1. മദിരാശിപ്പട്ടണം
************************************
“മദിരാശിപ്പട്ടണം” “മഡ്രാസ്സ്” , ഇന്ന് ചെന്നൈ എന്ന പേരിലറിയപ്പെടുന്ന ഈ നഗരത്തിലെ പെരമ്പൂർ എന്ന സ്ഥലത്തുള്ള ഒരു ഫ്‌ളാറ്റിന്റെ ബാൽക്കണിയിലാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്…ഈ ബാൽക്കണിയിലാണ് ഞാൻ ഏറെ സമയം ചിലവഴിച്ചിരുന്നത്..ഇവിടെയാണ് എന്റെ കാഴ്ചകളുടെ തുടക്കം.. എന്റെ മനോരാജ്യങ്ങളും സങ്കൽപ്പങ്ങളും ചിറകുവിടർത്തിയത് ഇവിടെയാണ്…ഇവിടെ നിന്ന് നേരെ ദൂരേക്ക് നോക്കിയാൽ പച്ചവിരിച്ച മലനിരകൾ കാണാം..(സഹ്യനായിരിക്കാം അതെന്ന് ഇപ്പോൾ ഊഹിക്കുന്നു).. ആ മലനിരകൾക്കപ്പുറത്ത് പറഞ്ഞുകേട്ടിട്ടുള്ള നാടിനെക്കുറിച്ചു ഞാൻ വെറുതെ സങ്കൽപ്പിച്ചു നോക്കും.. പക്ഷേ ആ ചിത്രങ്ങളൊന്നും ഓർത്തെടുക്കാൻ എനിക്ക് പറ്റുന്നില്ല..ഫ്‌ളാറ്റിന് നേരെ എതിർവശത്തായി ഒരു ഐസ് കമ്പനിയാണ്.. അതിന്റെ മുകളിലത്തെ നിലയിൽ നിന്നും എപ്പോഴും കോഴികളുടെ കരച്ചിൽ കേൾക്കാം..ഇടയ്ക്കിടെ ആരോ ഒരാൾ കോഴികളുടെ പിറകെ ഓടുന്നതായി കാണാം..
പക്ഷേ ആളിന്റെ രൂപം വ്യക്തമാവുന്നില്ല..കോഴികളെ ഓടിച്ചിട്ടു പിടിച്ചുതിന്നുന്ന കുറുക്കൻ എന്ന ഭീകരജീവിയെക്കുറിച്ച് ഇമ്മമ്മ പറഞ്ഞുതന്നത് ഓർമ്മവന്നു.. ദുഷ്ടനായ കുറുക്കന്റെ കയ്യിലകപ്പെട്ടുപോവുന്ന പാവം കോഴികളുടെ ദുർവിധിയോർത്ത് ഞാൻ വെറുതെ നെടുവീർപ്പിട്ടു..താഴത്തെ നിരത്തിൽ ഒരു ടെമ്പോ വരാറുണ്ടായിരുന്നു..അതിനകത്ത് ഇരുമ്പു പെട്ടികൾക്കുള്ളിൽ നിറയെ കോഴികളുണ്ടാവും..ടെമ്പോ വരുന്നതും, വെളുവെളുത്ത കോഴികളെ അവിടെ ഇറക്കുന്നതും, അവയെ പിന്നീട് ആ കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടുപോവുന്നതുമെല്ലാം ഞാൻ വളരെ കൗതുകത്തോടെ നോക്കിനിൽക്കും…ഒരിക്കൽ ആപ്പാപ്പാന്റെ കൂടെ (എന്റെ ഉപ്പയുടെ അനിയൻ ) ഞാൻ അവിടെപ്പോയി.. അപ്പോഴാണ് കോഴിയെ ഓടിക്കുന്ന ശരിക്കുള്ള കുറുക്കനെ മനസ്സിലായത്..അതൊരു കോഴിക്കടയായിരുന്നു..ഞങ്ങളുടെ വീട്ടിലേക്ക് കോഴിവാങ്ങാൻ പോയതായിരുന്നു അന്നവിടെ.. വെറുതേ പാവം കുറുക്കനെ സംശയിച്ചു, പാവത്താനായ കുറുക്കാ നീയെന്നോട് ക്ഷമിക്കൂ, ഞാനിതൊന്നും അറിഞ്ഞിരുന്നില്ല…
താഴത്തെ നിരത്തിൽ എപ്പോഴും ആൾത്തിരക്കാണ് .. ആകെമൊത്തം ബഹളമയമായ അന്തരീക്ഷം. പലവർണ്ണങ്ങളിലുള്ള പ്ലാസ്റ്റിക് കുടങ്ങളിൽ കുടിവെള്ളവുമായി പോവുന്ന പെട്ടി സൈക്കിളുകൾ, ഐസ്ക്രീമും കുൽഫിയും വിൽക്കുന്നവർ, ഭായിയുടെ പലചരക്ക് കടയിലെ ബഹളങ്ങൾ.. ഒരു നീളമുള്ള കമ്പിന് ഇരുവശത്തുമായി തൂക്കിയിട്ടിരിക്കുന്ന കൂടുകളിൽ ഓരോതരം കിളികളുമായി കിളിവിൽപ്പനക്കാർ. ഇടക്ക് ആർപ്പും മേളവും പുഷ്പവര്ഷങ്ങളുമായി കടന്നുപോവുന്ന ശവമഞ്ചങ്ങൾ. അകലെയെവിടെയോ പാറിനടക്കുന്ന നൂലുപൊട്ടിയ പട്ടങ്ങൾ. അങ്ങനെ പലതരം കാഴ്ചകൾ. ചിലപ്പോൾ കൂടുതൽ വ്യക്തതക്കായി ബാൽക്കണിയുടെ ചെറിയ തൂണുകൾക്കിടയിലൂടെ ഞാൻ തലപുറത്തേക്കിടുന്നതും , തലതിരിച്ചെടുക്കാനാവാതെ അവിടെ കുടുങ്ങുന്നതും ഒരു പതിവായിരുന്നു.. കുടുങ്ങി എന്നുറപ്പായാൽ ഞാൻ ഉറക്കെ നിലവിളിക്കും. അപ്പോൾ ഷാനാത്തയോ ഇമ്മമ്മയോ ഓടിവന്ന് വളരെ കഷ്ടപ്പെട്ട് എന്റെ തല ഊരിയെടുത്തു തരും.. പക്ഷേ അതുകൊണ്ടൊന്നും ഞാൻ ആ പരിപാടി നിർത്തിയില്ല….(ഷാനാത്ത എന്റെ എളാമ്മയാണ് ഉമ്മയുടെ അനിയത്തി)…..
വീട്ടിലൊരു അക്വേറിയമുണ്ട്. മീനുകളുടെ പരിപാലകൻ വാപ്പാപ്പയായിരുന്നു (ഉമ്മയുടെ ഉപ്പ)… അദ്ധേഹം മീനുകൾക്ക് തീറ്റകൊടുക്കുന്നതും, അക്വേറിയത്തിലെ വെള്ളം മാറ്റുമ്പോൾ ചെറിയ അരിപ്പ കൊണ്ട് മീനുകളെ പതുക്കെ മാറ്റിയിടുന്നതും നോക്കിക്കൊണ്ട് ഞാൻ അടുത്തുതന്നെ ഉണ്ടാവും. അവസരം കിട്ടിയാൽ ഞാൻ അതിൽ കയ്യിട്ട് മീൻപിടിക്കുമെന്ന് മൂപ്പർക്കറിയാവുന്നത് കൊണ്ട് എപ്പോഴും എന്റെ മേലൊരു കണ്ണുണ്ടാവും.. ഒരുതരം ചില്ലുവിളക്കുണ്ട് , അതിനുള്ളിൽ കോഴിമുട്ട പോലെ ഒരു സൂത്രം. അതിന് തീകൊടുക്കുമ്പോൾ ബൾബ് പോലെ പ്രകാശിക്കുന്നു..വെളിച്ചം അണഞ്ഞിരിക്കുന്ന സമയത്ത് അതിലൊന്ന് തൊട്ടാൽമതി അത് ഒരുപിടി ഭസ്മമായിത്തീരും. അതിലൊന്ന് തൊട്ടുനോക്കാനുള്ള ജിജ്ഞാസ എനിക്കുണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ..അങ്ങനെ ഒരുദിവസം ആരും കാണാതെ ഞാൻ എത്തിപ്പിടിച്ച് ഞെരിച്ചു.. അത് തവിടുപൊടിയായി.ഒന്നുമറിയാത്തവനെപ്പോലെ ഞാൻ നൈസായിട്ട് മുങ്ങി. പാവം വാപ്പാപ്പ, വളരെ പാടുപെട്ട് അത് മാറ്റിയിട്ടു, അദ്ധേഹം അത് മാറ്റിയിടുന്ന കാഴ്ച്ച അദ്‌ഭുതകരമായിരുന്നു. എന്റെ അഭിപ്രായത്തിൽ അത് അദ്ധേഹത്തിന് മാത്രം നിർവ്വഹിക്കാൻ കഴിയുന്ന ഒന്നായിരുന്നു..ഈ സംഭവം ഇടയ്ക്കിടെ ആവർത്തിച്ചു. ഞാനല്ലാതെ മറ്റാരും ഇങ്ങനൊരു കുരുത്തക്കേട് ഒപ്പിക്കില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു..ഇടക്ക് വഴക്ക് കേൾക്കും , പക്ഷേ അതുകൊണ്ടെന്തുകാര്യം.. ? ……
വർഷങ്ങൾക്ക് ശേഷം ആ വിളക്കിന്റെ പേര് പെട്രോമാക്സ് എന്നായിരുന്നു എന്ന് ഞാൻ അറിയുകയുണ്ടായി.. എന്റെ ഓർമ്മകളിൽ അദ്‌ഭുതങ്ങൾ പ്രവർത്തിക്കുന്ന ജീനിയസ്സും, അളവറ്റ സ്നേഹവാത്സല്യങ്ങൾക്കുടമയുമായിരുന്നു അദ്ധേഹം. പക്ഷേ അധികകാലം ആ സ്നേഹമനുഭവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ല. എനിക്ക് ബുദ്ധിയുറച്ചുതുടങ്ങും മുൻപേ ഞങ്ങളെ വിട്ടു പോയെങ്കിലും ഓർമ്മകളിലെപ്പോഴും ആ സ്നേഹദീപം നിറഞ്ഞുനില്ക്കുന്നു.. മഡ്രാസ്സിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു അദ്ധേഹം.അങ്ങനെയാണ് ഞങ്ങളുടെ കുടുംബം മഡ്രാസ്സിലേക്ക് കുടിയേറിയത്..
ഉപ്പാന്റെ കൂടെയുള്ള സായാഹ്നസവാരികൾ, ഉപ്പ പോവുന്നിടത്തൊക്കെ എന്നെയും കൂടെക്കൊണ്ടുപോവും. ഉപ്പാനെ കിട്ടിയില്ലെങ്കിൽ ആപ്പാപ്പാന്റെ കൂടെക്കൂടും..ചിലപ്പോൾ ഞങ്ങളുടെ കഫെറ്റീരിയയിൽ, അതിനടുത്താണ് തീവണ്ടി നിർമ്മിക്കുന്ന സ്ഥലമുള്ളതെന്ന് ഉപ്പ പറഞ്ഞുതന്നിട്ടുണ്ട്..പെരമ്പൂര് റെയിൽവേസ്റ്റേഷനടുത്തുള്ള പാലത്തിനുമുകളിൽ നിന്നുകൊണ്ട് തീവണ്ടികൾ വരുന്നതും പോവുന്നതും കാണിച്ചുതരും. കൂട്ടത്തിൽ ചില തീവണ്ടികൾ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തവും, ആളുകൾ കയറാത്തവയുമായിരുന്നു..അതിനെപ്പറ്റി ചോദിച്ചപ്പോൾ, ചരക്കു സാധനങ്ങൾ കൊണ്ടുപോവുന്നതിനുള്ള ഗുഡ്‌സ് ട്രെയിൻ എന്ന വിഭാഗമാണ് അതെന്ന് ഉപ്പ പറഞ്ഞുതന്നു..ഞങ്ങളെല്ലാവരും ഒരുമിച്ചുള്ള ചിലയാത്രകളുണ്ട്.. എക്സിബിഷൻ, പാർക്കുകൾ, ബീച്ചുകൾ, അങ്ങനെയങ്ങനെ രസകരമായ യാത്രകൾ. അങ്ങനൊരു യാത്രയിൽ ഏതോ ഒരു പാർക്കിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ..എല്ലാവരുടെയും കൂടെ ഞാനും പാതിയെ എന്തോ ഓർത്തുകൊണ്ടങ്ങനെ നടന്നു..ഈ പകൽക്കിനാവ് കാണുന്ന പരിപാടി അന്നേ ഉണ്ടായിരുന്നു..ഇപ്പോഴും അതിന് മാറ്റമില്ല..എന്റെ അനിയൻ ചോദിക്കാറുണ്ട് നീയെന്താ നടക്കുമ്പോൾ ഇടയ്ക്ക് ഒറ്റക്ക് ചിരിക്കുന്നതെന്ന്.. അപ്പോൾ പറഞ്ഞുവന്ന കഥയിലേക്ക് കടക്കാം..ആ നടത്തം കുറേ ദൂരം പിന്നിട്ടപ്പോൾ ചിന്തകളിൽ നിന്നുണർന്ന ഞാൻ ഞെട്ടിപ്പോയി..കൂടെനടന്നവരോ മുന്പിലുള്ളരോ ഒന്നും എന്റെ ആരുമല്ലാത്തവർ.കൂട്ടം തെറ്റിയ കുഞ്ഞാടായി ഏതോ ഒരു പ്രതിമയുടെ മുന്നിൽ തളർന്നു ഞാൻ നിന്നു..ചുറ്റുമുള്ളതെല്ലാം എനിക്കപരിചിതമായ മുഖങ്ങൾ.. അവയോരോന്നും എന്നെ ഭയപ്പെടുത്താൻ തുടങ്ങി..ഇനിയെന്തുചെയ്യുമെന്നറിയാതെ ഞാൻ പകച്ചുനിന്ന നിമിഷങ്ങൾ. പറഞ്ഞുകേട്ട കഥകളിലെ ക്രൂരനായ ആ മനുഷ്യനെ ഞാനവിടെ പ്രതീക്ഷിച്ചു. അതെ ഇനി അധികം വൈകാതെ അയാൾ വരും, എന്നെ പിടിച്ചുകൊണ്ടുപോവും. ഒരുപക്ഷെ എൻറെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടേക്കാം..തെരുവോരങ്ങളിൽ ഭാണ്ഡക്കെട്ടുമായി കുപ്പപെറുക്കുന്ന കീറിപ്പറിഞ്ഞ ജീവിതങ്ങളെ ഞാനോർത്തു..തീവണ്ടിയിലും മറ്റും പാട്ടുപാടി ചില്ലറപ്പാത്രം നീട്ടുന്ന ദയനീയ മുഖങ്ങളെ ഞാൻ മനസ്സിൽ കണ്ടു..ഇനിയവരിലൊരാളായി ഞാനുമൊരു തെരുവുതെണ്ടിയായി അവരോധിക്കപ്പെടും..പേടിച്ചരണ്ട കണ്ണുകളിലേക്ക് ആശ്വാസത്തിന്റെ മാലാഖയായ് തെളിഞ്ഞുവന്ന ചിത്രം ഷാനാത്തയുടേതായിരുന്നു..ഇടക്കെപ്പോഴോ എന്നെക്കാണാതായ വിഷമത്തിൽ തിരഞ്ഞുനടക്കുകയായിരുന്നു അവരെല്ലാം.. പെട്ടെന്ന് ഷാനാത്തയുടെ മുഖം മുന്നിൽ തെളിഞ്ഞപ്പോൾ, ആ നിമിഷം സ്വർഗ്ഗാരോഹിതനായ പോലെ തോന്നി എനിക്ക്..കൂട്ടംതെറ്റി നടന്നതിന് കുറേ വഴക്ക് കേട്ടെങ്കിലും പിന്നീടങ്ങോട്ടുള്ള യാത്രയിലുടനീളം ആരെങ്കിലുമൊരാൾ എന്റെ കൈ മുറുകെ പിടിച്ചിരുന്നു. അലയൊതുങ്ങിയ കടൽപോലെ ശാന്തമായിരുന്നു അപ്പോളെന്റെ മനസ്സ്…
ഇമ്മമ്മ സാരിയൊക്കെ ഉടുത്ത് റെഡിയാവുന്നത് കണ്ടാൽ എനിക്കറിയാം അത് മാർക്കെറ്റിലേക്കുള്ള പുറപ്പാടാണെന്ന്. കൂടെ പോവണമെന്നുള്ളത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. അതിനായി ഇമ്മമ്മ ഒരുങ്ങുന്നതുംകാത്ത് കാലത്ത് തന്നെ ഞാൻ ജാഗരൂകനായി ഇമ്മമ്മാന്റെ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കും. മാർക്കറ്റിലെ കാഴ്ചകൾ എനിക്കിഷ്ടമായിരുന്നു . ഓരോ ഇനം കായ്കറികളുമായി നിരന്നിരിക്കുന്ന മുഖങ്ങളോരോന്നായി ഞങ്ങൾ സന്ദർശിക്കും. ഇമ്മമ്മ അവരുമായി വിലപേശുന്നതും, സാധനങ്ങൾ തിരഞ്ഞെടുക്കുന്നതുമെല്ലാം എനിക്കെപ്പോഴും കൗതുകം നിറഞ്ഞ കാഴ്ചകളായിരുന്നു. ഞണ്ട് വാങ്ങിക്കണമെന്ന് നിർബന്ധംപിടിച്ച് ഇമ്മമ്മാനെ മീൻ വിൽക്കുന്നിടത്തേക്ക് പിടിച്ചുവലിച്ചോണ്ട് പോവും..ഇനിയുള്ള എന്റെ പ്രധാന ആവശ്യം എനിക്ക് വളർത്താൻ ജീവനുള്ള ഞണ്ടിനെ വേണം എന്നുള്ളതാണ്. മിക്കവാറും ഒന്നിനും ജീവനുണ്ടാവില്ല. പക്ഷേ ഒരുദിവസം ഒരു മിടുക്കൻ ഞണ്ടിനെ ഞങ്ങൾ കണ്ടെത്തുകതന്നെ ചെയ്തു. ഞാൻ ഭയങ്കര ധൈര്യശാലിയായിരുന്നതുകൊണ്ട് അതിനെപ്പിടിച്ച് വീട്ടിലെത്തിക്കേണ്ട ചുമതല ഇമ്മമ്മയിൽ നിക്ഷിപ്തമായി..അതിപ്പോ ഞണ്ടിനെ കറിവെച്ചാലും അത് നുള്ളിപ്പൊളിച്ച് കാമ്പ് പുറത്തെടുത്ത് തരുന്നതും ഇമ്മമ്മയോ അല്ലെങ്കിൽ എന്റെ ഉമ്മയോ ആയിരുന്നു..അങ്ങനെ റിസ്ക്ക് ഒന്നുമില്ലാതെ ഞാൻ ഞണ്ട് കഴിക്കും. കുറച്ചുകാലം മുൻപുവരെ അത് അങ്ങനെയൊക്കെത്തന്നെയായിരുന്നു. അങ്ങനെ ഞങ്ങൾ സാഹസികമായി തിരഞ്ഞുകണ്ടുപിടിച്ച ആ രസികൻ ഞണ്ടിനെ ഒരു മഞ്ഞ പ്ലാസ്റ്റിക് ബേസിനിൽ വെള്ളംനിറച്ച് അതിൽ നിക്ഷേപിച്ചു..കുളിമുറിയിലെ അലക്കുകല്ലിനുമുകളിലായിരുന്നു അതിന്റെ സ്ഥാനം. ഇടക്ക് ഞാനവിടെ പോയി അതിന്റെ കളികൾ നോക്കിനിൽക്കും. ചിലപ്പോ ഉമ്മയും ഉണ്ടാവും കൂട്ടിന്. അതിന് തിന്നാൻ ചോറ് ഇട്ടുകൊടുക്കും. പക്ഷേ ആ സാധനം അതൊന്നും തിരിഞ്ഞുനോക്കുകപോലുമില്ല. അഹങ്കാരി ഞണ്ട്, പട്ടിണികിടക്കട്ടെ, അല്ലപിന്നെ. ആ ഞണ്ടിന് പിന്നീടെന്തുസംഭവിച്ചു എന്നൊന്നും ചോദിക്കരുത്..
ഒരിക്കൽ എന്റെ പുന്നാര ഉപ്പ എന്നെ കണക്ക് പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. അകത്തെ മുറിയിൽ നിലത്ത് കുറച്ചു പൈസ കൂട്ടിയിട്ടിരിക്കുന്നു. എന്നെപ്പിടിച്ച് അവിടെയിരുത്തി ഉപ്പ എന്നെ എണ്ണം പഠിപ്പിച്ചു .എന്നിട്ട് കുറച്ചു ചില്ലറനാണയങ്ങളെടുത്തുതന്നിട്ട് എണ്ണിനോക്കാൻ പറഞ്ഞു. ഞാൻ എണ്ണും തെറ്റിക്കും, വീണ്ടും എണ്ണും വീണ്ടും തെറ്റിക്കും.ഇതിങ്ങനെ തുടർന്നപ്പോൾ ഉപ്പാക്ക് ദേഷ്യം വരാൻ തുടങ്ങി. ദുഷ്ടനായ എന്റെ ഉപ്പ ആ രാത്രിയിൽ എന്നെ ബാൽക്കണിയിലാക്കി വാതിലടച്ചുകളഞ്ഞു..രക്ഷപെടാൻവേണ്ടി ഞാൻ ജനലിൽക്കൂടെ എത്തിനോക്കി ഒച്ചവെച്ചു.യാതൊരു മനസ്സാക്ഷിയുമില്ലാതെ മുറിയിലിരുന്ന് പൈസയെണ്ണിക്കളിക്കുന്നു എന്റെ ഉപ്പ. നിലവിളിച്ച് അലമ്പാക്കുകയല്ലാതെ വേറെ വഴിയില്ല..പക്ഷേ അപ്പോഴേക്കും തെരേസ ചേച്ചി വന്ന് എന്നെ രക്ഷിച്ചു. തെരേസ ചേച്ചി ആരാന്ന് ചോദിച്ചാൽ മേരിയേച്ചിയുടെ മോളാണ്..മേരിയേച്ചി ആരാന്ന് ചോദിച്ചാൽ മഡ്രാസ്സിലെ ഞങ്ങളുടെ കുടുംബസുഹൃത്തുക്കളാണ് മേരിയേച്ചിയും കുടുംബവും. എന്നെ വല്യ കാര്യമായിരുന്നു അവർക്കൊക്കെ. അങ്ങനെ ആ പരീക്ഷണത്തിൽ നിന്നും ഒരുവിധം ഞാൻ രക്ഷപെട്ടു. അല്ലേലും വീട്ടിൽ അതിഥികൾ വരുമ്പോഴാണല്ലോ ഇത്തരം കലുഷിത സാഹചര്യങ്ങളിൽ നിന്നും നമ്മൾ തടിയൂരുന്നത്. “അവരാണ് രക്ഷകർ, അവരപ്പോൾ ദൈവദൂതരെപ്പോലെയത്രേ”….
ഈ ചരിത്രസംഭവത്തിന്റെ ആവർത്തനങ്ങൾ പിൽക്കാലത്തുമരങ്ങേറി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഖദീജ ടീച്ചർ എന്നെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ :-
“കണക്കിന്റെ എ ബി സി ഡി ഓനറിയൂല”
അതുപോലെ പന്ത്രണ്ടാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷക്ക് മുൻപായി ജെമിനി ടീച്ചർ എനിക്ക് നൽകിയ ഉപദേശം ഇപ്രകാരം :-
“ജാസിമേ, നീ വെറുതെ ആ നാഷണൽ ഇൻകം കാൽക്കുലേറ്റ് ചെയ്ത് സമയം പാഴാക്കാൻ നിൽക്കരുത്, അത് നിന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല”….
കണക്കിലുള്ള എന്റെയീ പ്രാവീണ്യം കോളേജിൽ പഠിക്കുന്നകാലത്ത് “പ്രമീള ടീച്ചറും” ശരിക്കുമനുഭവിച്ചിട്ടുണ്ടാവും… വർഷങ്ങൾക്ക് മുൻപുള്ള ആ രാത്രിയിലെന്നെ കണക്ക് പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ പാവമെന്റെ ഉപ്പ അറിഞ്ഞുകാണില്ല ഭാവിയിൽ ഇത്രയേറെ അംഗീകാരങ്ങൾ അദ്ധ്യാപകരിൽ നിന്നുമേറ്റുവാങ്ങാൻ പോവുന്ന ഒരു മഹാനെയാണ് പഠിപ്പിക്കാൻ ശ്രമിച്ച് സമയം പാഴാക്കുന്നതെന്ന്.
റാഗിമാൾട്ട് കലക്കിയ പാലുമായി എന്റെ ഉമ്മ വരുന്നതോടെ ഒരു ദിവസത്തിന് തിരശീല വീഴുകയായി. അത് കുടിച്ചുകഴിയുന്നതോടെ എനിക്കുറങ്ങാനുള്ള സമയമായി.എന്നാൽ ഇനി ഞാനുറങ്ങട്ടെ…….
***************************************
ജാസിം അലി

ആ ഞണ്ടിന് എന്തു പറ്റി എന്നൊക്കെ എനിക്കറിയാം ..വായിച്ചിരിക്കുമ്പോൾ കുട്ടികാലത്തേക്ക് ഒന്ന് പോയിവന്ന പോലെ …..👍👍👍😍😍😍😍😍
LikeLike
😁😁 അത് പിന്നെ അങ്ങനെ അല്ലേ വരൂ 🥰 താങ്ക്സ് അളിയാ ❤️
LikeLike
Etra bhangiyayitta ezhuthiyirikkunne!!👌👌
(Ennalum aa njandinenthu pattiyavo 🤭)
LikeLiked by 1 person
ഈ വായനയ്ക്കും വാക്കുകൾക്കും ഒത്തിരി നന്ദി ❤️❤️❤️
ആ ഞണ്ടിന്റെ കാര്യം നിന്നുമൊരു ചുരുളഴിയാത്ത രഹസ്യമാണ് 😁😁
LikeLiked by 1 person