കസേരയിൽ ചാരിക്കിടന്ന് മെഹ്ബൂബ് ഖാൻ ചിന്തയിലാണ്ടു….
ആരാണയാൾ …? എന്തായിരിക്കും അയാളുടെ ഉദ്ദേശം…? ഈ കേസിനെ സംബന്ധിക്കുന്ന എന്ത് വിവരമാണ് അയാൾക്ക് പറയാനുണ്ടാവുക…? കേസിനെ സഹായിക്കാൻ ആണെങ്കിൽ ഇങ്ങനെ ഒരു പ്ളേയുടെ ആവശ്യമെന്താണ്….? ഇനിയിപ്പോ ഇത് വല്ല ട്രാപ്പുമാവുമോ….? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ …. എന്താണിപ്പൊ ചെയ്യുക…? സി ഐ സാറിനെ ഇൻഫോം ചെയ്താലോ….? ആകെ ആശയക്കുഴപ്പത്തിലായ അയാൾ അവസാനം പോകാൻ തന്നെ തീരുമാനിച്ചു…അന്ന് രാത്രി ഉദ്ദേശം പത്തരയോടെ അയാൾ ആഢ്യൻപാറയിലെത്തി…അവിടെയെങ്ങും പരതി…ചുറ്റും ഇരുട്ടുമാത്രം…പതിയെ തന്റെ ചുവടുകൾ മുന്നോട്ട് വെയ്ക്കവേ ഇരുട്ടിൽ നിന്നും ഒരാളുടെ ശബ്ദം ഉയർന്നു വന്നു…
വെൽക്കം വെൽക്കം മെഹ്ബൂബ് സർ….ഞാൻ താങ്കളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു….ഈ ജോലിയിൽ നിങ്ങളുടെ സത്യസന്ധതയും എഫിഷ്യൻസിയും എനിക്ക് നന്നായിട്ട് അറിയാം…അധികം വൈകാതെ തന്നെ നിങ്ങൾ എന്നിലേക്കെത്തുമെന്ന് ഞാനൂഹിച്ചു..എന്തായാലും ഞാൻ പിടിക്കപ്പെടുമെന്ന് അറിയാം…അത് നിങ്ങളെപ്പോലൊരു ഉദ്യോഗസ്ഥന്റെ കൈകൊണ്ടായിക്കോട്ടെ എന്ന് കരുതി….അതുകൊണ്ടുതന്നെ എന്റെ ലക്ഷ്യം പൂർത്തിയായാൽ ഉടനെത്തന്നെ നിങ്ങളുടെ മുൻപിൽ കീഴടങ്ങാൻ ഞാൻ കരുതിയിരുന്നു…
ഇവിടെ ഈ വെള്ളച്ചാട്ടത്തിനു താഴെ വികൃതമായി കിടന്ന ശവത്തിനു മുൻപിൽ സാറ് നിൽക്കുമ്പോൾ ഞാനുമുണ്ടായിരുന്നു അരികിൽ…മുറിവുകൾ കൊണ്ടലംകൃതമായ ആ ശരീരത്തിൽ ഉണങ്ങിപ്പിടിച്ച ചോരയുടെ സൗരഭ്യം വെയിൽനാളങ്ങളേറ്റ് കൂടുതൽ ശോഭിക്കുന്നത് കണ്ട് എന്റെയീ കണ്ണുകൾ തിളങ്ങുകയായിരുന്നു…
നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ നിങ്ങളോടടുത്ത് തന്നെ ഞാനുണ്ടായിരുന്നു..നിങ്ങൾ മിടുക്കനാണ് സർ എത്ര പെട്ടെന്നാണ് നിങ്ങൾ കാര്യങ്ങളെ ബന്ധപ്പെടുത്തി കൃത്യമായി അതിനെ എന്നിലേക്ക് കൊണ്ടെത്തിച്ചത്….
നീ ആരാണ്….? എന്താണ് നിനക്ക് വേണ്ടത്…?
സാറിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇന്നിവിടെ കിട്ടും…കാരണം ഈ രാത്രി ഏറ്റുപറച്ചിലിന്റെ രാത്രിയാണ്…എ നൈറ്റ് ഓഫ് കൺഫെഷൻ…കുമ്പസാരത്തിന്റെ രാത്രി….മറ്റൊരു കുമ്പസാരം കഴിഞ്ഞതിന്റെ വിധി ഇന്ന് നടപ്പിലായി…ഈ കുമ്പസാരം ഇത് സാറിന് വേണ്ടിയുള്ളതാണ്….സാറിന് ഇപ്പൊ എന്നെ കാണാൻ സാധിക്കുന്നുണ്ടാവില്ല…ഞാനങ്ങോട്ട് വരാം അയാൾ…അടുത്തേക്ക് വന്നു…
നീ ….?
അതേ, സർ … സംശയിക്കണ്ട… അയാം മൈക്കിൾ….സാറ് തേടിക്കൊണ്ടിരിക്കുന്ന അതേ മൈക്കിൾ…പ്രണയ നൈരാശ്യത്തിൽ ആത്മഹത്യ ചെയ്യാനിറങ്ങിപ്പുറപ്പെട്ട മൈക്കിൾ…സാറിന്റെ കണ്ടെത്തൽ ശരിയാണ്.. റോക്കിയെ കൊന്നത് ഞാനാണ്…ഇന്നുവരെ അറിഞ്ഞുകൊണ്ടൊരു ഉറുമ്പിനെപ്പോലും നോവിക്കാൻ ഇടയാക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്ന ഞാൻ എത്രയേറെ ആസ്വദിച്ചാണെന്നോ അവനെ കൊന്നത്…അവന്റെ ദേഹത്ത് നിന്നും പൊടിഞ്ഞ ഓരോ തുള്ളി ചോരയും എന്നിൽ ആനന്ദത്തിന്റെ തേന്മഴ പെയ്യിക്കുകയായിരുന്നു..യെസ്…ഐ കിൽഡ് ഹിം….സർ പറഞ്ഞത് ശരിയാണ്.. അന്ന് രാത്രി ഞാനവിടെ പോയിരുന്നു അവളെ ഒന്ന് കാണാൻ…കുറച്ചു നാളായി എങ്ങോട്ടോ യാത്രപോയ അവർ മടങ്ങിയെത്തിയ കാര്യം ഞാനറിഞ്ഞിരുന്നു….അവിടെയെത്തിയ ഞാൻ കണ്ട കാഴ്ച്ച,,,,, എന്റെ സമനില തെറ്റി….കയ്യിൽക്കിട്ടിയതെടുത്ത് ഞാനവനെ ആക്രമിച്ചു…തല അറുത്തു മാറ്റുന്നതിന് മുൻപേ അവനെന്നോട് ചിലത് പറഞ്ഞിരുന്നു…അതുകൊണ്ടാണ് ഈ താഴ്‌വരയിൽ മരിച്ചു കിടക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഞാനിപ്പോ സാറിന്റെ മുൻപിലിങ്ങനെ നിൽക്കുന്നത്…അന്ന് അവന്റെ വായിൽ നിന്നും വീണൊരു പേര്…അതിന് പിറകെ ആയിരുന്നു ഞാൻ…സ്വയം ഒളിക്കാനൊരു പഴുത് കിട്ടും മുൻപ് ഞാനയാളെ തേടിക്കണ്ടുപിടിച്ചു ഒളിപ്പിച്ചു വെച്ചു….
ആരാണയാൾ…?
പറയാം സർ…ഒരു കുമ്പസാരം പോലെ അയാൾ എന്റെ മുൻപിൽ കുടഞ്ഞിട്ട അയാളുടെ കഥ ഞാൻ പറയാം…
(തുടരും)
***************ജാസിം അലി***************