കറുത്തിരുണ്ട ഒരു രാവായിരുന്നു അത്….വിറയ്ക്കുന്ന കയ്യാൽ തന്റെ ഡയറിയിലെന്തോ കുറിക്കുകയായിരുന്നു മൈക്കിൾ…ഓരോ അക്ഷരമെഴുതുമ്പോഴും നിയന്ത്രണം വിട്ട് വിതുമ്പിപ്പോവാതിരിക്കാൻ അവൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു….ഏറെ നേരംകൊണ്ട് എഴുതിത്തീർത്ത വരികളിലൂടെ അവനൊന്ന് കണ്ണോടിച്ചു…എന്തോ ആ വരികൾക്ക് ഒരു വല്ലാത്ത പൈശാചിക സൗന്ദര്യം തോന്നി….കളങ്ങളിൽ നിന്നുയർന്നുവന്ന് അവയോരോന്നും തന്നെ കുത്തിക്കീറുന്നപോലെ തോന്നി…എന്റെ നെഞ്ചിലെ ചോരത്തുള്ളികൾ കൊണ്ട് കുറിക്കപ്പെട്ട വാക്കുകൾ, അവന്റെ ചുണ്ടുകൾ മന്ത്രിച്ചു….
ഡയറി മടക്കിവെച്ച് അവൻ പതിയെ കണ്ണാടിക്കരികിലേക്ക് നടന്നു…….കുറച്ചുനേരം സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കിനിന്നു..അണപൊട്ടിയൊഴുകുന്ന ദുഃഖത്തെ പിടിച്ചുനിർത്താനാവാതെ അവൻ പൊട്ടിക്കരഞ്ഞു….എത്രനേരം ആ നിൽപ്പ് നിന്നെന്നറിയില്ല..പെട്ടെന്നെന്തോ തീരുമാനിച്ചിട്ടെന്ന പോലെ അവൻ തിരിഞ്ഞുനടന്നു..മുഖം കഴുകി, ഡ്രസ്സ് മാറി അവൻ പുറത്തിറങ്ങി…മുറിപൂട്ടി ശബ്ദമുണ്ടാക്കാതെ ടൂവീലറിനരികിലേക്ക്…ബൈക്ക് പതിയെ തള്ളി ഗെയ്റ്റിന് പുറത്തെത്തിച്ചു….സ്റ്റാർട്ട് ചെയ്ത് വണ്ടി മുന്നോട്ടെടുത്തു….മരിക്കാൻ തീരുമാനിച്ചുറപ്പിച്ചവന് മോഹങ്ങൾ പാടില്ലെന്നാണ്..പക്ഷേ അതിനുമുൻപ് അവസാനമായി എനിക്കവളെ ഒന്ന് കാണണം….ആദ്യം അവളുടെ വീട്ടിലേക്ക്, ബാക്കി പിന്നീട്….എന്തായാലും ഒരുകാര്യം ഉറപ്പാണ്, ഇനിയൊരു മടക്കമില്ല, ഈ രാവ് ഇതവസാനത്തേതാണ്…ഞാനെന്ന വിഡ്ഢി ഇവിടെ അവസാനിക്കുന്നു…അവളെ കണ്ട ശേഷം നേരെ അകമ്പാടത്തേക്ക് വെച്ച് പിടിക്കണം…ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തുന്ന നാളത്തെ സഞ്ചാരികൾക്ക് കൺകുളിർക്കെ കാണാൻ എന്റെയീ ജീവനറ്റ ശരീരവുമുണ്ടാവണം….ഞാൻ വെള്ളത്തിൽ ചാടി മരിക്കാനൊന്നും പോവുകയല്ല…അതിനുള്ള മാർഗ്ഗം വേറെയുണ്ട്..മരിക്കാൻ ആ സ്ഥലം തന്നെ തിരഞ്ഞെടുക്കാൻ കാരണം അവിടെ വെച്ചാണ് ആദ്യമായി അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്….പിന്നീട് എത്രയോ തവണ ഞങ്ങളവിടെ പോയിരിക്കുന്നു….എന്തോ അവൾക്കൊത്തിരി ഇഷ്ടമായിരുന്നു അവിടം…അവിടെത്തന്നെയാവട്ടെ എന്റെ ഒടുക്കവും….
ചാത്തംമുണ്ട എത്തി,, സുൽത്താൻപടി നിന്ന് വലത്തോട്ട് തിരിഞ്ഞു….പൂക്കോട്ടുമണ്ണ കടവിനടുത്ത് കൂടെ പോയാൽ ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് അവളുടെ വീട്…..ആ വഴി നേരെ പോയാൽ അകമ്പാടത്ത് എത്തുകയും ചെയ്യാം…സമയം അർധരാത്രി പിന്നിട്ടിരിക്കുന്നത്കൊണ്ട് ചുറ്റുമെങ്ങും വെളിച്ചമോ ആൾക്കാരോ ഇല്ല..സർവ്വരും ഉറക്കത്തിലേക്ക് ഊളിയിട്ടുകഴിഞ്ഞിരിക്കുന്നു ….പൂക്കോട്ടുമണ്ണ പാലം കടന്ന് അവൻ മുന്നോട്ട് നീങ്ങി………
********************************************
പിറ്റേന്നത്തെ പ്രഭാതം…
എസ് ഐ മെഹ്ബൂബ് ഖാന്റെ ഫോൺ റിങ് ചെയ്യുന്നു…
ഹലോ, സബ് ഇൻസ്‌പെക്ടർ മെഹബൂബ് ഖാൻ ,,
മെഹബൂബ്, ഇത് സി ഐ രാജശേഖരൻ ആണ്
സർ, പറയൂ സർ
ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് താഴെ ഒരു ബോഡി കണ്ടതായി ഇൻഫർമേഷൻ ഉണ്ട്…ഒന്ന് പോയി അന്വേഷിക്കണം
റിയലി..? സർ, ഞാൻ ഉടനെ പുറപ്പെടുകയാണ്…ഐ വിൽ ഗെറ്റ് ദി ഡീറ്റെയിൽസ് ആൻഡ് ലെറ്റ് യൂ ക്നോ
ഓക്കേ മെഹബൂബ്..ഐ വിൽ വെയ്റ്റ് ഫോർ യുവർ കോൾ ..
ഓക്കേ,, സർ,
(തുടരും)
NB : ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം തന്നെ ഭാവനാ സൃഷ്ടികൾ മാത്രമാണ്.
പോലീസുകാരടക്കം എല്ലാവർക്കും എനിക്ക് തോന്നിയ ഓരോ പേരുകൾ കൊടുക്കുന്നു എന്നുമാത്രം
************ ജാസിം അലി *****************