മരിക്കാൻ തീരുമാനിച്ചുറച്ച് രാവിന്റെ മാറിലേക്കിറങ്ങി നടന്നു…ഇത്തിരി നേരം കടൽക്കരയിലെ ബെഞ്ചിൽ കണ്ണടച്ചിരുന്ന് കഴിഞ്ഞ കാലത്തിലൂടെ പതിയെ സഞ്ചരിക്കവേ പേരറിയാത്ത ഏതോ പൂക്കളുടെ സുഗന്ധം അയാളെ ചിന്തകളിൽ നിന്നുണർത്തി..പകച്ചിരിക്കുന്ന അയാളെ നോക്കി അവൾ മൃദുവായൊന്ന് മന്ദഹസിച്ചു….മുഖവുരയില്ലാതെ അവൾ സംസാരിച്ചുതുടങ്ങി…ഒരു അന്ധാളിപ്പോടെ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാതെ അയാൾ കേട്ടിരുന്നു..പുലരിയുടെ കിരണങ്ങൾ രാവിനെ മായ്ക്കാൻ തുടങ്ങിയിരുന്നു… അവൾ എഴുന്നേറ്റ് പോവാനൊരുങ്ങി, ഒരു യാത്രപോലും പറയാതെ..
ഒന്ന് നിൽക്കൂ….
അവൾ തിരിഞ്ഞുനോക്കി…
ആരാണ് നീ, who are you..?
I am a bitch, ഈ നഗരത്തിന്റെ ഇരുട്ടിൽ ദാഹിച്ചുവലയുന്ന ആത്മാക്കൾക്ക് ശാന്തിനൽകുന്നൊരു വേശ്യ….
ഇപ്പോൾ എങ്ങോട്ടാണീ യാത്ര…?
അറിയില്ല…ഒഴിഞ്ഞ ചൂണ്ടക്കൊളുത്തിൽ കൊത്തുന്ന ഒരു ഇരയെത്തേടി ഞാൻ എത്രദൂരം സഞ്ചരിക്കേണ്ടിവരുമെന്ന് അറിയില്ല…ഇന്നലെ ഒന്നും തടഞ്ഞില്ല.. കുറേ സമയം മിനക്കെട്ടത് മിച്ചം…
ഞാനും വന്നോട്ടേ കൂടെ…?
എന്തിന്…? ഒരു രാവ് മുഴുവൻ കൂടെയുണ്ടായിട്ടും വെറുതെ എന്റെ മുഖത്തേക്ക് നോക്കിയിരുന്ന നിങ്ങൾ കൂടെവരുന്നതുകൊണ്ട് എനിക്കെന്തു പ്രയോജനം …. ?
ദിശയറിയാത്ത നിന്റെയീ യാത്രയിൽ നിന്നോട് ചേർന്നു നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു…ഇനിയങ്ങോട്ടുള്ള ദൂരമത്രയും നമുക്ക് ഒരുമിച്ചു സഞ്ചരിക്കാം..ഒരു ഇരക്ക് വേണ്ടി ചൂണ്ടയെറിയാനായി ഇനി നീ അലയേണ്ടതില്ല, ഇനിയങ്ങോട്ടീ ഭൂമിയിൽ ശേഷിച്ച നാളുകളത്രയും നിന്റെ ഇരയാവാൻ ഞാനുണ്ട്…
അവൾ ഒന്നും പറഞ്ഞില്ല…നീണ്ട നേരത്തെ മൗനം..
അയാൾ എഴുന്നേറ്റു… നിശ്ചലയായി നിൽക്കുന്ന അവളുടെ കൈപിടിച്ച് അയാൾ മുന്നോട്ടുനടന്നു..
ഒന്നും മിണ്ടാനാവാതെ അയാളുടെ മുഖത്തേക്കുറ്റുനോക്കുമ്പോൾ രണ്ടിറ്റ് കണ്ണുനീർ തുള്ളികൾ ആ മണൽത്തരികളെ നനച്ചുവോ….
…………എം ജാസിം അലി………………
