ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് മോനു കുന്നിന്മുകളിലേക്ക് വലിഞ്ഞുകയറി .. ഒതുക്കുകൾക്കിരുവശവുമായി തളിർത്തു നില്ക്കുന്ന പൂച്ചെടികളും ഫലവൃക്ഷങ്ങളും നോക്കിക്കൊണ്ട് അവൻ എന്തൊക്കെയോ പറഞ്ഞു .. വീട്ടിനകത്തേക്ക് കയറുമ്പോൾ ഉമ്മാമ്മ ചായയും അപ്പവും കൊണ്ടുവന്നു … ചായകുടിച്ചു കഴിഞ്ഞു നിക്കറും ബനിയനുമിട്ട് ബാഗും , വാട്ടർ ബോട്ടിലുമെടുക്കാൻ ആകത്തേക്ക് പോയി .. അപ്പോൾ ഉമ്മാമ്മ വിളിച്ചുപറഞ്ഞു , ” മോനൂ , ദാ മുനവ്വറ് വന്ന്ക്ക്ണ് ..”
“ആ .. ഞാൻ ദാ വെര്ണ് ..”
അവർ സ്‌കൂളിലേക്ക് പുറപ്പെട്ടു.. കുന്നിറങ്ങി വരമ്പത്ത് കൂടെ നടക്കുമ്പോൾ മഷിത്തണ്ട് പറിച്ചു പോക്കറ്റിലിട്ടു..
“മുനവ്വറേ , ജ്ജ് ഇന്നലെ സ്‌കൂൾക്ക് വന്നീനീലേ…?”
ഉം.. എന്തേയ്…?
“ഇന്ന്ട്ട് അന്നെ ഇന്നലെ കണ്ടീല “…. ജ്ജ് ഒന്നാം ക്ലാസ് തന്ന്യല്ലേ …?
“അയിന് പൊട്ടാ, ഞാൻ ‘എ’ ക്ളാസ്സിലാ … ജ്ജ് ‘ബി’ ക്ലാസ്സിലും”…..
“ങേ … ഇങ്ങട്ട് അരൂക്ക് നിന്നോ.. ബസ്സ് വെര്ന്ന്ണ്ട് ..”
“ബസ്സല്ലെങ്ങായ്…, അത് കാറാ”
” ഇമ്മാ , അയിന്റെ നമ്പര് കണ്ടോ…? ‘പൂജ്യം’… അത് കൊള്ളക്കാറാ … ”
“ഇമ്മേ… ഞമ്മളെ പുടിച്ചോണ്ടോകാഞ്ഞത് ഭാഗ്യം..”
അവർ സ്‌കൂളിലേക്ക് അടുത്തു …. “വെളുമ്പിയം പാടം , എം . കെ. എം.എം . എല്‌പി സ്‌കൂൾ..”
ചുവന്ന ഇഷ്ടികകൾ കൊണ്ട് പടുത്തതും തേച്ചിട്ടില്ലാത്തതുമായ ആ സ്‌കൂൾ അവരെ നോക്കി പുഞ്ചിരിച്ചു.. വേലി കടന്ന് അവർ സ്‌കൂളിലേക്ക് പ്രവേശിച്ചു .. അപ്പോൾ ചില മുതിർന്ന കുട്ടികൾ അവരുടെ അടുത്തേക്ക് വന്നു …
“പടം കാണിച്ചു തരാം , പെൻസില് തര്വോ…?”
“ഹായ് .. നോക്കട്ടെ..”
മോനു കയ്യിലുണ്ടായിരുന്ന ചോരക്കട്ടി പെൻസിലിൽ നിന്നും ഒരു കഷ്ണം പൊട്ടിച്ചു കൊടുത്തു… അവർ ഒരു പേപ്പർ നിവർത്തിക്കാണിച്ചു.. അതിൽ പലയിടത്തായി നാലഞ്ച് ചിത്രങ്ങൾ….
” ആ തത്തമ്മ എന്താ മൊളക് തിന്ന്ണത്…? അയിന് എരിയൂലേ.. ? മുനവ്വറ് ചോദിച്ചു…
“തത്തമ്മന്റെ ഭക്ഷണം മൊളകാണ്, അയിന് ഞമ്മളെപ്പോലെ നാവില്ലാത്തോണ്ട് എരിയൂല…”
അപ്പൊ അതെങ്ങന്യാ വർത്താനം പറയാ…?
“അത്.. അത് മൂക്ക്വോണ്ടാ വർത്താനം പറയാ… ” ഒരു ചെക്കൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു ..
ആ ഒടുക്കം വരച്ച്ക്കണ കിളീന്റെ പേരെന്താ…? മോനു ജിജ്ഞാസയോടെ ചോദിച്ചു ..
“ അതാണ് അഞ്ചുട്ടാൻ പക്ഷി”
അതെന്തു പശ്ശിയാ …?
“അത് .. അത് ഒരു ചോന്ത കളറുള്ള പക്ഷിയാ…” ഇങ്ങളെ സമയം കയിഞ്ഞു … ഇഞ്ഞ് കാണണെങ്കില് ഇഞ്ഞും പെൻസില് തരണം…
മാണ്ട മുനവ്വറേ.. ഞമ്മക്ക് പോകാം …
ഇജ്ജ് നടന്നോ… ഇന്റെ ക്ളാസ്സ് ഇവട്യാ…
സെരി… ഇന്നാ .. വെയ്ന്നാരം കാത്ത്ക്കണം, ഒപ്പം പോകാം..
ക്ലാസ്സിൽ ചെന്നപ്പോൾ നിൽഷാദും , ഷാജഹാനും, കലേഷും, സുധീഷുമൊക്കെ കളിക്കുകയായിരുന്നു.. മോനു അവരുടെ കൂടിച്ചേർന്നു… അപ്പോഴേക്കും ജോസഫ് സാർ ക്ലാസ്സിൽ വന്നു… കുശലാന്വേഷണത്തിന് ശേഷം, ഒന്നാം പാഠപുസ്തകം തുറക്കാൻ പറഞ്ഞു… അതിൽ വിവിധങ്ങളായ പക്ഷികളുടെയും മൃഗങ്ങളുടെയും ഒക്കെ പടങ്ങൾ കൊടുത്തിരിക്കുന്നു .. സാർ അവരുടെയെല്ലാം പേരുകൾ പറഞ്ഞുകൊടുത്തു.. എന്നിട്ട് പക്ഷികളെക്കുറിച്ചുള്ള ഒരു കഥ പറയാൻ തുടങ്ങി.. എല്ലാ കുട്ടികളും ശ്രദ്ധിച്ചിരുന്നു … പക്ഷെ, മോനുവിന്റെ മനസ്സ് അപ്പോഴും എന്തിനെയോ തേടുകയായിരുന്നു…
സ്‌കൂൾ വിട്ടു വീട്ടിൽ തിരിച്ചെത്തിയ ശേഷം മോനു പറമ്പിലൂടെ ചുറ്റിനടന്നു എന്തോ തിരഞ്ഞുകൊണ്ടിരുന്നു … അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു .. അങ്ങനെ വനാതിർത്തി വരെ അവൻ നടന്നു … പല കാഴ്ചകളും കണ്ടു… പക്ഷെ അവൻ അന്വേഷിക്കുന്നതിനെ മാത്രം കണ്ടില്ല .. അവൻ നിരാശനായി തിരിച്ചുനടന്നു.. പിറ്റേന്ന് സ്‌കൂളിന് അവധിയായിരുന്നു, അതിനാൽ നേരം വളരെയായിട്ടും മോനു ഉറക്കമുണർന്നില്ല….പെട്ടെന്ന് അമ്മായി അവനെ തട്ടിവിളിച്ചു ..
” മോന്വോ.. നീച്ച് … ഇവടെ വന്നോക്ക്.. അന്റെ ബുക്കില്ത്തെ കിളികളൊക്കെ ഞമ്മളെ മുറ്റത്ത്.. “
മോനു ചാടിയെണീറ്റ് അങ്ങോട്ട് ചെന്നു… മുറ്റത്തും പറമ്പിലുമായി ധാരാളം കിളികൾ …
ഇതെന്തൊക്കെ കിളികളാ…? അവൻ ചോദിച്ചു
” ആ വായമ്മേ ഇരിക്കണത് പച്ചക്കിളി, പിലാവ്മ്മല് മഞ്ഞക്കിളി, മുരിങ്ങാ മരത്ത്മ്മെ കാക്കത്തമ്പുരാട്ടി.. നെലത്ത് മൈനേം, പൂത്താങ്കീരീം ഒക്കെ” …. അങ്ങനെ കുറേ കിളികളുടെ പേരുകൾ അമ്മായി പറഞ്ഞുകൊടുത്തു … ” നല്ല രസണ്ട് ലേ …? തിണ്ട്മ്മെ നിന്ന് നോക്കിക്കോ …. മോനു അവിടെ നിന്ന് എല്ലാ കിളികളെയും കൗതുകത്തോടെ വീക്ഷിച്ചു… പെട്ടെന്ന് എന്തോ ഓർമ്മവന്നതുപോലെ അവൻ എല്ലാ മരങ്ങളിലും എന്തിനെയോ തിരഞ്ഞു.. ഒരുപാട് നേരത്തെ തിരച്ചിലിന് ശേഷം താഴെ പുളിമരത്തിൽ അവൻ ഒരു ചുവന്ന നിറം കണ്ടു … പ്രഭാത വെയിലേറ്റ് അതിന്റെ തൂവലുകൾ തിളങ്ങി… പൊടുന്നനെ അവന്റെ അവന്റെ മുഖത്ത് സന്തോഷംകൊണ്ട് അദ്‌ഭുതകരമായ ഒരു പുഞ്ചിരി വിടർന്നു… അവൻ ആ ദിശയിലേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി.. ആഹ്ലാദത്തോടെ അവൻ പറഞ്ഞു …
“ദേ.. അഞ്ചുട്ടാൻ പക്ഷി”
അവൻ പറഞ്ഞത് കേട്ട് വീട്ടിലുള്ളവർ പൊട്ടിച്ചിരിച്ചു.. പൊട്ടിച്ചിരികളുടെ മുഴക്കത്തിനിടയിലും അവന്റെ ശബ്ദം ഉയർന്നുകേട്ടു …
“അഞ്ചുട്ടാൻ പക്ഷി”
God bless you
ജാസിം അലി
