണത്തടിച്ചു ബെഡിലേക്ക് വീഴ്ത്തി.. ബെഡ്ഷീറ്റ് വലിച്ചു കീറി കൈകാലുകൾ ബന്ധിച്ചു.. അവിടെയിട്ട് അവളെ പിച്ചിച്ചീന്തി…

കുറേക്കഴിഞ്ഞു ആകെ തകർന്നിരിക്കുന്ന അവളോട് പറഞ്ഞു..

ഇവിടെ നടന്നത് ആരോടും മിണ്ടിപ്പോവരുത്.. ഇത്‌ കണ്ടോ.. നീ വാ തുറന്നാൽ നാളെ ഈ ലോകം കണ്ടു രസിക്കുന്നത് ഇതായിരിക്കും..

അയാൾ തന്റെ ലാപ്പ് ടോപ്പിലെ വീഡിയോസ്‌ കാണിച്ചു.. അത് മുഴുവൻ അവളുടെ അമ്മയുടേയും ചേച്ചിയുടെയും നഗ്‌ന ദൃശ്യങ്ങളായിരുന്നു..

അവൾ ആകെ മരവിച്ചു പോയി…

ആദ്യം നീ ചെയ്യേണ്ട ഒന്നുണ്ട്… ഇപ്പോത്തന്നെ നിന്റെയാ കാമുകനെ വിളിച്ച് അവനുമായി നിനക്കിനി ഒരു ബന്ധവുമില്ലെന്ന് പറയണം.. ഇല്ലെങ്കിൽ അറിയാലോ.. ? നിന്റെ അമ്മയും ചേച്ചിയും .. ങ്ഹാ..

അയാൾ അവളെ കെട്ടഴിച്ചുവിട്ടു… അവൾ അങ്ങനെ എന്നെ വിളിച്ചു… അത് കഴിഞ്ഞപ്പോൾ അയാൾ വാതിൽ തുറന്നപ്പോൾ മുൻപിൽ ഡെയ്സിയുടെ അമ്മ… രാത്രി എങ്ങനെയോ തിരിച്ചു പോന്ന അവർ സ്പെയർ കീ കൊണ്ട് വീടുതുറന്ന് അകത്തു കയറിയപ്പോഴാണ് ഡെയ്സിയുടെ മുറിയിൽ സംസാരം കേട്ട് അങ്ങോട്ട് ചെന്നത്…

ചെകുത്താനേ.. എന്റെ കുഞ്ഞിനെ നീ…

അവർ അയാളെ കഴുത്തിന് കുത്തിപിടിച്ചു..

അവരെ പിടിച്ചു തള്ളി അടിച്ചു വീഴ്ത്തി അയാൾ അവരെ സാരി കൊണ്ട് ബന്ധിച്ചു.. ഓടിവന്ന ഡെയ്‌സിയേയും അയാൾ കീഴ്പ്പെടുത്തി ബന്ധിച്ചു..

റോക്കീ….

ആരും കാണാതെ റോക്കിയെ നേരത്തെ അയാൾ തന്റെ മുറിയിൽ ഒളിപ്പിച്ചിരുന്നു..

റോക്കി ഓടിയെത്തി..

രണ്ടിനേം പിടിച്ചു വണ്ടിയിലിട്… നമ്മൾ പോകുന്നു..

റോക്കി അവരെ വായ് അടക്കം മൂടിക്കെട്ടി വലിച്ചിഴച്ച് വണ്ടിയിലിട്ടു..

കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടക്കുന്ന പെൺ വാണിഭ റാക്കറ്റിന്റെ തലവനായിരുന്നു അയാൾ.. അയാളുടെ വലം കയ്യാണ് റോക്കി… ഡെയ്സിയുടെ ചേച്ചി ആനിയെയും കല്യാണ നാടകം നടത്തി അവർ വിറ്റതാണ്.. നീണ്ട നാളുകൾ നേരിട്ട പീഡനങ്ങൾക്കൊടുവിൽ ഡെയ്സിയും അമ്മയും എങ്ങനെയോ അവിടുന്ന് രക്ഷപെട്ടു.. ഒരുവിധം അവർ വീട്ടിലെത്തി.. അപ്പോഴായിരിക്കാം ഞാൻ കണ്ടത്..പേടിച്ചരണ്ട അവർക്ക് വീടുപൂട്ടി ഒളിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ…അന്ന് രാത്രി ഞാനെത്തും മുൻപേ അവരെ കണ്ടുപിടിച്ച റോക്കി, ഫെർണാണ്ടസ് അയാളെ അകത്ത് കയറ്റാറുള്ള രഹസ്യ വഴിയിലൂടെ അകത്തെത്തി… ആദ്യം അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു.. പിന്നെ ഡെയ്‌സിയെ ആക്രമിച്ചു..അടിച്ചു വീഴ്ത്തിയ അവളെ അവനും പ്രാപിച്ചു.. ശ്വാസം നിലച്ച അവളെ കെട്ടിത്തൂക്കി..അമ്മയെയും അങ്ങനെ ചെയ്യാൻ തുനിയുമ്പോഴേക്ക് ഞാനെത്തി… ഭാഗ്യവശാൽ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ല.. .കൃത്യത്തിന് അവനെ പറഞ്ഞയച്ചു റോസ് ഹോട്ടലിലെ മുറിയിൽ ഉണ്ടായിരുന്നു ഫെർണാണ്ടസ്..

ഫെർണാണ്ടസ് അയാൾക്ക് എന്ത് സംഭവിച്ചു..?

ദാ കണ്ടോളൂ സർ.. അവൻ പോക്കറ്റിൽ നിന്നും ഒരു ടോർച്ച് എടുത്ത് ഒരുവശത്തേക്ക് അടിച്ചു..

അവിടെ ഉടലും തലയും വേർപെട്ട് വികൃതമായി കിടക്കുന്ന ഫെർണാണ്ടസിന്റെ ശരീരം..

അപ്പൊ… മൈക്കിൾ, എന്താ അടുത്ത പരിപാടി..?

എന്ത് പരിപാടി സർ…? എന്റെ ദൗത്യം കഴിഞ്ഞു.. ഞാനിപ്പോ സാറിന് കീഴടങ്ങുന്നു…

യൂ ക്യാൻ ടേക് മീ…

മൈക്കിൾ എന്തിനാണ് എന്റെ കൂടെ വരുന്നത്..? അതിന് നിങ്ങളെന്ത് കുറ്റം ചെയ്തു … ?

ഒന്നും മനസ്സിലാകാതെ മൈക്കിൾ അയാളെ തുറിച്ചു നോക്കി …

പെൺവാണിഭ റാക്കറ്റിലെ പ്രധാനിയായ റോക്കി എന്നയാൾ തന്റെ മക്കളെ നശിപ്പിച്ചതറിഞ്ഞ ഫെർണാണ്ടസ് റോക്കിയെ തേടിപ്പിടിച്ച് കൊന്നു… അത് മനസ്സിലാക്കിയ റോക്കിയുടെ കൂട്ടാളികൾ ഫെർണാണ്ടസിനെയും അതുപോലെ തീർത്തു.. കേസ് അന്വേഷണം കോയമ്പത്തൂർ പെൺവാണിഭ റാക്കറ്റ് കേന്ദ്രീകരിച്ച് നീങ്ങുന്നു.

അതുകൊണ്ടാണ് ഞാൻ ചോദിച്ചത് മൈക്കിൾ ഇനിയെന്താ പരിപാടിയെന്ന് …

സർ.. ഞാൻ..

ഒന്നും പറയണ്ട മൈക്കിൾ… ഈ കേസിൽ ഞാൻ നിയമത്തിനപ്പുറത്ത് നീതിക്കൊപ്പമാണ്..

താങ്ങാവുന്ന ദുരന്തങ്ങളല്ല ഉണ്ടായതെന്നറിയാം.. എങ്കിലും തളരരുത്.. നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കു വേണ്ടി… നിന്നെക്കുറിച്ചോർത്ത് വിങ്ങുന്ന അച്ഛനും അമ്മയ്ക്കും വേണ്ടി എല്ലാം മറന്നു ജീവിക്കണം..

സർ .. ഞാൻ എനിക്ക് …

ഒന്നും ആലോചിക്കേണ്ട … മൈക്കിൾ… നമ്മുടെ നിയമങ്ങളെക്കാൾ നീതിയുടെ രൂപം കൊള്ളാൻ കെൽപ്പുണ്ടാവുക പലപ്പോഴും നിങ്ങളെപ്പോലെയുള്ളവർക്കാണ്… എനിക്ക് നിങ്ങളെ മനസ്സിലാവും … ഈ കാക്കിയുടുപ്പിന്റെ ആവരണത്തിനപ്പുറത്ത് ഞാനും ഒരു മനുഷ്യനാണ് … ഒരു മകനും കാമുകനും സഹോദരനും അച്ഛനുമൊക്കെയാണ് … നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇത് തന്നെയാവും ചെയ്യുക… പറയാൻ എളുപ്പമാണെങ്കിലും എല്ലാം മറക്കുക എന്നത് അത്ര എളുപ്പമല്ല എന്നറിയാം… എന്നാലും എല്ലാം മറക്കാൻ ശ്രമിക്കണം … നിങ്ങൾക്കിവിടെ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് … ഈ മൂടിക്കെട്ടിയ ഭാവം വെടിഞ്ഞു ഒന്ന് ചിരിക്കാന്‍ ശ്രമിക്കൂ….

അവൻ ചിരിച്ചു….

അപ്പൊ മൈക്കിൾ, എന്താ പരിപാടി..?

പോവണം സർ.. മോർച്ചറിയിൽ കിടക്കുന്ന ഡെയ്സിയുടെ ശരീരം ഏറ്റു വാങ്ങണം… വേണ്ട കർമ്മങ്ങളോടെ സംസ്കരിക്കണം… ഒരുപാട് വിഷമിപ്പിച്ചതിന് എന്റെ അച്ഛന്റെയും അമ്മയുടെയും പാദങ്ങളിൽ വീണ് മാപ്പ് ചോദിക്കണം..പിന്നെ ഒറ്റപ്പെട്ടു പോയ ആ പാവം അമ്മയെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവണം… എന്റെ കുടുംബം സന്തോഷത്തോടെ അവരെ ഞങ്ങളുടെ സ്നേഹക്കൂടിലേക്ക് സ്വീകരിക്കും…

ഒരുപാട് സന്തോഷം മൈക്കിൾ… എന്നാൽ ഞാൻ പോട്ടെ.. ?

ഞാനും പോകുവാണ് സാർ… ഇവിടെ ഇനി എനിക്കെന്താ കാര്യം ..

ഓക്കേ മൈക്കിൾ… ആൾ ദി ബെസ്റ്റ്…

ഒത്തിരിയൊത്തിരി നന്ദിയുണ്ട് സർ.. മറക്കില്ല ഉയിരുള്ള കാലം വരെ…

നന്മയുടെ, സ്നേഹത്തിന്റെ പുതിയ ജീവിതത്തിലേക്ക് മൈക്കിൾ യാത്രയായി…

(അവസാനിച്ചു)

With Love

ജാസിം അലി

Categories
Uncategorized

കുമ്പസാരം (ഭാഗം 7)

ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം …

മലയോര ഗ്രാമമായ മുണ്ടേരിയിലെ അദ്ധ്യാപക ദമ്പതികളായ ജോണിന്റേയും സാറയുടെയും മകനാണ് മൈക്കിൾ…ഒരുപാട് നേർച്ചയ്ക്കും വഴിപാടുകൾക്കുമൊടുവിൽ ഉണ്ടായ ഏക സന്താനം….ആ കുടുംബം പരസ്പരം സൗഹൃദങ്ങളെപ്പോലെയാണ് ഇടപഴകിയിരുന്നത് …നന്മയിൽ പൊതിഞ്ഞ സ്നേഹത്തിന്റെ ഒരു കൊച്ചു സ്വർഗ്ഗം…അന്യോന്യം എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു..എല്ലാ കാര്യങ്ങളും മൂന്നുപേരും ചേർന്ന് തീരുമാനിച്ചു പോന്നു..സന്തോഷം നിറഞ്ഞു നിന്ന സുന്ദരമായ കുടുംബം…സ്‌കൂളിലും എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു അവരെ..

ഈ പറഞ്ഞ മൈക്കിൾ ഞാനും മറ്റേത് എന്റെ കുടുംബവുമാണ്…

കാലം കടന്നുപോയി..ഞാൻ എന്റെ കൗമാരത്തിന്റെ തീവ്ര ഘട്ടങ്ങളിലേക്ക് കടന്നു..

അങ്ങനെ മാർത്തോമ കോളേജിന്റെ തിരുമുറ്റത്തേക്ക് ഞാൻ പടികടന്നെത്തി… എന്നിൽ ഏഴു വർണ്ണങ്ങളിൽ ചാലിച്ച സുന്ദര സ്വപ്‌നങ്ങൾ ചിറകുവിടർത്തി… ആ കലാലയത്തിനകത്ത് നിൽക്കുമ്പോൾ അത്‌ വല്ലാത്തൊരു അനുഭൂതിയാണ്..സ്വർഗ്ഗം പോലെ സമാനതകളില്ലാത്ത വശ്യസുന്ദരമായ ഒരു ലോകത്തേക്ക് അത്‌ നമ്മളെ കൂട്ടിക്കൊണ്ടുപോവും..അത്‌ ഞാനും അനുഭവിച്ചറിഞ്ഞു…എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലെ ക്ലാസ്സ് മുറിയിൽവെച്ചാണ് എന്റെ കണ്ണുകളിൽ ആ നക്ഷത്രം മിന്നിത്തിളങ്ങിയത്…പ്രണയം…ഈശ്വരന്റെ കയ്യൊപ്പ് പതിഞ്ഞ ഒരേയൊരു വികാരം..അതിന്റെ പിടിയിലകപ്പെട്ട എന്റെ ദിനരാത്രങ്ങൾക്ക് പിന്നീടങ്ങോട്ട് നിറം പകർന്നത് ഒന്നേയൊന്നുമാത്രമായിരുന്നു…ഡെയ്‌സി…പക്ഷേ ഉള്ളിലങ്ങനെയിട്ട് താലോലിക്കാനല്ലാതെ അവളോട് ഉള്ളിലെ ഇഷ്ടം തുറന്നുപറയാനുള്ള ധൈര്യമില്ലായിരുന്നു എനിക്ക്…അങ്ങനെയിരിക്കെ ഒരു കോളേജ് സ്ട്രൈക്ക് ദിവസം..സ്ട്രൈക്ക് കഴിഞ്ഞു കോളേജിൽ നിന്നുമിറങ്ങുമ്പോൾ ഞങ്ങളുടെ കൂട്ടുകാർ പറഞ്ഞു : ഇപ്പൊത്തന്നെ വീട്ടിൽ പോയിട്ട് എന്തിനാ …നമുക്ക് എവിടെയെങ്കിലും ഒന്ന് ചുറ്റിയടിച്ചിട്ട് വന്നാലോ…

അങ്ങനെ ഞങ്ങൾ ആഢ്യൻ പാറയിലേക്ക് പുറപ്പെട്ടു…വശ്യസുന്ദരമായ ആഢ്യൻ പാറ വെള്ളച്ചാട്ടത്തിനരികിലൂടെ ഞങ്ങൾ നടന്നു..എല്ലാവരും മുകളിലേക്ക് കയറിയപ്പോൾ ഞാൻ കുറച്ചു മാറി ഒരു പാറയ്ക്കരികിലായി ഇരിപ്പുറപ്പിച്ചു..പാലു പോലെ പതഞ്ഞുപൊങ്ങി താഴെ വീണു ചിതറുന്ന ജല കണങ്ങളെ നോക്കി ഞാൻ ഇരുന്നു…അപ്പോൾ എനിക്കരികിലായി അവൾ വന്നിരുന്നു…ഡെയ്‌സി…

ഞാൻ പെട്ടെന്ന് പരിഭ്രമിച്ചുപോയി..എന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി..അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി…. അന്ധാളിപ്പോടെ ഞാൻ ചോദിച്ചു .. എന്താ ഡെയ്‌സീ ..?

മൈക്കിൾ, നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ … ?

പ..പ.. പറയാനോ..? എന്ത് പറയാൻ … ? യെനിക്കൊന്നും പറയാനില്ല…

ഞാനാകെ വിയർക്കുകയായിരുന്നു…

നിനക്ക്‌ എന്നെ ഇഷ്ടമാണോടാ..?

ഞാൻ ഒന്നും മിണ്ടിയില്ല..

ക്ലാസ്സിൽ എപ്പോഴും എന്റെ നേരെ നീളുന്ന നിന്റെ ഓരോ നോട്ടവും ഞാൻ കാണാറുണ്ട്… അപ്പോഴൊക്കെയും നിന്റെ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്ന പ്രണയം ഞാനറിയുന്നുണ്ട്… എന്റെയാ തോന്നൽ ശരിയായിരുന്നെങ്കിലും അല്ലെങ്കിലും ഒന്ന് ഞാൻ പറയാം…എനിക്ക് നിന്നെ ഇഷ്ടമാണ് ഒത്തിരിയൊത്തിരി… ജന്മങ്ങളോളം നീ എന്റെ മാത്രം സ്വന്തമാവണേ എന്ന് ഞാനേറെ ആശിക്കുന്നു….

ഡെയ്‌സീ…..ഞാൻ…എനിക്ക്…

എനിക്ക്‌ വാക്കുകൾ നഷ്ടമായിരുന്നു… അവൾ എന്റെ കൈയിൽ പതിയെ തൊട്ടു…അങ്ങനെ കൈകോർത്തു പിടിച്ചു ഏറെ നേരം ഒന്നും മിണ്ടാതെ ഞങ്ങളങ്ങനെ ഇരുന്നു… കൂട്ടുകാരുടെ ശബ്ദം കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു…പിന്നീടുള്ള ഓരോ ദിനങ്ങളും വസന്തമായിരുന്നു.. മാഞ്ചിയച്ചുവടും ലൈബ്രറിയും എക്കണോമിക്സ് ഡിപ്പാർട്ട്മെന്റും ക്യാന്റീനും മുളഞ്ചുവടും കോർണരും ബാസ്കറ്റ് ബോൾ കോർട്ടും ചാപ്പലും ഇടനാഴികളും കലാലയത്തിന്റെ ഓരോ കോണും ഞങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു…. ഒരിക്കൽ ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി… എല്ലാം അറിയുന്ന എന്റെ കുടുംബം ഏറെ ആഹ്ലാദത്തോടെ അവളെ എതിരേറ്റു… ആ സ്നേഹതീരം ഇനി തന്റേതുകൂടിയാണല്ലോ എന്നോർത്ത് അവൾ ഏറെ അഭിമാനിച്ചു… നാളുകൾ കൊഴിഞ്ഞുപോയി മൂന്ന് വർഷം പിന്നിട്ട് കലാലയത്തോട് വിടപറഞ്ഞു ഞങ്ങൾ ഉപരി പഠനങ്ങൾക്കായി പലവഴിക്ക് പിരിഞ്ഞുപോയി.. അപ്പോഴും ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞങ്ങനെ നിന്നു…പിജി കഴിഞ്ഞു പ്രൈവറ്റ് കോളേജിൽ അദ്യാപനവുമായിപ്പോയ വർഷങ്ങളും…അവളുടെ ചേച്ചിയുടെ വിവാഹം കഴിയുന്നത് വരെ പ്രണയ സാഫല്യത്തിനായി ഞങ്ങൾ കാത്തിരുന്നു…അങ്ങനെ അതും കഴിഞ്ഞു.. ആയിടയ്ക്ക് എനിക്ക് ഗൾഫിൽ നല്ലൊരു ജോലി ശരിയായി.. അദ്യാപനമൊക്കെ ഉപേക്ഷിച്ച് പോവാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.. പോവുന്നതിന് മുൻപ് ഞങ്ങളുടെ മോഹ സായൂജ്യത്തിനായി വേണ്ട കാര്യങ്ങൾ ചെയ്യാൻ അവൾ എന്നോട് ആവശ്യപ്പെട്ടു..കുടുംബസമേതം അമ്മയെ വന്നു കാണാം എന്ന് ഞാൻ സമ്മതിച്ചു.. വീട്ടിൽ സംസാരിച്ച് അതിനായി ഒരു ദിവസം തിരഞ്ഞെടുത്തു…

അതിന്റെ തലേ ദിവസം അർധരാത്രി അവളുടെ കോൾ വന്നു …

എന്താണ് പ്രിയതമേ ഈ പാതിരാത്രിക്ക്…?

മൈക്കിൾ…. നമ്മൾ തമ്മിലുള്ളതെല്ലാം ഇവിടെ തീരുന്നു… മേലിൽ നീയെന്നെ കാണാൻ ശ്രമിക്കരുത്..എന്റെ മുൻപിൽ വരരുത്…എന്റെ ജീവിതത്തിൽ നിനക്കിനി സ്ഥാനമില്ല… ഇതെന്റെ അവസാനത്തെ കോൾ ആണ്… ഇനി ഇങ്ങനൊന്നില്ല…. എല്ലാം ഇവിടെ തീരുന്നു… ഗുഡ് ബൈ ഫോറെവർ….

ഡെയ്‌സീ.. നീയെന്തൊക്കെയാണീ പറയുന്നത്‌..? നിനക്കെന്താ ഭ്രാന്തു പിടിച്ചോ ..?

ഈ പാതിരായ്ക്ക് നീയെന്നെ കളിയാക്കുകയാണോ…?

ഫോൺ കട്ടായി..

ഞാൻ ഞെട്ടിത്തരിച്ചുപോയി… അവളുടെ നമ്പറിലേക്ക് വിളിച്ചു…ഫോൺ സ്വിച്ച് ഓഫ്… എനിക്കാകെ ഭ്രാന്തുപിടിച്ചു… ആ രാത്രി എനിക്കുറങ്ങാനായില്ല… രാവിലെ എഴുന്നേറ്റ് അവളുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു… അവിടെ ആരുമില്ലായിരുന്നു… പിന്നീടവളെ ഞാൻ കാണുന്നത്………

ഒരു നിമിഷം പൊട്ടിക്കരഞ്ഞുപോയ അയാൾ തന്റെ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ട് വീണ്ടും പറഞ്ഞുതുടങ്ങി…

പലതവണ ഞാനവളുടെ വീടിനു ചുറ്റും വന്നു.. പക്ഷേ അവളും കുടുംബവും എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ലായിരുന്നു…

ഗൾഫിലേക്ക് പോകുന്നില്ലെന്ന എന്റെ തീരുമാനം ഞാൻ വീട്ടിലറിയിച്ചു.. അവരുടെ ചോദ്യങ്ങൾക്കു മുൻപിൽ പൊട്ടിത്തെറിച്ചു ഞാൻ മുറിയിൽ കയറി കതകടച്ചു… ആർക്കും മുഖം കൊടുക്കാതെ ഞാനെനിക്ക് സ്വയം വിധിച്ചോരു തടവ്… എന്നും മുടങ്ങാതെ ഞാനവളുടെ വീട്ടിൽ പോയി, അവൾ വന്നോ എന്നറിയാൻ ആരുമറിയാതെ അവിടെല്ലാം കറങ്ങി നടന്നു രാത്രിയിൽ.. പകൽ മുഴുവൻ അടച്ചിട്ട മുറിയിൽ… മനസ്സിന്റെ നീറ്റൽ അങ്ങേയറ്റമായൊരു രാത്രിയിലാണ് ഞാനാ മരണക്കുറിപ്പെഴുതുന്നത്.. മരിക്കാൻ ഉറച്ചു ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു..അന്ന് പുലർച്ചയ്ക്ക് അവൾ വീട്ടിലെത്തിയ വിവരം ഞാൻ തലേരാത്രി പുലരുവോളം ഒളിച്ചിരുന്ന് കണ്ടുപിടിച്ചിരുന്നു..

അവളുടെ വീടിന് സമീപം വണ്ടി ഒതുക്കിയിട്ട് പതിയെ ഞാൻ അവസാന കൂടിക്കാഴ്ചയ്ക്കായി മുന്നോട്ട് നടന്നു… ഡോറിനടുത്തെ ജനലിന്റെ കർട്ടൻ മറഞ്ഞിരുന്നില്ല.. ആ ഗ്ളാസ്സിലൂടെ ഞാൻ അകത്തേക്ക് നോക്കി… ഒരുത്തൻ കോണിപ്പടിയുടെ മുകളിലൂടെ എന്റെ പ്രാണനെ വലിച്ചിഴച്ചു കൊണ്ടുപോവുന്നു..സമനില തെറ്റിയ ഞാൻ കയ്യിൽ കിട്ടിയതെടുത്ത് ഡോറിന്റെ കതക് തകർത്ത് ഉള്ളിലേക്ക് പാഞ്ഞു… പക്ഷേ അപ്പോഴേക്കും അവൻ അവളെ മുകളിലത്തെ മുറിയിലെ ഫാനിൽ കെട്ടിതൂക്കിക്കഴിഞ്ഞിരുന്നു… അവളുടെ ചലനം അവസാനിച്ചിരുന്നു… കയ്യിലെ കമ്പി കൊണ്ട് ഞാനവനെ അടിച്ചു.. പിടലിക്ക് അടികൊണ്ട് ബോധം പോയ അവൻ നിലത്തു വീണു.. ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു.. അവൾ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നെനെനിക്ക് ബോധ്യമായി… അവനെ എടുത്ത് അടുത്ത മുറിയിലെ കസേരയിൽ ബന്ധിച്ചു… മുഖത്ത് ചൂടുവെള്ളം ഒഴിച്ച് അവനെ ഉറക്കമുണർത്തി… അടുക്കളയിൽ നിന്നെടുത്ത കത്തികൊണ്ട് അവന്റെ ശരീരത്തിലുടനീളം കോറി വരച്ചു.. നിലവിളിക്കാൻ പോലുംഅനുവദിക്കാതെ വായിൽ തുണി തിരുകി… ഒടുവിൽ ആ തുണിയെടുത്തു മാറ്റി ഞാനവനോട് ചോദിച്ചു ..

എന്തിനാണ് നീയിത് ചെയ്തത് …?

കഴുത്തിൽ കത്തിയിരിക്കുന്നത് കൊണ്ടാവാം അവൻ എല്ലാമെന്റെ മുൻപിൽ കുമ്പസാരിച്ചു..

പിന്നീടവന്റെ വിധി ഞാൻ നടപ്പിലാക്കി… പോർച്ചിൽ കിടന്ന അവന്റെ വണ്ടിയിൽ തന്നെ അവനെ ഞാൻ ഇവിടെ എത്തിച്ചു… ഇവിടെ എന്റെ ഡെയ്സിക്ക് ഏറെ പ്രിയപ്പെട്ട, അവൾ എന്നിലേക്കാദ്യമായ് പ്രണയം ചൊരിഞ്ഞ ഇവിടെ അവനെ ഞാൻ വലിച്ചെറിഞ്ഞു.. മടക്കത്തിനാണ് തല കൊണ്ടുപോയി അവിടെ ഇട്ടത്.. എന്റെ ടൂവീലർ എടുത്ത് കൃത്യമായൊരിടത്ത് ഒളിപ്പിച്ചു…. അവന്റെ വണ്ടിയൊന്ന് വെള്ളമൊഴിച്ച് കഴുകി യാത്ര പുറപ്പെടാൻ നേരമാണ് വാതിൽക്കൽ ഒരാൾ കിടക്കുന്നത് കണ്ടത്… ട്രീസ.. ഡെയ്സിയുടെ അമ്മ… അവരെയും കോരിയെടുത്ത് വണ്ടിയിലാക്കി ഞാൻ അവിടം വിട്ടു.. ഈ നാട്ടിൽ തന്നെ സുരക്ഷിതമായൊരിടത്ത് ഞാനവരെയും ഒളിപ്പിച്ചു…

(തുടരും)

*************ജാസിം അലി******************

Categories
Uncategorized

കുമ്പസാരം (ഭാഗം 6)

കസേരയിൽ ചാരിക്കിടന്ന് മെഹ്ബൂബ് ഖാൻ ചിന്തയിലാണ്ടു….

ആരാണയാൾ …? എന്തായിരിക്കും അയാളുടെ ഉദ്ദേശം…? ഈ കേസിനെ സംബന്ധിക്കുന്ന എന്ത് വിവരമാണ് അയാൾക്ക് പറയാനുണ്ടാവുക…? കേസിനെ സഹായിക്കാൻ ആണെങ്കിൽ ഇങ്ങനെ ഒരു പ്ളേയുടെ ആവശ്യമെന്താണ്….? ഇനിയിപ്പോ ഇത് വല്ല ട്രാപ്പുമാവുമോ….? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ …. എന്താണിപ്പൊ ചെയ്യുക…? സി ഐ സാറിനെ ഇൻഫോം ചെയ്താലോ….? ആകെ ആശയക്കുഴപ്പത്തിലായ അയാൾ അവസാനം പോകാൻ തന്നെ തീരുമാനിച്ചു…അന്ന് രാത്രി ഉദ്ദേശം പത്തരയോടെ അയാൾ ആഢ്യൻപാറയിലെത്തി…അവിടെയെങ്ങും പരതി…ചുറ്റും ഇരുട്ടുമാത്രം…പതിയെ തന്റെ ചുവടുകൾ മുന്നോട്ട് വെയ്ക്കവേ ഇരുട്ടിൽ നിന്നും ഒരാളുടെ ശബ്ദം ഉയർന്നു വന്നു…

വെൽക്കം വെൽക്കം മെഹ്ബൂബ് സർ….ഞാൻ താങ്കളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു….ഈ ജോലിയിൽ നിങ്ങളുടെ സത്യസന്ധതയും എഫിഷ്യൻസിയും എനിക്ക് നന്നായിട്ട് അറിയാം…അധികം വൈകാതെ തന്നെ നിങ്ങൾ എന്നിലേക്കെത്തുമെന്ന് ഞാനൂഹിച്ചു..എന്തായാലും ഞാൻ പിടിക്കപ്പെടുമെന്ന് അറിയാം…അത്‌ നിങ്ങളെപ്പോലൊരു ഉദ്യോഗസ്ഥന്റെ കൈകൊണ്ടായിക്കോട്ടെ എന്ന് കരുതി….അതുകൊണ്ടുതന്നെ എന്റെ ലക്ഷ്യം പൂർത്തിയായാൽ ഉടനെത്തന്നെ നിങ്ങളുടെ മുൻപിൽ കീഴടങ്ങാൻ ഞാൻ കരുതിയിരുന്നു…

ഇവിടെ ഈ വെള്ളച്ചാട്ടത്തിനു താഴെ വികൃതമായി കിടന്ന ശവത്തിനു മുൻപിൽ സാറ് നിൽക്കുമ്പോൾ ഞാനുമുണ്ടായിരുന്നു അരികിൽ…മുറിവുകൾ കൊണ്ടലംകൃതമായ ആ ശരീരത്തിൽ ഉണങ്ങിപ്പിടിച്ച ചോരയുടെ സൗരഭ്യം വെയിൽനാളങ്ങളേറ്റ് കൂടുതൽ ശോഭിക്കുന്നത് കണ്ട് എന്റെയീ കണ്ണുകൾ തിളങ്ങുകയായിരുന്നു…

നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ നിങ്ങളോടടുത്ത് തന്നെ ഞാനുണ്ടായിരുന്നു..നിങ്ങൾ മിടുക്കനാണ് സർ എത്ര പെട്ടെന്നാണ് നിങ്ങൾ കാര്യങ്ങളെ ബന്ധപ്പെടുത്തി കൃത്യമായി അതിനെ എന്നിലേക്ക് കൊണ്ടെത്തിച്ചത്….

നീ ആരാണ്….? എന്താണ് നിനക്ക് വേണ്ടത്…?

സാറിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇന്നിവിടെ കിട്ടും…കാരണം ഈ രാത്രി ഏറ്റുപറച്ചിലിന്റെ രാത്രിയാണ്…എ നൈറ്റ് ഓഫ് കൺഫെഷൻ…കുമ്പസാരത്തിന്റെ രാത്രി….മറ്റൊരു കുമ്പസാരം കഴിഞ്ഞതിന്റെ വിധി ഇന്ന് നടപ്പിലായി…ഈ കുമ്പസാരം ഇത് സാറിന് വേണ്ടിയുള്ളതാണ്….സാറിന് ഇപ്പൊ എന്നെ കാണാൻ സാധിക്കുന്നുണ്ടാവില്ല…ഞാനങ്ങോട്ട് വരാം അയാൾ…അടുത്തേക്ക് വന്നു…

നീ ….?

അതേ, സർ … സംശയിക്കണ്ട… അയാം മൈക്കിൾ….സാറ് തേടിക്കൊണ്ടിരിക്കുന്ന അതേ മൈക്കിൾ…പ്രണയ നൈരാശ്യത്തിൽ ആത്മഹത്യ ചെയ്യാനിറങ്ങിപ്പുറപ്പെട്ട മൈക്കിൾ…സാറിന്റെ കണ്ടെത്തൽ ശരിയാണ്.. റോക്കിയെ കൊന്നത് ഞാനാണ്…ഇന്നുവരെ അറിഞ്ഞുകൊണ്ടൊരു ഉറുമ്പിനെപ്പോലും നോവിക്കാൻ ഇടയാക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്ന ഞാൻ എത്രയേറെ ആസ്വദിച്ചാണെന്നോ അവനെ കൊന്നത്…അവന്റെ ദേഹത്ത് നിന്നും പൊടിഞ്ഞ ഓരോ തുള്ളി ചോരയും എന്നിൽ ആനന്ദത്തിന്റെ തേന്മഴ പെയ്യിക്കുകയായിരുന്നു..യെസ്…ഐ കിൽഡ്‌ ഹിം….സർ പറഞ്ഞത് ശരിയാണ്.. അന്ന് രാത്രി ഞാനവിടെ പോയിരുന്നു അവളെ ഒന്ന് കാണാൻ…കുറച്ചു നാളായി എങ്ങോട്ടോ യാത്രപോയ അവർ മടങ്ങിയെത്തിയ കാര്യം ഞാനറിഞ്ഞിരുന്നു….അവിടെയെത്തിയ ഞാൻ കണ്ട കാഴ്ച്ച,,,,, എന്റെ സമനില തെറ്റി….കയ്യിൽക്കിട്ടിയതെടുത്ത് ഞാനവനെ ആക്രമിച്ചു…തല അറുത്തു മാറ്റുന്നതിന് മുൻപേ അവനെന്നോട് ചിലത് പറഞ്ഞിരുന്നു…അതുകൊണ്ടാണ് ഈ താഴ്‌വരയിൽ മരിച്ചു കിടക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഞാനിപ്പോ സാറിന്റെ മുൻപിലിങ്ങനെ നിൽക്കുന്നത്…അന്ന് അവന്റെ വായിൽ നിന്നും വീണൊരു പേര്…അതിന് പിറകെ ആയിരുന്നു ഞാൻ…സ്വയം ഒളിക്കാനൊരു പഴുത് കിട്ടും മുൻപ് ഞാനയാളെ തേടിക്കണ്ടുപിടിച്ചു ഒളിപ്പിച്ചു വെച്ചു….

ആരാണയാൾ…?

പറയാം സർ…ഒരു കുമ്പസാരം പോലെ അയാൾ എന്റെ മുൻപിൽ കുടഞ്ഞിട്ട അയാളുടെ കഥ ഞാൻ പറയാം…

(തുടരും)

***************ജാസിം അലി***************

Categories
Uncategorized

കുമ്പസാരം (ഭാഗം 5)

ഡെയ്സിയുടെ മൃദദേഹം അവരിൽ അമ്പരപ്പുണ്ടാക്കി….കുറച്ചു നേരത്തിന് ശേഷം ബോഡി റിക്കവർ ചെയ്യാനുള്ള നടപടികൾക്ക് നിർദേശം നൽകി അവർ മുറിയാകെ പരിശോധിച്ചു…ആത്‌മഹത്യക്ക് കാരണമായ എന്തെങ്കിലും ഒരു സൂചന അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് അവർ പരതി..പക്ഷേ ഒന്നും ലഭിച്ചില്ല…നടപടികൾ പൂർത്തിയാക്കി അവർ മടങ്ങി…

സർക്കിൾ ഓഫീസ് …

മെഹ്ബൂബ്..ഈ സംഭവങ്ങളെക്കുറിച്ച് തനിക്കെന്ത് തോന്നുന്നു …?

ഒന്നും പറയാറായിട്ടില്ല സർ….ആ കണ്ടെത്തിയിരിക്കുന്ന തല നമ്മൾ കാലത്ത് കണ്ടെത്തിയ ബോഡിയുടേതാവണം…അയാൾ ആരാണെന്നതിനു വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ല..അയാളുടെ ഫോട്ടോ വെച്ച് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അന്വേഷണത്തിന് ഓർഡർ കൊടുക്കാം…അയാൾ ആരാണെന്ന് കണ്ടുപിടിച്ചേ പറ്റൂ…നാട്ടുകാരിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ആ വീട്ടിലാണ് ഡെയ്സിയും കുടുംബവും താമസിച്ചിരുന്നത്…ഡെയ്‌സിയാവട്ടെ മൈക്കിൾ സ്നേഹിച്ചിരുന്ന പെണ്ണ്…മൈക്കിൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച അതേ രാത്രി തന്നെ അവളും ആത്മഹത്യ ചെയ്തിരിക്കുന്നു…എല്ലാം എവിടെയോ ബന്ധപ്പെട്ടു കിടക്കുന്നു…മൈക്കിളിനെക്കുറിച്ചും അന്വേഷിക്കാൻ എമെർജെൻസി മെസേജ് കൊടുക്കണം….ബാക്കി നാളെ ഓട്ടോപ്സി റിപ്പോർട്ട് വരുമ്പോൾ എന്തെങ്കിലും സൂചനകൾ കിട്ടാതിരിക്കില്ല…

ഓക്കേ…മെഹ്ബൂബ് രാവിലെ ഹോസ്പിറ്റലിലേക്ക് വന്നാൽ മതി…ഞാൻ അങ്ങോട്ട് എത്തിക്കോളാം..

ശരി സർ…..

പിറ്റേന്നത്തെ പ്രഭാതം….പറഞ്ഞതുപോലെ അവർ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തി….

ഡോക്ടർ പോളിന്റെ മുറി….

ഗുഡ് മോർണിംഗ് ഡോക്ടർ…

ഗുഡ് മോർണിംഗ് സർ…..

ഡോക്ടർ, ഇന്നലത്തെ ഓട്ടോപ്സി ആൻഡ് ഫോറൻസിക് റിപ്പോർട്ട്സിനെക്കുറിച്ചറിയാൻ വന്നതാണ്…

സർ…ആദ്യത്തെ കേസ് സെയിം തന്നെയാണ്.. കണ്ടെത്തിയിരിക്കുന്ന തല, നേരത്തെ ഉള്ള ബോഡിയുടേത് തന്നെയാണ്… ആ മുറിയിലെ ബ്ലഡ് സാമ്പിളും അയാളുടേത് തന്നെയാണ്…

രണ്ടാമത്തെ ആ പെൺകുട്ടിയുടെ കേസ്…അത്‌ ഒരു ആത്മഹത്യയല്ല കൊലപാതകമാണ്..

വാട്ട് …?

സർ ശക്തമായ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങൾ ആ ശരീരത്തിലുണ്ട്…ശ്വാസം മുട്ടിച്ചാണ് കൊന്നിരിക്കുന്നത്…ശക്തിയായി അമർത്തിപ്പിടിച്ചതു കാരണം മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്…പിന്നെ ആ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്…കൃത്യമായിട്ട് പറഞ്ഞാൽ ഷീ വാസ് റേപ്പ്ഡ് ആഫ്റ്റർ ഡെത്ത്…

ഓ…ഗോഡ് …

ആൻഡ് വൺ മോർ തിങ്….ആ പെൺകുട്ടി പ്രഗ്നന്റ് കൂടിയായിരുന്നു…ഏതാണ്ട് മൂന്നാഴ്ച്ചയോളം…

ഓക്കേ ഡോക്ടർ…ഞങ്ങളിറങ്ങട്ടെ…താങ്ക്യൂ വെരി മച്ച്…

ഓക്കേ സർ…യൂ ആർ വെൽക്കം…

ആശുപത്രി വരാന്തയിലൂടെ അവർ നടന്നു….

മെഹ്ബൂബ് ഈ കേസ് ഇതെങ്ങോട്ടാണ് പോവുന്നത്…ഒന്നിൽ നിന്ന് മറ്റോരോ ദുരൂഹതകളാണല്ലോ…എങ്ങനെയാണ് ഇതിന് ഒരു പഴുത് കണ്ടെത്തുക..മീഡിയാസ്‌ എല്ലാം കൂടെ ആകെ ഇളക്കി മറിക്കുകയാണ്..അതുകൊണ്ട് മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ട്…

സർ..ഈ കേസിൽ നമ്മുടെ സമീപനം ഒന്നുകൂടെ കാര്യക്ഷമമാക്കേണ്ടതുണ്ട്….ഇന്ന് രാത്രി മുതൽ നൈറ്റ് പട്രോളിങ് ശക്തമാക്കണം..ഈ കൊലയാളി നമുക്ക് ചുറ്റും തന്നെ ഉണ്ടെന്ന് എന്റെ മനസ്സു പറയുന്നു…

ഓക്കേ…അത്‌ നമുക്ക് ചെയ്യാം….

ഫോൺ റിങ് ചെയ്യുന്ന ശബ്ദം ..

ഹലോ..

……………………

യെസ്, പറയൂ

…………………….

റിയലീ ….? ഓക്കേ…. താങ്ക്യൂ കുമാർ….

ഫോൺ കട്ടാവുന്നു

സർ, ആ കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ട്…

അയാൾ കോയമ്പത്തൂർ സ്വദേശിയാണ്…പേര് റോക്കി…നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്..അതിൽ മൂന്ന് കൊലക്കേസുകളും പെടുന്നു…ഒരു റേപ്പ് കേസിൽ ഇപ്പൊ കോടതി വെറുതെ വിട്ടതേയൊള്ളൂ….

സോ…ഡെയ്സിയുടെ മരണത്തിനു പിന്നിലെ കൈകൾ അതുതന്നെ…ഉറപ്പിക്കാം..അല്ലേ..?

അതേ സർ, വേറൊരു വിവരം കൂടിയുണ്ട്..നമ്മുടെ പോത്തുകല്ല് ടീമിന്റെ അന്വേഷണത്തിൽ മൈക്കിളിനെപ്പോലൊരാൾ അന്ന് രാത്രി ഡെയ്സിയുടെ വീടിനു പരിസരത്തുകൂടി പോവുന്നത് നാട്ടുകാരിലൊരാൾ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്….എല്ലാം കൂടെ ബന്ധിപ്പിച്ചു നോക്കുമ്പോൾ എനിക്കൊരു സാധ്യത തോന്നുന്നുണ്ട് സർ….പറഞ്ഞോട്ടേ…?

യെസ്..ക്യാരി ഓൺ

സർ..അന്ന് രാത്രി ആത്മഹത്യ ചെയ്യാനിറങ്ങിപ്പുറപ്പെട്ട മൈക്കിൾ ചിലപ്പോൾ ഡെയ്സിയുടെ വീട്ടിൽ പോയിരുന്നിരിക്കാം…അവസാനമായി അവളെയൊന്ന് കാണാൻ പറ്റുമോ എന്ന പ്രതീക്ഷയിൽ…അപ്പോൾ ഒരു പക്ഷേ അയാൾ ഡെയ്സിയുടെ കൊലപാതകം നേരിൽ കണ്ടിരിക്കാം…തന്റെ പ്രേമ ഭാജനത്തിന്റെ ദാരുണാന്ത്യം നേരിൽക്കണ്ട് സമനില തെറ്റിയ അയാളിൽ ഉടലെടുത്ത പ്രതികാര വാജ്ഞയുടെ പരിണിത ഫലമായിക്കൂടെ മറ്റേയാളുടെ കൊല..?

ശരിയാണ്… ചിലപ്പോ അങ്ങനെ ആയിക്കൂടെന്നില്ല… പക്ഷേ അയാൾ എന്തിനുവേണ്ടിയാണ് ഡെയ്സിയെ കൊന്നത്..? അതിനും മാത്രം റോക്കി എന്ന ക്രിമിനലും ഡെയ്സിയും തമ്മിലുള്ള ബന്ധം…?

അതറിയില്ല സർ…മാത്രമല്ല ആ വീട്ടിൽ വെച്ച് കൊല നടത്തിയ ശേഷം മൈക്കിളെന്തിനാണ് അയാളുടെ ഉടലും തലയും രണ്ടിടത്തായി കൊണ്ടിട്ടത് …. അതും ഇത്ര ദൂരെ …?

കുഴയ്ക്കുന്ന ചോദ്യങ്ങളാണ് എല്ലാം…പക്ഷേ അവയിൽ ഏതെങ്കിലും ഒന്നിന് ഉത്തരം കണ്ടെത്തികഴിഞ്ഞാൽ നമുക്കീ ചുരുളുകൾ മുഴുവനായി അഴിക്കാൻ പറ്റും…ഒരു കാര്യം എനിക്കുറപ്പാണ് സർ മൈക്കിളിന്റെ തിരോധാനവും ഈ സംഭവങ്ങളും തമ്മിൽ ബന്ധമുണ്ട്…..

അതു തന്നെയാണ് എനിക്കും തോന്നുന്നത്‌…യൂ ആർ ഓൺ ദി റൈറ്റ് ട്രാക്ക്..ഇങ്ങനെതന്നെ മുന്നോട്ടു നീങ്ങട്ടെ…ഞാൻ ചെല്ലട്ടെ…അന്വേഷണത്തിന്റെ പുരോഗതിയനുസരിച്ച് വിവരങ്ങൾ എന്നെ അറിയിച്ചാൽ മതി…അയാം ഗിവിങ് യൂ കംപ്ലീറ്റ് ഫ്രീഡം ഇൻ ദിസ് കേസ്….

ഓക്കേ…സർ…

തിരികെ ഓഫീസിലെത്തിയ അയാൾ കേസിൽ ഇതുവരെ നടന്ന സംഭവങ്ങളും കണ്ടെത്തിയ നിഗമനങ്ങളും മനസ്സിലിട്ട് കൂട്ടിക്കിഴിച്ചു നോക്കി….റിപ്പോർട്ടുകൾ,, ചിത്രങ്ങൾ,, എല്ലാം…വിട്ടുപോയ എന്തെങ്കിലും കണ്ടെത്താനാവുമോ എന്ന് അയാൾ കിണഞ്ഞു ശ്രമിച്ചു…

അപ്പോൾ ഫോൺ ശബ്ദിച്ചു….

ഹലോ…..

ഹലോ…മിസ്റ്റർ മെഹ്ബൂബ് ഖാൻ ?

യെസ്….ഇതാരാണ്…?

ഞാൻ ആരാണ് എന്നത് തൽക്കാലം രഹസ്യമായിരിക്കട്ടെ…നിങ്ങൾ ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിനെപ്പറ്റി കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയുന്നൊരാൾ എന്ന് മാത്രം ഇപ്പോൾ മനസ്സിലാക്കുക…ഇന്ന് രാത്രി പത്ത് മണിക്ക് ശേഷം ആഢ്യൻ പാറ വെള്ളച്ചാട്ടത്തിനടുത്ത് വരുക…

നിങ്ങൾ ആരാണ്…?

എല്ലാം നേരിൽ പറയാം…പിന്നെ ഈ വിവരം നിങ്ങളല്ലാതെ മറ്റാരും അറിയരുത്…നിങ്ങൾ ഒറ്റയ്ക്ക് വരണം…ഒറ്റയ്ക്ക് വരാമെന്ന് പറഞ്ഞു പിറകിൽ പോലീസുകാരെ ഒളിപ്പിച്ചു നിർത്തി ചാടിവീണ് വലയിലാക്കുന്ന വിദ്യയൊന്നും വേണ്ട…നിങ്ങളുടെ നീക്കങ്ങൾ ഞാൻ നിരീക്ഷിക്കുന്നുണ്ട്…രാത്രിയിൽ ഒരാൾ ഒറ്റയ്ക്ക് കാണണമെന്ന് പറയുമ്പോഴേക്ക്‌ മുൻകരുതൽ എടുക്കാൻ മാത്രം ഭീരുവല്ല നിങ്ങളെന്ന് ഞാൻ കരുതുന്നു…അപ്പൊ പറഞ്ഞതുപോലെ …രാത്രി ഞാൻ കാത്തിരിക്കും….

ഹലോ…നിങ്ങൾ ആരാണ്…? ഹലോ….

ഫോൺ ഡിസ് കണക്റ്റ് ആയി

(തുടരും)

*************ജാസിം അലി******************

Categories
Uncategorized

ഉറക്കം

രാവിന്റെ ഈ യാമത്തിൽ എനിയ്ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് … ഉറക്കത്തെ ഞാൻ എന്നിലേയ്ക്ക് വിളിക്കുന്തോറും അതെന്നിൽ നിന്ന് അകന്നു പോവുന്നു .. കൈയകലത്തിൽ നിന്ന് എത്രയോ ദൂരേയ്ക്ക് അതിപ്പോ പോയിക്കാണും എന്നറിയില്ല .. ഒരു പക്ഷെ ഞാൻ ഉണർവ്വിനെ കാംക്ഷിക്കുന്ന നേരത്ത് ക്ഷണിക്കാതെ കേറി വന്ന് എന്നെ ബുധിമുട്ടിട്ക്കുമായിരിയ്ക്കും , അറിയില്ല .. എന്തായാലും എപ്പോ വന്നാലും നിനക്ക് സ്വാഗതം .. എങ്കിലുമിപ്പോൾ നിന്നെ ഞാൻ ഒരുപാട് ആഗ്രഹിയ്ക്കുന്നു എന്നറിയുക .. ദയവായി നീ മടങ്ങി വരിക .. ഉറക്കമേ നീ മടങ്ങി വരിക

Categories
Uncategorized

കുമ്പസാരം (ഭാഗം 4)

പൂക്കോട്ടുമണ്ണ… ഒരു റബ്ബർ തോട്ടത്തിനടുത്ത് ആളുകൾ തടിച്ചുകൂടി നിൽക്കുന്നുണ്ട്…

രാജേഷ് ആ ആളുകളൊയൊക്കെ ഒന്ന് മാറ്റ്…

ആരാണ് പോലീസിനെ വിളിച്ചത് ?

ഞാനാണ് സർ…. എന്റെ പേര് റാഷിദ്..ഇവിടുത്തെ ലോക്കൽ സെക്രട്ടറി ആണ്…കൈപ്പിനി ഭാഗത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഇതുവഴി പാസ്സ്‌ ചെയ്തപ്പോഴാണ് ഇത് എന്റെ ശ്രദ്ധയിൽ പെട്ടത്..ഇവിടുത്തെ ടാപ്പിംഗ് തൊഴിലാളിയായ മുകേഷ് ആണ് ഇത് ആദ്യം കണ്ടത്…വരൂ സർ ദാ അവിടെയാണ് …

അവർ അങ്ങോട്ട് നടന്നു…അപ്പോഴേക്കും ഫോറൻസിക് ടീം എത്തി…കണ്ടെത്തിയ തലയ്ക്ക് കാര്യമായ കേടുപാടുകൾ ഒന്നുമില്ലായിരുന്നു..മുഖം വ്യക്തമായിരുന്നത്കൊണ്ട് അതിന്റെ ഒരു ചിത്രം എടുത്ത് മറ്റു ഫോര്മാലിറ്റിസ് തീത്ത് മോർച്ചറിയിലേക്ക് കൊണ്ടുപോവാൻ പറഞ്ഞു…സമീപവാസികളായ ആളുകളിൽ ആർക്കെങ്കിലും ആ മുഖം തിരിച്ചറിയാനാവുന്നുണ്ടോ എന്ന് അന്വേഷിച്ചു …കുറേ ആളുകൾ വന്നു നോക്കി…ചിലർ പറഞ്ഞു അടുത്ത കുറച്ചു ദിവസങ്ങളായി അയാൾ ടൂവീലറിൽ അത്‌ വഴി പോവാറുള്ളതായി പറഞ്ഞു…വേറെ വിവരം ഒന്നുമറിയില്ല…അപ്പോഴാണ് കൂട്ടത്തിലൊരാൾ വിളിച്ചത്..

സർ…ഇയാൾ ഇവിടെ അടുത്തൊരു വീട്ടിലേക്ക് പോവുന്നത് ഞാൻ കണ്ടിട്ടുണ്ട്….

എപ്പോഴാണ് കണ്ടത്…? ഏതുവീട്ടിലേക്കാണ് പോവുന്നത് കണ്ടത് ….?

രണ്ടുദിവസം മുൻപാണ് സർ…വൈകുന്നേരം…കുറച്ചപ്പുറത്തുള്ള ഒരു വീടാണ്…പക്ഷേ ആ വീട് കുറച്ചുകാലമായി പൂട്ടിക്കിടക്കുകയാണ്….അവർ എങ്ങോട്ടാണ് പോയതെന്ന് അറിയില്ല…

നിങ്ങളുടെ പേരെന്താണ് ? നിങ്ങൾ അപ്പോൾ എന്തിനാണ് അതുവഴി വന്നത്…?

സർ … ഞാൻ കുമാരൻ…എനിക്ക് പോത്ത് കച്ചവടമാണ്..അന്ന് വൈകിട്ട് പോത്തുകളെ കുളിപ്പിച്ച് മടങ്ങുമ്പോഴാണ് ഞാനയാളെ കണ്ടത്…ആ വീട്ടിലേക്ക് റോട്ടിൽ നിന്നുമൊരു ഒറ്റവഴിയാണ്…അയാൾ അതുവഴി കയറിപ്പോവുന്നത് ഞാൻ കണ്ടു….ആള് മുൻപ് ഇവിടെങ്ങും കണ്ടിട്ടുള്ള ആളല്ല….

ഓക്കേ…കുമാരേട്ടാ..വളരെ വിലപ്പെട്ടൊരു വിവരമാണ് നിങ്ങൾ നൽകിയത്..ഞങ്ങൾക്ക് ആ വീടൊന്നു കാണിച്ചു തരണം

ശരി സർ….വരൂ..

അയാളെയും ജീപ്പിൽ കയറ്റി അവർ അങ്ങോട്ട് നീങ്ങി…കുറച്ചു ദൂരം പോയപ്പോൾ അയാൾ പറഞ്ഞു

സർ…ഈ വീടാണ് ഞാൻ പറഞ്ഞത്…

അവർ അങ്ങോട്ട് നീങ്ങി…വീടിനു മുൻപിൽ വണ്ടി പാർക്ക് ചെയ്ത് ചുറ്റുഭാഗവും പരിശോധിക്കാൻ പോലീസ് സംഘത്തിന് നിർദേശം നൽകി …അവർ മൂന്നുപേരും ഡോറിനടുത്തേക്ക് നീങ്ങി..മെഹ്ബൂബ് ഖാൻ പതുക്കെ ആ ഡോർ തുറക്കാൻ നോക്കി..അത്‌ പൂട്ടിയിട്ടില്ലായിരുന്നു… കുമാരേട്ടനെ പുറത്ത് നിർത്തി അവർ അകത്ത് കയറി…താഴെയുള്ള മുറികളിലൊന്നും ഒന്നുമില്ലായിരുന്നു…അവിടെയുണ്ടായിരുന്നതെല്ലാം എങ്ങോട്ടോ മാറ്റിയ പോലെ..ആകെ മൊത്തം നിഗൂഡതകളാണല്ലോ സർ…

അവർ മുകളിലേക്ക് കയറി…ആദ്യത്തെ മുറിയുടെ ഡോറിനു സമീപമെത്തിയപ്പോൾ തന്നെ കണ്ടു അടിയിലൂടെ ഒലിച്ചിറങ്ങിയ ചോര….ഡോർ തുറന്നു അകത്ത് കയറിയപ്പോൾ അവിടെയാകെ രക്തം തളം കെട്ടി നിൽക്കുന്നു..ചുമരിലും ബെഡിലുമൊക്കെ രക്തം ചിന്തിയ പാടുകൾ…മുറിയാകെ വീക്ഷിച്ച ശേഷം മറ്റു ടെസ്റ്റുകൾക്കുള്ള നിർദേശം കൊടുത്തു…..

ആ സമയം എസ് ഐ സുനിൽകുമാർ തൊട്ടടുത്ത മുറിയുടെ വാതിൽ തുറന്നു…

മെഹ്ബൂബ് …..ഒരു വല്ലാത്ത ശബ്ദത്തിൽ അയാൾ വിളിച്ചു …

എന്തുപറ്റി സുനിൽ ? മെഹ്ബൂബ് ഖാനും സി ഐയും പെട്ടെന്ന് അങ്ങോട്ട് ചെന്നു

ആ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഒരു പെൺകുട്ടിയുടെ ശരീരം ..

സർ.. ഈ പെൺകുട്ടി ….നമ്മളെവിടെയോ …

മെഹ്ബൂബ് വാട്സാപ്പിൽ വന്ന ഫോട്ടോ എടുത്തു നോക്കി….അതെ ഇത് അവളാണ്..

ഡെയ്‌സി…..

(തുടരും)

***************ജാസിം അലി****************

Categories
Uncategorized

She!!…..My Princess👸🏻

(#Translation Done by my wife : Hiba Jasim ❤️)

I dream of her coming to me in a blessed moment which is blessed by the hands of God. The days that follow will be much more beautiful. She will thus be filled as the light of my short life and the reasons of all my joys. She will be the one who creates my spring, summer and winter. She will be the splendor, prosperity, light and virtue of my little home. There she will reign as a princess and fly around like a butterfly. My life will be fulfilled in her comforts. I want to be with her in every step of her life’s journey. Once, after helping her reach the heights that she deserves, I can close my eyes with self-satisfaction. May be this is all my selfishness. It doesn’t matter though. She!!!….my daughter….my princess….

❤️🥰❤️🥰❤️🥰❤️💕❤️💕❤️💕❤️💕😘💕

Categories
Uncategorized

കുമ്പസാരം (ഭാഗം 3)

പോത്തുകല്ല് പോലീസ്‌ സ്റ്റേഷൻ….

ഹായ് സുനിൽ..ഞങ്ങള് ലേറ്റായില്ലല്ലോ…?

ഹേയ്..ഇല്ല സർ..

സുനിൽ,, ഇതെന്താണ് സംഭവം ? ആരാണ് പരാതി തന്നത്..?

സർ.. ഉദ്ദേശം 27 വയസ്സിനടുത്ത് പ്രായം വരുന്ന മൈക്കിൾ എന്നൊരു ചെറുപ്പക്കാരനെയാണ് കാണാതായിരിക്കുന്നത് ….. ആളുടെ പേരന്റ്സ് ആണ് പരാതിയുമായി വന്നത്…ഇന്നലെ രാത്രി ഉറങ്ങാൻ പോയ അവരുടെ മകനെ കാണ്മാനില്ലെന്ന്…കുറച്ചു ദിവസമായി അവന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നും…ഇന്നലെ അവൻ ആകെ അസ്വസ്ഥനായിരുന്നതായി തോന്നി എന്നാണ് അവന്റെ അമ്മ പറയുന്നത്…എങ്ങോട്ടെങ്കിലും പോവുന്നെങ്കിൽ ഉറപ്പായും വീട്ടിൽ പറഞ്ഞിട്ടേ പോവാറുള്ളൂ…അല്ലെങ്കിൽ അച്ഛന്റെ ഫോണിലേക്ക് ഒരു മെസേജ് എങ്കിലും അയയ്ക്കാറുണ്ട്….ആദ്യമായിട്ടാണ് ഇങ്ങനെ അവനെ കാണാതാവുന്നത് എന്നാണ് അവർ പറയുന്നത്..ആ ചെക്കൻ ചിലപ്പോ എന്തേലും അത്യാവശ്യ കാര്യത്തിന് പോയതായിരിക്കാം..കുറച്ചു കഴിഞ്ഞിങ്ങു തിരിച്ചു വന്നേക്കും…എന്നാലും നമുക്ക് അന്വേഷിക്കാതിരിക്കാനാവില്ലല്ലോ..അപ്പോഴാണ് കാലത്തെ ന്യൂസ് ഓർമവന്നത്..അതുകൊണ്ടാണ് ഞാൻ മെഹ്ബൂബിനെകൂടെ വിവരമറിയിച്ചത്..

വെരി ഗുഡ് സുനിൽ,,,വരൂ നമുക്ക് അയാളുടെ വീട് വരെ ഒന്ന് പോയി നോക്കാം..

ശരി സർ….

അവർ മുണ്ടേരിയിലേക്ക് പുറപ്പെട്ടു….

********************************************

മൈക്കിളിന്റെ വീട്…

മെഹ്ബൂബ് കോളിംഗ് ബെൽ അടിച്ചു…മൈക്കിളിന്റെ അമ്മയാണ് വാതിൽ തുറന്നത്…അവർ അകത്തു കടന്നു…അപ്പോഴേക്കും അച്ഛനും എത്തി…

എപ്പോളാണ് മൈക്കിളിനെ കാണാതായി എന്ന് നിങ്ങൾ ഉറപ്പിച്ചത് ?

ഇന്നലെ രാത്രി ഉറങ്ങാൻ പോയതാണ് സർ…കാലത്ത് ഞാൻ ചെന്ന് നോക്കുമ്പോൾ മുറിയിൽ ആളില്ല….പുറത്ത് ചെന്ന് നോക്കിയപ്പോൾ അവന്റെ വണ്ടിയും കാണുന്നില്ല…ഇങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ല..ഫോണിലേക്ക് വിളിച്ചപ്പോ അത്‌ സ്വിച്ച് ഓഫ് ആണ്…പിന്നെ അകത്ത് വന്ന് നോക്കിയപ്പോ ഇതാ ഞങ്ങളുടെ റൂമിന്റെ ഡോറില്

Dear Amma , Appa

forgive me…..

bye…..bye forever

ഇങ്ങനെ എഴുതിയിരിക്കുന്നു…അതുംകൂടെ

കണ്ടപ്പോ എനിക്ക് ആധിയായ് സാർ…കഴിഞ്ഞ കുറേ ദിവസമായി അവന്റെ പെരുമാറ്റത്തിൽ എന്തോ കുഴപ്പമുണ്ട്..അവൻ ആകെ അസ്വസ്ഥനായിരുന്നു…എനിക്ക് പേടിയാവുന്നു സർ…അവന് എന്തോ പറ്റിയിട്ടുണ്ട്..അവർ കരയാൻ തുടങ്ങിയിരുന്നു…

ഹേയ്…ഒന്നുമില്ല… ഒന്നും സംഭവിക്കില്ല…. നമുക്ക് അവനെ കണ്ടെത്താം…എത്രയും പെട്ടെന്ന് തന്നെ… നിങ്ങള് കരയാതിരിക്കൂ.. ഞങ്ങൾക്ക് അവന്റെ മുറിയൊന്ന് കാണിച്ചു തരൂ..അവിടെയൊക്കെ ഒന്ന് പരിശോധിക്കണം..

ആ നേരെ കാണുന്ന മുറിയാണ് സർ…

അവർ അകത്ത് കയറി…മുറിയാകെ പരിശോധിച്ചു…മേശപ്പുറത്തിരുന്ന ഡയറി എടുത്ത് മെഹബൂബ് ഒന്ന് മറിച്ചുനോക്കി…

മൈക്കിളിന് ഏതെങ്കിലും പെണ്കുട്ടിയുമായി അടുപ്പമുള്ളതായിട്ട് നിങ്ങൾക്കറിയുമോ…?

അറിയാം സർ…ഡെയ്‌സി എന്നായിരുന്നു കുട്ടിയുടെ പേര്…ഡിഗ്രിക്ക് പഠിക്കുന്ന സമയം തൊട്ടുള്ള അടുപ്പം ആണ്…

അവളുടെ ഫോട്ടോ വല്ലതും ഉണ്ടോ ?

എന്റെ ഫോണിൽ ഉണ്ട് സർ… ഇടയ്ക്ക് ഇവിടെ വന്നപ്പോ എടുത്തതാണ് എല്ലാരും ചേർന്നുള്ളൊരു ഫോട്ടോ….

ഇതാ സർ.. നോക്കൂ…ഇതാണ് അവൾ..

ഈ ഫോട്ടോ എനിക്കൊന്ന് സെൻഡ് ചെയ്യൂ…

പിന്നെ.. മൈക്കിൾ ഉപയോഗിച്ചിരുന്ന വണ്ടി..

നമ്പർ അറിയാമെങ്കിൽ അതും ഒന്ന് അയച്ചേക്ക്..

ഇപ്പോത്തന്നെ അയയ്ക്കാം സർ…

ശരി..എന്നാൽ ഞങ്ങളിറങ്ങുന്നു…പേടിക്കാതിരിക്കൂ, അവനെ നമുക്ക് കണ്ടെത്താം….

അവർ മടങ്ങി

പോലീസ് വണ്ടി കടന്നുപോവുന്നത് കണ്ടിട്ടാവണം, ചുറ്റുപാടുള്ളവർ പലരും അവിടെ വീട്ടുമുറ്റത്ത് ഓടിക്കൂടിയിരുന്നു…

എന്തുതോന്നുന്നു മെഹ്ബൂബ് ….നമ്മൾ

വിചാരിച്ച പോലെ എന്തെങ്കിലും കണക്ഷൻ…

നോ സർ…അയാൾ ആത്മഹത്യ ചെയ്തതാണ് … അന്ന് രാത്രി ആത്മഹത്യ ചെയ്യാൻ അയാൾ തീരുമാനിച്ചിരുന്നു..

ഫോൺ റിംഗ് ചെയ്യുന്നു..

യെസ് ഡോക്ടർ..പറയൂ…,

………………………………..

അതെയോ …ഓക്കേ…

സർ ഹോസ്‌പിറ്റലിൽ നിന്ന് ഡോക്ടർ പോൾ ആണ് വിളിച്ചത്… മരിച്ച ആൾക്ക് ഏകദേശം 35 നും 40 നും ഇടയിൽ പ്രായമുണ്ട്…പിന്നെ പാറപ്പുറത്തെ quotes എഴുതിയിരിക്കുന്ന ബ്ലഡ് അയാളുടേതുമായി മാച്ച് ചെയ്യുന്നുണ്ട്….ശരീരം മുഴുവൻ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്….മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്താണ് കൊന്നിരിക്കുന്നത്..പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വേറെ കാര്യമായിട്ട് ഒന്നുമില്ല…ഈ വിവരങ്ങളിൽ നിന്നുതന്നെ അത്‌ മൈക്കിൾ അല്ല എന്ന് നമുക്ക് ഉറപ്പിക്കാം…അത്‌ മാത്രമല്ല ഈ ഡയറി…ഇതിൽ അയാളുടെ ആത്മഹത്യാക്കുറിപ്പുണ്ട്…ഇത് ഒരു സാധാരണ കുറിപ്പല്ല…ഞാൻ വായിക്കാം…

“കരിഞ്ഞു വീണ എന്റെ സ്വപനങ്ങൾ

തുന്നിച്ചേർത്ത് ഞാനിന്നൊരു

കുരുക്ക് പണിയുകയാണ്……

എന്റെ കണ്ഠനാളത്തിലെ

നീലഞരമ്പ്‌ വലിച്ചുമുറുക്കാൻ

ശക്തിയുള്ളൊരു കുരുക്ക്….

തിരസ്കാരത്തിന്റെ പുളിരസം കൊണ്ട്

അവസാനമായി തൊണ്ടനനച്ച്

ഞാനീ കുരുക്കെന്നിൽ മുറുക്കുകയാണ്..

നാളത്തെ പുലരിയിൽ കിളിനാദമുയരും-

മുൻപ്

എന്നിലെ ജീവന്റെ തുടിപ്പുകൾ അവസാനിച്ചിരിക്കും

എന്റെ ദേഹം നിശ്ചലമായിരിക്കും

യാത്രയാവുന്നു ഞാൻ സഖീ..

അരുതൊരിക്കലും ദുഃഖിക്കരുത് നീ

ഞാൻ നിന്റെ മനസ്സിലെത്തുന്ന

ഓരോനിമിഷവും ഓർക്കുക നീ

അങ്ങ് ഏഴാനാകാശത്തിനപ്പുറത്ത്

നരകത്തിന്റെ പടിവാതിലിൽ

ശപിക്കപ്പെട്ട മോഹങ്ങൾ കൊണ്ടൊരു

മണിയറ തീർത്ത് ഞാൻ നിനക്കായ്

കാത്തിരിക്കും…

ഒരുനാൾ നീ വന്നുചേരുംവരെ

ഈ മെത്തയിൽ പാകിയ മുല്ലമൊട്ടുകൾ

വാടാതെ ഞാൻ സൂക്ഷിക്കും …..

ഓർക്കണമെപ്പോഴും നരകത്തിന്റെ

പടിവാതിലിൽ നിനക്കായ്

മണിയറ തീർത്തൊരാൾ കാത്തിരിപ്പുണ്ടെന്ന്”

…………………………………………………………….

ഒരുപാപ ജന്മത്തിന്റെ ആത്മഹത്യാ കുറിപ്പ്..

സർ..ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഒരുപക്ഷേ ഈ സമയം കൊണ്ട് തന്നെ അയാൾ ആത്മഹത്യ ചെയ്തു കഴിഞ്ഞിരിക്കണം….

ഉം…എനിക്കും അതുതന്നെയാണ്

തോന്നുന്നത്… അയാൾ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ ചോദ്യങ്ങളൊക്കെ അതുപോലെ തന്നെ നിൽക്കുകയാണ്…ഇവിടെ ആരാണ് കൊല്ലപ്പെട്ടിരിക്കുന്നത്‌ ..? ആരാണ് അയാളെ കൊന്നത്..? എന്തിന് ..? കൊലയാളിയുടെ അടുത്ത ഇര ?

എസ് ഐ സുനിലിന്റെ ഫോൺ റിങ് ചെയ്യുന്നു…

ഹലോ ….അതേ..

…………………..

എന്ത് ..? മൈ ഗോഡ്….ഓക്കേ… ഞങ്ങൾ ദേ എത്തി…

എന്തുപറ്റി സുനിൽ ..?

സർ, പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്ത് പ്ലാസ്റ്റിക് കവറിൽ

പൊതിഞ്ഞ നിലയിൽ ഒരു മനുഷ്യന്റെ തല…

(തുടരും)

***************ജാസിം അലി****************

Categories
Uncategorized

കുമ്പസാരം (ഭാഗം 2)

ആഢ്യൻ പാറ വെള്ളച്ചാട്ടത്തിന് താഴെ തലയില്ലാതെ കിടന്ന ശവശരീരത്തിന് മുന്നിൽ എസ് ഐ മെഹബൂബ് ഖാൻ നിന്നു…ചുറ്റും ആളുകൾ ഓടിക്കൂടിയിട്ടുണ്ട്, വിവരമറിഞ്ഞു മാധ്യമങ്ങളും എത്തിയിട്ടുണ്ട്,അർധ നഗ്നമായ ആ ശരീരത്തിലുടനീളം മുറിപ്പാടുകളുണ്ടായിരുന്നു..കൈകാലുകൾ ബന്ധിച്ചിരിക്കുന്നു….മൃഗീയമായൊരു കൊലയുടെ ഉപോല്പന്നമാണാ ശരീരമെന്ന് വ്യക്തം….പക്ഷേ ചോദ്യങ്ങൾ മൂന്നാണ്…

ആര് ? ആരെ ? എന്തിന് ?

ഉത്തരങ്ങളിലേക്ക് നീളുന്ന ഒരു തുമ്പിനായി അയാൾ ചുറ്റും പരതി…അയാളും പരിവാരങ്ങളും കൂടെ എല്ലായിടവും അരിച്ചുപെറുക്കിയിട്ടും ഒന്നിലേക്കും നീളുന്ന ഒരു സൂചന പോലും കിട്ടിയില്ല…..അപ്പോഴാണ് പിസി രാജേഷ് വിളിച്ചത്,

സർ…..ഇവിടെ,,,

എന്താ രാജേഷ്… എന്തുപറ്റി ?

രാജേഷ് കൈചൂണ്ടിയ ഭാഗത്തേക്ക് അയാൾ ഓടിച്ചെന്നു….

ഉണങ്ങിയ പാറയ്ക്കുമുകളിൽ രക്തം കൊണ്ട് കടുകട്ടിയായ് ഇപ്രകാരം എഴുതിയിരിക്കുന്നു…

“I am coming to you”

തന്റെ മൊബൈലിൽ ആ വാക്കുകളുടെ ചിത്രം പകർത്തിയ ശേഷം ആ രക്തക്കറകൾ പരിശോധിക്കാൻ ഫോറൻസിക് ടീമിന് നിർദേശം കൊടുത്തു..കുറച്ചു നേരത്തിന് ശേഷം ഫോർമാലിറ്റീസ് പൂർത്തിയായ ബോഡി പോസ്റ്റ് മോർട്ടത്തിനയച്ചു…മടങ്ങാൻ നേരം മാധ്യമ പ്രവർത്തകർ ചോദ്യങ്ങളുമായി അയാളെ വളഞ്ഞു ….

സീ ഗയ്‌സ്, ഇത് വളരെ ബ്രൂട്ടലായ ഒരു കൊലപാതകമാണ്,,, കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല..ലഭ്യമായ ചില സൂചനകൾ വെച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..കൂടുതൽ വിവരങ്ങൾ നിങ്ങളെ പിന്നീട് അറിയിക്കുന്നതായിരിക്കും ..ദാറ്റ്സ്‌ ആൾ ഫോർ നൗ…..

******************************************

സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസ്..

മെഹ്ബൂബ്, എന്തായി കാര്യങ്ങൾ ? ഐ വാസ് വെയ്റ്റിങ് ഫോർ യുവർ കാൾ

സർ, കുറച്ചു കോമ്പ്ലിക്കേറ്റഡ് ആണ് കാര്യങ്ങൾ…കണ്ടെത്തിയ ബോഡിക്ക് തലയില്ല..അയാളെ തിരിച്ചറിയതക്കവണ്ണം ഒരു സൂചനയും ശരീരത്തിൽ ഇല്ല…ചുറ്റുപാടുകളിലുള്ളവരും ആളെ തിരിച്ചറിഞ്ഞിട്ടില്ല…കൊലയാളിയിലേക്ക് നയിക്കുന്ന ഒരു തുമ്പുപോലും ഇല്ല…ആകെ അവശേഷിക്കുന്നത് ഇത് മാത്രമാണ്..അയാൾ ഫോണിലെടുത്ത ഫോട്ടോ കാണിച്ചു…

സർ, ഞാൻ കരുതുന്നത് ഇത് കൊലയാളി നൽകുന്നൊരു സൂചനയാണെന്നാണ്…ഇതിനർത്ഥം വൈകാതെ തന്നെ സമാനമായൊരു കൊല കൂടി നടക്കുമെന്ന്..അടുത്ത ഇരയ്ക്കുള്ള ഒരു വാണിംഗ് ആയിരിക്കാം ഇത്…

പെട്ടെന്ന് അയാളുടെ ഫോൺ റിംഗ് ചെയ്തു

ഹലോ….

……………………

അതെയോ ?

………………

ഓക്കേ.. ഏതായാലും ഞാനും കൂടെ വരാം

നമുക്ക് ഒരുമിച്ച് ആളുടെ വീടുവരെ ഒന്ന് പോവാം …

ശരി …..

ഫോൺ ഡിസ്കണക്റ്റ് ആയി…

സർ, പോത്തുകല്ല് എസ് ഐ സുനിൽകുമാർ ആണ് വിളിച്ചത്, മുണ്ടേരി ഭാഗത്ത് നിന്നും ഒരു മാൻ മിസ്സിങ്ങിന് പരാതി കിട്ടിയിട്ടുണ്ടെന്ന്….ചിലപ്പോൾ കൊല്ലപ്പെട്ടയാൾ അയാളായേക്കുമോ….

ഏതായാലും ഞാനും കൂടെ ഒന്ന് പോയി നോക്കട്ടെ…

ഞാനും വരാം…കമോൺ ലൈറ്റ്‌സ് മൂവ്..

(തുടരും)

**************ജാസിം അലി*****************

Categories
Uncategorized

കുമ്പസാരം (ഭാഗം 1)

കറുത്തിരുണ്ട ഒരു രാവായിരുന്നു അത്‌….വിറയ്ക്കുന്ന കയ്യാൽ തന്റെ ഡയറിയിലെന്തോ കുറിക്കുകയായിരുന്നു മൈക്കിൾ…ഓരോ അക്ഷരമെഴുതുമ്പോഴും നിയന്ത്രണം വിട്ട് വിതുമ്പിപ്പോവാതിരിക്കാൻ അവൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു….ഏറെ നേരംകൊണ്ട് എഴുതിത്തീർത്ത വരികളിലൂടെ അവനൊന്ന് കണ്ണോടിച്ചു…എന്തോ ആ വരികൾക്ക് ഒരു വല്ലാത്ത പൈശാചിക സൗന്ദര്യം തോന്നി….കളങ്ങളിൽ നിന്നുയർന്നുവന്ന് അവയോരോന്നും തന്നെ കുത്തിക്കീറുന്നപോലെ തോന്നി…എന്റെ നെഞ്ചിലെ ചോരത്തുള്ളികൾ കൊണ്ട് കുറിക്കപ്പെട്ട വാക്കുകൾ, അവന്റെ ചുണ്ടുകൾ മന്ത്രിച്ചു….

ഡയറി മടക്കിവെച്ച് അവൻ പതിയെ കണ്ണാടിക്കരികിലേക്ക് നടന്നു…….കുറച്ചുനേരം സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കിനിന്നു..അണപൊട്ടിയൊഴുകുന്ന ദുഃഖത്തെ പിടിച്ചുനിർത്താനാവാതെ അവൻ പൊട്ടിക്കരഞ്ഞു….എത്രനേരം ആ നിൽപ്പ് നിന്നെന്നറിയില്ല..പെട്ടെന്നെന്തോ തീരുമാനിച്ചിട്ടെന്ന പോലെ അവൻ തിരിഞ്ഞുനടന്നു..മുഖം കഴുകി, ഡ്രസ്സ് മാറി അവൻ പുറത്തിറങ്ങി…മുറിപൂട്ടി ശബ്ദമുണ്ടാക്കാതെ ടൂവീലറിനരികിലേക്ക്…ബൈക്ക് പതിയെ തള്ളി ഗെയ്റ്റിന് പുറത്തെത്തിച്ചു….സ്റ്റാർട്ട് ചെയ്ത് വണ്ടി മുന്നോട്ടെടുത്തു….മരിക്കാൻ തീരുമാനിച്ചുറപ്പിച്ചവന് മോഹങ്ങൾ പാടില്ലെന്നാണ്..പക്ഷേ അതിനുമുൻപ് അവസാനമായി എനിക്കവളെ ഒന്ന് കാണണം….ആദ്യം അവളുടെ വീട്ടിലേക്ക്, ബാക്കി പിന്നീട്….എന്തായാലും ഒരുകാര്യം ഉറപ്പാണ്, ഇനിയൊരു മടക്കമില്ല, ഈ രാവ് ഇതവസാനത്തേതാണ്…ഞാനെന്ന വിഡ്ഢി ഇവിടെ അവസാനിക്കുന്നു…അവളെ കണ്ട ശേഷം നേരെ അകമ്പാടത്തേക്ക് വെച്ച് പിടിക്കണം…ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തുന്ന നാളത്തെ സഞ്ചാരികൾക്ക് കൺകുളിർക്കെ കാണാൻ എന്റെയീ ജീവനറ്റ ശരീരവുമുണ്ടാവണം….ഞാൻ വെള്ളത്തിൽ ചാടി മരിക്കാനൊന്നും പോവുകയല്ല…അതിനുള്ള മാർഗ്ഗം വേറെയുണ്ട്..മരിക്കാൻ ആ സ്ഥലം തന്നെ തിരഞ്ഞെടുക്കാൻ കാരണം അവിടെ വെച്ചാണ് ആദ്യമായി അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്….പിന്നീട് എത്രയോ തവണ ഞങ്ങളവിടെ പോയിരിക്കുന്നു….എന്തോ അവൾക്കൊത്തിരി ഇഷ്ടമായിരുന്നു അവിടം…അവിടെത്തന്നെയാവട്ടെ എന്റെ ഒടുക്കവും….

ചാത്തംമുണ്ട എത്തി,, സുൽത്താൻപടി നിന്ന് വലത്തോട്ട് തിരിഞ്ഞു….പൂക്കോട്ടുമണ്ണ കടവിനടുത്ത് കൂടെ പോയാൽ ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് അവളുടെ വീട്…..ആ വഴി നേരെ പോയാൽ അകമ്പാടത്ത് എത്തുകയും ചെയ്യാം…സമയം അർധരാത്രി പിന്നിട്ടിരിക്കുന്നത്കൊണ്ട് ചുറ്റുമെങ്ങും വെളിച്ചമോ ആൾക്കാരോ ഇല്ല..സർവ്വരും ഉറക്കത്തിലേക്ക് ഊളിയിട്ടുകഴിഞ്ഞിരിക്കുന്നു ….പൂക്കോട്ടുമണ്ണ പാലം കടന്ന് അവൻ മുന്നോട്ട് നീങ്ങി………

********************************************

പിറ്റേന്നത്തെ പ്രഭാതം…

എസ് ഐ മെഹ്ബൂബ് ഖാന്റെ ഫോൺ റിങ് ചെയ്യുന്നു…

ഹലോ, സബ് ഇൻസ്‌പെക്ടർ മെഹബൂബ് ഖാൻ ,,

മെഹബൂബ്, ഇത്‌ സി ഐ രാജശേഖരൻ ആണ്

സർ, പറയൂ സർ

ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് താഴെ ഒരു ബോഡി കണ്ടതായി ഇൻഫർമേഷൻ ഉണ്ട്…ഒന്ന് പോയി അന്വേഷിക്കണം

റിയലി..? സർ, ഞാൻ ഉടനെ പുറപ്പെടുകയാണ്…ഐ വിൽ ഗെറ്റ് ദി ഡീറ്റെയിൽസ് ആൻഡ് ലെറ്റ് യൂ ക്നോ

ഓക്കേ മെഹബൂബ്..ഐ വിൽ വെയ്റ്റ് ഫോർ യുവർ കോൾ ..

ഓക്കേ,, സർ,

(തുടരും)

NB : ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം തന്നെ ഭാവനാ സൃഷ്ടികൾ മാത്രമാണ്.

പോലീസുകാരടക്കം എല്ലാവർക്കും എനിക്ക് തോന്നിയ ഓരോ പേരുകൾ കൊടുക്കുന്നു എന്നുമാത്രം

************ ജാസിം അലി *****************

Categories
Uncategorized

I’m Sorry Dear

I know it was my mistake … It hurted you very badly .. You know, it is a part of my charactor .. sometimes I am loosing my control.. that time If I say anything wrong please don’t mind.. that time suddenly I am loosing my temper and its getting out of control.. since you are not familiar with that, how can you understand what is going on here.. I know I was hurting you that time with my unnecessary words and anger.. I was feeling it … when I met you I was seeing it on your face.. that surroundings over there which made me angry.. it was not your fault.. I didn’t think about it.. when I see you sad , my heart was scolding for what I did to you… tears on your eyes, it was so painful to me I was afraid of crying… it was a big mistake on my part that should never happened.. I am sorry Dear , really very very sorry… love you

Categories
Uncategorized

അർഹമല്ലെന്ന് തോന്നിയാൽ

ഇരുൾ വീണു വെളിച്ചം ഒളിച്ചോടുന്ന കറുത്ത യാമങ്ങളിൽ നിഴലും അവനും തനിച്ചാവും…. ആ നിഗൂഢ നാഴികകളിൽ അവൻ ഒരു ഭ്രാന്തനെ കാണാറുണ്ടായിരുന്നു…… അയാൾ പ്രസന്ന വദനനായിരുന്നു എങ്കിലും അകമേ നീറിപ്പുകയുന്നത് അവന് കാണാമായിരുന്നു….. അയാൾ നഗ്നനായിരുന്നു….. അയാളുടെ പാട്ട് അവന്റെ കർണ്ണങ്ങളെ പൊള്ളിച്ചു കൊണ്ടിരിന്നു…… അയാളുടെ നൃത്തം അവസാനിക്കുമ്പോൾ കയ്യിലിരിക്കുന്ന സ്ഫടിക ഗോളം അയാൾ എറിഞ്ഞുടക്കുന്നു….. അവന്റെ നോട്ടത്തിലെ ചോദ്യഭാവം കണ്ടിട്ടാവണം അയാൾ ഇപ്രകാരം പറയുന്നു :

“ഹേ നിശാ സഞ്ചാരീ അത് എന്നെ മുറുകി വരിഞ്ഞിരിക്കുന്ന സ്നേഹമാണ്… അത് എറിഞ്ഞുടക്കുക വഴി അതിനെ ഞാൻ ശൂന്യതയിൽ ലയിപ്പിച്ചു…. സ്നേഹമെന്ന ആ പ്രതിഭാസം എന്നെ വീർപ്പു മുട്ടിക്കുകയായിരുന്നു…. ഞാൻ അതിൽ നിന്നും മോചനം നേടി…. ഞാൻ ഇപ്പോൾ സ്വതന്ത്രനാണ് സ്നേഹമാകുന്ന ബന്ധനത്തിൽ നിന്നും തീർത്തും സ്വതന്ത്രൻ…”

ചോദ്യങ്ങൾ അവസാനിക്കാത്ത അവന്റെ മുഖത്തേക്ക് നോക്കി അയാള് വീണ്ടും പറഞ്ഞു :

“നമുക്ക് പിരിയാൻ നേരമായി… ഒന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ… അനർഹനെന്നു തോന്നിയാൽ സ്നേഹമായാലും അതിനെ പറിച്ചെറിയണം… അല്ലാത്ത പക്ഷം അത് നമ്മെ വീർപ്പു മുട്ടിച്ചു കൊണ്ടിരിക്കും…

ഞാൻ യാത്രയാവട്ടെ …. വെളിച്ചത്തിന്റെ കണങ്ങൾ എനിക്ക് അസഹനീയമാണ്…

ഇനി നമ്മൾ കാണുമോ ?….

അർത്ഥമറിയാത്ത ഒരു ചിരി മാത്രമായിരുന്നു മറുപടി…………………

എം. ജാസിം അലി

Categories
Uncategorized

ചില കാര്യങ്ങൾ

വെറുതേ ഇരിക്കുകയാവും .. ഒരു ജോലിയും ഉണ്ടാവില്ല … അപ്പോഴൊന്നും ഒരു ശല്യവും ഉണ്ടാവില്ല … ഗൗരവമായി എന്തെങ്കിലും എഴുതാനിരിക്കുമ്പോഴോ വായിയ്ക്കാനിരിക്കുമ്പോഴോ മാത്രം ഇല്ലാത്ത പണികൾ വിമാനത്തിൽ കേറി വരും … ആ സമയത്ത് എല്ലാ ഭാഗത്ത് നിന്നും ശല്യക്കാർ എത്തും … എല്ലാം ഒരുവിധം ഒതുക്കി വരുമ്പോഴേക്ക് ചിലപ്പോ നമുക്ക് മടുപ്പായിട്ടുണ്ടാവും .. പിന്നെ അത് അവിടെക്കിടക്കും .. അതാണ് അവസ്ഥ … ചിലപ്പോ ചില നിമിഷങ്ങൾ വീണുകിട്ടാറുണ്ട് .. അപ്പൊ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണ് എല്ലാത്തിനുമൊടുവിൽ ബാക്കിയാവുന്നത്.. പക്ഷെ അതാണ് മനസ്സിന് ഏറെ ചാരിതാർഥ്യം തരുന്നത്

Categories
Uncategorized

എന്തുകൊണ്ട് .. ?

നടുറോഡിൽ ഒരു പെൺകുട്ടിയെ വെടിവെച്ചു കൊല്ലാൻ മാത്രം ധൈര്യം അയാൾക്ക് കിട്ടിയത് എവിടെ നിന്നായിരുന്നു … ? തുറസ്സായ സ്ഥലത്ത് വെച്ച് ഒരു പതിനാല് കാരിയെ സംഘം ചേർന്ന് അതിക്രമിക്കാനും , സമപ്രായക്കാരിയായ അവളുടെ ശരീര ഭാഗങ്ങളിൽ പിടിച്ചു ഞെരിക്കാനും ഒരുകൂട്ടം ആൺകുട്ടികൾക്ക് ധൈര്യം വന്നത് എവിടെ നിന്നായിരുന്നു …? വിജനതയിലോ രാവിന്റെ നിഴലിലോ തനിച്ചൊരു പെൺകുട്ടിയ്ക്ക് യാത്ര ചെയ്യാൻ പറ്റാതായത് എന്തുകൊണ്ടാണ് ..? മനുഷ്യരെന്ന നിലയിൽ നാം ലജ്ജിച്ചു പോവുന്ന തരത്തിൽ , ഹൃദയമുള്ള ഏതൊരാളുടെയും ഉള്ള് പിടയുന്ന തരത്തിൽ ഇത്രയേറെ സ്ത്രീകൾ കടിച്ചുകീറപ്പെട്ടത് എന്തുകൊണ്ടാണ് ..? സാങ്കേതിക രംഗത്തേയും വളർത്തു ദോഷത്തെയും പഴി പറഞ്ഞു നിങ്ങള്ക്ക് കൈകഴുകാനാവില്ല … ഇവർക്കൊക്കെ വളമാവുന്നത് , അല്ലെങ്കിൽ ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് , ഈ രാജ്യത്ത് ഇവരെ തൊടാൻ കെൽപ്പുള്ള ഒരു നിയമ വ്യവസ്ഥ ഇല്ല എന്ന ധൈര്യമാണ് .. അല്ലെങ്കിൽ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഇവരെ ഒന്നും ചെയ്യാൻ പോവുന്നില്ല എന്ന് ഇവർക്ക് അറിയാം … മൃഷ്ടാന്ന ഭോജനത്തോടെ സുഖവാസം ഒരുക്കി ആരോഗ്യ ദൃഢഗാത്രരായി തങ്ങളെ പുറത്തിറക്കി വീണ്ടും അടുത്ത പാതകങ്ങൾക്ക് പ്രചോദനം നൽകുന്ന നിയമ സംവിധാനം … ഇരകളെക്കാളേറെ വേട്ടക്കാരന്റെ അവകാശം സംരക്ഷിക്കാൻ നടക്കുന്ന പീറ ആക്ടിവിസ്റ്റുകൾ …. രണ്ടു മെഴുകുതിരിയിലോ മുദ്രാവാക്യത്തിലോ കടമ തീർക്കുന്ന പൗരന്മാർ … എല്ലാത്തിനും സൗകര്യമൊരുക്കി സംരക്ഷിച്ചു പിടിക്കുന്ന രാഷ്ട്രീയ പാർട്ടികൾ … ഇതൊക്കെ നൽകുന്ന ധൈര്യമാണ് ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് … കരുത്തുറ്റ ഒരു നിയമ സംവിധാനവും അത് നടപ്പിലാക്കാൻ നട്ടെല്ലുള്ള ഒരു നീതിപീഠവും ഭരണകൂടവും ഉണ്ടായിരുന്നെങ്കിൽ ഇവിടെ ഒരുത്തനും ഒന്നിനും ധൈര്യപ്പെടില്ലായിരുന്നു …. പക്ഷേ ………

_________________ജാസിം____________________

Categories
Uncategorized

അവസ്ഥ

ഈ സമയം … ഗതികേടിന്റെ ഈ സമയത്തെ മുതലെടുത്ത് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിട്ടുണ്ട് കുറെയെണ്ണം … എപ്പോഴാണ് സമനില തെറ്റുന്നത് എന്നറിയില്ല … ചിലപ്പോ വല്ലാതെ മടുപ്പ് തോന്നും .. അപ്പൊ ഫോണെടുത്ത് വെച്ചു രണ്ടു നോട്ടിഫിക്കേഷൻ നോക്കാമെന്ന് വിചാരിക്കുമ്പോ കോപ്പിലെ നെറ്റ്വര്‍ക്കും നമ്മളെ പരീക്ഷിക്കാൻ തുടങ്ങും … എല്ലാതരം ഫ്രസ്‌ട്രേഷനും എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത് എന്നറിയില്ല … ഒരു വിസ്ഫോടനം നടന്നാൽ സകലതിന്റെയും ആജീവനാന്ത പണിക്കുറ്റം തീർത്തിട്ടാവും ഒടുങ്ങുന്നത് … വല്ലാത്തൊരു കാലവും വല്ലാത്തൊരു കോലവും … ഭ്രാന്തിന്റെ പുതിയ ഭാവങ്ങളിലൂടെയാണ് കടന്നുപോവുന്നത് … ഇതേപോലെ ഇവിടെ എന്തേലും കുറിക്കുമ്പോൾ ആണ് ഇത്തിരി ആശ്വാസം കിട്ടുന്നത് .. പരീക്ഷണങ്ങൾക്കു മേലുള്ള പരീക്ഷണം വല്ലാത്ത അവസ്ഥ തന്നെ

Categories
Uncategorized

എനിയ്ക്കിപ്പോ നേരമില്ല

പ്രഹസനം പോലെ എന്തൊക്കെയോ കാണിച്ചു കൂട്ടിയിട്ട് അത് പ്രേമമായിരുന്നു എന്ന് അവകാശപ്പെട്ടാൽ അത് സമ്മതിച്ചു തരാൻ എന്നെ നിർബന്ധിക്കുന്ന നിന്നെ കാണുമ്പോ എനിയ്ക്ക് ചിരി മാത്രമാണ് വരുന്നത് … നീ കാണിച്ചു കൂട്ടിയ വിഡ്ഢിത്തങ്ങളെക്കാൾ എന്നെ ചിരിപ്പിക്കുന്നതും ഇതാണ് .. പ്രേമം എന്നാൽ നീയെന്താണ് മനസ്സിലാക്കിയിട്ടുള്ളത് …? അല്ലെങ്കിൽ വേണ്ട നീ അതിന് മറുപടി പറയണ്ട .. വീണ്ടും ചിരിയ്ക്കാനുള്ള വകയാവും .. ഇന്നിപ്പോ എനിയ്ക്ക് കൂടുതൽ ചിരിയ്ക്കാനുള്ള കപ്പാസിറ്റി ഇല്ല … ഇപ്പൊ തന്നെ എന്റെ ഊപ്പാട് വന്നു … എന്നാണ് നീ സ്വയമൊന്ന് മനസ്സിലാക്കുക .. ഓരോ നേരത്തേ ഓരോ ഭ്രമങ്ങൾക്കൊപ്പം എന്തൊക്കെയോ ചെയ്തുകൂട്ടുന്ന നിനക്ക് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി നിന്റെ ഭ്രമങ്ങളും മാറിക്കൊണ്ടിരിക്കും .. ഇപ്പൊ ഈ നിമിഷം നിന്റെ ഭ്രമം പ്രേമത്തോടാണെങ്കിൽ നാളെ ഒരുപക്ഷേ അത് മറ്റൊന്നിനോടാകാം … മറ്റൊന്ന് വരുന്നതോടുകൂടി ഇന്നത്തെ കാര്യങ്ങൾ നീ പാടെ മറക്കുമെന്നും അറിയാം … കാലം കുറെയായി നിന്നെക്കാണുന്ന എനിയ്ക്ക് നിന്റെയീ ഭ്രമങ്ങളെ നന്നായിട്ടറിയാം .. അതുകൊണ്ട് ഇപ്പൊ റൂട്ടൊന്ന് മാറ്റിപ്പിടി .. ഈ പ്രഹസനങ്ങൾക്ക് നിന്നു തരാൻ എനിയ്ക്ക് സമയമില്ല …..

Categories
Uncategorized

അഭിവാദ്യങ്ങൾ

എഴുതിയതത്രയും വിഡ്ഢിത്തമായിരുന്നു എന്ന തിരിച്ചറിവിൽ ദീര്‍ഘ നാളത്തെ തന്റെ അദ്ധ്വാനത്തിന്റെ നിരർത്ഥകതയോർത്ത് വിഷണ്ണനായി അയാൾ ബുദ്ധിശൂന്യതയുടെ കടുത്ത മഷി പുരണ്ട ആ താളുകളത്രയും വലിച്ചു കീറുകയായിരുന്നു … ചിതറി വീണ കടലാസു തുണ്ടുകൾ അഗ്നിക്കിരയാക്കി ആ ജ്വാലാമുഖത്തെ താപം ഉള്ളിലേക്കാവാഹിച്ച് ബോധത്തിന്റെ പുതിയ സഞ്ചാര പഥങ്ങളിലൂടെ മനസ്സിനെ പായിച്ചു … പരിചയമില്ലാത്ത ഏതൊക്കെയോ ദിശകളിലൂടെ ഓടിയോടി തളർന്നു ഒടുവിൽ കിതച്ചു കിതച്ചു ഒടുവിലേതോ തീരത്തണഞ്ഞു … ആ തീരത്തെ തണുത്ത കാറ്റേറ്റ് അയാൾ വീണ്ടും മുന്നോട്ട് നീങ്ങി .. ആ യാത്രയുടെ ഒടുവിൽ അയാളുടെ തൂലികയാൽ സൃഷ്ടിക്കപ്പെട്ടത്‌ അക്ഷരങ്ങളുടെ ഒരു സുന്ദര സൗധം തന്നെയായിരുന്നു …….

******************************************

അക്ഷര ലോകത്തെ ധന്യമാക്കുന്ന ഓരോ എഴുത്തുകാരനും എപ്പോഴെങ്കിലും ഇതുപോലെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെ നേരിട്ടിട്ടുണ്ടാവും .. ഒടുവിൽ എല്ലാത്തിനെയും അതിജീവിച്ചു പുറത്തു വന്നിട്ടും ഉണ്ടാവും … അക്ഷരങ്ങളുടെ ലോകത്തെ സുന്ദരമാക്കിത്തീർക്കുന്ന അക്ഷങ്ങളുടെ ഉപാസകരായ മഹദ് വ്യക്തിത്വങ്ങളെ സ്മരിച്ചു കൊണ്ട് , ഏതോ ഒരു സാങ്കല്പിക എഴുത്തുകാരന്റെ ദുർഘട നിമിഷങ്ങളെ പ്രതീകാത്മകമായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന് മാത്രം … തൂലികയേന്തിയ ഓരോ കൈകൾക്കും അക്ഷരങ്ങളുടെ ഓരോ കൂട്ടാളികൾക്കും ഉള്ളിൽ നിന്നൊരായിരം സ്നേഹാഭിവാദ്യങ്ങൾ

————————–ജസിം —————————

Categories
Uncategorized

മലയാളമേ ❤️

അമ്മേ മലയാളമേ , നിന്നോളമെന്നിലെ ജീവന്റെ തുടിപ്പുകളെ ഉത്തേജിപ്പിക്കാനാവുന്ന മറ്റൊന്നുമില്ല .. കണ്മിഴി തുറന്നു ഞാൻ ഈ ഉലകത്തെ കണ്ടനാൾ , ആർത്തു കരഞ്ഞോരെന്നെ കണ്ടപ്പോൾ എല്ലാരിലും ആഹ്ലാദത്തിന്റെ മന്ദഹാസങ്ങൾ നിറഞ്ഞൊരു നാൾ , അന്നുതൊട്ടെന്നുടെ ഞരമ്പുകളിൽ നിറഞ്ഞൊഴുകുമെൻ മലയാളമേ .. സ്നേഹമാണെന്നും നിന്നോടെനിയ്ക്ക് , നിന്നെ അറിയുന്തോറും നിന്നാഴങ്ങളിലേക്ക് വന്നുചേരാൻ ശ്രമിക്കുമ്പോഴും , നിന്റെ മധുരം എന്നെ ത്രസിപ്പിക്കുന്നു , എന്നെ കൊതിപ്പിക്കുന്നു ….. നിന്റെ മുൻപിൽ ചെറുതാണെനിയ്ക്ക് മറ്റേതു ഭാഷയും മറ്റേതു ലോകവും … നിന്റെ സൗരഭ്യത്തിന് മുന്നിൽ നിന്നിൽ നിന്നുതിരുന്നയീ പ്രകാശത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമായിത്തീരുന്നു .. നിന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങിയൊരീ കവിൾത്തടങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ് … നീ കുടിയിരിക്കുന്നയീ നാവിൻ തുമ്പെത്ര അനുഗ്രഹീതമാണ് … നിന്നെയെഴുതാൻ കഴിയുന്നതീ കൈവിരലുകളുടെ സുകൃതം …. അതേ ഞാൻ അഭിമാനിക്കുന്നു, മലയാളമെന്ന പുണ്യം എന്റെ ഭാഷയാണെന്നതിൽ,, എനിയ്ക്ക് മലയാളം അറിയാം എന്നതിൽ ഞാൻ അഹങ്കരിയ്ക്കുന്നു ,, ഇനിയുമെനിയ്ക്ക് എത്തിപ്പെടാൻ സാധിയ്ക്കാത്ത മലയാളത്തിലെ ആഴങ്ങളെയോർത്ത്, താണ്ടാൻ ഇനിയുമെനിയ്ക്കേറെ ദൂരമുണ്ടല്ലോ എന്നോർത്ത് , ഞാൻ അറിഞ്ഞതൊക്കെ എത്രയോ ചെറുതാണല്ലോ എന്നോർത്ത് ഞാനേറെ നിരാശപ്പെടുന്നുണ്ട് അതോടൊപ്പം തന്നെ ഇനിയുമിനിയും മലയാളത്തെ നുകരാൻ അതിന്റെ ആഴങ്ങളിലേക്കും ദൂരങ്ങളിലേക്കും ചെന്നെത്താൻ കൊതിയോടെ ആവേശത്തോടെ ഞാൻ മുന്നോട്ടു പായാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു …. എല്ലാത്തിനുമൊടുവിൽ ഈ മലയാളത്തിന്റെ മണ്ണിൽ ഈ മലയാളത്തിന്റെ പുത്രനായി എനിയ്ക്കീ ജന്മം തന്നതിൽ ജഗന്നിയന്താവിനോട് ഞാൻ നന്ദി പറയുന്നു ……..

————ജാസിം——–

Categories
Uncategorized

സ്നേഹം

എത്ര നുകർന്നാലും കൊതി തീരാത്ത എത്ര പൊഴിഞ്ഞാലും ഉറവ വറ്റാത്ത ഒന്നേയുള്ളൂ.. അതാണ് സ്നേഹം … സ്നേഹം ആവശ്യമില്ലാത്ത ആരുമുണ്ടാവില്ല … അക്ഷരങ്ങൾ കൊണ്ടോ ചിത്രങ്ങൾ കൊണ്ടോ മറ്റൊന്നും കൊണ്ടോ തന്നെ പൂർണ്ണമായും വർണ്ണിക്കാനോ നിർവചിയ്ക്കാനോ സാധിയ്ക്കാത്ത ഒന്നാണ് സ്നേഹം … അനുഭവിച്ചറിയുന്നതുവരെ ഒരാൾക്കും അതിന്റെ ആഴവും വ്യാപ്തിയും രൂപവും മനസ്സിലാക്കാനാവില്ല … സ്നേഹത്തിന്റെ മാനങ്ങൾ പലതാണ്‌ .. ഓരോ തലത്തിനുമനുസരിച്ച് അതിന്റെ നാമങ്ങൾ മാറുന്നു ഭാവങ്ങൾ മാറുന്നു അതിന്റെ രുചിയും മാറുന്നു .. എന്നിരുന്നാലും ഏത് രൂപത്തിലും ഭാവത്തിലും ആത്യന്തികമായിട്ട് സ്നേഹത്തിന്റെ ഭാവവും രുചിയും ഗുണവും ഒന്ന് തന്നെയാണ് … അതിന്റെ തീവ്രതയേറുന്തോറും അതിന്റെ സൗന്ദര്യവുമേറുന്നു … കണ്മുന്നിലെ സ്നേഹത്തെ കാണാൻ കഴിവില്ലാത്തവരും, ഒരല്പം സ്നേഹത്തിനായി കൊതിക്കുന്നവരും , ഇന്നുവരെ സ്നേഹമെന്തെന്ന് അനുഭവിക്കാൻ സാധിക്കാത്തവരും , സ്നേഹത്തിൽ നീന്തിത്തുടിക്കുന്നവരും എല്ലാമുണ്ട് നമുക്ക് ചുറ്റും … സ്നേഹത്തിന്റെ പേരിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ട് .. കൊലപാതകങ്ങൾ നടന്നിട്ടുണ്ട് … സ്നേഹത്തിനു മുന്നിൽ സ്വാർത്ഥരായിത്തീരുന്ന പലരും സ്നേഹം തട്ടിയെടുക്കാൻ വഞ്ചന വരെ ചെയ്തിട്ടുണ്ട് … ഈ ഉലകത്തെ നിലനിർത്തുന്നത് , ഈ പ്രപഞ്ചത്തെ ഇത്ര സുന്ദരമാക്കുന്നത് , ജീവിതത്തെ ഒരു ലഹരിയാക്കുന്നത് , അതെല്ലാം സ്നേഹം ഒന്ന് മാത്രമാണ് …. സ്നേഹത്തിന് പകരം നിൽക്കാനോ , സ്നേഹത്തിന് മുകളിൽ നിൽക്കാനോ ഉതകുന്ന മറ്റൊന്നും തന്നെ ഈ പ്രപഞ്ചത്തിൽ ഇല്ല …. വാമൊഴിയും വരമൊഴിയുമായി അനേകലക്ഷം ഭാഷകൾ നിലനിൽക്കുന്ന ഈ ലോകത്ത് ഏത് നാട്ടുകാരനും ഏത് ഭാഷക്കാരനും സംശയമേതുമില്ലാതെ മനസ്സിലാവുന്ന , ഏറ്റവും മനോഹരമായി സംവദിക്കാൻ സാധിക്കുന്ന ഒരേയൊരു ഭാഷ സ്നേഹമാണ് അല്ലെങ്കിൽ സ്നേഹത്തിന്റെ ഭാഷയാണ് …

——–ജാസിം——–

Categories
Uncategorized

മധുരിയ്ക്കും ഓർമ്മകളേ (ഭാഗം-4)

4. കന്നി പ്രണയം

വെളുമ്പിയം പാടം എല് പി സ്കൂളിൽ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. ആത്യന്തികമായിട്ടു കുരുത്തം കെട്ടവൻ ആണെങ്കിലും പാവത്താൻ എന്ന ഇമേജ് ഞാൻ കാത്തു സൂക്ഷിച്ചു വന്നു… ഒരു ദിവസം ലഞ്ച് ബ്രേക്ക് കഴിഞ്ഞു ഞാൻ ക്ലാസ്സിൽ വന്നപ്പോൾ അവിടെ ഒരു പുതു മുഖം….
ഇതാരപ്പാ എന്ന് ശങ്കിച്ച് നിൽക്കുമ്പോൾ ജാൻസി ടീച്ചർ അവളെ എല്ലാവർക്കും പരിചയപ്പെടുത്തി..
ഇത് ……………. നമ്മുടെ ക്ലാസ്സിലെ പുതിയ കുട്ടിയാണ്….
ആദ്യ കാഴ്ചയിൽ തന്നെ എനിക്കവളോട് ഒരു കൌതുകം തോന്നിയിരുന്നു.. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. ഞാനാണെങ്കിൽ ഗുണന പട്ടികയോട് പോരാടി തളര്ന്ന മണ്ട ശിരോമണിയും…. എന്നാലും ഇടയ്ക്കു എന്തെങ്കിലും അവസരം ഉണ്ടാക്കി ഞാൻ അവളോട്‌ മിണ്ടുമായിരുന്നു… അവൾ പെണ്‍കുട്ടികളുടെ നിരയിൽ ആദ്യ ബെഞ്ചിൽ ഒന്നാമതായിരുന്നു…
ഞാനാണെങ്കിൽ മൂന്നാം ബെഞ്ചിന്റെ ഇങ്ങേ അറ്റത്തു…
ആണ്‍കുട്ടികളുടെ നിരയിൽ ഒന്നാമാതിരിക്കുന്ന ഹാരിസ് അന്ന് പഠനത്തിൽ മുന്നിട്ടു നിന്നു് … അവന്റെ ഇരിപ്പിടം അവളുടെ തൊട്ടടുത്ത് ആയിരുന്നത് കൊണ്ട് എനിക്കവനോട് കലിപ്പായിരുന്നു…
പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല…
ആയിടക്കാണ് ഒരു പുതിയ വിദ്യാഭ്യാസ സംസമ്പ്രദായം നിലവിൽ വന്നത്….. ഡാൻസും പാട്ടും ഇടക്കിടക്ക് പഠിത്തവും… (ഡി പി ഇ പി )..
ഈ സമ്പ്രദായപ്രകാരം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഗ്രൂപ്പ്‌ ഡിസ്കഷൻ.. എപ്പോഴും ടീച്ചർ ഞങ്ങളെ ഗ്രൂപ്പ്‌ തിരിക്കുമ്പോൾ അവൾ എന്റെ ഗ്രൂപ്പിൽ തന്നെ കൃത്യമായി വരും. ഗ്രൂപ്പിലുള്ളവർ നിലത്തു വട്ടം കൂടി ഇരിക്കണം.
വട്ടത്തിന്റെ രണ്ടറ്റത്തും ഇരിക്കാൻ എല്ലാവർക്കും മടിയാണ്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചു വരുമല്ലോ. മിക്കവാറും അവൾ അറ്റത്ത്‌ വരുന്നത് കൊണ്ട് എനിക്ക് മാത്രം ഒരു മടിയും ഉണ്ടായിരുന്നില്ല. ആ നിമിഷങ്ങൾ ഒക്കെ എത്ര രസകരമായിരുന്നു.
കാലം കടന്നു പോയി. നാലാം തരം കഴിഞ്ഞു ഞങ്ങളൊക്കെ പല വഴിക്ക് പിരിഞ്ഞു പോയി..
ഏഴാം തരത്തിൽ പഠിക്കുമ്പോൾ മറ്റുള്ളവരുടെ ലൈൻ കണ്ടു പിടിക്കലായിരുന്നു എന്റെ പ്രധാന ഹോബി.. ഒരു ദിവസം തസ്നിയുടെ ലൈൻ കണ്ടു പിടിച്ച സന്തോഷത്തിൽ അത് ഞാനങ്ങു ബി ബി സിയാക്കി… ആ കലിപ്പ് തീർക്കാൻ ആ കുരുത്തം കെട്ടവൾ പഴയ കാലത്ത് നിന്നും ആ പേര് പൊക്കി കൊണ്ടു വന്നു അവളെ പിടിച്ചു എന്റെ കാമുകിയാക്കി.
പാവം ഞാൻ…. അന്ന് മുതൽ അവളുടെ പേരും പറഞ്ഞു എല്ലാവരും എന്നെ കളിയാക്കി.. എല്ലാവരും കൂടെ പറഞ്ഞു പറഞ്ഞു ഞാനും അതങ്ങ് ഉറപ്പിച്ചു. അവൾ തന്നെ എന്റെ കാമുകി… ഒരു പാട് സ്വപ്നം കണ്ടു…. കാലം കടന്നു പോയി ഞാൻ കോളേജു വിദ്യാർത്ഥിയായി…… ആദ്യത്തെ ആഴ്ച… വൈകിട്ട് ഞാൻ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ അതാ നില്ക്കുന്നു കൂട്ടുകാരൻ റാഷിദ്..
അവൻ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു അളിയാ നീ ടെൻഷൻ ആവരുത്….ഒരു കാര്യം ഉണ്ട്..
അവന്റെ മുഖം കണ്ടു ഒരു പന്തികേട്‌ തോന്നി ഞാൻ ചോദിച്ചു എന്താടാ.. എന്ത് പറ്റി… എന്തായാലും എന്നോട് പറ… മടിച്ചു മടിച്ചു അവൻ പറഞ്ഞു. അളിയാ ഇന്ന് അന്റെ കുട്ടിയുടെ നിക്കാഹായിരുന്നു… അത് കേട്ട് ഞാൻ ആകെ തകർന്നു പോയി.
പിന്നീട് നിരാശയുടെ ദിനങ്ങൾ.. ഒറ്റക്കിരുന്നു സങ്കടപ്പെടൽ, ചെറുതായി വന്നു തുടങ്ങിയ താടി വളർത്തൽ. തുടങ്ങിയ കലാ പപരിപാടികൾ അരങ്ങേറി. അങ്ങനെ സംഭവ ബഹുലമായ എന്റെ വണ്‍ വേ പ്രണയത്തിനു പരിസമാപ്തി.
ഇപ്പൊ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. അവളെ ഓർത്തല്ല.. അവളെയും മനസ്സിലിട്ടു മറ്റൊരു പെണ്ണിനേയും ലൈൻ അടിക്കാതെ ഞാൻ പാഴാക്കി കളഞ്ഞ സമയത്തെ കുറിച്ചോർത്ത്.
ആത്മാർഥത ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം…
…….ശുഭം……


God Bless you…

എം. ജാസിം അലി

(ഭാഗം – 3) ലിങ്ക്

https://jasimnilambur.wordpress.com/2020/10/19/%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%93%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%87-%e0%b4%ad-2/

Categories
Uncategorized

മധുരിയ്ക്കും ഓർമ്മകളേ (ഭാഗം-3).

3.ആത്മവിദ്യാലയം

വെളുമ്പിയം പാടം എം കെ എം എം എൽ പി സ്‌കൂൾ … എന്റെ ആത്മവിദ്യാലയം…ഹെഡ് മാസ്റ്റർ ആർ കെ അഹമ്മദ് കബീർ സാർ… അദ്ദേഹമാണ് എന്നെ ക്ലാസ്സിൽ കൊണ്ടിരുത്തിയത്.. വെല്ലിപ്പാന്റെ കൂട്ടുകാരൻ ആയതു കൊണ്ട് എന്നോടൊരു വാത്സല്യം കാണാമായിരുന്നു…. ക്ലാസിൽ ശോഭ ടീച്ചർ… ടീച്ചർ എന്നെ യാഷി എന്നാണു വിളിക്കാറ്… എന്റെ പേര് ടീച്ചർക്ക് വഴങ്ങൂല… ഹാരിസ് , ഷിഹാബ്,ഷെമീർ,
മുഹമ്മദ് ഷംസീർ, നിൽഷാദ്‌, കലേഷ്, സുരേഷ്, ദേവൻ, സുധീഷ്, സുഹാസ്, നിസാമുദീൻ എന്ന കുഞ്ഞാണി, ഫർസാന, തസ്‌നി, റാഷിദ, റംസിയ, അങ്ങനെ അങ്ങനെ കുറെ കുറെ കൂട്ടുകാർ… ഗോവിന്ദ വിലാസിൽ എന്നോട് കൂട്ടില്ലാത്ത പെൺകുട്ടികളെ ഓർത്ത് ഞാൻ ഒരു ലോഡ് പുച്ഛം വാരി വിതറി…. താത്തയാണ് എന്നെ സ്‌കൂളിൽ കൊണ്ട് വരുന്നതും കൊണ്ടാക്കുന്നതും, ഞാൻ ഒരു പാവവും , ആരെയും ഉപദ്രവിക്കാത്തവനും കടിഞ്ഞൂൽ പൊട്ടു മാണ് എന്ന ഒരു ഇമേജ് ആദ്യം തന്നെ താത്ത ഉണ്ടാക്കിയെടുത്തതിനാൽ ടീച്ചർമാരുടെ മുൻപിൽ അത് നിലനിർത്തേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായി… ആ കാര്യത്തിൽ എനിക്ക് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.. പക്ഷെ കാര്യമുണ്ടായില്ല.. ആദ്യത്തെ പേരക്കിടാവിനോടുള്ള അമിതമായ സ്നേഹവാത്സല്യങ്ങളിൽ നിന്നുണ്ടായ പോസെസീവ്നെസ്സ് ആയിരുന്നു അത് .. അതിനെ പ്രതിരോധിക്കാൻ ഇന്നും ഞാൻ അശക്തനാണ്… തറവാട്ടിൽ മറ്റാർക്കും ഇല്ലാത്ത ഒരു രാജകുമാരന്റെ പദവിയോടെ ഞാൻ വിലസി നടന്ന കാലം…. അമ്മായിമാരുടെയും ആപ്പാപ്പാന്റെയും വെല്ലിപ്പാന്റെയും താത്താന്റെയും കണ്ണിലുണ്ണിയായി അങ്ങനെ പാറി പറന്നു നടന്നു……


താത്തയാണ് ഉച്ചക്ക് ചോറ് കൊണ്ട് വന്നിരുന്നത്…. എന്റെ ഭക്ഷണം കഴിക്കൽ ഒരു കളറ് പരിപാടി ആയിരുന്നു… താത്ത കൊണ്ടുവരുന്നത് മുഴുവൻ കഴിക്കണം… പലപ്പോഴും ഞാൻ വഴങ്ങാത്തതു കൊണ്ട് താത്ത എന്റെ പിറകെ കൂടി ഓരോന്ന് പറഞ്ഞു കഴിപ്പിക്കും… ഇത് കുറെ നാളായപ്പോൾ ഓരോ കുരുത്തം കെട്ടവൻമാർ കളിയാക്കാൻ തുടങ്ങി…. അതുകാരണം ഞാൻ വാശിപിടിച്ചു സ്‌കൂളിലെ ഉച്ചക്കഞ്ഞിയിലേക്കു മാറി…. പക്ഷെ അപ്പോഴേക്കും ഞാൻ രണ്ടാം തരത്തിൽ എത്തിയിരുന്നു….. സ്‌കൂള് വിടുമ്പോൾ എന്നെ കൊണ്ടുവരാൻ വരുന്നതും തത്തയായിരുന്നു … എന്നെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ എന്നറിയാൻ എന്റെ അയൽവാസികളായ ചില മുതിർന്ന കുട്ടികളെ ചുമതലപ്പെടുത്തിയിരുന്നു… താത്ത എപ്പോഴും എന്റെ കൂടെ ഒരു നിഴല് പോലെ കാണും…. അന്നൊക്കെ എന്നെക്കുറിച്ചു ആരോടെങ്കിലും ചോദിച്ചിട്ടു മനസ്സിലായില്ലെങ്കിൽ .. ആ വെല്ലിമ്മ എപ്പോഴും തെരഞ്ഞു വരുന്ന കുട്ടി എന്ന് പറഞ്ഞാൽ പെട്ടെന്ന് ആൾക്കാർക്ക് പിടി കിട്ടും.. ഞാനും താത്തയും കൂടിയുള്ള കോമ്പിനേഷൻ ആ കാലത്ത് വെളിമ്പിയംപാടം, കുനിപാല, പോത്തുകല്ല് പ്രദേശങ്ങളിൽ അത്രയ്ക്ക് .. പ്രസിദ്ധമായിരുന്നു…

ഒഴിവു സമയങ്ങൾ ആനന്ദമാക്കി ഞങ്ങൾ ആഘോഷിച്ചു…. കള്ളനും പോലീസും കളിയിൽ സ്ഥിരമായി പോലീസ് ആവേണ്ടി വന്നു … പോലീസിനെ ഓടിക്കുന്ന കള്ളനാവാൻ എല്ലാവരും ആഗ്രഹിച്ചു…. കുറുന്തോട്ടി പറിച്ചു മാനത്തുമ്പികളെ അടിച്ചു വീഴ്ത്തി … പുൽച്ചാടിയെ പിടിച്ചു ചോറ്റു പാത്രത്തിൽ അടച്ചു വെച്ചു… മുനവ്വിർന്റെ തറവാട്ടിലെ കിണറ്റിൽ ചേറാനുണ്ട് പുൽച്ചാടിയെ അത് വന്നു വെട്ടുന്നത് കൗതുകത്തോടെ നോക്കി നിന്നു…. ചക്കര വള്ളികൊണ്ട് വൃത്തമുണ്ടാക്കി അതിനുള്ളിൽ കേറി നിന്ന് ബസ് ഓടിച്ചു കളിച്ചു… ഓലപ്പന്തു കൊണ്ട് ഏറു പന്ത് കളിച്ചു…. സ്‌കൂൾ മുറ്റത്തെ ചീനി മരത്തിൽ നിന്നും വീഴുന്ന ചീനിക്ക പെറുക്കി തിന്നു … അത് തിന്നുന്നത് ജോയി സാർ കണ്ടാൽ കുഴപ്പമാണ് .. സാറിന്റെ ചൂരൽക്കഷായം പ്രസിദ്ധമായിരുന്നു… സാർ ഞങ്ങൾക്കിടയിൽ ഒരു പേടി സ്വപ്നമായി നില നിന്നു…. മഞ്ഞപ്പൂക്കൾ ഉണ്ടാവുന്ന പേരറിയാത്ത മറ്റൊരു മരവും ഉണ്ട്…. ചീനി മരത്തണലിൽ കൂട്ടുകൂടിയിരിക്കുമ്പോൾ അതുവഴി കടന്നു പോവുന്ന ഒരു കറുപ്പും ചുവപ്പും കലർന്ന ഒരു ജീവിയുണ്ട് … അതിന്റെ വഴി മുടക്കരുത് എന്നും, അത് ദൈവത്തിന് എണ്ണ എത്തിച്ചു കൊടുക്കുന്ന അനുയായി ആണെന്നും വിജേഷ്‌ പറഞ്ഞു തന്ന അറിവിനെ കലേഷും സുധീഷും പിന്താങ്ങിയത് മുതൽ അതിനെ എവിടെ കണ്ടാലും ഈർക്കിൽ കൊണ്ട് മണ്ണും കരിയിലയും മാറ്റി അതിനു വഴി തെളിച്ചു കൊടുക്കുന്ന കർത്തവ്യം ഞങ്ങൾ ഏറ്റെടുത്തു… ഞങ്ങൾ “ബി” ക്ലാസ്സുകാരായിരുന്നു, “എ” ക്ലാസ്സുകാരോട് ശത്രുത പ്രഖ്യാപിക്കുകയും അവരോടു എപ്പോഴും മത്സര ബുദ്ധി കാണിക്കുകയും ചെയ്തു……
മുനവ്വിറും ഞാനും ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നത് കൊണ്ടും.. എല്ലാ കാര്യത്തിനും ഒരുമിച്ചായിരുന്നത് കൊണ്ടും ഈ മത്സരം ഞങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാക്കി… അവൻ “എ” ക്ലാസ്സിൽ ആയിരുന്നു .. ഞങ്ങളുടെ കഥ മുൻപൊരിക്കൽ പറഞ്ഞിരുന്നല്ലോ… “എ” ക്ലാസ്സിൽ ശോഭ ടീച്ചറും, ഞങ്ങൾക്ക് ജാൻസി ടീച്ചറും ക്ലാസ് ടീച്ചർമാരായിരുന്നു….

ജോസെഫ് സാറിനു മോട്ടോർ സൈക്കിൾ (ബൈക്ക്) ഉണ്ടായിരുന്നു .. സാറിന്റെ പെങ്ങളായ ശോഭ ടീച്ചറും സാറും അതിൽ വരുന്നതും പോവുന്നതും എന്നും കൗതുകത്തോടെ ഞങ്ങൾ നോക്കി നിന്നു….
അന്ന് പാടിക്കൊണ്ട് നടന്ന കുറെ കുട്ടിപ്പാട്ടുകൾ ഉണ്ട് അവയിൽ ഒന്ന് ഇങ്ങനെ :


“ബഷീറ് ബഷീറ് ബസ്സ് വാങ്ങീ…”
“നാസറ് നാസറ് നാസാക്കീ….”
സെരീഫ് വന്ന്‌ സെരിയാക്കീ…
ബെല്ലിമ്മ വന്ന്‌ ബെല്ലടിച്ചൂ….


അങ്ങനെ ഓരോ ദിവസങ്ങളും രസകരമാക്കി കൊണ്ട് ഞങ്ങളുടെ സ്‌കൂൾ ജീവിതം മുന്നോട്ടു പോയി…..

(തുടരും)

എം ജാസിം അലി

(ആദ്യ ഭാഗങ്ങൾ ലിങ്ക് ചുവടെ ചേർക്കുന്നു)

(ഭാഗം 1).

https://jasimnilambur.wordpress.com/2020/07/19/%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%92%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%87/

(ഭാഗം 2)

https://jasimnilambur.wordpress.com/2020/07/21/%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%93%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%87-%e0%b4%ad/

Categories
Uncategorized

ഇപ്പോഴത്തെ ചിന്തകൾ

ഇപ്പൊ ചെയ്യുന്ന കാര്യങ്ങൾ പലതും ഫലമുണ്ടാവുമെന്ന വിശ്വാസത്തിൽ ചെയ്യുന്നതാണ് … ഉടയതമ്പുരാനോട് ഒരു അപേക്ഷയേ ഒള്ളൂ … കൈ വിടരുത് എന്നെ … ഇത്രയേറെ മാനസിക സംഘർഷങ്ങൾ നിറഞ്ഞ ഒരവസരം ജീവിത്തിലാദ്യമല്ലാത്തതു കൊണ്ട് തളർന്നു വീഴാനുള്ള സാധ്യത കുറവാണ് … എന്നാലും ഓരോ വ്യഥകളിൽ നിന്നും കാരകേറാനുള്ള ശ്രമം മനുഷ്യജീവി എന്ന നിലയിൽ സ്വാഭാവികമാണല്ലോ … എന്റെ പാതി ഞാൻ നിർവ്വഹിക്കുകയാണ് … ആത്മാർത്ഥതയ്ക്ക് വിജയം സുനിശ്ചിതമാണ് എന്ന ലോക സത്യത്തെ നെഞ്ചിലേറ്റി ഞാനെന്റെ ദൗത്യം തുടങ്ങുകയാണ് .. ഈ വഴിയിൽ വിജയത്തിന്റെ പുഞ്ചിരിയോടടുക്കാൻ എനിയ്ക്കാവണേ എന്ന പ്രാർത്ഥനയോടെ … എന്നെ സ്നേഹിയ്ക്കുന്നവരുടെ ആശിർവാദങ്ങളോടെ ഞാൻ മുന്നോട്ട് നടക്കട്ടെ

Categories
Uncategorized

അവൾ എന്റെ രാജകുമാരി

ഈശ്വരൻ കൈതൊട്ട് അനുഗ്രഹിച്ച ധന്യമാം ഒരു മുഹൂർത്തത്തിൽ അവൾ എന്റെ അടുത്തെത്തുന്നത് ഞാൻ കിനാവ് കാണുന്നു….. പിന്നീടുള്ള ദിനങ്ങളെല്ലാം ഏറെ സുന്ദരമായിരിക്കും….ഹ്രസ്വമായ എന്റെയീ ജീവിതത്തിലെ വെളിച്ചവും എന്റെ എല്ലാ സന്തോഷങ്ങളുടെയും പാത്രവുമായി അവൾ അങ്ങനെ നിറഞ്ഞു നിൽക്കും…. എന്നിലെ വസന്തവും ഗ്രീഷ്മവും ശിശിരവും പൂക്കാലവുമെല്ലാം തീർക്കുന്നത് അവളായിരിക്കും…… എന്റെ കൊച്ചു ഭവനത്തിന്റെ ശ്രീത്വവും ഐശ്വര്യവും പ്രകാശവും പുണ്യവുമെല്ലാം അവളായിരിക്കും….അവിടെ ഒരു രാജകുമാരിയായി അവൾ വാഴും….. ഒരു പൂമ്പാറ്റയായി അവിടെയെല്ലാം പാറി നടക്കും.. അവളുടെ സുഖ സന്തോഷങ്ങളിൽ എന്റെ ജീവിതം സഫലമാവുന്നു…..ജീവിതയാത്രയുടെ ഓരോ ചുവടുവെപ്പിലും അവൾക്ക് താങ്ങായി കൂട്ടിനു ഞാനുണ്ടാവണം… ഒരിക്കൽ അവളെ അർഹമായ ഉയരങ്ങളിൽ എത്തിച്ചു എനിക്ക് ആത്മനിർവൃതിയോടെ കണ്ണടക്കാം…. ഒരു പക്ഷെ ഇതൊക്കെ എന്റെ സ്വാർത്ഥതയാവാം…. എന്നാലും സാരമില്ല…..
“അവൾ എന്റെ മകൾ… എന്റെ രാജകുമാരി……”………………….

————എം ജാസിം അലി (നിലമ്പൂർ)

Categories
Uncategorized

സാധ്യമോ ഇനിയൊരു മോചനം

നിർദ്ദയം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അധഃകൃത കീഴാള വർഗ്ഗത്തിന് കാവലൊരുക്കാൻ നിയമത്തിനോ നിയമപാലകർക്കോ നീതിപീഠത്തിനോ സാധിക്കാത്ത അവസ്ഥയാണ് … അല്ലെങ്കിൽ അടിയാളന്റെ സങ്കടങ്ങൾ കാണാനോ കേൾക്കാനോ ഇവർക്കൊന്നും നേരമില്ല എന്നതാണ് വാസ്തവം .. രാജ്യത്തിന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ പരസ്യമായ ധ്വംസനത്തിനു കുടപിടിക്കുന്നത് ഇവിടുത്തെ ഭരണകൂടം തന്നെയാണ് എന്നത് ഏറെ ഭീകരമായൊരു യാഥാർഥ്യം …. കടിച്ചു കീറപ്പെട്ട പെണ്ണുടലുകൾക്ക് നേരെ പരിഹാസച്ചിരി മുഴക്കുന്ന നിയമപാലകരാണിവിടെ …. പിച്ചിച്ചീന്തിയ മാനത്തിന് നീതിതേടി ചെല്ലുമ്പോൾ നിയമത്തിന്റെ സംരക്ഷകർക്ക് കൂടി കിടന്നു കൊടുക്കേണ്ട ഗതികേടിലാണ് ഇന്നിന്റെ സ്ത്രീത്വം …. പട്ടിയുടെയും പന്നിയുടെയും മരണത്തിൽ കണ്ണീരൊഴുക്കുകയും അവ ആക്രമിക്കപ്പെടുമ്പോൾ ഘോര ശബ്ദത്തിൽ വാചാലരായി രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്ന പോരാളികളൊന്നും ഈ പാവങ്ങളെ കാണാറ് പോലുമില്ല … പിഞ്ചുകുഞ്ഞു മുതൽ പടുകിഴവി വരെ തുടകൾക്ക് ഇടയിലൊരു ദ്വാരം അധികമായ് ഉണ്ടായിപ്പോയതിന്റെ പേരിൽ കടിച്ചു കുടയപ്പെടുമ്പോൾ അതിനു നേരെ മൗനം പാലിക്കുന്ന കപട മഹിളാ പ്രതിനിധികളടക്കം വലിയൊരു ചെന്നായ്ക്കൂട്ടത്തിനിടയിലാണ് ഇന്ന് ഭാരത സ്ത്രീത്വം അകപ്പെട്ടിരിക്കുന്നത് കന്നുകാലിയോട് കാണിക്കുന്ന ദയപോലും ഇവരോട് ആരും കാണിക്കുന്നില്ല ….

ഇന്നും അയിത്തവും ഉച്ചനീചത്വവും വിഹരിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മേലാളന്റെ കിരാത പീഡനങ്ങൾക്കും കൊലക്കത്തിക്കും ഇരയാകുന്ന സാധുക്കളായ കീഴാള സമൂഹത്തിന് അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനോ സംരക്ഷണം നൽകാനോ ഇവിടുത്തെ നിയമങ്ങൾക്ക് കെല്പില്ല … ഫ്യൂഡൽ മാടമ്പിമാരുടെ ചെരിപ്പ് നക്കികളായ നിയമപാലകരും , മടിശീല വീർപ്പിച്ച നോട്ടുകെട്ടുകൾക്ക് മുന്നില് ഇവർക്ക് വിടുപണി ചെയ്യുന്ന ഭരണകൂടവും , എല്ലാത്തിനും ഒത്താശ ചെയ്യുന്നൊരു നീതിപീഠവും … അധഃപതനത്തിന്റെ അന്ത്യത്തിലെത്തി നില്ക്കുന്ന ഈ മണ്ണിന് മോചനം നല്കാനായി നീതിയുടെ ഏത് അവതാരമാണ് ഇനി പിറക്കാനിരിക്കുന്നത് ? അവതാരമെടുക്കുന്ന നീതിയുടെ ഭടന് ഈ ക്ഷുദ്രശക്തികളുമായി പോരടിച്ചു ധർമ്മത്തിന്റെയും നീതിയുടെയും അടിത്തറ ഭദ്രമാക്കാൻ സാധിക്കുമോ …? കുടിലതയുടെ വിഷസർപ്പങ്ങളെ ഈ മണ്ണിൽ നിന്ന് തുരത്തിയോടിക്കാനാവുമോ …. സാധ്യമോ ഇനിയീ മണ്ണിനൊരു മോചനം ..?

***************ജാസിം അലി****************

Categories
Uncategorized

മാറാനൊരുക്കമല്ലാതെ

കിനാവ് കാണാൻ മാത്രം അവൻ മിടുക്കനായിരുന്നു … അവന്റെ സങ്കൽപ്പ ലോകത്തിലൂടെ മിന്നിമറഞ്ഞ ദൃശ്യങ്ങളെ ആധാരമാക്കി അവനെടുത്ത തീരുമാനങ്ങളിൽ ഒന്നുപോലും നടപ്പിലാക്കാൻ അവന് സാധിച്ചിട്ടില്ല .. എന്നും മനസ്സിലൊരായിരം കിനാവുകൾ കാണും .. ഓരോ ലക്ഷ്യങ്ങൾ അവനിൽ ഉരുത്തിരിയും .. ലക്ഷ്യത്തിലേക്കുള്ള സഞ്ചാരപാത അവൻ തന്നെ കണ്ടെത്തും .. പലതിനെയും പിറകിലുപേക്ഷിച്ച് അൽപ്പം ദുർഘടമായ ആ പാതയിലൂടെ തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാരംഭിക്കാൻ അവൻ തീരുമാനിക്കും തയ്യാറെടുക്കും .. എന്നിട്ടോ ..? ഒരു രാവ് പുലരിയ്ക്ക് വഴിമാറുമ്പോഴേക്കും അവൻ ആ യാത്രയെപ്പറ്റി മറന്നുപോയിരിയ്ക്കും .. അല്ലെങ്കിൽ കൂടെപ്പിറപ്പായ മടി അവനെ പിന്തിരിപ്പിച്ചു കാണും … തന്റെ ലക്ഷ്യത്തെ പാടെ അവഗണിച്ച് അലസതയുടെ മടിത്തട്ടിലേക്ക് അവൻ തല ചായ്ച്ചിട്ടുണ്ടാവും … സമയം വീണ്ടുമൊരാവർത്തി കറങ്ങിത്തിരിഞ്ഞെത്തുമ്പോൾ അതേ കിനാവ് തന്നെ വീണ്ടും കാണാൻ തുടങ്ങിയിരിയ്ക്കും .. അതേ തീരുമാനങ്ങൾ തന്നെ വീണ്ടും എടുത്തിരിയ്ക്കും … അവൻ മാറില്ല .. മാറാനൊരുക്കമല്ല … കാലചക്രത്തിന്റെ നിശ്ചലമാവുന്ന ഏതെങ്കിലും യാമത്തിൽ അവനിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന് അവനെ ഇഷ്ടപ്പെടുന്നവർ പ്രത്യാശിക്കുന്നു …

Categories
Uncategorized

ഹോർണി

2015 മാർച്ച് 14 നാണ് സംഭവം

കാലത്ത് 7 മണി : ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു,, ഞാൻ പ്രൊഫൈൽ നോക്കി. നല്ല മൊഞ്ചുള്ള ഒരു പെണ്‍കുട്ടി, സ്ഥലം മനില, ഫിലിപിൻസ്, ഞാൻ ഓർത്തു ഇവൾക്ക് എന്ത് പറ്റിയോ എന്തോ
എനിക്ക് റിക്വസ്റ്റ് അയക്കാൻ..ആ…
ഏതായാലും വന്നതല്ലേ ഞാൻ ഒരു അക്സെപ്റ്റ് അങ്ങ് കൊടുത്തു..
അവളും ഹാപ്പിയായി..
തുടങ്ങി ഇൻബോക്സിൽ നന്ദി
പറച്ചിൽ…
How are you, can we be friends,?
ആയിക്കോട്ടെ ,,,
You have Skype?
ഇല്ലല്ലോ….
Oh I’m so horny dear
ഈ സാദനതിന്റെ അർഥം നമ്മക്ക് പുടി കിട്ടീല, നേരെ ഗൂഗിളിൽ ചെന്നങ്ങു
തപ്പി,,,, അങ്ങനെ ഞാൻ ഒരു പുതിയ വാക്കും പഠിച്ചു അവള്ക്കിട്ടൊരു ബ്ലോക്കും കൊടുത്തു,,, ഇങ്ങനേം കുറെ പേര് എന്താലെ ചെയ്യാ…….

Categories
Uncategorized

ചൈനയുടെ സ്നേഹ സമ്മാനം

കാലങ്ങളായി നമ്മുടെ കടകമ്പോളങ്ങളെ അടക്കി വാഴുന്ന ചൈന….ഏതൊരു സാധനവും ലോക കമ്പോളത്തിലേക്ക് രംഗപ്രവേശം ചെയ്ത് കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കുവാനും അത് കമ്പോളത്തിൽ ഒറിജിനലിനോട് തന്നെ കിടപിടിക്കുന്ന തരത്തിൽ മികവുറ്റതാക്കാനും, നിഷ്പ്രയാസം അതിനെ വിറ്റഴിക്കുവാനും അസാമാന്യമായൊരു പാടവം ചൈന എന്നും പ്രകടിപ്പിച്ചിരുന്നു…കച്ചവട ബുദ്ധിയിലും അതീവമായ കരകൗശല സാങ്കേതിക വിദ്യയിലും പ്രാവീണ്യമുള്ള ചൈന…ഓരോ അന്താരാഷ്ട്ര ഉല്പന്നങ്ങളുടെയും വ്യാജ പതിപ്പുമായി അരങ്ങുവാഴുന്ന ചൈനയുടെ കരങ്ങൾ ഒട്ടേറെ ഡ്യൂപ്ലിക്കേറ്റുൾ ആദായവിലയ്ക്ക് നമുക്ക് സമ്മാനിച്ചു… അങ്ങനെയിരിക്കെ ചൈനയ്ക്ക് ബോറടിച്ചു തുടങ്ങി… എന്നുമീ വ്യാജനെ മാത്രം പടച്ചുവിട്ടാൽ മതിയോ… ? ചൈന സ്വയം ആലോചിച്ചു നോക്കി… നീണ്ട ആലോചനകൾക്ക് ശേഷം ചൈന തീരുമാനിച്ചുറപ്പിച്ചു, ഇനിയൊരു ഒറിജിനലിനെ പടച്ചിട്ടു തന്നെ കാര്യം…. അങ്ങനെ രാപ്പകൽ വിശ്രമമില്ലാതെയുള്ള അദ്ധ്വാനത്തിനൊടുവിൽ വിജയകരമായി ചൈന ആ ദൗത്യം പൂർത്തീകരിച്ചു… ലോകത്തിന് താൻ സമ്മാനിക്കാൻ പോവുന്ന ആ പുതിയ ഉൽപ്പന്നത്തിന് ചൈന സുന്ദരമായൊരു പേര് നൽകി ….

#കോവിഡ്_19

_______________ജാസിം_____________________

Categories
Uncategorized

ഒരു പാപ ജന്മത്തിന്റെ ആത്മഹത്യാക്കുറിപ്പ് …

കരിഞ്ഞു വീണ എന്റെ സ്വപ്‌നങ്ങൾ
തുന്നിച്ചേർത്ത് ഞാനിന്നൊരു
കുരുക്ക് പണിയുകയാണ്……
എന്റെ കണ്ഠനാളത്തിലെ
നീലഞരമ്പ്‌ വലിച്ചുമുറുക്കാൻ
ശക്തിയുള്ളൊരു കുരുക്ക്….
തിരസ്കാരത്തിന്റെ പുളിരസം കൊണ്ട്
അവസാനമായി തൊണ്ടനനച്ച്
ഞാനീ കുരുക്കെന്നിൽ മുറുക്കുകയാണ്..
നാളത്തെ പുലരിയിൽ കിളിനാദമുയരും-
മുൻപ്
എന്നിലെ ജീവന്റെ തുടിപ്പുകൾ അവസാനിച്ചിരിക്കും
എന്റെ ദേഹം നിശ്ചലമായിരിക്കും
യാത്രയാവുന്നു ഞാൻ സഖീ..
അരുതൊരിക്കലും ദുഃഖിക്കരുത് നീ
ഞാൻ നിന്റെ മനസ്സിലെത്തുന്ന
ഓരോനിമിഷവും ഓർക്കുക നീ
അങ്ങ് ഏഴാനാകാശത്തിനപ്പുറത്ത്
നരകത്തിന്റെ പടിവാതിലിൽ
ശപിക്കപ്പെട്ട മോഹങ്ങൾ കൊണ്ടൊരു
മണിയറ തീർത്ത് ഞാൻ നിനക്കായ്
കാത്തിരിക്കും…
ഒരുനാൾ നീ വന്നുചേരും വരെ
ഈ മെത്തയിൽ പാകിയ മുല്ലമൊട്ടുകൾ
വാടാതെ ഞാൻ സൂക്ഷിക്കും …..
ഓർക്കണമെപ്പോഴും നരകത്തിന്റെ
പടിവാതിലിൽ നിനക്കായ്
മണിയറ തീർത്തൊരാൾ കാത്തിരിപ്പുണ്ടെന്ന്

………………………………………………………………..

ജാസിം അലി