ഉള്ളിലൊരായിരം സമസ്യകൾ പിടിതരാതെ എപ്പോഴും മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു …അതിന്റെ ഉറവിടം തേടി ഞാനടുക്കുന്തോറും അവ എന്നിൽ നിന്നുമോടിയകലുന്നു…..
പിറകെ ഓടിയോടി തളർന്നു ഞാൻ വീഴുന്നു…
മനസ്സിലെ ചോദ്യങ്ങളുടെ മൂർച്ചയേറുന്തോറും ഭ്രാന്തെന്ന എന്റെ പ്രണയിനി എന്നിൽ പിടിമുറുക്കുന്നു… അവളെന്നിൽ തീവ്രമാവുന്നു…
ചുറ്റുപാടുകൾ മങ്ങുന്നു…എന്റെ ഉള്ളിൽ ഒളിപ്പോര് നടത്തുന്ന കടുംചായചിത്രങ്ങളെ പിടിച്ചു കെട്ടാതെ ഇനിയവൾ അടങ്ങില്ല… അവളുടെ കാഠിന്യം ഏറിവരുന്നു… അതെ എന്നിൽ ഭ്രാന്ത് പടരുകയാണ്…അതി തീവ്രമായി…അതിഗാഢമായി അവളിപ്പോൾ എന്നെ ആലിംഗനം ചെയ്തിരിക്കുന്നു…അവൾ പ്രണയത്താലെന്നെ ശ്വാസം മുട്ടിക്കുകയാണ്….തേടിക്കൊണ്ടിരിക്കുന്ന സമസ്യക്ക് ഉടനെയെങ്ങും ഉത്തരം കിട്ടല്ലേ എന്ന് ഞാൻ മോഹിച്ചു പോവുന്നു…അവളുടെ അധരങ്ങൾ എന്നെ അടിമുടി ഉഴിയുന്നു…ഭ്രാന്തിന്റെ ഈ മാസ്മരലോകത്ത് നിന്നും എനിക്കൊരു മോചനം വേണ്ട….
“ഭ്രാന്ത്”….. ഇവൾ സുന്ദരിയാണ്… അതിമനോഹരി… ഇവളുടെ ഹൃദയം മൃദുലവും സത്യമുള്ളതുമാണ്..എന്നിലെ പ്രാണൻ പറന്നകലും വരെ എന്നോട് കൂടെ ഇവളുണ്ടാവും..
അതെ, “ഭ്രാന്തിനെ പ്രണയിക്കുന്നവൻ ഞാൻ” , ഭ്രാന്തിന്റെ കാമുകൻ..
എം. ജാസിം അലി