ഇന്ന് കൊറേ നേരം ഇറാനി സൂക്കിനു അടുത്തുള്ള പുതിയ പാർക്കിൽ ഒറ്റക്കിരുന്നു ഓരോന്ന് ഓർത്തു …അപ്പോളാണ് പണ്ട്… പണ്ടെന്നു പറഞ്ഞാൽ ഞാൻ ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുന്ന കാലം..
മലയാളം ക്ലാസ്സിൽ വെച്ച് ഞമ്മളാകുന്ന ദുശന്തന്റെ ഖൽബിൽ ഒരു ശകുന്തള കയറിപ്പറ്റി… അങ്ങനെ ഞമ്മളിലും ഒരു കവി ഹൃദയം ഉണർന്നു… അത് നോട്ടു ബുക്കിന്റെ നടുവിൽ അങ്ങോട്ട് വിരിഞ്ഞു…….. അത് ചിന്നൂനെ കാണിച്ച്…. ചിന്നു ആരാ മോള്… അവിടെ രണ്ടാം ബെഞ്ചിന്റെ മൂലക്കിരുന്നു പരമ രഹസ്യായിട്ട് ഞമ്മള് നടത്തിക്കൊണ്ടിരുന്ന കച്ചോടം മണത്തു കണ്ടു പിടിച്ച്.. ഞമ്മളെ മുഖത്ത് നോക്കി ഓള് ചോയിച്ച് അനക്ക് ഈ ബെഞ്ചിൽ ആരെയോ നോട്ടമുണ്ടല്ലോ…? ആരാന്നു ഇന്നോട് പറ എന്ന്… അത് കേട്ട് പകച്ചു പോയെങ്കിലും ഓളോട് ആളെപ്പറഞ്ഞു…. അല്ല ഒരു കൂട്ടുകാരിയുടെ സഹായം ഈ കാര്യത്തിൽ അനിവാര്യം ആണല്ലോ…. അങ്ങനെ കാര്യങ്ങൾ ഒക്കെ ഓൾക്ക് അറിയാവുന്നത് കൊണ്ട് ഞാൻ എന്റെ പ്രണയ കാവ്യം ഓളെ കാണിച്ചു… ഓള് വായിച്ചിട്ട് ഒടുക്കത്തെ ചിരി…
ഞാൻ ഓളോട് ചോയിച്ചു ഇത് കോളേജ് മാസികയിൽ കൊടുക്കട്ടെ എന്ന്… അപ്പൊ ഓള് പറഞ്ഞു മണ്ടത്തരം കാണിക്കരുത് എന്ന്….
ഒന്നാമത് ഇങ്ങനെ ഒന്നും അല്ല കവിത എഴുതുക… പിന്നെ ഇത് വായിച്ചാൽ ഇവിടുള്ള സകലർക്കും കാര്യം പിടികിട്ടും… പ്രത്യേകിച്ച് അവസാനത്തെ വരികൾ…. അപ്പോഴാണ് ആ അപകടം ഞാൻ ആലോചിച്ചത്……..
ആ കവിത താഴെ ചേർക്കുന്നു
********************************
ഉദയ സൂര്യന്റെ
തരള കിരണങ്ങളിലുണരും
പൊൻ പ്രഭാതം പോലെ
വാർ തിങ്കൾ വാനിൽ തൂകും
പൊൻപുഞ്ചിരി പോലെ
മാരി വില്ലിൽ അലിഞ്ഞു ചേർന്ന
സപ്ത വർണ്ണങ്ങൾ പോലെ
ഹൃദയത്തിനുള്ളിൽ നിറഞ്ഞു നിൽക്കും
അനുഭൂതിയാണല്ലോ പ്രേമം.
കണ്ണാടിയിട്ട മുഖത്ത് നിന്നും
പൊഴിയുന്ന വർണ്ണ പ്രകാശം
അതിൽ അലിഞ്ഞു ചേരുവാൻ
ഞാൻ കൊതിക്കുന്നു എന്റെ
ഈ ഉള്ളിലെന്നും…….
******************************
പലപ്പോഴും ഞാൻ എഴുതിയതൊക്കെ ആദ്യം വായിച്ചതും പക്വമായി വിലയിരുത്തിയതും അവൾ ആയിരുന്നു…. നോട്ടു ബുക്കിൽ ഒളിപ്പിച്ച കഥ കണ്ടു പിടിച്ചു നന്നായി എന്നും മാഗസിനിൽ കൊടുക്കണം എന്നും പറഞ്ഞത് അവൾ ആയിരുന്നു…. (തല കാണാനില്ലേ എന്ന കഥ)….. മറ്റൊരിക്കൽ ഒരു പ്രണയ കഥ വായിച്ച്…..ഇതിൽ പൂർണ്ണത ഇല്ലെന്നും….. നിന്നിൽ ആശയം ഉണ്ട് പക്ഷെ അത് അവതരിപ്പിക്കുന്നതിൽ നീ പരാജയപ്പെടുന്നു…. കൂടുതൽ വായിക്കുക… എന്തെങ്കിലും എഴുതിയാൽ വീണ്ടും അതിനെ വായിച്ച് നോക്കി തെറ്റുകൾ തിരുത്തി സ്വയം സംതൃപ്തമായ ശേഷമേ മറ്റുള്ളവരെ കാണിക്കാവൂ.. എന്നൊക്കെ ഒരു കത്തിലൂടെ എന്നെ എഴുതി അറിയിക്കാൻ മനസ്സ് കാണിച്ചു അവൾ……. എഴുത്തിന്റെ ലോകത്ത് എന്റെ ആദ്യത്തെ വഴികാട്ടി… അവളാണ് എനിയ്ക്ക് പുഞ്ചിരി എന്ന് പേരിട്ടത്…ഇപ്പോഴും അവൾ എന്നെ പുഞ്ചിരീ എന്ന് തന്നെയാണ് വിളിക്കാറ് …
ക്ലാസ്സിൽ പലരും അറിഞ്ഞിട്ടും തുറന്നു പറയാൻ മടിച്ച എന്റെ പ്രണയം.. നാണക്കാരനായ എന്റെ പേടി മനസ്സിലാക്കി സനിലിനേയും കൂടെ കൂട്ടി എന്റെ പ്രണയം അവതരിപ്പിച്ചതും അവൾ ആയിരുന്നു…. ഉത്തരം നെഗറ്റീവ് ആയിരുന്നു എങ്കിലും അവൾ എന്നെ സമാധാനിപ്പിച്ചു.. പ്രവീണും വിപിനും സനിലും രതീഷും ഒക്കെ കൂടെ നിന്നു….. പിന്നേം കുറെ നാൾ പുറകെ നടന്നു….ആ കാമുകി ഇപ്പൊ വിവാഹം ഒക്കെ കഴിഞ്ഞു ഭർത്താവും കുട്ടിയുമായി സുഖായിരിക്കുന്നു…… അതിനെക്കുറിച്ച് നിങ്ങൾ ചോദിക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് മുൻകൂട്ടി പറയുന്നത്……..
മറ്റൊരു സത്യം എന്താന്നു വെച്ചാൽ ഞാൻ മുൻപ് പറഞ്ഞ എന്റെ കന്നി പ്രണയത്തിലെ നായികയും ചിന്നൂട്ടിയുടെ പഴയ സഹപാഠി ആയിരുന്നു…. അതായത് എന്റെ ജീവിതത്തിലെ രണ്ടു കാമുകിമാരും അവളുടെ കൂട്ടുകാർ ആയിരുന്നു… അങ്ങനെ അങ്ങനെ ഒരുപാട് നല്ല കാര്യങ്ങളാൽ കലാലയം സമ്മാനിച്ച പ്രിയപ്പെട്ട സുഹൃത്ത്….
ഇപ്പൊ ഈ സോഷ്യൽ മീഡിയ ലോകത്തും അവൾ എന്നെ കാണുന്നു.. വായിക്കുന്നു…….. ലിസ എന്ന എന്റെ ചിന്നൂട്ടി…. അവളും ഭർത്താവ് സവിനും എന്റെ ഏറ്റവും നല്ല കൂട്ടുകാരാണ്
സുഖകരമായ ഓർമ്മകൾക്കെന്നും വല്ലാത്ത ചന്തം….. ഓർമ്മകളിലൂടെ സഞ്ചരിക്കാൻ എനിക്കേറെ ഇഷ്ടം……..ഓർമ്മകൾ തുടരട്ടെ മറ്റു സൌഹൃദ ഓർമ്മകൾ ഇനിയൊരിക്കൽ പറയാം…
സ്നേഹത്തോടെ……..
എം ജാസിം അലി