അമ്മേ മലയാളമേ , നിന്നോളമെന്നിലെ ജീവന്റെ തുടിപ്പുകളെ ഉത്തേജിപ്പിക്കാനാവുന്ന മറ്റൊന്നുമില്ല .. കണ്മിഴി തുറന്നു ഞാൻ ഈ ഉലകത്തെ കണ്ടനാൾ , ആർത്തു കരഞ്ഞോരെന്നെ കണ്ടപ്പോൾ എല്ലാരിലും ആഹ്ലാദത്തിന്റെ മന്ദഹാസങ്ങൾ നിറഞ്ഞൊരു നാൾ , അന്നുതൊട്ടെന്നുടെ ഞരമ്പുകളിൽ നിറഞ്ഞൊഴുകുമെൻ മലയാളമേ .. സ്നേഹമാണെന്നും നിന്നോടെനിയ്ക്ക് , നിന്നെ അറിയുന്തോറും നിന്നാഴങ്ങളിലേക്ക് വന്നുചേരാൻ ശ്രമിക്കുമ്പോഴും , നിന്റെ മധുരം എന്നെ ത്രസിപ്പിക്കുന്നു , എന്നെ കൊതിപ്പിക്കുന്നു ….. നിന്റെ മുൻപിൽ ചെറുതാണെനിയ്ക്ക് മറ്റേതു ഭാഷയും മറ്റേതു ലോകവും … നിന്റെ സൗരഭ്യത്തിന് മുന്നിൽ നിന്നിൽ നിന്നുതിരുന്നയീ പ്രകാശത്തിനു മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമായിത്തീരുന്നു .. നിന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങിയൊരീ കവിൾത്തടങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ് … നീ കുടിയിരിക്കുന്നയീ നാവിൻ തുമ്പെത്ര അനുഗ്രഹീതമാണ് … നിന്നെയെഴുതാൻ കഴിയുന്നതീ കൈവിരലുകളുടെ സുകൃതം …. അതേ ഞാൻ അഭിമാനിക്കുന്നു, മലയാളമെന്ന പുണ്യം എന്റെ ഭാഷയാണെന്നതിൽ,, എനിയ്ക്ക് മലയാളം അറിയാം എന്നതിൽ ഞാൻ അഹങ്കരിയ്ക്കുന്നു ,, ഇനിയുമെനിയ്ക്ക് എത്തിപ്പെടാൻ സാധിയ്ക്കാത്ത മലയാളത്തിലെ ആഴങ്ങളെയോർത്ത്, താണ്ടാൻ ഇനിയുമെനിയ്ക്കേറെ ദൂരമുണ്ടല്ലോ എന്നോർത്ത് , ഞാൻ അറിഞ്ഞതൊക്കെ എത്രയോ ചെറുതാണല്ലോ എന്നോർത്ത് ഞാനേറെ നിരാശപ്പെടുന്നുണ്ട് അതോടൊപ്പം തന്നെ ഇനിയുമിനിയും മലയാളത്തെ നുകരാൻ അതിന്റെ ആഴങ്ങളിലേക്കും ദൂരങ്ങളിലേക്കും ചെന്നെത്താൻ കൊതിയോടെ ആവേശത്തോടെ ഞാൻ മുന്നോട്ടു പായാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു …. എല്ലാത്തിനുമൊടുവിൽ ഈ മലയാളത്തിന്റെ മണ്ണിൽ ഈ മലയാളത്തിന്റെ പുത്രനായി എനിയ്ക്കീ ജന്മം തന്നതിൽ ജഗന്നിയന്താവിനോട് ഞാൻ നന്ദി പറയുന്നു ……..
————ജാസിം——–
‘അമ്മ മലയാളം ! നമ്മുടെ മലയാളത്തെ കുറിച്ചുള്ള ഈ വർണ്ണനകൾ ഒരുപാടിഷ്ടമായി ! എനിക്കേറെ പ്രിയപ്പെട്ട മഹാകവിയുടെ വരികൾ താങ്കൾക്കായി ചേർക്കുന്നു !
സന്നികൃഷ്ടാബ്ദിതന് ഗംഭീരശൈലിയും
സഹ്യഗിരിതന് അടിയുറപ്പും
ഗോകര്ണ്ണ ക്ഷേത്രത്തിന് നിര്വൃതികൃത്വവും
ശ്രീകന്യമാലിന് പ്രസന്നതയും
ഗംഗപോലുള്ള പേരാറ്റിന് വിശുദ്ധിയും
തെങ്ങിളം കായ്നീരിന് മാധുര്യവും
ചന്ദനൈലാലവങ്കാദിവസ്തുക്കള് തന്
നന്ദിത ഘ്രാണാമാം തൂമണവും
സംസ്കൃത ഭാഷതന് സ്വാഭാവികൌജസ്സും
സാക്ഷാല് തമിഴിന്റെ സൌന്ദര്യവും
ഒത്തുചേര്ന്നുള്ളൊരു ഭാഷയാണെന് ഭാഷ
മത്താടി കൊള്കയാണഭിമാനമേ നീ
മിണ്ടിത്തുടങ്ങാന് ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകള് കേവലം ധാത്രിമാര്!
മര്ത്ത്യനു പെറ്റമ്മ തന്ഭാഷതാന്
മാതാവിന് വാത്സല്യദുഗ്ദ്ധം നുകര്ന്നാലേ
പൈതങ്ങള് പൂര്ണ്ണവളര്ച്ച നേടൂ
അമ്മതാന്തന്നേ പകര്ന്നുതരുമ്പോഴേ
നമ്മള്ക്കമൃതുമമൃതായ്ത്തോന്നൂ!
ഏതൊരു വേദവുമേതൊരു
ശാസ്ത്രവുമേതൊരു
കാവ്യവുമേതൊരാള്ക്കും
ഹൃത്തില്പ്പതിയേണമെങ്കില് സ്വഭാഷതന്
വക്ത്രത്തില് നിന്നുതാന് കേള്ക്കവേണം
ഹൃദ്യം സ്വഭാഷതന് ശീകരമോരോന്നു-
മുള്ത്തേനായ്ച്ചേരുന്നു ചിത്തതാരില്;
അന്യബിന്ദുക്കളോ, തല്ബഹിര്ഭാഗമേ
മിന്നിച്ചുനില്ക്കുന്ന തൂമുത്തുകള്
ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെ കേള്പ്പിച്ച കൈരളി
പാടവഹീനയെന്നാര്പറയും?
കൊണ്ടാടി നാനാവിചിന്തനതന്തുക്കള്
കൊണ്ടാത്മഭാഷയെ വായ്പ്പിക്കായ്കില്
കേരളത്തിന്നീയിരുള്ക്കുണ്ടില് നിന്നൊന്നു
കേറാന് പിടിക്കയറെന്തുവേറെ?
മറ്റുള്ള ഭാഷകള് കേവലം ധാത്രിമാര്!
മര്ത്ത്യനു പെറ്റമ്മ തന്ഭാഷതാന്
മര്ത്ത്യനു പെറ്റമ്മ തന്ഭാഷതാന്
LikeLiked by 2 people
തായ്മൊഴിയെക്കാൾ സുന്ദരമായി നമുക്ക് മറ്റൊന്നും തന്നെയില്ല … മലയാളി എന്നതാണ് നമ്മുടെ സ്വത്വം … മറന്നുകൂടാ നാമൊരിക്കലും …
വായനയ്ക്കും ഈ വാക്കുകൾക്കും ഒത്തിരി നന്ദി ❤️❤️
LikeLiked by 2 people