3.ആത്മവിദ്യാലയം
വെളുമ്പിയം പാടം എം കെ എം എം എൽ പി സ്‌കൂൾ … എന്റെ ആത്മവിദ്യാലയം…ഹെഡ് മാസ്റ്റർ ആർ കെ അഹമ്മദ് കബീർ സാർ… അദ്ദേഹമാണ് എന്നെ ക്ലാസ്സിൽ കൊണ്ടിരുത്തിയത്.. വെല്ലിപ്പാന്റെ കൂട്ടുകാരൻ ആയതു കൊണ്ട് എന്നോടൊരു വാത്സല്യം കാണാമായിരുന്നു…. ക്ലാസിൽ ശോഭ ടീച്ചർ… ടീച്ചർ എന്നെ യാഷി എന്നാണു വിളിക്കാറ്… എന്റെ പേര് ടീച്ചർക്ക് വഴങ്ങൂല… ഹാരിസ് , ഷിഹാബ്,ഷെമീർ,
മുഹമ്മദ് ഷംസീർ, നിൽഷാദ്, കലേഷ്, സുരേഷ്, ദേവൻ, സുധീഷ്, സുഹാസ്, നിസാമുദീൻ എന്ന കുഞ്ഞാണി, ഫർസാന, തസ്‌നി, റാഷിദ, റംസിയ, അങ്ങനെ അങ്ങനെ കുറെ കുറെ കൂട്ടുകാർ… ഗോവിന്ദ വിലാസിൽ എന്നോട് കൂട്ടില്ലാത്ത പെൺകുട്ടികളെ ഓർത്ത് ഞാൻ ഒരു ലോഡ് പുച്ഛം വാരി വിതറി…. താത്തയാണ് എന്നെ സ്‌കൂളിൽ കൊണ്ട് വരുന്നതും കൊണ്ടാക്കുന്നതും, ഞാൻ ഒരു പാവവും , ആരെയും ഉപദ്രവിക്കാത്തവനും കടിഞ്ഞൂൽ പൊട്ടു മാണ് എന്ന ഒരു ഇമേജ് ആദ്യം തന്നെ താത്ത ഉണ്ടാക്കിയെടുത്തതിനാൽ ടീച്ചർമാരുടെ മുൻപിൽ അത് നിലനിർത്തേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായി… ആ കാര്യത്തിൽ എനിക്ക് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.. പക്ഷെ കാര്യമുണ്ടായില്ല.. ആദ്യത്തെ പേരക്കിടാവിനോടുള്ള അമിതമായ സ്നേഹവാത്സല്യങ്ങളിൽ നിന്നുണ്ടായ പോസെസീവ്നെസ്സ് ആയിരുന്നു അത് .. അതിനെ പ്രതിരോധിക്കാൻ ഇന്നും ഞാൻ അശക്തനാണ്… തറവാട്ടിൽ മറ്റാർക്കും ഇല്ലാത്ത ഒരു രാജകുമാരന്റെ പദവിയോടെ ഞാൻ വിലസി നടന്ന കാലം…. അമ്മായിമാരുടെയും ആപ്പാപ്പാന്റെയും വെല്ലിപ്പാന്റെയും താത്താന്റെയും കണ്ണിലുണ്ണിയായി അങ്ങനെ പാറി പറന്നു നടന്നു……
താത്തയാണ് ഉച്ചക്ക് ചോറ് കൊണ്ട് വന്നിരുന്നത്…. എന്റെ ഭക്ഷണം കഴിക്കൽ ഒരു കളറ് പരിപാടി ആയിരുന്നു… താത്ത കൊണ്ടുവരുന്നത് മുഴുവൻ കഴിക്കണം… പലപ്പോഴും ഞാൻ വഴങ്ങാത്തതു കൊണ്ട് താത്ത എന്റെ പിറകെ കൂടി ഓരോന്ന് പറഞ്ഞു കഴിപ്പിക്കും… ഇത് കുറെ നാളായപ്പോൾ ഓരോ കുരുത്തം കെട്ടവൻമാർ കളിയാക്കാൻ തുടങ്ങി…. അതുകാരണം ഞാൻ വാശിപിടിച്ചു സ്‌കൂളിലെ ഉച്ചക്കഞ്ഞിയിലേക്കു മാറി…. പക്ഷെ അപ്പോഴേക്കും ഞാൻ രണ്ടാം തരത്തിൽ എത്തിയിരുന്നു….. സ്‌കൂള് വിടുമ്പോൾ എന്നെ കൊണ്ടുവരാൻ വരുന്നതും തത്തയായിരുന്നു … എന്നെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ എന്നറിയാൻ എന്റെ അയൽവാസികളായ ചില മുതിർന്ന കുട്ടികളെ ചുമതലപ്പെടുത്തിയിരുന്നു… താത്ത എപ്പോഴും എന്റെ കൂടെ ഒരു നിഴല് പോലെ കാണും…. അന്നൊക്കെ എന്നെക്കുറിച്ചു ആരോടെങ്കിലും ചോദിച്ചിട്ടു മനസ്സിലായില്ലെങ്കിൽ .. ആ വെല്ലിമ്മ എപ്പോഴും തെരഞ്ഞു വരുന്ന കുട്ടി എന്ന് പറഞ്ഞാൽ പെട്ടെന്ന് ആൾക്കാർക്ക് പിടി കിട്ടും.. ഞാനും താത്തയും കൂടിയുള്ള കോമ്പിനേഷൻ ആ കാലത്ത് വെളിമ്പിയംപാടം, കുനിപാല, പോത്തുകല്ല് പ്രദേശങ്ങളിൽ അത്രയ്ക്ക് .. പ്രസിദ്ധമായിരുന്നു…
ഒഴിവു സമയങ്ങൾ ആനന്ദമാക്കി ഞങ്ങൾ ആഘോഷിച്ചു…. കള്ളനും പോലീസും കളിയിൽ സ്ഥിരമായി പോലീസ് ആവേണ്ടി വന്നു … പോലീസിനെ ഓടിക്കുന്ന കള്ളനാവാൻ എല്ലാവരും ആഗ്രഹിച്ചു…. കുറുന്തോട്ടി പറിച്ചു മാനത്തുമ്പികളെ അടിച്ചു വീഴ്ത്തി … പുൽച്ചാടിയെ പിടിച്ചു ചോറ്റു പാത്രത്തിൽ അടച്ചു വെച്ചു… മുനവ്വിർന്റെ തറവാട്ടിലെ കിണറ്റിൽ ചേറാനുണ്ട് പുൽച്ചാടിയെ അത് വന്നു വെട്ടുന്നത് കൗതുകത്തോടെ നോക്കി നിന്നു…. ചക്കര വള്ളികൊണ്ട് വൃത്തമുണ്ടാക്കി അതിനുള്ളിൽ കേറി നിന്ന് ബസ് ഓടിച്ചു കളിച്ചു… ഓലപ്പന്തു കൊണ്ട് ഏറു പന്ത് കളിച്ചു…. സ്‌കൂൾ മുറ്റത്തെ ചീനി മരത്തിൽ നിന്നും വീഴുന്ന ചീനിക്ക പെറുക്കി തിന്നു … അത് തിന്നുന്നത് ജോയി സാർ കണ്ടാൽ കുഴപ്പമാണ് .. സാറിന്റെ ചൂരൽക്കഷായം പ്രസിദ്ധമായിരുന്നു… സാർ ഞങ്ങൾക്കിടയിൽ ഒരു പേടി സ്വപ്നമായി നില നിന്നു…. മഞ്ഞപ്പൂക്കൾ ഉണ്ടാവുന്ന പേരറിയാത്ത മറ്റൊരു മരവും ഉണ്ട്…. ചീനി മരത്തണലിൽ കൂട്ടുകൂടിയിരിക്കുമ്പോൾ അതുവഴി കടന്നു പോവുന്ന ഒരു കറുപ്പും ചുവപ്പും കലർന്ന ഒരു ജീവിയുണ്ട് … അതിന്റെ വഴി മുടക്കരുത് എന്നും, അത് ദൈവത്തിന് എണ്ണ എത്തിച്ചു കൊടുക്കുന്ന അനുയായി ആണെന്നും വിജേഷ് പറഞ്ഞു തന്ന അറിവിനെ കലേഷും സുധീഷും പിന്താങ്ങിയത് മുതൽ അതിനെ എവിടെ കണ്ടാലും ഈർക്കിൽ കൊണ്ട് മണ്ണും കരിയിലയും മാറ്റി അതിനു വഴി തെളിച്ചു കൊടുക്കുന്ന കർത്തവ്യം ഞങ്ങൾ ഏറ്റെടുത്തു… ഞങ്ങൾ “ബി” ക്ലാസ്സുകാരായിരുന്നു, “എ” ക്ലാസ്സുകാരോട് ശത്രുത പ്രഖ്യാപിക്കുകയും അവരോടു എപ്പോഴും മത്സര ബുദ്ധി കാണിക്കുകയും ചെയ്തു……
മുനവ്വിറും ഞാനും ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നത് കൊണ്ടും.. എല്ലാ കാര്യത്തിനും ഒരുമിച്ചായിരുന്നത് കൊണ്ടും ഈ മത്സരം ഞങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാക്കി… അവൻ “എ” ക്ലാസ്സിൽ ആയിരുന്നു .. ഞങ്ങളുടെ കഥ മുൻപൊരിക്കൽ പറഞ്ഞിരുന്നല്ലോ… “എ” ക്ലാസ്സിൽ ശോഭ ടീച്ചറും, ഞങ്ങൾക്ക് ജാൻസി ടീച്ചറും ക്ലാസ് ടീച്ചർമാരായിരുന്നു….
ജോസെഫ് സാറിനു മോട്ടോർ സൈക്കിൾ (ബൈക്ക്) ഉണ്ടായിരുന്നു .. സാറിന്റെ പെങ്ങളായ ശോഭ ടീച്ചറും സാറും അതിൽ വരുന്നതും പോവുന്നതും എന്നും കൗതുകത്തോടെ ഞങ്ങൾ നോക്കി നിന്നു….
അന്ന് പാടിക്കൊണ്ട് നടന്ന കുറെ കുട്ടിപ്പാട്ടുകൾ ഉണ്ട് അവയിൽ ഒന്ന് ഇങ്ങനെ :
“ബഷീറ് ബഷീറ് ബസ്സ് വാങ്ങീ…”
“നാസറ് നാസറ് നാസാക്കീ….”
സെരീഫ് വന്ന് സെരിയാക്കീ…
ബെല്ലിമ്മ വന്ന് ബെല്ലടിച്ചൂ….
അങ്ങനെ ഓരോ ദിവസങ്ങളും രസകരമാക്കി കൊണ്ട് ഞങ്ങളുടെ സ്‌കൂൾ ജീവിതം മുന്നോട്ടു പോയി…..
(തുടരും)
എം ജാസിം അലി
(ആദ്യ ഭാഗങ്ങൾ ലിങ്ക് ചുവടെ ചേർക്കുന്നു)
(ഭാഗം 1).
(ഭാഗം 2)

One thought on “മധുരിയ്ക്കും ഓർമ്മകളേ (ഭാഗം-3).”