ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം …
മലയോര ഗ്രാമമായ മുണ്ടേരിയിലെ അദ്ധ്യാപക ദമ്പതികളായ ജോണിന്റേയും സാറയുടെയും മകനാണ് മൈക്കിൾ…ഒരുപാട് നേർച്ചയ്ക്കും വഴിപാടുകൾക്കുമൊടുവിൽ ഉണ്ടായ ഏക സന്താനം….ആ കുടുംബം പരസ്പരം സൗഹൃദങ്ങളെപ്പോലെയാണ് ഇടപഴകിയിരുന്നത് …നന്മയിൽ പൊതിഞ്ഞ സ്നേഹത്തിന്റെ ഒരു കൊച്ചു സ്വർഗ്ഗം…അന്യോന്യം എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു..എല്ലാ കാര്യങ്ങളും മൂന്നുപേരും ചേർന്ന് തീരുമാനിച്ചു പോന്നു..സന്തോഷം നിറഞ്ഞു നിന്ന സുന്ദരമായ കുടുംബം…സ്‌കൂളിലും എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു അവരെ..
ഈ പറഞ്ഞ മൈക്കിൾ ഞാനും മറ്റേത് എന്റെ കുടുംബവുമാണ്…
കാലം കടന്നുപോയി..ഞാൻ എന്റെ കൗമാരത്തിന്റെ തീവ്ര ഘട്ടങ്ങളിലേക്ക് കടന്നു..
അങ്ങനെ മാർത്തോമ കോളേജിന്റെ തിരുമുറ്റത്തേക്ക് ഞാൻ പടികടന്നെത്തി… എന്നിൽ ഏഴു വർണ്ണങ്ങളിൽ ചാലിച്ച സുന്ദര സ്വപ്‌നങ്ങൾ ചിറകുവിടർത്തി… ആ കലാലയത്തിനകത്ത് നിൽക്കുമ്പോൾ അത് വല്ലാത്തൊരു അനുഭൂതിയാണ്..സ്വർഗ്ഗം പോലെ സമാനതകളില്ലാത്ത വശ്യസുന്ദരമായ ഒരു ലോകത്തേക്ക് അത് നമ്മളെ കൂട്ടിക്കൊണ്ടുപോവും..അത് ഞാനും അനുഭവിച്ചറിഞ്ഞു…എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലെ ക്ലാസ്സ് മുറിയിൽവെച്ചാണ് എന്റെ കണ്ണുകളിൽ ആ നക്ഷത്രം മിന്നിത്തിളങ്ങിയത്…പ്രണയം…ഈശ്വരന്റെ കയ്യൊപ്പ് പതിഞ്ഞ ഒരേയൊരു വികാരം..അതിന്റെ പിടിയിലകപ്പെട്ട എന്റെ ദിനരാത്രങ്ങൾക്ക് പിന്നീടങ്ങോട്ട് നിറം പകർന്നത് ഒന്നേയൊന്നുമാത്രമായിരുന്നു…ഡെയ്‌സി…പക്ഷേ ഉള്ളിലങ്ങനെയിട്ട് താലോലിക്കാനല്ലാതെ അവളോട് ഉള്ളിലെ ഇഷ്ടം തുറന്നുപറയാനുള്ള ധൈര്യമില്ലായിരുന്നു എനിക്ക്…അങ്ങനെയിരിക്കെ ഒരു കോളേജ് സ്ട്രൈക്ക് ദിവസം..സ്ട്രൈക്ക് കഴിഞ്ഞു കോളേജിൽ നിന്നുമിറങ്ങുമ്പോൾ ഞങ്ങളുടെ കൂട്ടുകാർ പറഞ്ഞു : ഇപ്പൊത്തന്നെ വീട്ടിൽ പോയിട്ട് എന്തിനാ …നമുക്ക് എവിടെയെങ്കിലും ഒന്ന് ചുറ്റിയടിച്ചിട്ട് വന്നാലോ…
അങ്ങനെ ഞങ്ങൾ ആഢ്യൻ പാറയിലേക്ക് പുറപ്പെട്ടു…വശ്യസുന്ദരമായ ആഢ്യൻ പാറ വെള്ളച്ചാട്ടത്തിനരികിലൂടെ ഞങ്ങൾ നടന്നു..എല്ലാവരും മുകളിലേക്ക് കയറിയപ്പോൾ ഞാൻ കുറച്ചു മാറി ഒരു പാറയ്ക്കരികിലായി ഇരിപ്പുറപ്പിച്ചു..പാലു പോലെ പതഞ്ഞുപൊങ്ങി താഴെ വീണു ചിതറുന്ന ജല കണങ്ങളെ നോക്കി ഞാൻ ഇരുന്നു…അപ്പോൾ എനിക്കരികിലായി അവൾ വന്നിരുന്നു…ഡെയ്‌സി…
ഞാൻ പെട്ടെന്ന് പരിഭ്രമിച്ചുപോയി..എന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി..അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി…. അന്ധാളിപ്പോടെ ഞാൻ ചോദിച്ചു .. എന്താ ഡെയ്‌സീ ..?
മൈക്കിൾ, നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ … ?
പ..പ.. പറയാനോ..? എന്ത് പറയാൻ … ? യെനിക്കൊന്നും പറയാനില്ല…
ഞാനാകെ വിയർക്കുകയായിരുന്നു…
നിനക്ക് എന്നെ ഇഷ്ടമാണോടാ..?
ഞാൻ ഒന്നും മിണ്ടിയില്ല..
ക്ലാസ്സിൽ എപ്പോഴും എന്റെ നേരെ നീളുന്ന നിന്റെ ഓരോ നോട്ടവും ഞാൻ കാണാറുണ്ട്… അപ്പോഴൊക്കെയും നിന്റെ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്ന പ്രണയം ഞാനറിയുന്നുണ്ട്… എന്റെയാ തോന്നൽ ശരിയായിരുന്നെങ്കിലും അല്ലെങ്കിലും ഒന്ന് ഞാൻ പറയാം…എനിക്ക് നിന്നെ ഇഷ്ടമാണ് ഒത്തിരിയൊത്തിരി… ജന്മങ്ങളോളം നീ എന്റെ മാത്രം സ്വന്തമാവണേ എന്ന് ഞാനേറെ ആശിക്കുന്നു….
ഡെയ്‌സീ…..ഞാൻ…എനിക്ക്…
എനിക്ക് വാക്കുകൾ നഷ്ടമായിരുന്നു… അവൾ എന്റെ കൈയിൽ പതിയെ തൊട്ടു…അങ്ങനെ കൈകോർത്തു പിടിച്ചു ഏറെ നേരം ഒന്നും മിണ്ടാതെ ഞങ്ങളങ്ങനെ ഇരുന്നു… കൂട്ടുകാരുടെ ശബ്ദം കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു…പിന്നീടുള്ള ഓരോ ദിനങ്ങളും വസന്തമായിരുന്നു.. മാഞ്ചിയച്ചുവടും ലൈബ്രറിയും എക്കണോമിക്സ് ഡിപ്പാർട്ട്മെന്റും ക്യാന്റീനും മുളഞ്ചുവടും കോർണരും ബാസ്കറ്റ് ബോൾ കോർട്ടും ചാപ്പലും ഇടനാഴികളും കലാലയത്തിന്റെ ഓരോ കോണും ഞങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു…. ഒരിക്കൽ ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി… എല്ലാം അറിയുന്ന എന്റെ കുടുംബം ഏറെ ആഹ്ലാദത്തോടെ അവളെ എതിരേറ്റു… ആ സ്നേഹതീരം ഇനി തന്റേതുകൂടിയാണല്ലോ എന്നോർത്ത് അവൾ ഏറെ അഭിമാനിച്ചു… നാളുകൾ കൊഴിഞ്ഞുപോയി മൂന്ന് വർഷം പിന്നിട്ട് കലാലയത്തോട് വിടപറഞ്ഞു ഞങ്ങൾ ഉപരി പഠനങ്ങൾക്കായി പലവഴിക്ക് പിരിഞ്ഞുപോയി.. അപ്പോഴും ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞങ്ങനെ നിന്നു…പിജി കഴിഞ്ഞു പ്രൈവറ്റ് കോളേജിൽ അദ്യാപനവുമായിപ്പോയ വർഷങ്ങളും…അവളുടെ ചേച്ചിയുടെ വിവാഹം കഴിയുന്നത് വരെ പ്രണയ സാഫല്യത്തിനായി ഞങ്ങൾ കാത്തിരുന്നു…അങ്ങനെ അതും കഴിഞ്ഞു.. ആയിടയ്ക്ക് എനിക്ക് ഗൾഫിൽ നല്ലൊരു ജോലി ശരിയായി.. അദ്യാപനമൊക്കെ ഉപേക്ഷിച്ച് പോവാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.. പോവുന്നതിന് മുൻപ് ഞങ്ങളുടെ മോഹ സായൂജ്യത്തിനായി വേണ്ട കാര്യങ്ങൾ ചെയ്യാൻ അവൾ എന്നോട് ആവശ്യപ്പെട്ടു..കുടുംബസമേതം അമ്മയെ വന്നു കാണാം എന്ന് ഞാൻ സമ്മതിച്ചു.. വീട്ടിൽ സംസാരിച്ച് അതിനായി ഒരു ദിവസം തിരഞ്ഞെടുത്തു…
അതിന്റെ തലേ ദിവസം അർധരാത്രി അവളുടെ കോൾ വന്നു …
എന്താണ് പ്രിയതമേ ഈ പാതിരാത്രിക്ക്…?
മൈക്കിൾ…. നമ്മൾ തമ്മിലുള്ളതെല്ലാം ഇവിടെ തീരുന്നു… മേലിൽ നീയെന്നെ കാണാൻ ശ്രമിക്കരുത്..എന്റെ മുൻപിൽ വരരുത്…എന്റെ ജീവിതത്തിൽ നിനക്കിനി സ്ഥാനമില്ല… ഇതെന്റെ അവസാനത്തെ കോൾ ആണ്… ഇനി ഇങ്ങനൊന്നില്ല…. എല്ലാം ഇവിടെ തീരുന്നു… ഗുഡ് ബൈ ഫോറെവർ….
ഡെയ്‌സീ.. നീയെന്തൊക്കെയാണീ പറയുന്നത്..? നിനക്കെന്താ ഭ്രാന്തു പിടിച്ചോ ..?
ഈ പാതിരായ്ക്ക് നീയെന്നെ കളിയാക്കുകയാണോ…?
ഫോൺ കട്ടായി..
ഞാൻ ഞെട്ടിത്തരിച്ചുപോയി… അവളുടെ നമ്പറിലേക്ക് വിളിച്ചു…ഫോൺ സ്വിച്ച് ഓഫ്… എനിക്കാകെ ഭ്രാന്തുപിടിച്ചു… ആ രാത്രി എനിക്കുറങ്ങാനായില്ല… രാവിലെ എഴുന്നേറ്റ് അവളുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു… അവിടെ ആരുമില്ലായിരുന്നു… പിന്നീടവളെ ഞാൻ കാണുന്നത്………
ഒരു നിമിഷം പൊട്ടിക്കരഞ്ഞുപോയ അയാൾ തന്റെ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ട് വീണ്ടും പറഞ്ഞുതുടങ്ങി…
പലതവണ ഞാനവളുടെ വീടിനു ചുറ്റും വന്നു.. പക്ഷേ അവളും കുടുംബവും എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ലായിരുന്നു…
ഗൾഫിലേക്ക് പോകുന്നില്ലെന്ന എന്റെ തീരുമാനം ഞാൻ വീട്ടിലറിയിച്ചു.. അവരുടെ ചോദ്യങ്ങൾക്കു മുൻപിൽ പൊട്ടിത്തെറിച്ചു ഞാൻ മുറിയിൽ കയറി കതകടച്ചു… ആർക്കും മുഖം കൊടുക്കാതെ ഞാനെനിക്ക് സ്വയം വിധിച്ചോരു തടവ്… എന്നും മുടങ്ങാതെ ഞാനവളുടെ വീട്ടിൽ പോയി, അവൾ വന്നോ എന്നറിയാൻ ആരുമറിയാതെ അവിടെല്ലാം കറങ്ങി നടന്നു രാത്രിയിൽ.. പകൽ മുഴുവൻ അടച്ചിട്ട മുറിയിൽ… മനസ്സിന്റെ നീറ്റൽ അങ്ങേയറ്റമായൊരു രാത്രിയിലാണ് ഞാനാ മരണക്കുറിപ്പെഴുതുന്നത്.. മരിക്കാൻ ഉറച്ചു ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു..അന്ന് പുലർച്ചയ്ക്ക് അവൾ വീട്ടിലെത്തിയ വിവരം ഞാൻ തലേരാത്രി പുലരുവോളം ഒളിച്ചിരുന്ന് കണ്ടുപിടിച്ചിരുന്നു..
അവളുടെ വീടിന് സമീപം വണ്ടി ഒതുക്കിയിട്ട് പതിയെ ഞാൻ അവസാന കൂടിക്കാഴ്ചയ്ക്കായി മുന്നോട്ട് നടന്നു… ഡോറിനടുത്തെ ജനലിന്റെ കർട്ടൻ മറഞ്ഞിരുന്നില്ല.. ആ ഗ്ളാസ്സിലൂടെ ഞാൻ അകത്തേക്ക് നോക്കി… ഒരുത്തൻ കോണിപ്പടിയുടെ മുകളിലൂടെ എന്റെ പ്രാണനെ വലിച്ചിഴച്ചു കൊണ്ടുപോവുന്നു..സമനില തെറ്റിയ ഞാൻ കയ്യിൽ കിട്ടിയതെടുത്ത് ഡോറിന്റെ കതക് തകർത്ത് ഉള്ളിലേക്ക് പാഞ്ഞു… പക്ഷേ അപ്പോഴേക്കും അവൻ അവളെ മുകളിലത്തെ മുറിയിലെ ഫാനിൽ കെട്ടിതൂക്കിക്കഴിഞ്ഞിരുന്നു… അവളുടെ ചലനം അവസാനിച്ചിരുന്നു… കയ്യിലെ കമ്പി കൊണ്ട് ഞാനവനെ അടിച്ചു.. പിടലിക്ക് അടികൊണ്ട് ബോധം പോയ അവൻ നിലത്തു വീണു.. ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു.. അവൾ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നെനെനിക്ക് ബോധ്യമായി… അവനെ എടുത്ത് അടുത്ത മുറിയിലെ കസേരയിൽ ബന്ധിച്ചു… മുഖത്ത് ചൂടുവെള്ളം ഒഴിച്ച് അവനെ ഉറക്കമുണർത്തി… അടുക്കളയിൽ നിന്നെടുത്ത കത്തികൊണ്ട് അവന്റെ ശരീരത്തിലുടനീളം കോറി വരച്ചു.. നിലവിളിക്കാൻ പോലുംഅനുവദിക്കാതെ വായിൽ തുണി തിരുകി… ഒടുവിൽ ആ തുണിയെടുത്തു മാറ്റി ഞാനവനോട് ചോദിച്ചു ..
എന്തിനാണ് നീയിത് ചെയ്തത് …?
കഴുത്തിൽ കത്തിയിരിക്കുന്നത് കൊണ്ടാവാം അവൻ എല്ലാമെന്റെ മുൻപിൽ കുമ്പസാരിച്ചു..
പിന്നീടവന്റെ വിധി ഞാൻ നടപ്പിലാക്കി… പോർച്ചിൽ കിടന്ന അവന്റെ വണ്ടിയിൽ തന്നെ അവനെ ഞാൻ ഇവിടെ എത്തിച്ചു… ഇവിടെ എന്റെ ഡെയ്സിക്ക് ഏറെ പ്രിയപ്പെട്ട, അവൾ എന്നിലേക്കാദ്യമായ് പ്രണയം ചൊരിഞ്ഞ ഇവിടെ അവനെ ഞാൻ വലിച്ചെറിഞ്ഞു.. മടക്കത്തിനാണ് തല കൊണ്ടുപോയി അവിടെ ഇട്ടത്.. എന്റെ ടൂവീലർ എടുത്ത് കൃത്യമായൊരിടത്ത് ഒളിപ്പിച്ചു…. അവന്റെ വണ്ടിയൊന്ന് വെള്ളമൊഴിച്ച് കഴുകി യാത്ര പുറപ്പെടാൻ നേരമാണ് വാതിൽക്കൽ ഒരാൾ കിടക്കുന്നത് കണ്ടത്… ട്രീസ.. ഡെയ്സിയുടെ അമ്മ… അവരെയും കോരിയെടുത്ത് വണ്ടിയിലാക്കി ഞാൻ അവിടം വിട്ടു.. ഈ നാട്ടിൽ തന്നെ സുരക്ഷിതമായൊരിടത്ത് ഞാനവരെയും ഒളിപ്പിച്ചു…
(തുടരും)
*************ജാസിം അലി******************