മഞ്ഞു പൊഴിയുന്നൊരു രാവ്….കുറേ നാളുകളായി മനസ്സിൽ മൂടിക്കെട്ടിയ വിരസതയെ മറികടക്കാനായുള്ള എന്റെ രാത്രി സഞ്ചാരത്തിന്റെ വഴികളിലെവിടെയോ പേരറിയാത്തൊരു മരച്ചുവട്ടിൽ എന്തോ ആലോചിച്ചിരുന്ന ഞാൻ
അമ്മൂ എന്നൊരു വിളികേട്ടാണ് ചിന്തകളിൽ നിന്നുണരുന്നത് …
ഞെട്ടിപ്പിടഞ്ഞു ഞാൻ നോക്കുമ്പോൾ ഒരു നിലാപക്ഷിയായ് നീ എന്റെ മുൻപിലൂടെ പതിയെ പറന്നുപോയി ………..
എന്റെ ഉയിരിൽ പ്രകാശവർഷം ചൊരിഞ്ഞ ആ നിമിഷത്തെ വർണ്ണിക്കാൻ വാക്കുകളോ ഉപമകളോ പോരാതെ വരുന്നു…
നിലാവിനേക്കാൾ പ്രഭയായിരുന്നു നിന്റെ മുഖത്തിനന്ന് … ഇടനെഞ്ചിലൊരു പെരുമ്പറ മുഴങ്ങി..
കൂട്ടുകാരോടൊപ്പം അകലെ ഇരുട്ടിലെവിടേക്കോ നീ നടന്നകലുന്നത് ഞാൻ നോക്കിനിന്നു…അവരോടൊത്ത് കിന്നാരം പറയുമ്പോൾ വാരിയെറിഞ്ഞ മഞ്ചാടിമണികൾ നിലത്ത് വീണു ചിതറുംപോലെ നിന്റെ ചിരി…. വേനലിൻ വറുതിയിലേക്കൊരു പുതുമഴയെന്നപോലെ പ്രണയമെന്നിൽ പെയ്തിറങ്ങി…
നാളത്തെ പ്രഭാതം എന്റേത് മാത്രമെന്ന് ഞാൻ മനസ്സിൽക്കുറിച്ചു…..
ഈ രാത്രി എനിക്കുറങ്ങാൻ കഴിയില്ല … ഒരു സ്വർണ്ണമത്സ്യമായ് കരളിന്നഗാധമാം നീലത്തടാകത്തിൽ നീയിങ്ങനെ നീന്തിത്തുടിക്കുമ്പോൾ
ഞാൻ ഉറങ്ങുന്നതെങ്ങനെ…?
ഈ നക്ഷത്രങ്ങൾ എന്താണ് എന്നോട് പറയുന്നത് ..?
അവർ എന്നോട് ചോദിക്കുന്നത് കേട്ടില്ലേ …?
എന്തിനാ ഈ ജാലക വാതിൽക്കൽ തനിച്ചിങ്ങനെ നിൽക്കുന്നതെന്ന്…
അതും രാവിന്റെയീ ഏഴാം യാമത്തിൽ……
ഹേ താരകങ്ങളേ, ഈ യാമത്തിനപ്പുറം വരാൻ പോകുന്ന പുലരി എനിക്ക് വേണ്ടിയാണെന്ന് നിങ്ങൾക്കറിയാമോ ?
അതിനെ വരവേൽക്കുവാൻ ഞാൻ ഒരുങ്ങുകയാണ്… എനിക്കിന്ന് ഉറങ്ങാൻ കഴിയില്ല….
പ്രിയപ്പെട്ടവളേ, നീ അറിയുന്നുണ്ടോ …?… ഞാൻ അനുരാഗിയാണെന്ന്.. ഇടനെഞ്ചിലെ പൂമരത്തിൽ നീയൊരു തേൻകുരുവിയായ് കൂടൊരുക്കിയിരിക്കുകയാണെന്ന്…
ഈ രാവ് പുലരാനിത്ര വൈകുന്നതെന്തേ ..? പതിവില്ലാത്ത വിധം ഇതിന്റെ ദൈർഘ്യമേറുന്നുവോ…?ഇനിയും ഉണരാൻ മടിക്കുന്ന സൂര്യൻ കള്ളയുറക്കം നടിച്ചെന്നെ പറ്റിക്കുകയാണോ…?…
ഇല്ല; അതാ ഞാൻ കാണുന്നു, അങ്ങു ദൂരെ പുലരിയുടെ പൊൻകിരണങ്ങൾ… ഒരുറക്കച്ചടവോടെ പതിയെ ഉയർന്നു വരുന്ന ആദിത്യൻ അസൂയയോടെ എന്നെ നോക്കുന്നു…..
അമ്മൂ, എന്റെ പ്രണയമേ, ഞാൻ ഇതാ വരുകയാണ്….
മൂന്നുവർഷങ്ങൾക്കിപ്പുറം ഈ ജാലക വാതിൽക്കൽ തനിച്ചിങ്ങനെ നില്ക്കുമ്പോൾ കടലിരമ്പം പോലെ എന്റെ മനസ്സ് ഇരമ്പുന്നത് എനിക്ക് കേൾക്കാം…. മകരമഞ്ഞു പെയ്യുന്ന ഈ രാവ് ഇന്നെന്നെ ചുട്ടുപൊള്ളിക്കുന്നു……
ഹോസ്റ്റൽമുറിയിലെ കുളിമുറിക്കകത്ത് ചുമരിൽ ചാരിയിരിക്കുകയായിരുന്നു നീയെന്ന് ആരോ പറഞ്ഞറിഞ്ഞു….
ആംബുലെൻസിനകത്തേക്ക് നിന്നെ കൊണ്ടുപോവുമ്പോൾ മുഖത്ത് ആ ചിരിയുണ്ടായിരുന്നില്ല…. മൃദുലമായ കൈത്തണ്ടയിൽ രക്തം കട്ടപിടിച്ചു കിടന്നിരുന്നു …………..
ഇങ്ങനൊരു യാത്രയിൽ നിന്നെ തനിച്ചു വിടുന്നതെങ്ങനെ…?
കൂടെ പോരാൻ ഞാനൊരുങ്ങിയതായിരുന്നു, പക്ഷേ ദൈവം അവിടെയും എന്നെ തോൽപ്പിച്ചു കളഞ്ഞു….ഓർമ്മകളെ കൊന്നുകളയാനുള്ള ശ്രമമായിരുന്നു പിന്നെ…ചുറ്റുമുള്ള ലോകം അതിനൊരു പേരുമിട്ടു… “ഭ്രാന്ത്”….
ഇരുട്ടുമുറിയിലെ തടങ്കൽ ഭേദിച്ച് എവിടെയൊക്കെയോ അലഞ്ഞു….
നിന്റെ ഡയറിക്കുറിപ്പിലെ അവസാന വാചകങ്ങൾ ഞാനോർക്കുന്നു …..
“സ്നേഹമെന്നതൊരു മിഥ്യയെന്ന തിരിച്ചറിവിൽ…സ്നേഹമില്ലാത്ത ഈ ലോകത്ത് നിന്നും ഞാൻ യാത്രയാവുന്നു…. “
സ്നേഹത്തിന്റെ ആയിരം പൂക്കാലങ്ങൾ നിനക്ക് നൽകാൻ ഞാനുണ്ടായിരുന്നല്ലോ….നിന്നിൽ സ്നേഹ വർഷമായി പെയ്തൊഴിയാൻ… നെഞ്ചോട് ചേർത്ത് നിന്നിൽ സ്നേഹമായ് പ്രണയമായ് നിറയാൻ ഞാനുണ്ടായിരുന്നു………
“എന്നിട്ടും എന്തിനായിരുന്നു അമ്മൂ
നീ ………………….?”
(എം ജാസിം അലി നിലമ്പൂർ)
