അവധൂത

ഭാഗം – 1

അമ്മയുടെ കത്തുണ്ട്… പരിഭവങ്ങളാണ് എല്ലായ്പ്പോഴും… പക്ഷെ ഇത്തവണ പരിഭവമല്ല, ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്… ഞാൻ ഒരു പെണ്ണ് കെട്ടിക്കാണണം എന്ന്… അമ്മയുടെ കണ്ണടയും മുൻപ് ഇത് മാത്രേ എന്നോട് ആവശ്യപ്പെടാനൊള്ളൂ എന്ന്… ആ ഒരു മോഹം മാത്രേ ഇനി ബാക്കിയുള്ളൂ എന്ന്..
പലയാവർത്തി ഞാൻ ആ കത്ത് വായിച്ചു.. ഇല്ല ഇത് സാധാരണ പറയാറുള്ള പരിഭവങ്ങൾ പോലെ അല്ല.. അമ്മയുടെ വാക്കുകൾക്കു ഇപ്പൊ വല്ലാത്ത തീക്ഷ്ണതയുണ്ട്……..ഇതിനെന്തു മറുപടിയാണ് ഞാൻ കൊടുക്കേണ്ടത്…
കട്ടിലിൽ ചാരിക്കിടന്ന് ഞാൻ ചിന്തയിലാണ്ടു .. ഓർമ്മകൾ എന്നെ തളർത്തുന്നു…..അമ്മയോട് എന്ത് പറയണമെന്നറിയാതെ കുഴങ്ങിയ ചിന്തകൾ…. അമ്മയുടെ ആവശ്യം തള്ളിക്കളയാവുന്നതല്ല… ഈ കത്തിൽ ‘അമ്മ എന്നോട് ചോദിച്ചിരിക്കുന്ന ഓരോ ചോദ്യവും ഉള്ളിൽ കൊള്ളുന്നതാണ്..
എന്റെ അനുഭവങ്ങളൊന്നും അതിനൊരു വിശദീകരണമാവുന്നില്ല… പക്ഷെ എന്റെ മനസ്സ് ………………….
രാവേറെ വൈകിയിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…
ഒരു സിഗററ്റെടുത്ത് കത്തിച്ചു പുറത്തിറങ്ങി…
മുറ്റത്ത് മഞ്ഞു പെയ്യുന്നുണ്ട് .. മകര മഞ്ഞേറ്റുറങ്ങുന്ന പൂക്കളെ നോക്കിക്കൊണ്ട് ഞാൻ പതിയെ നടന്നു….
പെട്ടെന്ന് ചെടികൾക്കിടയിൽ ഒരനക്കം പോലെ ..
ഞാൻ ആ ഭാഗത്തേക്ക് നോക്കി…ഒരു ഞെട്ടലോടെ ഞാൻ കണ്ടു അവിടെ ചെമ്പക മരത്തിൽ മെയ് ചാരി നില്ക്കുന്നു ഒരു സ്ത്രീ രൂപം……അരണ്ട നിലാവെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങി…. അഴിച്ചിട്ട നീളൻ മുടിയിൽ ഇളംകാറ്റ് തഴുകുന്നു….ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ മാനത്തേക്ക് നോക്കി അങ്ങനെ നിൽപ്പാണ്…..
ഈശ്വരാ ആരാണിവൾ….? ഈ അസമയത്ത് ഇവിടെ…..?…
അല്പം പരിഭ്രമത്തോടെ ഞാൻ അങ്ങോട്ട് നടന്നു…..

ഭാഗം – 2

അടുത്തെത്തിയപ്പോൾ അവൾ മുഖം തിരിച്ചെന്നെ നോക്കി….. മൃദുവായി ഒന്നുകൂടെ പുഞ്ചിരിച്ചു… എന്റെ അന്ധാളിപ്പ് വീണ്ടും വർദ്ധിച്ചു…
ആരാണ് നീ….?

അവൾ ഉറക്കെ ചിരിച്ചു …. ഞാനോ..?
ഞാൻ ഒരു യക്ഷി…?

യക്ഷിയോ ….?

അതെ, യക്ഷി, അവൾ വീണ്ടും പൊട്ടിച്ചിരിച്ചു …

ആട്ടെ യക്ഷി ഇപ്പൊ എവിടുന്നു വരുന്നു..? ഈ അസമയത്ത് യക്ഷി ഇവിടെ എന്തു ചെയ്യുന്നു… ?

എന്നെ കളിയാക്കുവാണോ…?

അത് ശരി..? ആദ്യം നീയല്ലേ തുടങ്ങിയത്..
ശരി സമ്മതിച്ചു യക്ഷിയെങ്കിൽ യക്ഷി..
ഈ അസമയത്ത് ഇവിടെ ഇങ്ങനെ നിൽക്കണ്ട… ഇത് ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലമാണ്…. ഈ നേരത്ത് ഇവിടെ ഒരു യക്ഷി … അല്ല പെൺകുട്ടി നിൽക്കുന്നത് ……..

ഹ ഹ ഹ ….അവൾ വീണ്ടും പൊട്ടിച്ചിരിച്ചു ഇവിടെ ഞാൻ നിൽക്കുന്നത് കൊണ്ട് എന്താ കുഴപ്പം…?
വിഷ്ണു ആരെയാണ് ഈ ഭയക്കുന്നത്..?

ഞാനൊന്ന് പകച്ചു… നിനക്ക്… നിനക്ക് എന്റെ പേരെങ്ങനെ അറിയാം..?….

എന്തു ചോദ്യമാണിത് വിഷ്ണു… എത്രയോ കാലങ്ങളായി ഞാൻ വിഷ്ണുവിനെ കാണുന്നു….

സത്യം പറ ആരാണ് നീ….? എന്തിനിവിടെ വന്നു … ?

“ഈ ചോദ്യങ്ങൾക്കൊന്നുമുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല വിഷ്ണൂ…… ഞാനും അതാണ് അന്വേഷിക്കുന്നത്…. ഇന്ന് അവസാനമായി ഈ രാവ്‌ പുലരുവോളം എനിക്കിവിടെ ഇങ്ങനെ നില്ക്കണം..
എന്നെ അതിനനുവദിക്കൂ… ഞാൻ വിഷ്ണുവിനു ഒരുപദ്രവവും ഉണ്ടാക്കില്ല..”

“ഇവൾ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു … എന്തൊക്കെയാണിവളീ പറയുന്നത്…? എന്താണ് ഇവളുടെ ഉദ്ദേശം…? ഇവൾ എന്നെ പേര് വിളിക്കുന്നു… കുറേക്കാലമായി എന്നെ കാണുന്നു എന്ന് …. എന്നും രാത്രി ഞാനിവിടെ വരുന്നതാണല്ലോ… ഇന്നുവരെ ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല….അപ്പോൾ ഇവൾ പറയുന്നത്….? ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ…..”

വിഷ്ണു എന്താണ് ആലോചിക്കുന്നത്..?

ങേ ..? ഞാനൊന്നു ഞെട്ടി ….
ഒന്നുമില്ല ….

ഉം …. വിഷ്ണു പേടിക്കണ്ട… ഞാനൊന്നിനും വേണ്ടി വന്നതല്ല.. ഈ രാവ് വെളുക്കുവോളം എനിക്കിവിടെ ഇങ്ങനെ നിൽക്കണം…. എന്നെ അതിനനുവദിക്കണം… ഞാൻ സത്യം ചെയ്യുന്നു , നാളത്തെ സൂര്യകിരണങ്ങൾ ഈ മണ്ണിൽ പതിക്കുന്നതിനു മുൻപ് ഞാൻ പൊയ്ക്കോളാം……ദയവായി അരുതെന്നു പറയരുതേ…. അവൾ ദയനീയമായി എന്നെ നോക്കി…..

ശരി, സമ്മതിച്ചിരിക്കുന്നു.. നിന്റെ ഇഷ്ടം പോലെ.. പക്ഷെ നിന്റെ പേരെന്താണെന്നെങ്കിലും പറയൂ…

അതെനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല .. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വിഷ്ണുവിന് വൈകാതെ കിട്ടും.. അതുവരെ കാത്തിരിക്കുക..
വിഷ്ണു പോയി കിടന്നോളൂ വെറുതെ മഞ്ഞു കൊള്ളേണ്ട… ഞാൻ ഇവിടെ ഇങ്ങനെ …..

എന്റെ ഉറക്കം ഒക്കെ കണക്കാ… ഞാൻ പോവുന്നില്ല… ഏതായാലും ഈ രാവ്‌ വെളുക്കും വരെ ഞാനും നിനക്ക് കൂട്ടിരിക്കാം…..

സത്യമാണോ വിഷ്ണു….?

ഉം .. സത്യം …

വിഷ്ണുവിനറിയാമോ …ഈ നിമിഷം ഞാനെത്ര സന്തോഷവതിയാണെന്ന്.. വിഷ്‌ണുവിന്റെ കൂടെയുള്ള കുറെ നിമിഷങ്ങൾ ഞാൻ എത്രയേറെ ആഗ്രഹിക്കുന്നു എന്ന്…. ?

ഞാൻ വെറുതെ ചിരിച്ചു ….
എനിക്കവളെ വിട്ടുപോവാൻ തോന്നിയില്ല… എന്തോ ഞാൻ അവളോട് അടുക്കുന്ന പോലെ ഒരു തോന്നൽ.. അവൾ എന്റെ ആരോ ആണെന്ന തോന്നൽ ….
ഈ രാവ്‌ പുലരാതിരുന്നെങ്കിൽ ഇവൾ എന്നെ വിട്ട് എങ്ങും പോവാതിരുന്നെങ്കിൽ….. ഇവളോടൊപ്പമുള്ള ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ

അവളപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ….

ഭാഗം – 3

എന്താ ഇത്ര കാര്യമായി നോക്കുന്നത് …?

“ഈ നക്ഷത്രങ്ങളെ കണ്ടോ… മകര മഞ്ഞിൻ കുളിരുള്ള ഈ തണുത്ത രാത്രിയിൽ കണ്ണെടുക്കാതെ ഇവയെ ഇങ്ങനെ നോക്കിയിരിക്കാൻ ഒരു സുഖാണ്‌ ” നമുക്ക് നഷ്ടമായ എന്തൊക്കെയോ തിരികെ കിട്ടുന്ന പോലെ ഒരു സന്തോഷം..”
മരിച്ചു പോയോരൊക്കെ ഇങ്ങനെ നക്ഷത്രങ്ങളായി വരുംന്ന് പറയണത് ശരിയാണോ വിഷ്ണൂ”
അവൾ അവനെ ആർദ്രമായി നോക്കി.

എനിക്ക് അതിലൊന്നും വിശ്വാസം ഇല്ല… എന്നാലും ഈ നക്ഷത്രങ്ങൾക്കൊക്കെ ഓരോ പേരുണ്ട് … അറിയാമോ..?

ആഹാ അത് കൊള്ളാലോ… എങ്കിൽ ആ കാണുന്ന കുഞ്ഞു നക്ഷത്രത്തെ കണ്ടോ ?

ഉം …. ഒരു പ്രത്യേക തിളക്കമുണ്ട് അതിന്‌

അതിന്റെ പേരെന്താണെന്നു അറിയാമോ വിഷ്ണുവിന്.. ?

“ഖുംഘി ” എന്നായിരിക്കും…

ഹ ഹ .. അതെന്ത് പേരാ….? അവൾ കുലുങ്ങി ചിരിച്ചു….

അല്ല സാധാരണ ഈ നക്ഷത്രങ്ങൾക്കൊക്കെ വിചിത്രമായ പേരുകളായിരിക്കും….. ഇവൾക്ക് ഈ പേരിരിക്കട്ടെ, കേൾക്കുന്നവർ വല്ല ഗ്രീക്കോ റോമനോ ആണെന്ന് കരുതിക്കോളും…..

ന്നാലും ഇതൊരു വല്ലാത്ത പേരായിപ്പോയി..

ആ പേര് മതി.. ഞാൻ ആദ്യമായിട്ട് ഒരു പേരിട്ടതല്ലേ …

ആയിക്കോട്ടെ വിഷ്ണുവിന്റെ ഇഷ്ടം..
അവൾ ചിരിച്ചുകൊണ്ട് വീണ്ടും അകലെ എവിടേക്കോ നോക്കി നിന്നു…
അവളുടെ ചോദ്യം വീണ്ടും മനസ്സിലേക്കോടി വന്നു… മരിച്ചു പോയോരൊക്കെ ഇങ്ങനെ നക്ഷത്രങ്ങളായി വരുംന്ന്‌ പറയണത് ശരിയാണോ വിഷ്ണൂ..?


മാനാഞ്ചിറ സ്‌ക്വയറിലെ പുൽത്തകിടിയിൽ ഞാനിരിക്കുന്നു…
സുകന്യ എന്റെ ചുമലിൽ തല ചായ്ച്ച്‌ എന്നോട് ചേർന്നിരിക്കുന്നു

വിഷ്ണൂ … അവൾ വിളിച്ചു…

ഉം ..
ഈ നക്ഷത്രങ്ങളെ കണ്ടോ..? എന്ത് ഭംഗിയാണല്ലേ… കണ്ണെടുക്കാതെ ഇവയെ ഇങ്ങനെ നോക്കി നിൽക്കാൻ ഒരു സുഖാണല്ലേ… മരിച്ചു പോയൊരൊക്കെ ഇങ്ങനെ നക്ഷത്രങ്ങളായി വരുമെന്ന് അച്ഛമ്മ പറയാറുണ്ട്…. മരിച്ചു കഴിഞ്ഞു നമുക്കും രണ്ടു കുഞ്ഞു നക്ഷത്രങ്ങളാവണം… സൂക്ഷിച്ചു നോക്കിയാൽ കാണാം ഓരോ നക്ഷത്രങ്ങളും ചെറുതായി നീങ്ങി നീങ്ങി പോവുന്നത് .. അപ്പൊ നമുക്കും അതുപോലെ സഞ്ചരിക്കാൻ പറ്റുമായിരിക്കും….. നമുക്ക് സഞ്ചരിക്കണം.. ആദ്യമായി നമ്മൾ കണ്ടു മുട്ടിയ ക്ഷേത്ര കവാടം മുതൽ നമ്മുടെ സ്നേഹത്തിന്റെ പാദ സ്പർശം പതിഞ്ഞ ഓരോ വഴിയിലൂടെയും എന്നും സഞ്ചരിക്കണം….

ശരി, നമുക്ക് എല്ലായിടത്തും സഞ്ചരിക്കാം.. പക്ഷെ അതൊക്കെ നമ്മൾ മരിച്ചു കഴിഞ്ഞുള്ള കാര്യങ്ങളല്ലേ ഇപ്പൊ എന്തിനാ അതിനെക്കുറിച്ചൊക്കെ ആലോചിക്കുന്നത്…

വെറുതെ … ഈ നക്ഷത്രങ്ങളെ കാണുമ്പോൾ വെറുതെ അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു പോവുന്നു……മരണത്തിനു പോലും നമ്മുടെ പ്രണയത്തെ പിരിക്കാനാവരുത് മരണത്തിനപ്പുറവും രണ്ടു നക്ഷത്രങ്ങളായി നമുക്ക് പ്രണയിക്കണം നാം ഒരുമിച്ചു നടന്ന വഴികളിലൂടെയൊക്കെ വീണ്ടുമൊരുമിച്ചു നടക്കണം ..

മരണത്തിനപ്പുറമല്ല ജന്മ ജന്മാന്തരങ്ങൾക്കപ്പുറവും നമ്മൾ പിരിയില്ല .. പ്രണയിച്ചു കൊണ്ടേയിരിക്കും..

വിഷ്ണൂ.. അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു .. എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല

സുകന്യേ .. സമയം ഒരുപാട് വൈകുന്നു ..വരൂ നമുക്ക് പോവാം.. ഞാൻ നിന്നെ ഹോസ്റ്റലിൽ കൊണ്ട് വിടാം…
സി എം സി വെല്ലൂർ ആശുപത്രി വരാന്തയിൽ അവളെ ചേർത്ത് പിടിച്ചു ഞാൻ നിന്നു….

വിഷ്ണൂ… ഈ ഞണ്ട് എന്നെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു… എനിക്കിനി അധികം സമയമില്ലെന്നാണ് തോന്നുന്നത്… ഒരു പക്ഷേ ഞാൻ മരിച്ചാലും എന്നെ ഓർത്തു വിഷ്ണു സങ്കടപ്പെടരുത്… എന്നെ പ്രതി വിഷ്ണുവിന്റെ ജീവിതം പാഴാക്കരുത്..
ഒരു നല്ല പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കണം… നിങ്ങൾ ഒരുപാട് കാലം സന്തോഷമായി ജീവിക്കുന്നത് എവിടെയെങ്കിലും ഇരുന്ന് എനിക്ക് കാണണം….

സുകന്യേ … എന്തിനിപ്പോ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നു… നീയില്ലാത്ത ലോകം എനിക്ക് സങ്കൽപ്പിക്കാൻ പോലും ആവുന്നില്ല… അരുതേ ഇങ്ങനെ ഓരോന്നു പറഞ്ഞു എന്നെ ഇനിയും വേദനിപ്പിക്കരുതേ… ഡോക്ടർ പറഞ്ഞില്ലേ നിനക്ക് ഒന്നുമില്ലെന്ന്‌… നാളത്തെ സർജറി കഴിഞ്ഞാൽ ഈ ഞണ്ട് പൂർണ്ണമായും നിന്നെ വിട്ടു പോവുമെന്ന്….. വരൂ.. നമുക്ക് വാർഡിലേക്ക് പോവാം നിനക്കുറങ്ങാൻ സമയമായി….
വാർഡിലെ കിടക്കയിൽ അവളെ കിടത്തി….. അവളുടെ അരികിൽ കട്ടിലിൽ മുഖം വെച്ച് നിലത്തിരുന്നു..
ഉറങ്ങിക്കോളൂ ഈ രാത്രി മുഴുവൻ എനിക്കിവിടെ നിന്നെ നോക്കി ഇങ്ങനെ ഇരിക്കണം… അവളുടെ കണ്ണുകൾ നിറയുന്നുണ്ട് …
എന്താ ഇത്…? കരയുന്നോ..? ഈ സമയത്ത് മനസിനു ഭാരം കൊടുക്കരുത് എന്നല്ലേ ഡോക്ടർ പറഞ്ഞത്…? ഉറങ്ങൂ.. മറ്റൊന്നും ആലോചിക്കാതെ ശാന്തമായ മനസ്സോടെ ഉറങ്ങിക്കൊള്ളൂ… പുലരുവോളം നിനക്ക് കാവലായി ഞാൻ ഇവിടെ തന്നെ ഉണ്ട്…..

വിഷ്ണൂ… ഇപ്പൊ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടി ഞാനാണെന്നു തോന്നുന്നു… അവൾ ചിരിച്ചു …
ഞാൻ പതിയെ അവളുടെ നെറുകയിൽ തലോടി… അവൾ കണ്ണുകൾ മെല്ലെ അടച്ചു ഉറക്കത്തിലേക്ക്……

ഭാഗം – 4

ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ അക്ഷമനായി ഞാൻ … അറിയാവുന്ന ദൈവങ്ങളെയെല്ലാം നെഞ്ചുരുകി വിളിച്ചു ഞാൻ പ്രാർത്ഥിച്ചു അവളെ എനിക്ക് വിട്ടു തരണേ എന്ന്…..

കുറെ നാളുകൾക്കു ശേഷമുള്ള മറ്റൊരു സന്ധ്യ .. ഇപ്പോൾ ഞങ്ങൾ ഒരുപാട് ഉയരത്തിലാണ് …..കബനീ നദി തൊട്ടു തലോടുന്ന ആ കൊടുമുടിയുടെ മുകളിൽ ഹൃദയസരസ്സ് എന്ന തടാകം… ഹൃദയത്തിന്റെ ആകൃതിയിലുള്ള ആ തടാകക്കരയിൽ കൊടുംതണുപ്പാണ്…മെയ്യോടു മെയ്യാൽ ചൂടുപകർന്നു ഒരു കമ്പളം പുതച്ചു ഞങ്ങൾ ഇരുന്നു… അവിടമാകെ നീലക്കുറിഞ്ഞികൾ പൂത്തു നിന്നിരുന്നു…

വിഷ്ണൂ ഈ പൂക്കൾ എത്ര മനോഹരമാണല്ലേ….? പന്ത്രണ്ടു സംവത്സരങ്ങൾക്കു ശേഷം ഈ പൂക്കൾ ഇപ്പോൾ വിരിഞ്ഞത് നമുക്ക് വേണ്ടിയാണെന്ന് എനിക്കിപ്പോ തോന്നുന്നു … നിനക്കറിയാമോ ഇവിടുത്തെ ആദിവാസികൾ ഇതിന്റെ തേൻ ശേഖരിക്കാറുണ്ട്…. ഇത്രയും നിർമ്മലമായ ഈ പൂക്കളെ മേഘപടലങ്ങൾ തഴുകിത്തലോടുന്നത് കണ്ടു കൊണ്ടിരിക്കാൻ മനസ്സിനെന്തു സുഖമാണല്ലേ…

ഉം ..

ഈ തടാകം കണ്ടോ, പച്ച വിരിച്ച ഈ താഴ്വാരത്തിനു നടുവിൽ ഒരു കൊച്ചു ഹൃദയം…. ഈ തടാകത്തിന്റെ ഇരുവശങ്ങൾ നമ്മളാണ്…. ഇരുപാതികൾ ചേർന്ന് ഒരേ ഹൃദയമായിത്തീർന്ന നമ്മൾ……

ഞാനവളെ എന്റെ മാറോടടുപ്പിച്ചു….

വെളുപ്പാൻകാലത്ത് ആശുപത്രിയിലെ ശബ്ദകോലാഹലങ്ങൾ കേട്ടാണ് ഞാനുണരുന്നത്…. അവളെ നോക്കിയങ്ങനെ ഇരുന്ന് രാത്രി എപ്പോഴോ ഉറങ്ങിപ്പോയതാണ്…. ഞെട്ടിയുണർന്നതൊരു സ്വപ്നത്തിൽ നിന്നാണെന്ന ബോധ്യം എന്നെ ഏറെ നിരാശപ്പെടുത്തി….ഞാനവളെ നോക്കി…അവൾ ഉറക്കമാണ്.. വേണ്ട ഉണർത്തണ്ട.. കുറച്ചു നേരം കൂടെ അവൾ ശാന്തമായങ്ങനെ ഉറങ്ങട്ടെ …

കുളിമുറിയിൽ ചെന്ന് മുഖം കഴുകി ഒരു ചായ കുടിച്ചുവരാം എന്നോർത്ത് ഞാൻ പുറത്തിറങ്ങി…..
മടങ്ങിയെത്തിയപ്പോൾ അവൾക്കരികെ ഡോക്ടറും പരിവാരങ്ങളും കൂടി നില്ക്കുന്നു .. അവൾ ഇപ്പോഴും ഉറങ്ങുകയാണ്… ആ ഉറക്കത്തിൽ നിന്നും അവൾ ഇനിയൊരിക്കലും ഉണരില്ല എന്ന യാഥാർത്ഥ്യം എനിക്ക് ഉൾക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു .. ഞാൻ തരിച്ചു നിന്നു… എന്റെ ശരീരം തളരുന്ന പോലെ… എനിക്ക് സമനില തെറ്റുന്നു…………..


വിഷ്ണൂ …. ആ നക്ഷത്രം വിഷ്ണുവിനെത്തന്നെയാണല്ലോ നോക്കുന്നത് …

മറുപടിയില്ല

വിഷ്ണൂ …

ങേ… ആ .. എന്താ പറഞ്ഞത്….?

വിഷ്ണു ഇതേതു ലോകത്താ….? അയ്യോ കണ്ണു നിറഞ്ഞിരിക്കുന്നല്ലോ… എന്തുപറ്റി വിഷ്ണൂ… ?

ഒന്നുമില്ല ഞാനിങ്ങനെ വെറുതെ ഓരോന്നോർത്ത് …

കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു വിഷ്ണു ആകെ അസ്വസ്ഥനാണ്…. എന്തേലും പ്രശ്നമുണ്ടോ…..?

അമ്മയുടെ കത്തുണ്ട്….

ആഹാ എന്താ വിശേഷിച്ച്‌ ..?

ഞാൻ ഒരു വിവാഹം കഴിക്കണമെന്ന്.. അമ്മയുടെ ആഗ്രഹം…. ഞാൻ എന്ത് മറുപടി പറയണമെന്ന് ആലോചിക്കുകയായിരുന്നു …

അതിനെന്താ നല്ല കാര്യമല്ലേ…? ഇതിലെന്താ ഇത്ര ആലോചിക്കാൻ..?

ഞാൻ … എനിക്ക് ……..

വിഷ്ണു ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ….?

അതെന്താ അങ്ങനെ ചോദിച്ചത്…?

വിഷ്ണുവിന്റെ മുഖത്ത് നിന്നും എനിക്കത് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്…

ശരിയാണ് … സുകന്യ …അവളെ എനിക്ക് നഷ്ടമായിരിക്കുന്നു എന്ന സത്യം എനിക്കിനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല …….. അവളുടെ ഓർമ്മകൾ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു… കഴിഞ്ഞ എട്ടുവർഷമായി ഈ അലച്ചിലാണ്…..ഏതൊക്കെ നാടുകൾ .. എത്രയോ ആളുകൾ ഭാഷകൾ സംസ്കാരങ്ങൾ ….. ഒന്നിനും മനസ്സ് തണുപ്പിക്കാനാവുന്നില്ല…. ഇപ്പോഴും ഞാനലയുകയാണ്…. ഇടയ്ക്കു വീട്ടിലേക്കു ചെന്നുകയറും അമ്മയെ ഒന്ന് കാണാൻ…. അമ്മക്കെപ്പോഴും പരിഭവങ്ങളാണ്….അമ്മയുടെ പരാതിക്കെട്ടുകൾ അഴിയുമ്പോൾ ഞാൻ വീണ്ടും അസ്വസ്ഥനാവുന്നു…. അച്ഛനൊന്നും പറയാറില്ല… നിനക്ക് സുഖമല്ലേ എന്ന് മാത്രം ചോദിക്കും……പക്ഷെ ആ മുഖത്ത് എനിക്ക് കാണാം അച്ഛൻ എന്നോട് പറയാതെ പറയുന്നതൊക്കെ .. അല്ലെങ്കിൽ തന്നെ അച്ഛന് പറയാനുള്ളതൊക്കെയും ‘അമ്മ പറയുന്നുണ്ടല്ലോ….അതുകൊണ്ടായിരി ക്കാം അച്ഛൻ ഒന്നും പറയാത്തത്…. ഒന്നാലോചിച്ചാൽ ‘അമ്മ പറയുന്നതിലും കാര്യമുണ്ട്… പക്ഷെ എനിക്ക് … ഞാൻ ….. അവളുടെ ഓർമ്മകളിലാണ് ഇന്നെന്റെ ജീവിതം….. മറ്റൊരു ലോകത്തെക്കുറിച്ച്‌ എനിക്ക് സങ്കല്പിക്കാനാവില്ല…… എനിക്കറിയാം അവൾ ഇനി തിരിച്ചു വരില്ലെന്ന്… പക്ഷേ അവളുടെ ഓർമ്മകളിലിങ്ങനെ ജീവിക്കണം എനിക്ക്… എന്റെ മരണം വരെ….

വിഷ്ണു മദ്യപിച്ചിട്ടുണ്ടോ .. ?

ഇന്നൊരല്പം….?

ആദ്യം തന്നെ എനിക്ക് കിട്ടിയിരുന്നു മദ്യത്തിന്റെ ഗന്ധം… വിഷ്ണു ഈ ചെയ്യുന്നതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ …? പ്രണയത്തിന്റെ ഓർമ്മകളിൽ ജീവിക്കാം അത് തെറ്റല്ല.. പക്ഷെ നിങ്ങൾ ജീവിക്കുകയല്ല.. നശിക്കുകയാണ്…. എത്ര അധ:പതിച്ച ജീവിതമാണ് വിഷ്ണു നയിക്കുന്നതെന്ന് അറിയാമോ…… കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലെ പൊതു കക്കൂസിനടുത്ത് മദ്യപിച്ചു ബോധമില്ലാതെ കിടന്നിരുന്ന വിഷ്ണുവിനെ കുറേപേർ ചേർന്ന് പൊക്കിയെടുത്താണ് ഇവിടെ കൊണ്ടുവന്നിട്ടത്‌…. എന്താണ് നിങ്ങൾ കരുതുന്നത് ഇതൊക്കെ കണ്ട്‌ അവൾ സന്തോഷിക്കുകയാണെന്നോ…..? എങ്കിൽ നിങ്ങള്ക്ക് തെറ്റി….നിങ്ങളുടെ ഈ ജീവിത രീതിയിൽ ഏറ്റവുമധികം വേദനിക്കുന്നത് അവളുടെ ആത്മാവായിരിക്കും…..

ഓർക്കാപ്പുറത്ത് പിന്നിൽ നിന്നും കനത്തൊരു പ്രഹരമേറ്റതുപോലെ ഞാൻ നിന്നു …. അരുതേ …. എന്നോടീ ക്രൂരതയരുതേ….ഹൃദയം നുറുങ്ങുന്ന വാക്കുകൾക്കൊണ്ടെന്നെ വേദനിപ്പിക്കരുതേ …എനിക്കിതു കേൾക്കാനുള്ള ശക്തിയില്ല ….ഞാൻ.. അവൾ എനിക്ക്…..

ഇല്ല കേൾക്കണം… ഇനിയിത് പറയാൻ വേണ്ടി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാവുമെന്ന് തോന്നുന്നില്ല.. എനിക്കിപ്പോ വിഷ്ണുവിനോട് ഇത് പറഞ്ഞേ പറ്റൂ… അതിനുവേണ്ടിയാണ് ഞാൻ വന്നത്…. നിങ്ങളറിയുന്നുണ്ടോ..? നിങ്ങളുടെ ഈ ജീവിത രീതികൾ ഏറ്റവുമധികം വേദനിപ്പിക്കുന്നത് അവളെയാണ് … അവളുടെ ആത്മാവ് എല്ലാം കാണുന്നുണ്ട്… അവളെ പ്രതിയാണല്ലോ നിങ്ങളിങ്ങനെ നശിച്ചു ഇല്ലാതാവുന്നതെന്നോർത്ത് അവൾ വേദനിക്കുന്നു…..
വിഷ്ണു ഒന്നാലോചിച്ചു നോക്കൂ എന്താണ് നിങ്ങളീ ചെയ്യുന്നതിന്റെയൊക്കെ അർഥം….? നിങ്ങൾക്കൊരു മനുഷ്യനായിക്കൂടേ..?
നിസ്വാർത്ഥമായി നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ അച്ഛനും അമ്മയും … അവരോടു നിങ്ങൾ കാണിക്കുന്നത് നീതിയാണോ….?നിങ്ങളെക്കുറിച്ചോർത്ത് ദിനംപ്രതി ഉരുകുകയല്ലേ അവരുടെ മനസ്സ്….?
നിങ്ങളുടെ ഈ ജീവിതം കൊണ്ട് ആർക്ക് എന്താണൊരു പ്രയോജനം..? എല്ലാവർക്കും വേദന മാത്രം സമ്മാനിക്കുന്ന ഈ നശിച്ച രീതികൾ മാറ്റിക്കൂടെ ….? വിഷ്ണൂ നമ്മളെ സ്നേഹിക്കുന്നവർക്ക് ആ സ്നേഹം തിരിച്ചു നൽകാൻ പറ്റിയില്ലെങ്കിലും കുറഞ്ഞ പക്ഷം അവരെ വേദനിപ്പിക്കാതിരിക്കുകയെങ്കിലും വേണം…. അതിനു കഴിഞ്ഞില്ലെങ്കിൽ അതൊരു വലിയ അപരാധമായിരിക്കും… വളരെ വലിയ അപരാധം…. വിഷ്ണു ശാന്തമായ മനസ്സോടെ നല്ലോണം ഒന്നാലോചിക്ക്…. എന്നിട്ട് ഒരു തീരുമാനം എടുക്കൂ.. എനിക്കുറപ്പുണ്ട് വിഷ്ണുവിന് അതിനു കഴിയും…..

ഒന്നും മിണ്ടാനാവാതെ ഞാൻ തലതാഴ്ത്തി നിന്നു…. അവൾ എന്നെ ഉറ്റു നോക്കുന്നുണ്ട്….. പരസ്പരം ഒന്നും മിണ്ടാതെ അങ്ങനെ കുറെ നേരം….. എന്റെ ഹൃദയം അപ്പോൾ നീറിപ്പുകയുകയായിരുന്നു…. ഒടുവിൽ അവൾ ചോദിച്ചു …

വിഷ്ണു അമ്മക്ക് മറുപടി എഴുതുകയല്ലേ അപ്പോൾ …?…

ഞാൻ എഴുതുന്നില്ല ……

ശരി അത് വിഷ്ണുവിന്റെ ഇഷ്ടം… സൂര്യനുദിക്കാറാവുന്നു.. എനിക്ക് പോവാൻ സമയമായി വിഷ്ണൂ… നമ്മൾ പിരിയുന്നു….
ഞാൻ മുഖമുയർത്തി ദയനീയമായി അവളെ നോക്കി…. നിനക്കറിയാമോ ? നിന്നോടടുത്ത നിമിഷം മുതൽ ഞാൻ ആഗ്രഹിച്ചിരുന്നു ഈ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന്… എന്നും നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്….

അത് പറ്റില്ലല്ലോ വിഷ്ണൂ… എനിക്ക് പോണം .. പോയേ തീരൂ… ഈ രാത്രിക്കപ്പുറം എനിക്കിവിടെ നിൽക്കാൻ അനുവാദമില്ല… എന്റെ നിയോഗമാണത് .. അത് മാറ്റാനാവില്ല..

ശരി, എങ്കിൽ ഇപ്പോളെങ്കിലും പറയൂ…
നീ ആരാണ്..? കുറഞ്ഞപക്ഷം നിന്റെ പേരെന്താണെന്നെങ്കിലും പറയൂ….

അവൾ പുഞ്ചിരിച്ചു … ഞാൻ പറഞ്ഞില്ലേ വിഷ്ണൂ ? എല്ലാത്തിനുമുള്ള ഉത്തരം ഒരിക്കൽ വിഷ്ണുവിന് കിട്ടും..
ഇപ്പോൾ എനിക്ക് വിട തരൂ ഞാൻ പോകട്ടെ …
അവൾ പതിയെ പുറകോട്ടു നടന്നു അകന്നു പോവുന്തോറും അവളുടെ രൂപം അവ്യക്തമായിക്കൊണ്ടിരുന്നു.. ഒടുവിൽ ഞാൻ നോക്കി നിൽക്കെ അവൾ ഒരുപിടി പ്രകാശകിരണങ്ങളായി രൂപാന്തരപ്പെട്ടു …. ആ കിരണങ്ങൾ പറന്നു വന്ന് എനിക്ക് ചുറ്റും വലംവെച്ചു .. പിന്നെ ആകാശത്തേക്കുയർന്നു….. അനന്തരം ഞാൻ വിചിത്രമായ നാമകരണം ചെയ്ത കുഞ്ഞു നക്ഷത്രത്തിലേക്ക് ആ പ്രകാശ രശ്മികൾ ലയിച്ചു ചേർന്നു……
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഞാനാ ചെമ്പകമരച്ചുവട്ടിൽ നിന്നു……..

ഭാഗം – 5

മുറിക്കകത്ത് അക്ഷമനായി ഞാൻ നടന്നു …. എത്ര സിഗരറ്റുകൾ പുകഞ്ഞു തീർന്നെന്ന് ഓർമ്മയില്ല …… എന്തായിരുന്നു ഇന്നലെ സംഭവിച്ചത്… ?
ആരായിരുന്നു അവൾ …? ഇതൊരു സ്വപ്നമാണോ …? അല്ല സ്വപ്നമല്ല…
പിന്നെ … പിന്നെ എന്താണിതൊക്കെ…
ഹേ.. അജ്ഞാത സുന്ദരീ… എന്തിനായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് ഒരു നറു നിലാവ് പോലെ കടന്നു വന്നത്….? ഒറ്റ രാത്രി കൊണ്ടെന്റെ ഇന്നലെകളെ വീണ്ടുമെന്റെ കണ്മുന്നിലേക്കെത്തിച്ച്‌ എന്റെ മനസ്സിനെ കീറിമുറിക്കാനോ….? അറിയാതെ വന്നു ചേരുന്ന ചില നിമിഷങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് എനിക്ക് കാണിച്ചു തരാനോ…? അല്ലെങ്കിൽ അമ്മയോടെന്ത് പറയണമെന്നറിയാതെ കുഴങ്ങി നിന്ന എന്റെ ചിന്തകളെ വഴിതിരിച്ചു വിടാനോ..?.. ഇനിയും മുറിവുകളുണങ്ങാത്ത ഈ ഹൃദയത്തിലേക്ക്‌ പ്രതീക്ഷകളുടെ വിത്തെറിഞ്ഞു ഒരു നിമിഷം കൊണ്ടതൊക്കെ തിരിച്ചെടുക്കാനോ..?
ഒരു രാത്രി ഒരുപാടെന്നെ മോഹിപ്പിച്ചിട്ട് ഞൊടിയിടയിലെങ്ങോട്ടോ കടന്നു കളയാനായിരുന്നെങ്കിൽ നീ വരേണ്ടിയിരുന്നില്ല…….

ഷെൽഫിൽ കുപ്പികളൊരുപാടിരിപ്പുണ്ട്.. മുൻപായിരുന്നെങ്കിൽ ഈ നശിച്ച സംഘർഷങ്ങളിൽ നിന്ന് രക്ഷപെടാൻ ഞാൻ അതിനെ ഉപയോഗപ്പെടുത്തിയേനെ… പക്ഷെ ഇപ്പോൾ എന്തുകൊണ്ടോ എനിക്കതിനു കഴിയുന്നില്ല… അറിയാതെ ഞാനതിനെ വെറുത്തു തുടങ്ങുന്നുവോ…..?എനിക്കെന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവുന്നില്ല.. എനിക്ക് ഉത്തരം കിട്ടാത്ത ഒരു കടങ്കഥ പോലെ ഇപ്പോൾ നീയെന്റെ മുൻപിൽ നിൽക്കുന്നു ….. പറയൂ …ആരാണ് നീ…?..
ഹാ .. എന്റെ തല പുകയുന്നു……..

അമ്മയോട് ഞാനെന്തു പറയണം….. അമ്മയുടെ വാക്കുകൾ എന്നെ വീണ്ടും വിവശനാക്കുന്നു …… എന്റെ തീരുമാനത്തെക്കുറിച്ചു അമ്മക്കെഴുതാൻ തുടങ്ങുമ്പോഴൊക്കെ അവൾ പറഞ്ഞ കാര്യങ്ങൾ മനസ്സിലേക്കോടിയെത്തുന്നു…. “നിങ്ങൾ കരുതുന്നുണ്ടോ ഇതൊക്കെ കണ്ടു അവൾ സന്തോഷിക്കുകയാണെന്ന്‌……
ഹാ ……… നിങ്ങൾ ജീവിക്കുകയല്ല നശിക്കുകയാണ്….. അവളുടെ ആത്മാവ് വേദനിക്കുന്നു …………….”
ഹോ … എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെ…. തലക്കകത്ത് ആകെ ഒരു മരവിപ്പ്….. ഹാ എനിക്ക് കഴിയുന്നില്ല .. ഞാൻ തളരുന്നു….. അമ്മേ…. എന്റെ പൊന്നമ്മേ……..

ഹേ … പെൺകൊടീ .. നീ അറിഞ്ഞിരുന്നോ മഞ്ഞുകണങ്ങൾ ചെമ്പകമരത്തെ ചുംബിച്ചിരുന്ന ആ രാവിൽ ഞാൻ അനുരാഗിയായിരുന്നു… അതെ എന്നിൽ പ്രണയമായിരുന്നു…..
ഒരു മായക്കാഴ്ച പോലെ നീ പറന്നകലുമ്പോൾ നിന്നോടൊപ്പം യാത്രയായത് എന്നിലെ പ്രതീക്ഷകളാണ്……..
ഒരു സ്വപ്നം പോലെ എന്റെയീ സ്വൈരജീവിതത്തിലേക്കു നീ കടന്നു വന്നു…., നീ എന്നിലൊരു പുതിയ ലോകം തീർത്തിരിക്കുന്നു….. ഇതിന്റെ കൂടു പൊട്ടിച്ചു പുറത്തുവരാൻ എനിക്ക് കഴിയുന്നില്ല……

നേരം സന്ധ്യയാവുന്നു…..
ഇല്ല നീ എങ്ങും പോയിട്ടില്ല… ഇവിടെ തന്നെയുണ്ട്… അങ്ങനെ എന്നെ വിട്ടുപോവാൻ നിനക്കാവുമോ…? ഇനിയുള്ള രാത്രികളിൽ എനിക്ക് മാത്രം കൊതിതീരെ നോക്കി നിൽക്കാൻ, ഈ ജന്മം മുഴുവൻ എനിക്ക് പ്രണയിക്കാൻ… എന്നാൽ പേര് ചൊല്ലി വിളിക്കപ്പെട്ട ആ കുഞ്ഞു നക്ഷത്രമായി നീ വീണ്ടും ഉദിക്കും……..
ഞാൻ മെല്ല ആ ചെമ്പകമരച്ചോട്ടിലേക്ക് നടന്നു…. പ്രതീക്ഷയോടെ ആകാശത്തേക്ക് നോക്കി…. എന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാൻ തളർന്നിരുന്നു….. ഇല്ല അവൾ ഇവിടെയെങ്ങുമില്ല….. പ്രിയപ്പെട്ടവളേ എന്റെ കാഴ്ചകൾക്കുമപ്പുറത്തേക്ക് നീ പറന്നകന്നുവോ…. ഒരു സ്വപ്നം പോലെ പ്രണയമായ് എന്നിൽ അവതരിച്ച നീ ഒരു മിഥ്യയെന്നു ഞാൻ വിശ്വസിക്കുന്നതെങ്ങനെ… ഇല്ല അങ്ങനെ എന്നെ വിട്ടു പോവാൻ നിനക്കാവില്ല … നീ വരും … നീ വരുന്നതും കാത്ത് ഈ ചെമ്പകമരച്ചുവട്ടിൽ ഞാൻ ഉണ്ടാവും….

ദിവസങ്ങൾ കടന്നുപോയി…. നിരാശയുടെ പ്രതിരൂപമായി ഞാൻ മരവിച്ചിരുന്നൊരു നാളിൽ വീണ്ടും അമ്മയുടെ കത്ത്……..

മോനേ .. ഇനിയും നിന്റെ മറുപടിക്കായി ഞാൻ കാക്കുന്നില്ല…..’അമ്മ നിനക്കൊരു പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ട് …. ശ്രീ ദേവി…. നല്ല കുട്ടിയാ… ഒരു പാവമാണ്…എന്റെ മോന് ഇതുമതി…. ഇത്തവണ അമ്മയുടെ വാക്കു നീ തട്ടില്ല… എന്റെ മനസ്സ് പറയുന്നു…. അവളുടെ ഒരു ഫോട്ടോ ഇതോടൊപ്പം വെക്കുന്നു … ന്റെ കുട്ടിക്ക് ഇഷ്ടാവും അമ്മക്ക് വിശ്വാസമുണ്ട് …
സ്നേഹത്തോടെ ……..
‘അമ്മ…………

എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു… കുറെ നേരം ഞാൻ ആ കത്തുപിടിച്ച്‌ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അങ്ങനെ ഇരുന്നു… ഇപ്പോൾ എന്റെ ഹൃദയത്തിന്റെ മുഴക്കം എനിക്ക് കേൾക്കാം……
ഞാൻ ആ ഫോട്ടോ പുറത്തെടുത്തു….
ഒന്നേ നോക്കിയുള്ളൂ…. ഞാൻ ഞെട്ടിത്തരിച്ചു പോയി….. അവൾ…അവളുടെ മുഖം…… ആത്മ സംഘർഷങ്ങളുടെ ഒരു രാവിൽ എന്നെ ഒരു സ്വപ്നലോകത്തിലൂടെ നടത്തി ഒടുവിൽ ഒരു യാത്രാമൊഴിയോടെ അങ്ങ് ദൂരെ ദൂരെ ഒരു നക്ഷത്രമായി അലിഞ്ഞു ചേർന്നവൾ…….. ഈശ്വരാ എന്താണിതൊക്കെ….? എനിക്കെന്താണ് സംഭവിക്കുന്നത്….? ഇപ്പോൾ ഞാനുണ്ടെന്ന് വിശ്വസിക്കുന്ന ഈ ലോകം… യാഥാർഥ്യമോ , മിഥ്യയോ, അതോ മായയോ….?
ഒരു മസ്തിഷ്കപ്രക്ഷാളനം പോലെ എനിക്കുൾക്കൊള്ളാനാവാത്ത എന്തോ ഒന്ന് എന്റെ ബോധമണ്ഡലത്തെ കീറിമുറിക്കുന്നു…… വൈരുദ്ധ്യങ്ങളുടെ ഈ തണുത്ത രാവിൽ ഞാൻ ഉന്മാദിയാവുന്നു…….
അമ്മേ….. എനിക്കിപ്പോൾ എന്റെ അമ്മയെ കാണണം…. അച്ഛനെ കാണണം… ഒരു രാവ് മുഴുവൻ എനിക്കെന്റെ പൊന്നമ്മയെ കെട്ടിപ്പിടിച്ചൊന്ന് ഉറക്കെ പൊട്ടിക്കരയണം………………… ഞാൻ ആ ഫോട്ടോ വലിച്ചെറിഞ്ഞു……


വിവാഹ രാത്രി……
മുല്ലപ്പൂക്കൾ വിരിച്ച കട്ടിലിന്റെ ഓരത്തിരുന്ന്‌ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവളെന്റെ മുഖത്തേക്കുറ്റു നോക്കുകയാണ്……

എന്നിട്ട്…..?…

എന്നിട്ട്‌ .. അവൾ മെല്ലെ പുറകോട്ടു നടന്നു … ഞാൻ നോക്കി നിൽക്കെ ഒരുപിടി പ്രകാശകിരണങ്ങളായി എന്നെ വലംവെച്ച് അങ്ങ് ദൂരെ ഞാൻ “ഖുംഘി” എന്നുവിളിച്ച ആ നക്ഷത്ത്രത്തിലേക്ക് അലിഞ്ഞുചേർന്നു……

ദേവീ…
അവൾ കേട്ടില്ല…. അവൾ മറ്റേതോ ലോകത്തെന്നപോലെ ജനല്പാളികളിലേക്കു കണ്ണയച്ചങ്ങനെ ഇരിക്കുന്നു….

“ദേവീ…” ഞാൻ ഉറക്കെ വിളിച്ചു….

അവൾ ഞെട്ടിത്തിരിഞ്ഞെന്നെ നോക്കി…പൊടുന്നനെ അവൾ എന്റെ കയ്യിൽ കടന്നു പിടിച്ചു…. ഒരു വല്ലാത്ത മുഖഭാവത്തോടെ അവൾ പറഞ്ഞു

വരൂ ……

എങ്ങോട്ട് …..?

അതൊക്കെ പറയാം … വേഗം വരൂ …
അവൾ എന്നെയുംകൊണ്ട് മുകളിലേക്ക് പോയി… ഒരു കിതപ്പോടെ ആകാശത്തേക്ക് വിരൽ ചൂണ്ടിയിട്ട് അവൾ പറഞ്ഞു ….
നോക്കൂ …. അവിടെ എവിടെയെങ്കിലും അവൾ ഉണ്ടോ എന്ന് ….

ഞാൻ ആകാശത്തേക്ക്‌ നോക്കി….. അത്ഭുദം നിറഞ്ഞ കണ്ണുകളാൽ ഞാൻ കണ്ടു…. “ഖുംഘി”…..
വിറയാർന്ന സ്വരത്തിൽ ഞാൻ പറഞ്ഞു
അതെ അവൾ വീണ്ടും ഉദിച്ചിരിക്കുന്നു.. അതാ അവിടെ ….

അവൾ അങ്ങോട്ടു തന്നെ നോക്കി നിന്നു.. പിന്നീട് വല്ലാത്തോരു മുഖഭാവത്തോടെ പറയാൻ തുടങ്ങി..

അതെ അത് അവളാണ്…. സുകന്യ… അവളാണത്…. അവൾ നമ്മളെ കാണാൻ വന്നതാണ്…. സൂക്ഷിച്ചു നോക്കൂ… അതവളല്ലേ..? അവൾ ഇപ്പോൾ സന്തോഷവതിയായി കാണുന്നില്ലേ…?

ആ നിമിഷം എന്നിൽ ഉയർന്നുവന്ന വികാരങ്ങൾ ഏതൊക്കെയാണെന്ന് എനിക്കറിയില്ല……..അന്നത്തെ സംഭവങ്ങൾ ഓരോന്നായി മനസ്സിലേക്കോടിയെത്തി….. ഞാൻ ആ നക്ഷത്രത്തെ നോക്കി… അതെ അതവളാണ്…..ഒരു അവധൂതയെ പോലെ ആ രാത്രിമുഴുവൻ എനിക്കരികിലുണ്ടായിരുന്നത് അവളാണ്….അവൾക്കെന്നോട് പറയാനുണ്ടായിരുന്നതെല്ലാം പറയുവാനായിരുന്നു അവൾ എന്നെക്കാണാൻ വന്നത്…. അവൾ പങ്കുവെച്ചതെല്ലാം അവൾക്കെന്നെക്കുറിച്ചുള്ള സങ്കടങ്ങളായിരുന്നു…. ഞാനത്‌ തിരിച്ചറിയാതെ പോയല്ലോ……

ഞാൻ ദേവിയെ നോക്കി…. അവൾ അനങ്ങാതെ നിൽക്കുകയാണ്… ഞാൻ വിളിച്ചു …

ദേവീ …..

ഉം ….

അന്നത്തെ രാത്രി എന്നിലേക്കൊരു വെളിച്ചമായി കടന്നുവന്ന ആ പെൺകുട്ടിക്ക് നിന്റെ മുഖമായിരുന്നു…

അവൾ നിശ്ചലയായി നിന്നു…..

അപ്പോൾ… അവൾ… അവൾ ….ഞാനായിരുന്നോ,,,,?.. എന്നിലൂടെ നിങ്ങൾ കാണുന്നത് അവളെയാണോ….?

ഒരിക്കലുമല്ല…. നീ അവളല്ല… നീ നീയാണ്…
നീയായിത്തന്നെ നിന്നെ സ്നേഹിക്കാൻ എനിക്ക് പറ്റും… അതാണ് ഇനിയെന്റെയീ ജീവിതം… നീ നീയാണ്…
എന്റെ “ദേവി”……..

അവളുടെ കണ്ണുകൾ നിറഞ്ഞുവോ..?
ഒന്നും മിണ്ടാതെ എന്റെ മാറിലേക്ക് വീണു വിതുമ്പുന്ന അവളെ അണച്ചു പിടിക്കുമ്പോൾ ഞാൻ ആ നക്ഷത്രത്തെ നോക്കി…… അവൾ ഇപ്പോൾ നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കുകയാണ്…….

ശുഭം

ജാസിം അലി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )