മധുരിയ്ക്കും ഓർമ്മകളേ (ഭാഗം 2)

2. മലയാള നാട്ടിൽ

***************************************

മഡ്രാസ്സിലെ (അന്ന് ചെന്നൈ കണ്ടുപിടിച്ചിട്ടില്ല) ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നും നേരെ ദൂരേക്ക് നോക്കിയാൽ കാണുന്ന മലനിരകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ആപ്പാപ്പ പറയാറുള്ള നാട് എന്റെ ഓർമ്മയിൽ തെളിയുന്നില്ല..അവിടെ നിന്നാണത്രേ ഇടയ്ക്കു ഞങ്ങളെക്കാണാൻ വെല്ലിപ്പ തീവണ്ടിയിൽ വരുന്നത്. മുൻപ് ഞാനവിടെ പോയിട്ടുണ്ടാവാം പക്ഷേ അതൊന്നും എനിക്ക് ഓർമ്മയില്ല.

അങ്ങനെ ഒരു വൈകുന്നേരം ആപ്പാപ്പാന്റെ കൈപിടിച്ച് ദൂരെ മാമലകൾക്കപ്പുറത്തെ ആ നാട്ടിലേക്ക് പുറപ്പെടുന്നു. ദീർഘമായ തീവണ്ടിയാത്രയുടെ ചിത്രങ്ങൾ മനസ്സിൽ നിന്നും മാഞ്ഞിരിക്കുന്നു. എന്റെ ഓർമ്മത്തെളിയുമ്പോൾ (ചിലപ്പോ ഉറങ്ങിയെണീറ്റതുമാവാം) റെയിൽവേ സ്റ്റേഷനാണ്. നിലമ്ബൂരോ കോഴിക്കോടോ ആവാം, അറിയില്ല. ട്രെയിനിൽ നിന്ന് പുറത്തിറങ്ങി നടക്കുമ്പോൾ എനിക്ക് പെപ്സി കുടിക്കാനുള്ള മോഹം വരുന്നു. ആപ്പാപ്പാനോട് പറഞ്ഞപ്പോൾ, അത്‌ നിന്നെക്കൊണ്ട് കുടിക്കാൻ കഴിയൂലാന്ന്. അതെന്താ എന്നെക്കൊണ്ട് പറ്റൂലാന്ന്..?, എങ്കിലതൊന്നറിയണമല്ലോ. ഞമ്മക്ക്‌ അതുതന്നെ വേണമെന്ന് രണ്ടുകാലിൽ ഞമ്മള് കട്ടായം പറഞ്ഞു. അങ്ങനെ ഏതോ ഒരു കടയിൽ നിന്നും വലിയ ബോട്ടൽ തന്നെ വേണമെന്നുള്ള എന്റെ വാശിക്കുമുന്പിൽ കീഴടങ്ങി ആപ്പാപ്പ അത്‌ വാങ്ങിത്തന്നു. ഇനിയാണ് ചരിത്രപ്രധാനമായ എന്റെ പെപ്സിയെ കീഴടക്കൽ യജ്‌ഞം. ആപ്പാപ്പ അതിന്റെ മുടിയൊക്കെ തുറന്നുതന്നു. ഞാൻ വല്യ ഗമയിൽ അത് വായിലേക്ക് വെച്ച് ഒരു കവിൾ എടുത്തതേ ഓർമ്മയൊള്ളൂ. ഒരു തരിപ്പ്‌ കേറുന്നപോലെ… ഹോ .. ഹോ.. ഞാനത് കുടഞ്ഞുകളഞ്ഞു..പടച്ചോനേ , അതോടെ ആ സാഹസത്തിന് ഇനി നിക്കൂലാന്ന് ഞാൻ തീരുമാനിച്ചു. ഞമ്മളെ റോസ്മിൽക്ക് ഒക്കെ എന്തൊരു പാവാ. ആ കുപ്പിമുഴുവൻ ആപ്പാപ്പ തന്നെ കുടിച്ചുതീർക്കേണ്ടിവന്നു എന്ന് ഹൈലൈറ്റ്.

അങ്ങനെ ഞാൻ ആദ്യമായി കുനിപ്പാല എന്ന നാട്ടിൽ വന്നിറങ്ങി. (ആദ്യമായി എന്നല്ല എന്റെ ഓർമ്മയിൽ ആദ്യ കാഴ്ച്ച). കുനിപ്പാല അങ്ങാടിയിൽ നിന്നും ഫോറസ്റ്റ് സ്റ്റേഷനും കടന്ന് പഞ്ചായത്ത് റോഡിലൂടെ ഞങ്ങളങ്ങനെ നടന്നു. അൽപ്പം മുന്നോട്ടുപോയി ഒരു തോട് കടന്ന് തെങ്ങും കമുകുമൊക്കെ നിറഞ്ഞൊരു തോപ്പിലൂടെ നടന്നൊരു വരമ്പത്തെത്തി..ഇവിടെ നിന്നും മുകളിലേക്ക് കയറണം..ഒരു കുന്നിന്മുകളിലാണ് ഇപ്പോൾ മേലേക്കുടി എന്നറിയപ്പെടുന്ന ആ വീട് സ്‌ഥിതിചെയ്യുന്നത്.

താഴെ നിന്നുതന്നെ ആഷിക്കും ഇമ്മുനയും അവിടെ കളിക്കുന്നത് എനിക്ക് കാണാമായിരുന്നു. വലിയ അമ്മായി പെണ്ണുമ്മാന്റെ മക്കളാണ് ആഷിക്കും ഇമ്മുനയും. ഇമ്മുനയുടെ യഥാർത്ഥ പേര് തെസ്നി എന്നും ഞാൻ വിളിക്കുന്നത് മൈമൂന എന്നുമാകുന്നു. പെണ്ണുമ്മ ഓടിവന്നെന്നെ എടുത്തു. ഇമ്മുന ചിരിച്ചു, അവരെ പരിചയപ്പെടുത്തേണ്ട കാര്യമൊന്നും ഉണ്ടായില്ല . ഞങ്ങളപ്പോൾ തന്നെ കൂട്ടായി. ആഷിക്കിനെ ഞാൻ മഡ്രാസ്സിൽ വെച്ച് കണ്ടിട്ടുണ്ട് . അത് ഈ സംഭവത്തിന് മുൻപാണോ ശേഷമാണോ എന്നറിയില്ല. ഏതായാലും പെണ്ണുമ്മ, താത്ത, വെല്ലിപ്പ, കുഞ്ഞി, മാളുവി, ആഷിക്ക്, ഇമ്മുന, എല്ലാരും കൂടിയായപ്പോൾ നല്ല രസമായിരുന്നു. താത്ത എന്റെ വെല്ലിമ്മയാണ് (ഉപ്പയുടെ ഉമ്മ) എല്ലാവരും താത്ത എന്ന് വിളിക്കുന്നതുകൊണ്ട് ഞാനും അങ്ങനെ വിളിച്ചു ശീലിച്ചു. പെണ്ണുമ്മ , മാളുവി , കുഞ്ഞി , എന്നിവർ യഥാക്രമം എന്റെ മൂന്ന് അമ്മായിമാരാണ്. എന്റെ ഉപ്പയുടെ തറവാടാണ് ഈ വീട്. കുനിപ്പാലയിൽ എന്റെ വിളയാട്ടങ്ങൾക്ക് ഇവിടെ തുടക്കം.

ഇനി കുറച്ചു കാലങ്ങൾക്ക് ശേഷമുള്ള കഥപറയാം. വാപ്പാപ്പ എന്നുവിളിക്കുന്ന സ്നേഹനിധിയായ എന്റെ ഉമ്മയുടെ പിതാവിന്റെ മരണശേഷം ഞങ്ങള് കോഴിക്കോട് സെറ്റിലാവുകയും, എന്റെ ഉപ്പയും അളിയാക്കയും (ആഷിക്കിന്റെ ഉപ്പ) ഗൾഫിലേക്ക് പോവുകയും ചെയ്തു. അങ്ങനെ കുറേക്കാലം കോഴിക്കോടും നിലമ്പൂരുമായി അങ്ങോട്ടുമിങ്ങോട്ടും മാറിക്കളിച്ചു എന്റെ ജീവിതം. ഒരിക്കൽ ഞാൻ കോഴിക്കോടുനിന്ന് കുനിപ്പാലയിൽ എത്തിയ കാലം, അന്നൊക്കെ ഇമ്മുന അംഗൻവാടിയിൽ പോവുന്നുണ്ടായിരുന്നു. എന്നേയും അംഗൻവാടിയിൽ വിടട്ടെ എന്ന് അമ്മായിമാർ ചോദിച്ചു. പിന്നെന്താ, നമ്മള് ഡബിൾ ഓക്കെ.

അങ്ങനെ എന്നെയും കൊണ്ട് മൂന്ന് അമ്മായിമാരും കൂടെ കുനിപ്പാല അംഗൻവാടിയിലെത്തി. അംഗൻവാടി എന്നുപറഞ്ഞാൽ ഇന്നത്തെപ്പോലെ കെട്ടിടമൊന്നുമുണ്ടായിരുന്നില്ല, ചേക്കുകാക്കയുടെ (അദ്ധേഹം ഇന്ന് ജീവിച്ചിരിപ്പില്ല) വീടിന്റെ മുൻവശത്തായി മുളകൊണ്ട് മറച്ചുണ്ടാക്കിയ ഒരു ചെറിയ ഷെഡ് ആയിരുന്നു അംഗൻവാടി. അവിടെ സെലീന ടീച്ചർ ഉണ്ടായിരുന്നു. എന്റെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം എന്നോട് അവിടെപ്പോയിരുന്നോളാൻ പറഞ്ഞു.

ഞാൻ മടിച്ചുനിൽക്കുന്നത് കണ്ടപ്പോൾ പെണ്ണുമ്മയും ഇവിയും (മാളുവിയെ ഇവി എന്നാണ് ഞങ്ങൾ കുട്ടികൾ വിളിക്കുന്നത്) ഇമ്മുനയെ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു, അതാ അവിടെ ഇമ്മുനയും ഉണ്ട് , ഓള് ഇരിക്കുന്നത് കണ്ടില്ലേ , ഓളുടെ അടുത്ത് പോയി ഇരുന്നോ. ഞാൻ അങ്ങോട്ട് ഒരു സ്റ്റെപ്പ് നടന്നു. പിന്നെ ഒറ്റ ഓട്ടം വെച്ചുകൊടുത്തു വീട്ടിലേക്ക്. “അമ്മായിമാർ പ്ലിങ്”, വീട്ടിൽ വന്നപ്പോൾ എല്ലാരും എന്നെ കളിയാക്കി. അയ്യേ ഇത്രക്ക് പേടിത്തൊണ്ടനാണോ ഇജ്ജ് ..?

ഞാൻ വെറുതേ ചിരിച്ചു. ഇമ്മുനയും അമ്മായിമാറുമൊക്കെ ചേർന്ന് എന്റെ പേടിമാറ്റാൻ അംഗൻവാടിയെക്കുറിച്ച് കുറേ വർണ്ണിക്കുകയും , ഞാൻ പേടിക്കുന്നത് പോലെ അവിടെ ഒന്നുമില്ല എന്നൊക്കെ പറഞ്ഞപ്പോൾ, നാളെമുതൽ പൊയ്‌ക്കോളാമെന്ന് ഞാൻ സമ്മതിച്ചു. പക്ഷേ പിറ്റേന്നും ഞാൻ പോവാൻ കൂട്ടാക്കിയില്ല. അതോടെ അവരാ ശ്രമമുപേക്ഷിച്ചു. കുറച്ചു നാളുകൾക്ക് ശേഷം ഞാൻ കോഴിക്കോട്ടേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

അരക്കിണർ വായനശാല ഭാഗത്ത് ; അതായത് ഞങ്ങളുടെ വീട്ടിൽ നിന്നും ഇത്തിരി നടക്കാനുള്ള ദൂരം, അവിടെ ഭാർഗ്ഗവിയമ്മ എന്ന അമ്മയുടെ വീടിന്റെ വീടിന്റെ പിന്നാമ്പുറത്തായി അവർ നടത്തുന്ന ഒരു നഴ്‌സറിയുണ്ടായിരുന്നു. ഒരുദിവസം ഇമ്മമ്മ സ്നേഹത്തോടെ ഓരോന്നൊക്കെ പറഞ്ഞ് സോപ്പിട്ട് എന്നെ അവിടെ കൊണ്ടാക്കി. അവിടുത്തെ ടീച്ചറുടെ പേരോർമ്മയില്ല. അവിടുന്ന് ഓടാനൊന്നും തോന്നിയില്ല. അങ്ങനെ അന്നുമുതൽ ഞാനൊരു നഴ്‌സറിക്കുട്ടിയായി. അടുത്തൊരു പശുത്തൊഴുത്തുണ്ടായിരുന്നു. കുറേ പൂച്ചെടികൾ, ഇരുമ്പൻപുളിമരം, ഇടക്ക് വീട്ടിനകത്തുനിന്നും പലഹാരങ്ങളൊക്കെ തരുമായിരുന്നു.പിന്നെ കുറച്ചു കൂട്ടുകാർ, നല്ല ടീച്ചർ, പാട്ടും കളികളുമൊക്കെയായി നഴ്‌സറി ജീവിതം മുന്നോട്ടുപോയി.

ഒരു വൈകുന്നേരം രണ്ടു കുട്ടികൾ ഓടി വീട്ടിലേക്ക് കയറുന്നു..കുറച്ചു കഴിയുമ്പോൾ ദേ ഒരു സ്ത്രീ വീടിനുമുന്നിൽ വന്ന് ബഹളംവെക്കുന്നു.ഇമ്മമ്മ പുറത്തുവന്നു നോക്കി, അവര് കള്ളിയങ്കാട്ടു നീലിയെപ്പോലെ ഉറഞ്ഞുതുള്ളിക്കൊണ്ട് ചോദിക്കുന്നു :

“രണ്ടു കുരുത്തംകെട്ട കുട്ടികൾ ഇതുവഴി ഓടിവന്നിട്ടുണ്ട്, അവരെവിടെ…?

ഇങ്ങോട്ടൊന്നും വന്നിട്ടില്ലല്ലോ ഇവിടുത്തെ കുട്ടികളൊന്നുമല്ല..ആ സ്ത്രീ പോവുന്നില്ല, പിന്നെയും എന്തൊക്കെയോ പറയുന്നു..”അവരെ എന്റെ കയ്യിലെങ്ങാനും കിട്ടിയാൽ” ഇങ്ങനെ പിറുപിറുത്തു… ഒരുവിധം എന്തൊക്കെയോ പറഞ്ഞ് ഇമ്മമ്മ അവരെ മടക്കിയയച്ചു.. എന്നിട്ട് വീടുമുഴുവൻ ഞങ്ങളെത്തിരഞ്ഞു, കിട്ടിയില്ല.. കുറച്ചു കഴിഞ്ഞ് എന്തോ അനക്കം കേട്ട് ബാത്റൂമിൽ വന്നുനോക്കുമ്പോൾ, ദാ അവിടെ ചേട്ടനും അനിയനും പേടിച്ച് ഒളിച്ചിരിക്കുന്നു. നേരത്തെ വന്ന സ്ത്രീയുടെ കൊച്ചുമോൻ നിയാസിനെ പഞ്ഞിക്കിട്ടിട്ട് ഓടിവന്ന് ഒളിച്ചിരിക്കുകയാണ് ബാത്റൂമിൽ..ഇമ്മമ്മക്ക് ദേഷ്യംവരുന്നുണ്ട്, പക്ഷേ ഞങ്ങളുടെ നിൽപ്പ് കണ്ടു ചിരിവന്നിട്ട് ഒന്നും പറഞ്ഞില്ല. അങ്ങനെ ഞങ്ങളുണ്ടാക്കുന്ന കുഴപ്പങ്ങൾക്ക് പരിഹാരം കാണലായി ഇമ്മമ്മാന്റെ ജോലി. ഞങ്ങളുടെ കയ്യിലിരുപ്പ് കാരണം പാവം അമ്മാവന്മാർക്കും വീട്ടിൽവരാൻ പേടിയായി. ഷാനാത്ത പറയുന്നത് പോലെ :- ഞങ്ങള് കാക്കയും കോഴിയും ഇതൊന്നും കാര്യമാക്കാതെ അടിച്ചുപൊളിച്ചങ്ങനെ മുന്നോട്ടുപോയി.

ആയിടക്കാണ് ഞാൻ വീണ്ടും നിലമ്പൂരിലേക്ക് പോയത്. അങ്ങനെ എന്നെ വീണ്ടും അംഗൻവാടിയിൽ കൊണ്ടുചെന്നാക്കി. ഇത്തവണ മുനവ്വറും ഹാരിസുമൊക്കെയുള്ളതുകൊണ്ട് ഞാൻ ഓടിയില്ല. പക്ഷേ ഇമ്മുന അപ്പോഴേക്കും മുണ്ടേരിയിലേക്ക് പോയിരുന്നു.(അവരുടെ വീട് ഞങ്ങളുടെ നാട്ടിൽ നിന്നും കുറച്ചകലെയുള്ള മുണ്ടേരി എന്ന സ്ഥലത്താണ്). ഞാനവിടെ ഒരു മിണ്ടാപ്പൂച്ചയായി, കളിക്കാൻ വിടുന്ന സമയത്തുപോലും പുറത്ത് പോവില്ല. ഉച്ചക്ക് താത്ത കഞ്ഞിയും കൊണ്ടുവരും, കദീസ് താത്താന്റെ കടയിൽനിന്ന് വാങ്ങിച്ച ബീറ്റ്‌റൂട്ട് അച്ചാറും ഉണ്ടാവും..താത്ത പോയിക്കഴിഞ്ഞാൽ പിന്നെ ഞാൻ വീണ്ടും മൗനി. അങ്ങനെ ഒരു വൈകുന്നേരം അംഗൻവാടി വിടുന്ന സമയം. ഇവി അമ്മായി എന്നെ കൂട്ടാൻ വന്നിട്ടുണ്ട്. ഞങ്ങളെല്ലാവരും എണീറ്റ് നിൽക്കുന്നു, ദേശീയഗാനം നടക്കുകയാണ്….. ജയഹേ…ജയഹേ.. അവസാനത്തെ ജയഹേ വന്നപ്പോഴേക്കും അത്‌ സംഭവിച്ചുകഴിഞ്ഞിരുന്നു. ഒരു നനവ് പടരുന്നു , ഇവി അമ്മായി ചോദിക്കുന്നു അയ്യേ എന്താ ജാസിമോനേ ഇത് ..?

കാലത്ത്‌തൊട്ട് പുറത്തിറങ്ങാനുള്ള എന്റെ മടികാരണം സർവവിധ ശങ്കകളും പിടിച്ചുനിർത്തപ്പെട്ടു, ഒടുവിൽ താങ്ങാനാവാതെ അതങ്ങു വിസ്ഫോടനം നടത്തി. തെളിച്ചുപറഞ്ഞാൽ, ഞാൻ നിക്കറില് മുള്ളി…കുഞ്ഞിമുത്തും, ചക്കരേം, അജിത്തും, അഖിലും, മുഫീദയുമെല്ലാം എന്നെ കളിയാക്കി ചിരിക്കുന്നു…. പാവം ഞാൻ..

ആ സംഭവത്തിനുശേഷം താത്ത ഇടപെട്ട് കുഞ്ഞിമുത്തിനെ (റഫീക്ക്) എന്റെ കെയർ ടേക്കറാക്കി. അവൻ ആളൊരു കില്ലാഡിയാ, അവന്റെ വീടിനുമുൻപിലാണ് അംഗൻവാടി. അങ്ങനെ ഞാൻ പതുക്കെ അവിടെയങ്ങ് സെറ്റായി. കുണ്ടിൽ ഷെമീർ ഭയങ്കര കുഴിമടിയനായിരുന്നു. അംഗൻവാടിയിൽ വരാൻ മടി, എന്നും കരച്ചിൽ, മുനവ്വറും ഹാരിസും അവനെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് പിടിച്ചുനിർത്തും. കുഞ്ഞിമുത്ത് വില്ലനായി എന്നെ ശല്യം ചെയ്യുന്നവരെ അടിച്ചോടിച്ചു. മുഫീദ എല്ലായിടത്തും ഓടിനടന്നു, ഇടയ്ക്ക് എന്റെ തലയിൽ പേൻ നോക്കിത്തരും, അവൾക്ക് അതുതന്നെയായിരുന്നു ഹോബി, എല്ലാവരുടെയും തലനോക്കും. അജിത്തും അഖിലും ഫോട്ടോകോപ്പി പോലെയായിരുന്നു, അവരങ്ങനെ ഒട്ടിനടന്നു. ഹഫ്‌സത്തും നിഷാനയും വല്യ ലോഹ്യമൊന്നുമില്ല..മിഥുൻ നല്ലകുട്ടിയായി നടന്നു. അർഷാദും, റഫീക്കും ഖമറും , ഹാരിസും, മുനവ്വറും,കുഞ്ഞിമുത്തും,ദേവനും,ചക്കരയുമെല്ലാം എന്റെ നല്ല ചങ്ങാതിമാരായി.അങ്ങനെ അടിച്ചുപൊളിച്ചു മുന്നോട്ടുപോവുമ്പോൾ ഞാൻ വീണ്ടും കോഴിക്കോട്ടേക്ക്……

ഇത്തവണ പുതിയൊരു വഴിത്തിരിവുണ്ടായി, എന്നെ സ്‌കൂളിൽ ചേർത്തു. ഗോവിന്ദവിലാസ് സ്‌കൂൾ അരക്കിണർ. ഒരു വിദ്യാർത്ഥിയായി യൂണിഫോമൊക്കെയിട്ട് ഞാനാദ്യമായ് കാലെടുത്തുവെച്ച അക്ഷരമുറ്റം. അവിടെയെനിക്ക് കൂട്ടുകാരായി ഉണ്ടായിരുന്നത് അർഷാദും നിഖിലും മാത്രമായിരുന്നു. മറ്റുമുഖങ്ങളൊന്നും ഞാനോർക്കുന്നില്ല. അതിനൊരു കാരണമുണ്ട്, എന്താണെന്ന് ചോദിച്ചാൽ ബാക്കിയുള്ളവരാരും എന്നോട് കൂട്ടുണ്ടായിരുന്നില്ല. കൊടക്കമ്പി എന്നൊരു വട്ടപ്പേരും എനിക്കവർ ചാർത്തി തന്നു. പിന്നെ ഉണ്ടായിരുന്നത് ഞങ്ങളുടെ കുടുംബസുഹൃത്തുക്കളായ അജിയും ഇത്താത്തമാരുമാണ്. ഉച്ചക്ക് ഇമ്മമ്മ ചോറുമായി വരും, ഇമ്മമ്മയാണ് കഴിപ്പിച്ചിരുന്നതും. നിഖിലിന്റെ അമ്മയുമുണ്ടാവും. ഉച്ചക്ക് ബെല്ലടിക്കുന്നത് വരെ നിഖിലിന്റെ കൂടെ കളിക്കും. ആ കാലത്ത് ഒരുത്തൻ അർഷാദിന്റെ തലക്ക് സ്ളേറ്റുകൊണ്ടടിച്ചു ചോരവന്നത് ഞാനോർക്കുന്നു.പിന്നെ കുറേക്കാലം കഴിഞ്ഞാണ് അവൻ സ്‌കൂളിൽവന്നത്. സ്‌കൂൾ വിട്ട് ഇടവഴിയിലൂടെ നടക്കുമ്പോൾ വഴിയിൽ കിടക്കുന്ന തീപ്പെട്ടിക്കൂടുകൾ പെറുക്കിയെടുക്കും, അതുകൊണ്ടൊരു കളിയുണ്ട്. സുധീഷേട്ടൻ പഠിപ്പിച്ചതാണ്, ഞങ്ങളുടെ തൊട്ടയല്പക്കമാണ് സുധീഷേട്ടന്റെ വീട്. മിക്കവാറും ഞാനും അനിയനും അവിടെത്തന്നെയായിരിക്കും. തങ്കേച്ചിയുടെ കൂടെ അടുക്കളയിലോ, സുമിയേച്ചിയുടെ കൂടെ ഓരോ കഥകൾ പറഞ്ഞോ അല്ലെങ്കിൽ സുധീഷേട്ടന്റെ കൂടെ കളിക്കുകയോ ആവും. എനിക്കൊരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു, ബബി എന്നുവിളിക്കും, ഞങ്ങളുടെ തൊട്ടടുത്ത വീട്, അവളും ഞാനും കണ്ണിമാങ്ങപെറുക്കിയും, ബദാം കാ കുത്തിപ്പൊട്ടിച്ചും, കഞ്ഞീം കറീം കളിച്ചും,ഊഞ്ഞാലാടിയും, ഇടക്ക് അടികൂടിയും വഴക്കിട്ടും സുന്ദരമാക്കിത്തീർത്ത നല്ലനാളുകൾ.

സ്‌കൂളിൽ പോക്ക് ഞാനും അർഷാദും ഒരുമിച്ചായിരുന്നു. അബു കാക്കാന്റെ കടയിൽ നിന്നും ചോരക്കട്ടി പെൻസിൽ വാങ്ങിക്കും, ഇടവഴിയിൽ നിന്നും കുന്നിക്കുരുവും മഞ്ചാടിയും പെറുക്കും. വഴിയരികിൽ പടർന്നു നിൽക്കുന്ന വള്ളികളിൽ ഒരു ചുവന്ന കായ ഉണ്ട്, അത് കണ്ടുകഴിഞ്ഞാൽ പിന്നെ ഒരക്ഷരം പോലും ഉരിയാടാതെ പറിക്കണം. പറിക്കുന്ന ആളോ കൂടെയുള്ള ആളോ മിണ്ടാൻ പാടില്ല. അറിയാതെയെങ്ങാനും ശബ്ദം വന്നുപോയാൽ തീർന്നു. പിന്നെയത് കഴിക്കാൻകൊള്ളില്ല, അതിന്റെ മധുരം മാറി കൈപ്പാവും, അതാണത്രേ “മിണ്ടാക്കായ”. ഈ വിവരങ്ങളൊക്കെ അർഷാദ് പറഞ്ഞു തന്നതാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും ഇന്നുവരെ എനിക്കത് മേല്പറഞ്ഞപ്രകാരം പറിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇടതുവശത്തായി അൽപ്പം ഉയർന്നുനിൽക്കുന്നൊരു തൊടിയുണ്ട്. അവിടുത്തെ മരങ്ങളിൽ എപ്പോഴും വവ്വാലുകളെ കാണാം. ഇപ്പോഴും അരക്കിണർ പോവുമ്പോൾ ആ ഭാഗത്തേക്ക് ഒന്ന് നോക്കാറുണ്ട്, തൂങ്ങിക്കിടക്കുന്ന വവ്വാലുകളുണ്ടോ എന്നറിയാൻ.

മഴപെയ്ത് ഇടവഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ വാല്മാക്രികളെ മീന്കുഞ്ഞുങ്ങളാണെന്നുകരുതി പിടിക്കാൻ നോക്കിയിട്ടുണ്ട്, അതൊക്കെ ഓരോ തമാശകൾ. ഒരുദിവസം സ്‌കൂൾ ഉച്ചക്ക് വിട്ടു. അന്ന് നടന്നു നടന്ന് അബു കാക്കയുടെ കടയുടെ അവിടെ എത്തിയപ്പോൾ, അതിനടുത്തായി പശു തൊഴുത്തുള്ള ഒരു വീടുണ്ട്, അതിന്റെ തൊട്ടടുത്തുള്ള പാടം പോലുള്ള സ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നു. അതിൽ നിറയെ മീനുകളുണ്ട്. അവിടെ കുറേ പയ്യന്മാർ മീൻപിടിക്കുന്നു. ഞാൻ അവരുടെ കൂടെക്കൂടി. അർഷാദ് പറഞ്ഞതാ; വേണ്ട നമുക്ക് പോകാമെന്ന്, ഞാൻ കേട്ടില്ല, അവനോട് പൊയ്‌ക്കോളാൻ പറഞ്ഞു. മീൻപിടുത്തം അരങ്ങുതകർത്തു. സമയം പോയതറിഞ്ഞില്ല, ഇമ്മമ്മ എന്നെക്കാണാതെ വിഷമിച്ചിരിപ്പാണ്. അവസാനം മീന്പിടിത്തമൊക്കെ കഴിഞ്ഞ് കിട്ടിയ ഒന്നുരണ്ടു മീനിനെ പ്ലാസ്റ്റിക് കുപ്പിയിലിട്ട് ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോൾ ഇമ്മമ്മ നോക്കി നിൽപ്പുണ്ട്. ” ഇമ്മമ്മാ ഇനിക്ക് മീനിനെ കിട്ടി”, ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“അല്ല മോനേ, അന്റെ ബാഗും കുടയും എവിടെ …?”…

അപ്പോഴാണ് ഞാനക്കാര്യമോർത്തത്. മീൻ പിടിക്കുന്നിടത്തെവിടെയോ ഞാനത് മറന്നുവെച്ചു. അന്ന് കുറേ വഴക്കുകേട്ടു.പാവം ഇമ്മമ്മ, എങ്ങനെയൊക്കെയോ പോയി അത്‌ കണ്ടുപിടിച്ചു കൊണ്ടുവന്നു.

ഇങ്ങനെയൊക്കെ നല്ലകുട്ടിയായി എന്റെ സ്‌കൂൾജീവിതം മുന്നോട്ടുപോവുമ്പോഴാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായ ആഷിക്കിനെ കാണാൻ ഞങ്ങള് പോയത്. അവിടെ താത്തയും വെല്ലിപ്പയും ഉണ്ടായിരുന്നു. കുറേക്കാലമായി നിലമ്പൂരിൽ നിന്നും വിട്ടുനിന്നതുകൊണ്ടാണോ എന്നറിയില്ല, അവിടുത്തെ ഓരോ രസങ്ങൾ ആലോചിച്ചപ്പോൾ ഞാനവരുടെ കൂടെ നിലമ്പൂരിലേക്ക് പോവണമെന്ന് വാശിപിടിച്ചു.

മോനേ, അനക്ക് സ്‌കൂളിൽ പോവണ്ടേ..? സ്‌കൂള് പൂട്ടുമ്പോൾ നമ്മക്ക് പോവാം..ഇമ്മമ്മ പറഞ്ഞു.

അതൊന്നും ഞാൻ ചെവികൊണ്ടില്ല. ഞാനവരുടെ കൂടെ പുറപ്പെട്ടു.പക്ഷേ അന്ന് ഞാനറിഞ്ഞിരുന്നില്ല ദീർഘകാലത്തേക്കുള്ള ഒരു പറിച്ചുനടലിന് ഞാനായിട്ടുണ്ടാക്കിക്കൊടുത്ത അവസരമായിരുന്നു ആ യാത്രയെന്ന്…അറിഞ്ഞിരുന്നെങ്കിൽ…ഹാ.. ഇനി പറഞ്ഞിട്ട് കാര്യമില്ല.

അതിനുശേഷം എനിക്കൊരിക്കലും എന്റെ സ്‌കൂളിലേക്ക് മടങ്ങിയെത്താനായില്ല. അതിനനുസൃതമായ തിരക്കഥകൾ നേരത്തെ രചിക്കപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് എന്റെ വിദ്യാർത്ഥി ജീവിതത്തിന് വേദിയായത് വെളുമ്പിയം പാടം എം.കെ.എം.എം. എൽപി സ്‌കൂളായിരുന്നു. കുനിപ്പാലയിൽ എനിക്ക് ഒന്നിനുമൊരു കുറവുണ്ടായിട്ടല്ല, ആ നാടും അവിടുത്തെ കൂട്ടുകാരും, അനുഭവങ്ങളുമെല്ലാം എനിക്കെപ്പോഴും പ്രിയപ്പെട്ടതുതന്നെ. പക്ഷേ, ആ കാലത്ത് ഞാൻ മാനസികമായി ഏറെ ഇഷ്ടപ്പെട്ടിരുന്നതും, ആഗ്രഹിച്ചിരുന്നതും, അരക്കിണറും അവിടുത്തെ ജീവിതവുമാണ്. അന്നത് മനസ്സിലാക്കാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെ ഞാനും, എന്റെ അനിയനും, ഉമ്മയും രണ്ടിടത്തായി പിരിഞ്ഞു. സ്‌കൂൾ അവധിക്കാലത്ത് വളരെ ചുരുങ്ങിയനാളുകൾ ചെലവഴിക്കാൻ വന്നെത്തുന്ന വിരുന്നുകാരനെപോലെയായിരുന്നു പിന്നെ ഞാൻ അരക്കിണറിൽ വരുന്നത്.ഓരോ അവധിക്കാലം കഴിയുമ്പോഴും എന്നെ കൊണ്ടുപോകാൻ വെല്ലിപ്പ വരും. ചിലപ്പോൾ കാലത്തുതന്നെ എത്തും.അങ്ങനെയെങ്കിൽ അന്നുതന്നെ യാത്രപുറപ്പെടണം.ഉച്ചകഴിഞ്ഞാണ്‌ വരുന്നതെങ്കിൽ അടുത്ത ദിവസം പുറപ്പെട്ടാൽ മതി. ഇന്ന് റെസ്റ്റ് എടുത്തിട്ട് നാളെ പോയാൽ പോരേ എന്ന ഇമ്മമ്മയുടെ ചോദ്യത്തിന് വെല്ലിപ്പ സമ്മതം മൂളുന്നതിനായി ഞാൻ പ്രാർത്ഥിച്ചിരുന്നു. കാരണം അങ്ങനെ നീട്ടിക്കിട്ടുന്ന ആ ഒരുദിവസത്തിന് ആയിരം വര്ഷങ്ങളേക്കാൾ മൂല്യമുണ്ടായിരുന്നു അന്നെനിക്ക്. തിമിർത്തുപെയ്യുന്ന മഴയുടെ അകമ്പടിയോടെ യാത്രപുറപ്പെടുകയായി. ഇടവഴികളെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുന്നുണ്ടാവും. മുട്ടോളം മടക്കിവെച്ച പാന്റ്, ഒരുകയ്യിൽ ഊരിപ്പിടിച്ച ചെരിപ്പുകൾ, മറുകയ്യിൽ നിവർത്തിപ്പിടിച്ച പുള്ളിക്കുട,

“കാട്ടുമാക്കാൻ വന്നാലും കർക്കിടമാസം വന്നാലും, തകതരികിട താരാരോ…….”

സമീപത്തെ വീടുകളിൽ നിന്നും ടേപ്പ് റെക്കോർഡറുകൾ പാടുന്നുണ്ടാവും. മഴകാരണം ബസ്സിന്റെ വിൻഡോ ഷട്ടറുകൾ അടഞ്ഞുകിടക്കുകയാവും, ഇരുട്ടിൽ ജനാലയോട് മുഖം ചേർത്തുപിടിച്ച് ഞാൻ കരയാറുണ്ടായിരുന്നു.

പക്ഷേ, കുനിപ്പാല ചെന്ന് രണ്ടുദിവസം സ്‌കൂളിലൊക്കെ പോവുമ്പോൾ ആ വിഷമം ഒക്കെ മറക്കും. ഓരോ അദ്ധ്യയന വർഷവും ഇതിന്റെ ആവർത്തനങ്ങളായിരുന്നു. ദീർഘകാലത്തെ കുനിപ്പാലയിലെ ജീവിതം എന്നെ പൂർണ്ണമായും ഒരു കുനിപ്പാലക്കാരനാക്കി മാറ്റിയിരിക്കുന്നു. ഇപ്പോൾ ഞാനെന്ന വ്യക്തിക്ക് പൂർണ്ണതയുള്ളത് ആ നാട്ടിൽ മാത്രമാണ്. മറ്റെവിടെയും ഞാൻ തീർത്തുമൊരപരിചിതൻ. വീണിടം വിഷ്ണുലോകം എന്നതിലേക്ക് എന്റെ മനസ്സിപ്പോൾ പാകപ്പെട്ടിരിക്കുന്നു.അതിന് കാരണവും പലയിടത്തായുള്ള ഈ ജീവിതമാണ്.

ശുഭം…ശുഭകരം….

ജാസിം അലി

7 thoughts on “മധുരിയ്ക്കും ഓർമ്മകളേ (ഭാഗം 2)

    1. നഷ്ടപ്പെട്ടുപോയ ജീവിതത്തിലെ കുറേ നല്ല ഏടുകൾ … അതിനിടയിൽ എന്നുമൊരു കുഞ്ഞു വേദനയായ് ഇങ്ങനെ ചിലത് ❤️❤️❤️ ഒത്തിരി സ്നേഹം സന്തോഷം കൂട്ടുകാരീ 🥰

      Liked by 1 person

ഒരു അഭിപ്രായം ഇടൂ